TopTop
Begin typing your search above and press return to search.

ഡോക്ടർ ആവാൻ പഠിച്ചിട്ട് ക്ലർക്കായി ജോലി ചെയ്യേണ്ടി വരുന്ന ഗതികേടിന് ഉത്തരവാദിയാര്? ഹാനിമാന് ശേഷം ശാസ്ത്രം വളര്‍ന്നു, ഹോമിയോപ്പതിയോ?

ഡോക്ടർ ആവാൻ പഠിച്ചിട്ട് ക്ലർക്കായി ജോലി ചെയ്യേണ്ടി വരുന്ന ഗതികേടിന് ഉത്തരവാദിയാര്? ഹാനിമാന് ശേഷം ശാസ്ത്രം വളര്‍ന്നു, ഹോമിയോപ്പതിയോ?

"സർക്കാർ ഓഫീസുകളിൽ ക്ലർക്ക് ആയും സ്വകാര്യ മേഖലയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവായുമൊക്കെ ജോലി ചെയ്യുന്ന ഹോമിയോ ഡോക്ടർമാർ ഒരുപാട് പേരുണ്ട്. അഞ്ചു വർഷം നീണ്ട കോളേജ് വിദ്യാഭ്യാസത്തിനു ശേഷം പിന്തുടരേണ്ടി വരുന്ന അശാസ്ത്രീയ ചികിത്സാ രീതികളിൽ മനസ്സ് മടുത്താണ് പലരും മറ്റു ജോലികൾ തേടിപ്പോകുന്നത് " ഇതൊരു അലോപ്പതി ഡോക്ടറുടെ വാക്കുകളല്ല. ബി എച്ച് എം എസ് ബിരുദം നേടി പത്തു വർഷമായി ഹോമിയോ ഡോക്ടറായി ജോലി ചെയ്യുന്ന ഡോക്ടർ ആരിഫ് ഹുസൈനിന്റെ വെളിപ്പെടുത്തലാണ്.

ഇന്റെർ നാഷണൽ കൗൺസിൽ ഫോർ സയന്റിഫിക് ഹോമിയോപ്പതി(ICSH) എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയാണ് ഡോക്ടർ ആരിഫ്. എന്തുകൊണ്ടാണ് വികസിത രാജ്യങ്ങളിൽ മുഖ്യധാരാ ചികിത്സാ രീതിയായി ഹോമിയോപ്പതിയെ അംഗീകരിക്കാത്തത്. അശാസ്ത്രീയമായ ഈ ചികിത്സാ രീതിയ്ക്കു വേണ്ടി എന്തിനാണ് കോടിക്കണക്കിനു രൂപയുടെ നികുതിപ്പണം ഗവണ്മെന്റ് ചിലവഴിക്കുന്നത്? ഡോക്ടർ ആരിഫ് ഹുസൈൻ വിശദമാക്കുന്നു.

