TopTop
Begin typing your search above and press return to search.

‘മഹാമനസ്കരാ’യ ഫെര്‍ട്ടിലിറ്റി ഡോക്ടര്‍മാര്‍, ഡിഎൻ‌എ പരിശോധനയില്‍ 75 പേരുടെ അച്ഛനാണെന്ന് തെളിഞ്ഞ സ്പെഷ്യലിസ്റ്റുകള്‍ വരെയുണ്ട്; കൃത്രിമ ബീജസങ്കലനത്തിലെ കൃത്രിമങ്ങള്‍

‘മഹാമനസ്കരാ’യ ഫെര്‍ട്ടിലിറ്റി ഡോക്ടര്‍മാര്‍, ഡിഎൻ‌എ പരിശോധനയില്‍ 75 പേരുടെ അച്ഛനാണെന്ന് തെളിഞ്ഞ സ്പെഷ്യലിസ്റ്റുകള്‍ വരെയുണ്ട്; കൃത്രിമ ബീജസങ്കലനത്തിലെ കൃത്രിമങ്ങള്‍

16-ാം വയസ്സിലാണ് താന്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ പിറന്ന ആളാണെന്ന് ടെക്സാസിലെ നാകോഗ്ഡോച്ചസിൽ വളർന്ന ഈവ് വൈലി എന്ന യുവതി മനസ്സിലാക്കുന്നത്. ഇപ്പോൾ 65 വയസുള്ള അവളുടെ അമ്മ മർഗോ വില്യംസ് തന്റെ ഭർത്താവിന് വന്ധ്യതയുള്ളതിനാല്‍ ഗര്‍ഭധാരണത്തിന് ഡോ. കിം മക്മോറീസിനോട് സഹായം അഭ്യര്‍ത്ഥിച്ചു. ഒരു ബീജ ദാതാവിനെ കണ്ടെത്തി നല്‍കണമെന്നായിരുന്നു ആവശ്യം. ‘മഹാ മനസ്കനായ’ ഡോക്ടര്‍ അഭ്യര്‍ത്ഥന സ്വീകരിച്ചു. കാലിഫോർണിയയിലുള്ള ഒരു ബീജ ബാങ്കില്‍നിന്നും അവര്‍ക്ക് പറ്റിയ ഒരു ദാതാവിനെ ലഭിച്ചതായി വൈകാതെ അദ്ദേഹം മർഗോയെ അറിയിക്കുകയും ചെയ്തു.

മിസ് വില്യംസ് സുന്ദരിയായൊരു പെണ്‍കുഞ്ഞിന് ജന്മംനല്‍കി. അവളെ ഈവ് എന്നു വിളിച്ചു. 32 വയസ്സു പിന്നിട്ട അവള്‍ ഇപ്പോള്‍ കുടുംബവുമൊത്ത് ഡല്ലാസിലാണ് താമസിക്കുന്നത്. അങ്ങിനെയിരിക്കെ ഒരു ദിവസം ഈവ് തന്‍റെ ഡിഎൻഎ പരിശോധന നടത്താന്‍ തീരുമാനിച്ചു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അവള്‍ തിരിച്ചറിയുന്നത്, ‘അവളുടെ ജൈവിക പിതാവ് കാലിഫോർണിയയിൽ നിന്നുള്ള ബീജ ദാതാവല്ല!’. ‘നമ്മെ നാമാക്കി നിര്‍ത്തുന്നതില്‍ നമ്മുടെ ജനിതക ഐഡന്റിറ്റി വളരെ പ്രധാനമാണ്. നമ്മുടെ അടിത്തറയാണത്. എന്നാല്‍, ഒരു നിമിഷംകൊണ്ട് അതങ്ങ് തകര്‍ന്നു പോയാലോ...?’- വളരെ വൈകാരികമായാണ് ഈവ് ആ വാര്‍ത്തയോട് പ്രതികരിച്ചത്.

