ഹെല്‍ത്ത് / വെല്‍നെസ്സ്

ഡോക്ടര്‍മാരുടെ ജനവിരുദ്ധ സമരം ആര്‍ദ്രം പദ്ധതിയെ അട്ടിമറിക്കാനോ? ഡോ. ബി ഇക്ബാല്‍

Print Friendly, PDF & Email

സർക്കാർ ആശുപത്രികളുടെ സേവനം മെച്ചപെട്ടതോടെ ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും പൊതുസമൂഹത്തിൽ വർധിച്ചുവരുന്ന സ്വീകാര്യതയും അംഗീകാരവും നഷ്ടപ്പെടുന്നതിലേക്കാണ് സമരം കാരണമായിക്കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാൻ ഡോക്ടർ സുഹൃത്തുക്കൾ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു.

A A A

Print Friendly, PDF & Email

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളും (പി എച്ച് സി) രോഗീ സൌഹൃദ ആശുപത്രികളുമാക്കി വളർത്തിയെടുത്ത് ഗുണമേന്മയുള്ള ആരോഗ്യ സേവനം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കേരള സർക്കാർ ചിങ്ങം ഒന്നിന് ആരംഭിച്ച ആദ്രം മിഷൻ വൈദ്യസമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും പിന്തുണയോടെ പ്രതീക്ഷിച്ചതിലും വിജയകരമായി മുന്നോട്ട് പൊയ്കൊണ്ടിരിക്കുന്ന അവസരത്തിലാണ് യാതൊരു നീതീകരണവുമില്ലാതെ ഡോക്ടർമാരിൽ ഒരു വിഭാഗം പദ്ധതിക്കെതിരെ ഒപി സേവനം ബഹിഷ്കരിച്ച് സമരരംഗത്തെത്തിയിരിക്കുന്നത്.

ആദ്യഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ആർദ്രം മിഷൻ നടപ്പിലാക്കിവരുന്നത്. ഈ വർഷം അഞ്ചൂറും തുടർന്ന് മുഴുവൻ പി എച്ച് സികളിലും ആർദ്രം പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി പി എച്ച് സി കളിൽ സേവനം അനുഷ്ടിക്കുന്ന ഡോക്ടർമാരുടെ എണ്ണം മൂന്നായി വർധിപ്പിച്ചിട്ടുണ്ട്. ഒപി സമയം വൈകുന്നേരം ആറുമണിവരെയാക്കി. രക്ത പരിശോധനക്കുള്ള ലാബ് സൌകര്യവും എല്ലാ അവശ്യമരുന്നുകളും പ്രത്യേകിച്ച് പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾക്കുള്ളവ ലഭ്യമാക്കിയിട്ടുണ്ട്. രോഗികൾക്ക് വേണ്ടിയുള്ള പ്രത്യേക ടോയിലറ്റ്, കുടിവെള്ളം, കാത്തിരിപ്പ് സ്ഥലം, സൂചനാ ബോർഡുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു. പി എച്ച് സിയുടെ പരിധിയിൽ വരുന്ന കുടുംബങ്ങളിലുള്ളവരുടെ ആരോഗ്യ നിലവാരം ഡോക്ടർമാരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് സമഗ്രമായ രോഗ പ്രതിരോധവും ചികിത്സയും ഉറപ്പാക്കാനും ആർദ്രം പദ്ധതി ലക്ഷ്യമിടുന്നു. ഇതിനായി വിവരശേഖരണം നടത്തുന്നതിനുള്ള ഇ ഹെൽത്ത് പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