ഇരിക്കുന്ന കൊമ്പ് മുറിക്കാൻ വേണ്ടി ഇറങ്ങിയവരല്ല ഞങ്ങൾ

ഞാനും ഇരിങ്ങാലക്കുട സ്വദേശിയായ ഡോക്ടർ പ്രമോദും സർക്കാർ സർവീസിലുള്ള മറ്റു രണ്ട് ഡോക്ടർമാരും ചേർന്നാണ് ഹോമിയോപ്പതിയിൽ നിലവിലുള്ള അശാസ്ത്രീയതകൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഒരു മൂവ്മെന്റ് ആരംഭിച്ചത്. എല്ലാവരും ഹോമിയോ ഡോക്ടർമാർ തന്നെയാണ്. ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് ഹോമിയോപ്പതി ഡോക്ടർമാരുടെ ഇടയിൽ തന്നെ ഒരു ചർച്ചയും പുനർവിചിന്തനവുമാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷെ ഭൂരിഭാഗം പേരും അതിനോട് സഹകരിക്കാൻ തയ്യാറായില്ല. ഞങ്ങൾ എന്തിനാണ് അവരുടെ തൊഴിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും ഹോമിയോപ്പതിയോട് ഞങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ ഈ പ്രൊഫെഷൻ ഉപേക്ഷിച്ചു പോയവരെപ്പോലെ ഒന്നും മിണ്ടാതെ പൊയ്ക്കൂടേ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് നേരിടേണ്ടി വന്നത്. ഒരു കാര്യം വ്യക്തമായി പറയാം ഈ സംവിധാനത്തിന് അകത്തു നിന്നുകൊണ്ട് തന്നെ ഹോമിയോപ്പതിയിൽ നിലനിൽക്കുന്ന അശാസ്ത്രീയ ചികിത്സാ സമ്പ്രദായങ്ങൾ അവസാനിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഈ വിഷയം ഇനി ചർച്ച ചെയ്യേണ്ടത് ശാസ്ത്രാവബോധമുള്ള കേരളത്തിലെ പൊതു സമൂഹമാണ്. അതിനുവേണ്ടിയാണ് ഞങ്ങൾ കണ്ടെത്തിയ വിവരങ്ങൾ അഴിമുഖത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.

എന്തിനാണ് നമുക്ക് ഹോമിയോ മെഡിക്കൽ കോളേജുകൾ?

പതിനഞ്ചു വർഷങ്ങൾക്കു മുൻപാണ് ഉയർന്ന മാർക്കോടെ പ്ലസ് ടു പാസ്സായി എൻട്രൻസ് എഴുതി ഹോമിയോപ്പതി പഠിക്കാൻ എറണാകുളത്തുള്ള ഡോക്ടർ പടിയാർ മെമ്മോറിയൽ ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ ചേരുന്നത്. എൻട്രൻസ് ഓപ്ഷനിൽ രണ്ടാമത്തേത് ആയിരുന്നു ഹോമിയോപ്പതി. ആദ്യത്തേത് ദന്ത രോഗ വിഭാഗവും മൂന്നാമത്തേത് മോഡേൺ മെഡിസിനും. മാർക്ക് പ്രകാരം കിട്ടാൻ സാധ്യതയുള്ളവ തിരഞ്ഞെടുത്തു എന്നതൊഴിച്ചാൽ എന്റെ മനസ്സിൽ മൂന്നിനും ഒരേ സ്ഥാനമായിരുന്നു. കോളേജിൽ ചേർന്ന് പഠനം പുരോഗമിക്കുമ്പോഴാണ് 'എൻഡ് ഓഫ് ഹോമിയോപ്പതി'എന്ന പ്രശസ്തമായ ലാൻസെറ്റ് (Lancet) റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെടുന്നത്. ഹോമിയോപ്പതിയിൽ കാര്യങ്ങൾ അത്ര പന്തിയല്ല എന്നൊരു തിരിച്ചറിവ് ഉണ്ടാവുന്നത് അവിടെയാണ്. അന്ന് പ്രഗത്ഭരായി അറിയപ്പെട്ടിരുന്ന പല ഹോമിയോ ഡോക്ടർമാരും കോളേജിൽ വന്ന് ലാൻസെറ്റ് റിപ്പോർട്ടിനെതിരെ സംസാരിച്ചിരുന്നു. അവരുടെ വാദങ്ങൾക്കൊന്നും വസ്തുതകളുടെയോ ശാസ്ത്രീയ തെളിവുകളുടെയോ പിൻബലമില്ലാതിരുന്നത് അന്നേ ഞങ്ങൾ കുറച്ചു പേരെ ആശങ്കപ്പെടുത്തിയിരുന്നു. പഠനവും ഇന്റേൺഷിപ്പും ഒക്കെ പൂർത്തിയാക്കി കോളേജിനോട് വിട പറയുമ്പോൾ എല്ലാ ഹോമിയോ ഡോക്ടർമാർക്കും കിട്ടുന്ന ആ ഉപദേശം എനിക്കും കിട്ടി. 'കോളേജിൽ പഠിച്ചതും പ്രാക്ടീസും രണ്ടാണെന്ന്'. അതൊരു മുന്നറിയിപ്പായി തോന്നിയെങ്കിലും ഡോക്ടറായ ആവേശത്തിൽ സന്തോഷത്തോടെ അതും സ്വീകരിച്ചു. അങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ചികിത്സയുടെ ലോകത്തേക്ക് കടന്ന് അത്യാവശ്യം പ്രാക്ടീസുമായി മുന്നോട്ട് പോവുകയായിരുന്നു. പക്ഷെ ചോദ്യങ്ങൾ അപ്പോഴും മനസ്സിൽ ബാക്കിയായിരുന്നു. ഓരോ രോഗിക്കും അസുഖം മാറുമ്പോൾ അമ്പരന്നിരുന്നത് ഞാൻ തന്നെയായിരുന്നു. എങ്ങനെയാണ് ഹോമിയോപ്പതി പ്രവർത്തിക്കുന്നതെന്ന് മനസ്സിലാകാതെയുള്ളതായിരുന്നു ആ ഇരിപ്പ്. കൂടാതെ കപടവൈദ്യത്തിന്റെ വക്താവ് എന്ന വിളിയും. ചികിത്സയ്ക്ക് എത്തുന്ന രോഗികളുടെ എണ്ണം കൂടിയതുകൊണ്ട് മാത്രം ഹോമിയോപ്പതി ശാസ്ത്രീയമാവില്ലല്ലോ, അങ്ങനെയെങ്കിൽ മന്ത്രിച്ചൂതി ചികിത്സ നടത്തുന്ന വീടിനടുത്തുള്ള മൊല്ലാക്കയൊക്കെ എന്നേ ശാസ്ത്രജ്ഞനായേനെ.