കാലം മാറി, നിയമവും

ഡി‌എൻ‌എ പരിശോധനയെന്നത് വളരെ സാധാരണമായ കാലമാണിത്. അതോടെ ഏറ്റവും കൂടുതല്‍ വെളിച്ചെത്തു വരാന്‍ തുടങ്ങിയത് ചില ഫെർട്ടിലിറ്റി സ്‌പെഷ്യലിസ്റ്റുകളുടെ കപട മുഖംകൂടിയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് കൃത്രിമ ബീജസങ്കലനത്തിനായി അവര്‍ സ്വന്തം ബീജം രഹസ്യമായി ഉപയോഗിച്ച സംഭവങ്ങൾ കൃത്യമായി പുറത്തുവരാന്‍ തുടങ്ങി. ജനിതക ബന്ധം തിരിച്ചറിയാന്‍ ഡിഎന്‍എ വഴി സാധിക്കുമെങ്കിലും മക്കളും പിതാവും തമ്മിലുള്ള ബന്ധമാണ് ഡിഎന്‍എ പരിശോധന വഴി കൂടുതല്‍ വ്യക്തമാവുന്നത്.

കൃത്രിമ ബീജസങ്കലനത്തിലും കൃത്രിമം കാണിക്കുന്നത് അമേരിക്കയിലെ പല സംസ്ഥാനങ്ങളും കുറ്റകരമാക്കിയിട്ടുണ്ട്. ടെക്സസില്‍ അതിനെ ലൈംഗികാതിക്രമമായിട്ടാണ് കാണുന്നത്. എന്നാല്‍ ഇന്ത്യാനപോലെ അതൊരു കുറ്റമായി ഇപ്പോഴും പരിഗണിക്കാത്ത സംസ്ഥാനങ്ങളും ഉണ്ട്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ജർമ്മനി, നെതർലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം സമാനമായ നിയമങ്ങള്‍ പാസാക്കിയതാണ്.

ഡോക്ടര്‍മാരെ സൂക്ഷിക്കുക

ഒന്‍റാറിയോയിലെ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഒട്ടാവയില്‍ നിന്നുള്ള ഫെർട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ് ഡോ. നോർമൻ ബാർവിന്‍റെ (80) ലൈസൻസ് അടുത്തിടെ റദ്ദാക്കിയിരുന്നു. പതിറ്റാണ്ടുകളായി കൃത്രിമ ബീജസങ്കലനത്തിന് തന്‍റെതുള്‍പ്പടെയുള്ള ബീജം ധാര്‍മ്മിക വിരുദ്ധമായി ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അത്. 11 സ്ത്രീകളിലെങ്കിലും അയാള്‍ സ്വന്തം ബീജം ഉപയോഗിച്ച് ബീജസങ്കലനം നടത്തിയതായാണ് കണ്ടെത്തിയത്.

മുൻകാലങ്ങളിലെല്ലാം രോഗികൾക്ക് ഫെർട്ടിലിറ്റി ഡോക്ടർമാരെ സംശയിക്കാൻ പ്രത്യേകിച്ചു കാരണമൊന്നുമില്ലായിരുന്നു. അവര്‍ ദൈവത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ആളുകയാണ് പരിഗണിക്കപ്പെട്ടിരുന്നത്. അതു മുതലെടുത്ത്‌ ചൂഷണം ചെയ്ത പൊയ്മുഖങ്ങളാണ് ഇപ്പോള്‍ തെളിഞ്ഞു വരുന്നത്.