ആർദ്രം പദ്ധതിക്ക് തങ്ങളെതിരല്ലെന്നും ആവശ്യത്തിന് ഡോക്ടർമാരെയും മറ്റും നിയമിക്കാതെ പദ്ധതി ആരംഭിച്ചതിനെയാണ് തങ്ങൾ എതിർക്കുന്നതെന്നുമാണ് സമരരംഗത്തുള്ള ഡോക്ടർമാരുടെ സംഘടന പറയുന്നത് ഇതിൽ ഒരു അടിസ്ഥാനവുമില്ല. 1962 നു ശേഷം ആരോഗ്യ മേഖലയിൽ ഏറ്റവുമധികം പോസ്റ്റുകൾ കഴിഞ്ഞ രണ്ടു വർഷത്തിനകം സൃഷ്ടിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജടക്കമുള്ള സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ, നഴ്സുമാർ, ലാബ്ടെക്നിഷ്യൻസ്, ഫാർമസിസ്റ്റ് തുടങ്ങി 4300 തസ്തികൾ സൃഷ്ടിച്ചു. 170 പി എച്ച് സികളിൽ മാത്രമായി 830 തസ്തികളാണ് ആരംഭിച്ചിട്ടുള്ളത്.

മറ്റ് പി എച്ച് സി കളിൽ നിന്നും വ്യത്യസ്തമായി നാലു ഡോക്ടർമാരുള്ള കുമരംപുത്തൂരിൽ ഉച്ച കഴിഞ്ഞുള്ള ഒപി ബഹിഷ്കരിച്ച ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് ഡോക്ടർമാർ സമരം ആരംഭിച്ചത്. ഡോക്ടർമാർക്കുള്ള പരാതികൾ പരിശോധിക്കാനും പരിഹരിക്കാനുമുള്ള സന്നദ്ധത ആരോഗ്യ വകുപ്പ് മന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചിരുന്നതാണ്. എന്നാൽ അതിനൊന്നും തയ്യാറാവാതെ ആർദ്രം പദ്ധതിയെ അട്ടിമറിക്കുകയാണോ ലക്ഷ്യമെന്ന് സംശയിക്കേണ്ട രീതിയിൽ ജനങ്ങളെ ദുരിതത്തിലാക്കിയാണ് ഡോക്ടമാരിൽ ഒരു വിഭാഗം പണിമുടക്ക് സമരവുമായി മുന്നോട്ട് പോവുന്നത്.

പണിമുടക്ക് പോലുള്ള അറ്റകൈ സമരരീതികൾ നടത്തുമ്പോൾ ഉത്തരവാദിത്തപ്പെട്ട സംഘടനകൾ പണിമുടക്ക് നോട്ടീസ് മുൻകൂട്ടി നൽകാറുണ്ട്. അതിനൊന്നും തയ്യാറാവാതെയാണ് ഡോക്ടർമാർ സമരം ആരംഭിച്ചത്. സമൂഹത്തിലെ ഏറ്റവും ദരിദ്രരും സാമ്പത്തിക പിന്നാക്കാവസ്ഥയിലുമുള്ളവരാണ് കൂടുതലായി സർക്കാർ ആശുപത്രികളിൽ പ്രത്യേകിച്ച് പി ഏച്ച് സികളിൽ എത്തുന്നതെന്ന് ഡോക്ടർമാർ മനസ്സിലാക്കണം. യാതൊരു ന്യായീകരണവുമില്ലാത്ത തികച്ചും ജനവിരുദ്ധമായ പണിമുടക്ക് സമരത്തിൽ നിന്നും ഉടനടി പിന്തിരിയണമെന്ന് ഡോക്ടർ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു.

സർക്കാർ ആശുപത്രികളുടെ സേവനം മെച്ചപെട്ടതോടെ ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും പൊതുസമൂഹത്തിൽ വർധിച്ചുവരുന്ന സ്വീകാര്യതയും അംഗീകാരവും നഷ്ടപ്പെടുന്നതിലേക്കാണ് സമരം കാരണമായിക്കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാൻ ഡോക്ടർ സുഹൃത്തുക്കൾ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു.

(ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്)

ഡോ. ബി ഇക്ബാല്‍

ഡോ. ബി ഇക്ബാല്‍

പ്രമുഖ പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍, മുന്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍, എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