അന്വേഷണം ആരംഭിക്കുന്നു

ഹോമിയോപ്പതിയിലെ പല പ്രശസ്തരോടും ഉത്തരേന്ത്യൻ മഹാരഥന്മാരോടും ഒക്കെ കിട്ടുന്ന അവസരങ്ങളിൽ സംശയങ്ങൾ ചോദിച്ചു. ഒരുത്തരവും കിട്ടിയില്ല. മുഖലക്ഷണം നോക്കി മയാസം പഠിപ്പിക്കലും സോഡിയാക്ക് സൈൻ നോക്കി മരുന്ന് കണ്ടെത്തലും ഒക്കെ തകൃതിയായി നടത്തപ്പെടുന്ന ചില സയന്റിഫിക് മെഡിക്കൽ എഡ്യുക്കേഷൻ സെമിനാറുകളിൽ പങ്കെടുക്കേണ്ടിയും വന്നു. അതോടെ ചോദ്യങ്ങൾ പിന്നെയും പെരുകി. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം 'ഒരു അസുഖം എങ്ങനെയാണ് മാറുന്നത് എന്നു പറയാൻ ഇത്രയധികം അന്ധവിശ്വാസങ്ങളെ ഹോമിയോപ്പതിക്കാർ ആശ്രയിക്കുന്നത് എന്തിനാണ്'എന്നതായിരുന്നു. എനർജി മെഡിസിൻ സങ്കല്പങ്ങൾ, വൈബ്രെഷൻ തിയറി തുടങ്ങി മുഖ്യധാരാ ശാസ്ത്ര മേഖലകൾ പണ്ടേ തള്ളിക്കളഞ്ഞ കപട സിദ്ധാന്തങ്ങളെ കൂട്ട് പിടിച്ചാണ് രോഗ സൗഖ്യത്തെ ഇന്നും ഹോമിയോപ്പതി വിശദീകരിക്കാൻ ശ്രമിക്കുന്നത്. ഡോക്ടർ തന്റെ മുറിയിൽ ഇരുന്നുകൊണ്ട് നേരത്തെ പറിച്ചു സൂക്ഷിച്ചു വച്ച രോഗിയുടെ മുടി നാലെണ്ണം കൊടുക്കേണ്ട മരുന്നിൽ ഒന്ന് മുക്കി വച്ചാൽ രോഗി ചൊവ്വയിൽ ആണെങ്കിലും ശരി രോഗം മാറിക്കോളും എന്നൊക്കെ അന്താരാഷ്ട്ര ഹോമിയോപ്പതി സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനും അത് കേട്ട് ആളുകൾ കോരിത്തരിക്കുന്നതിനും സാക്ഷിയായി ഇരിക്കേണ്ടി വന്നിട്ടുണ്ടെനിക്ക്. ഒടുവിൽ ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കിട്ടിയിട്ടു മതി പ്രാക്ടീസ് എന്ന് തീരുമാനിച്ചുകൊണ്ട് ക്ലിനിക് അടച്ചു പൂട്ടി. കുറച്ചു കാലം ന്യുട്രിഷൻ കൺസൾട്ടന്റ് ആയി ജോലി ചെയ്തു പണം സമ്പാദിച്ചു.