ഫെർട്ടിലിറ്റി തട്ടിപ്പ്

യു എസിലെ ഫെർട്ടിലിറ്റി ഡോക്ടര്‍ സെസില്‍ ജകൊബ്സണ്‍ ബേബി മേക്കര്‍ എന്ന പേരിലാണ് കുപ്രസിദ്ധി നേടിയത്. 1992 ല്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ 75 കുട്ടികളുടെയെങ്കിലും അച്ഛനാണെന്ന് കണ്ടത്തപ്പെട്ടിരുന്നു. ഇയാളുടെ കഥ പുസ്തകവും പിന്നീട് ടെലിവിഷന്‍ സിനിമയുമായി. ഇൻഡ്യാനപൊളിസിലെ ഫെർട്ടിലിറ്റി സ്‌പെഷ്യലിസ്റ്റായ ഡോ. ഡൊണാൾഡ് ക്ലൈൻ 1970-80 കാലത്ത് കുറഞ്ഞത് മൂന്ന് ഡസൻ സ്ത്രീകളിലെങ്കിലും ബീജസങ്കലനം നടത്താൻ സ്വന്തം ബീജം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഡിഎൻ‌എ പരിശോധന നടത്തിയപ്പോള്‍ അദ്ദേഹം 61 പേരുടെ അച്ഛനാണെന്നാണ്‌ തെളിഞ്ഞത്.

ഇനിയാര്‍ക്കും ഈ ഗതിയുണ്ടാവരുത്

തന്‍റെ യഥാര്‍ത്ഥ അച്ഛനെ കണ്ടെത്തിയ ശേഷം ടെക്സാസിൽ അതിനെതിരെ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരാനാണ് ഈവ് ശ്രമിച്ചത്. അതിനായി പല രീതിയില്‍ സമ്മർദ്ദം ചെലുത്തുകയും, നിയമസഭാ സാമാജികരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അങ്ങനെയാണ് ജൂണിൽ, ടെക്സസ് ശക്തമായ ഫെർട്ടിലിറ്റി-തട്ടിപ്പ് നിയമം പാസാക്കുന്നത്.

ഡി‌എൻ‌എ പരിശോധനാ ഫലം വന്നതോടെ മക്മോറീസിന് സത്യം തുറന്നു പറയേണ്ടതായി വന്നു. അവളുടെ അമ്മയുടെ ഗർഭധാരണ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനായാണത്രെ സ്വന്തം ബീജം ഉപയോഗിച്ചതെന്ന് അയാള്‍ ഈവിനെഴുതിയ കത്തില്‍ പറയുന്നു. മറ്റൊരാളുടെ ബീജവുമായി തന്‍റെ ബീജവും കലര്‍ത്തുകയായിരുന്നു അദ്ദേഹം. രോഗി ഗർഭിണിയാണെങ്കിൽ, ഏത് ബീജമാണ് ഗർഭധാരണത്തിന് കാരണമായതെന്ന് അറിയാൻ ഒരു മാർഗവുമില്ല എന്നതായിരുന്നു അക്കാലത്തെ ചിന്ത.

ഡോക്ടറുടെ കുറ്റസമ്മതം വരുമ്പോഴേക്കും തന്‍റെ അച്ഛനെ ഈവ് കണ്ടെത്തിയിരുന്നു. ലോസ് ഏഞ്ചൽസിലെ എഴുത്തുകാരനും പ്രസാധകനുമായ സ്റ്റീവ് ഷോൾ (65) ആയിരുന്നു അത്. ‘ഞങ്ങൾ മനോഹരമായ അച്ഛൻ-മകള്‍ ബന്ധം ആരംഭിച്ചു. അദ്ദേഹമാണ് എന്റെ വിവാഹത്തിന് നേതൃത്വം നല്‍കിയത്. എന്‍റെ മക്കള്‍ അദ്ദേഹത്തെ പപ്പാ എന്നാണ് വിളിക്കുന്നത്’- ഈവ് പറയുന്നു. സത്യമറിഞ്ഞപ്പോള്‍ ഷോൾ സ്തബ്ധനായി. ‘അതിനോട് പൊരുത്തപ്പെടാന്‍ ഒരുപാടു സമയമെടുത്തുവെന്നാണ്’ പിന്നീട് അദ്ദേഹം പറഞ്ഞത്. എങ്കിലും ഇപ്പോഴും ഈവിന്‍റെ അച്ഛന്‍ അദ്ദേഹമാണ്.


Next Story

Related Stories