ചോദ്യത്തിന്റെ ഉത്തരങ്ങൾ

ഹോമിയോപ്പതിയിലെ പ്രശ്നം എവിടെയാണെന്നായിരുന്നു ആദ്യം അന്വേഷിച്ചത്. അതിനു വേണ്ടി തന്നെ വർഷങ്ങൾ ചിലവഴിച്ചു. ഒരു ഡിറ്റക്ടീവിനെപ്പോലെ സംശയങ്ങൾ കൊണ്ടൊരു വല തീർത്തു. എന്തായാലും എനിക്ക് കിട്ടേണ്ട ഉത്തരം കുറച്ചു വൈകിയാണെങ്കിലും കണ്ടെത്തുവാൻ സാധിച്ചു. അത് മറ്റൊന്നുമല്ല, ഹോമിയോപ്പതിയെ ഇന്ന് ഈ നിലയിലേയ്ക്ക് തള്ളിവിട്ടതിൽ ആ ചികിത്സയുടെ പ്രചാരകരായ ഓരോ ഡോക്ടർമാർക്കും ഉത്തരവാദിത്വം ഉണ്ട്. ഹോമിയോ ഡോക്ടർമാർ ജീവശക്തി സിദ്ധാന്തത്തെ കൂട്ടുപിടിച്ചു നടത്തുന്ന കണ്ടുപിടുത്തങ്ങൾ ഒന്ന് അവസാനിപ്പിക്കാൻ തയ്യാറായാൽ തന്നെ പ്രശ്നങ്ങൾ മുക്കാലും അവസാനിക്കും. അതൊന്നും ചെയ്യാതെ ഹോമിയോപ്പതിയുടെ പ്രശ്നങ്ങൾക്ക് കാരണം മരുന്ന് മാഫിയയും അലോപ്പതി ഡോക്ടർമാരുമാണെന്നുള്ള സ്ഥിരം പല്ലവി ഹോമിയോപ്പതി വിദ്യാർത്ഥികൾക്ക് കോളേജ് കാലം മുതൽ ഓതിക്കൊടുത്ത് അവരെ നിഷ്ക്രിയരാക്കുന്ന ഏർപ്പാട് ഇനിയെങ്കിലും ഹോമിയോ മെഡിക്കൽ കോളേജിലെ അധ്യാപകർ ഒന്നവസാനിപ്പിക്കണം. ഹാനിമാന്റെ കാലശേഷം ശാസ്ത്ര ലോകത്തുണ്ടായ പുരോഗതികളെ ഹോമിയോപ്പതിയുമായി ബന്ധിപ്പിക്കാനുള്ള ഒരു ശ്രമവും അദ്ദേഹത്തിന്റെ പിൻഗാമികൾ നടത്തിയിട്ടില്ല. ഒരു ശാസ്ത്ര ശാഖ എന്നതിലുപരി ചില ദൈവിക സങ്കൽപ്പങ്ങളെ അടിസ്ഥാനപ്പെടുത്തി തട്ടിക്കൂട്ടിയ വിശദീകരണങ്ങൾ നൽകിക്കൊണ്ട് ഹോമിയോപ്പതിയെ ഒരു ആത്മീയ ശാഖയാക്കി മാറ്റാനാണ് ഹാനിമാനു ശേഷം വന്ന കെന്റിനെ പോലെയുള്ളവർ ശ്രമിച്ചത്. ഒരു നല്ല ദൈവ വിശ്വാസിക്ക് മാത്രമേ ഒരു നല്ല ഹോമിയോ ഡോക്ടർ ആവാൻ സാധിക്കുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്.

ഹോമിയോപ്പതിയുടെ ചികിത്സ രീതി എങ്ങനെയാണ്?

ഹോമിയോപ്പതിയുടെ അടിസ്ഥാന സിദ്ധാന്തങ്ങൾ ഇനി പറയുന്നവയാണ്

* അസുഖങ്ങൾ ഉണ്ടാവുന്നത് ശരീരത്തിലെ ജീവ ശക്തിക്കുണ്ടാവുന്ന ഏറ്റ കുറച്ചിലുകൾ കൊണ്ടാണ്.

* മരുന്നുകളിൽ ഈ ജീവശക്തിയെ ഉത്തേജിപ്പിക്കാനുള്ള ഊർജം ഉണ്ട്

* മരുന്ന് നേർപ്പിക്കുമ്പോൾ ഊർജം ഉത്പാദിപ്പിക്കപ്പെടുന്നു

* അസുഖം മാറുമ്പോൾ ഈ ജീവശക്തിയാണ് മരുന്നിലടങ്ങിയ ഊർജത്താൽ റിപ്പയർ ചെയ്യപ്പെടുന്നത്.

* ജീവ ശക്തി നേരെയായാൽ രോഗി സുഖം പ്രാപിക്കുന്നു

ഇതൊക്കെ ഹോമിയോപ്പതിയിൽ പഠിപ്പിക്കുമ്പോൾ തന്നെ ഒരു രോഗി വരുന്നതും രോഗ വിവരം കേട്ട് ഡയഗ്നോസിസ് നടത്തുന്നതും ഒരു പ്രോഗ്നോസിസ് കണക്കാക്കി മരുന്നിലേയ്ക്ക് കടക്കുന്നത് വരെയുള്ള കാര്യങ്ങൾ ഹോമിയോ ഡോക്ടർമാർ ചെയ്യുന്നത് ആധുനിക വൈദ്യശാസ്ത്രം അടിസ്ഥാനമാക്കിയാണ്. എന്നാൽ ഏതെങ്കിലും ഒരു രോഗി, തന്റെ അസുഖം മാറിയത് എങ്ങനെയാണെന്ന് ഡോക്ടറോട് ഒന്ന് തിരിച്ചു ചോദിച്ചു നോക്കട്ടെ, അപ്പോഴാണ് ഈ ജീവശക്തി സിദ്ധാന്തം കടന്നു വരുന്നത്. ഉദാഹരണത്തിന് ഹോമിയോ ഡോക്ടർ മരുന്ന് കൊടുത്തു ഒരു ജലദോഷപ്പനി മാറുന്നു. അപ്പൊ രോഗി ചോദിക്കണം 'ഡോക്ടറെ എന്റെ പനി മാറിയത് എങ്ങനെയാണെന്ന്'. ജീവശക്തിയെയും ഊർജ്ജത്തെയും കൂട്ട് പിടിക്കാതെ ഒരു ഹോമിയോ ഡോക്ടർക്ക് അത് വിശദീകരിക്കാൻ സാധിക്കില്ല. രോഗ നിർണ്ണയം അഥവാ ഡയഗ്നോസിസ് എന്ന് പറയുന്നത് ഹോമിയോപ്പതിയിൽ രണ്ടാം തരമാണ്. ഹോമിയോപ്പതിക്ക് രോഗ ലക്ഷണങ്ങൾ മാത്രം മതി. അസുഖത്തിനെ ഒരു പേരിട്ടു വിളിക്കുന്നതിനെ ഹാനിമാൻ എതിർത്തിരുന്നു. എല്ലാ രോഗ ലക്ഷണങ്ങളും ജീവ ശക്തി താളം തെറ്റിക്കിടക്കുന്നത് മൂലമാണല്ലോ ഉണ്ടാവുന്നത്. അപ്പോൾ ഹോമിയോപ്പതി സിദ്ധാന്തമനുസരിച്ചു ആ ജീവശക്തിയെ തിരികെ പഴയ അവസ്ഥയിൽ ആക്കിയാൽ മതി.

ജീവശക്തി സിദ്ധാന്തം ഇന്നും പഠിപ്പിക്കുന്നു

ആധുനിക ശാസ്ത്ര സമൂഹം ഏതാണ്ട് ഒരു നൂറ്റാണ്ടു മുൻപേ തള്ളിക്കളഞ്ഞ ഈ ജീവശക്തി സിദ്ധാന്തം ഇന്നും ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ ഒരു വലിയ സിദ്ധാന്തം എന്ന പേരിൽ പഠിപ്പിക്കുന്നു. 'ആധുനിക ശാസ്ത്രം അസത്യമാണ് പറയുന്നത്. നിങ്ങൾ ഭൗതികതയിൽ വിശ്വസിക്കരുത്, അത് തട്ടിപ്പാണ്, മരുന്നുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നിങ്ങൾ അന്വേഷിക്കേണ്ട കാര്യമില്ല' എന്നിങ്ങനെയുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഉപദേശം ഇന്നും ഹോമിയോപ്പതി വിദ്യാർത്ഥികൾക്ക് അവരുടെ അധ്യാപകർ പകർന്നു കൊടുക്കാറുണ്ട്.

ഗവേഷണം നടത്തും എല്ലാം ശരിയാക്കും

ഹോമിയോപ്പതിയിൽ നടക്കുന്ന എല്ലാ ഗവേഷണങ്ങളും രണ്ട് പ്രധാന വസ്തുതകളെ ആധാരമാക്കിയുള്ളവയാണ്

*ഹാനിമാൻ പറഞ്ഞു വച്ചതെല്ലാം ശരിയാണ്,അതൊരിക്കലും തെറ്റില്ല

*ഇന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള പല ശാസ്ത്രീയ അറിവുകളും ഹാനിമാൻ പ്രവചിച്ചതാണ്. അതുകൊണ്ട് ഹോമിയോപ്പതിയെ മനസ്സിലാക്കാൻ ആധുനിക ശാസ്ത്രം ഇനിയും വളരേണ്ടിയിരിക്കുന്നു.

ഇതിനെ അടിസ്ഥാനമാക്കി നടക്കുന്ന ഗവേഷണങ്ങളിലൂടെ തെളിയിക്കാൻ ശ്രമിക്കുന്നത്, രണ്ടു നൂറ്റാണ്ട് മുൻപ് ജീവിച്ചിരുന്ന ആധുനിക ശാസ്ത്രത്തിന്റെ വളർച്ച ഉൾക്കൊണ്ടിട്ടില്ലാത്ത ഹാനിമാന്റെ അനുമാനങ്ങളെല്ലാം ശരിയാണ് എന്നതാണ്. ശാസ്ത്രം തെറ്റാണെന്നു തെളിയിച്ചവ ഉൾക്കൊണ്ടു മുന്നോട്ട് പോവാൻ ഹോമിയോപ്പതി ഗവേഷകർ തയ്യാറല്ല. അവരുടെ വിചാരം ശാസ്ത്രത്തിന്റെ പ്രധാന ജോലി ഹോമിയോപ്പതിയിൽ പറഞ്ഞിരിക്കുന്നതെല്ലാം ശരിയാണെന്ന് തെളിയിക്കലാണെന്നാണ്. ഹോമിയോപ്പതിയിലെ ഏതെങ്കിലും ഒരു കാര്യം പുനഃപരിശോധിക്കേണ്ടതാണെന്ന് ഏതെങ്കിലും ഗവേഷകർ പറഞ്ഞാൽ അത് ശാസ്ത്രത്തിന്റെ തോൽവിയാണ്, മരുന്ന് മാഫിയയുടെ ഗൂഢാലോചനയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് അവർ ഉയർത്തുക. ജീവശക്തി പോലെയുള്ള കാലഹരണപ്പെട്ട സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണങ്ങൾ ഹോമിയോപ്പതിയെ എങ്ങനെ രക്ഷപെടുത്തുമെന്നാണ് ഇവർ പറയുന്നത്? ആ വഴിക്കും കുറെ ഫണ്ടുകൾ ചിലവഴിച്ചു തീർക്കാം, അത്ര തന്നെ. ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ ഇന്ന് നടക്കുന്ന ഭൗതിക സങ്കേതങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ ഉണ്ടാവുന്ന പല കണ്ടെത്തലുകളും ഈ ഹോമിയോ വക്താക്കൾ തട്ടിയെടുത്ത് അവരുടേതായ പൊടിപ്പും തൊങ്ങലും വച്ചു ജീവ ശക്തി യെയും കൂട്ട് പിടിച്ച് ഒരു പുതിയ കണ്ടുപിടുത്തമായി അവതരിപ്പിക്കുന്നു.

ഒരു നാനോ മെഡിസിന്റെയും കണ്ടുപിടുത്തങ്ങൾ ഹോമിയോപ്പതിയിലേക്ക് കൊണ്ടുവരേണ്ട കാര്യമില്ല. ഹാനിമാന്റെ കാലത്ത് എഴുതി വച്ച കാലഹരണപ്പെട്ട ആ വിവരങ്ങൾ ഇന്നത്തെ പത്താം ക്ലാസ് നിലവാരമുള്ള ശാസ്ത്ര പുസ്തകങ്ങളോടെങ്കിലും ചേർത്തു വച്ചു രണ്ടാമതൊന്ന് പഠിച്ചു തുടങ്ങാനുള്ള മനസ്സ് ഹോമിയോപ്പതിക്കാർ കാണിക്കണം. അസുഖങ്ങൾ ഉണ്ടാവുന്നത് എങ്ങനെയാണ് എന്ന് വ്യക്തമായി പഠിക്കണം. അതനുസരിച്ചു സിലബസിൽ മാറ്റം വരുത്തിയിട്ട് വേണം ഹോമിയോപ്പതി ഫലപ്രദമാണെന്ന് ഗവേഷണത്തിലൂടെ തെളിയിക്കാൻ ശ്രമിക്കേണ്ടത്. നിലവിൽ ലോകത്തൊരിടത്തും അങ്ങനെയൊരു തെളിവ് കിട്ടിയിട്ടില്ല. ഈ കാര്യങ്ങൾ ഹോമിയോപ്പതിക്കായി വർഷം തോറും പൊതു ഖജനാവിൽ നിന്ന് പണം ചിലവഴിക്കുന്ന, മെറിറ്റ് അടിസ്ഥാനത്തിൽ കുട്ടികളെ ഹോമിയോപ്പതി പഠിപ്പിക്കുന്ന സർക്കാരും മനസ്സിലാക്കണം. ഡോക്ടർ ആവാൻ പഠിച്ചിട്ട് ക്ലർക്കായി ജോലി ചെയ്യേണ്ടി വരുന്ന ഗതികേട് എങ്ങനെ ഉണ്ടായി എന്നെങ്കിലും ഒന്ന് അന്വേഷിക്കണം. കാരണം സർക്കാർ അംഗീകാരത്തോടെ നടത്തുന്ന ഒരു പ്രൊഫഷണൽ കോഴ്സ് കപട ശാസ്ത്രമാണോ എന്ന് പരിശോധിക്കേണ്ട ബാധ്യത പന്ത്രണ്ടാം ക്ലാസ് പഠനം കഴിഞ്ഞ പതിനാറോ പതിനേഴോ വയസ്സ് പ്രായമുള്ള വിദ്യാർത്ഥികളുടേതല്ല. പൊതു ജനാരോഗ്യവും ക്ഷേമവും ഉറപ്പാക്കേണ്ട ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണത്.


Next Story

Related Stories