TopTop
Begin typing your search above and press return to search.

സ്മാര്‍ട്ട്ഫോണ്‍ കൊടുത്ത് മക്കളെ സ്മാര്‍ട്ടാക്കാന്‍ നോക്കല്ലേ; ഡോക്ടര്‍മാര്‍ പറയുന്നു

സ്മാര്‍ട്ട്ഫോണ്‍ കൊടുത്ത് മക്കളെ സ്മാര്‍ട്ടാക്കാന്‍ നോക്കല്ലേ; ഡോക്ടര്‍മാര്‍ പറയുന്നു

അയാന്‍ഷ് മുകുളെന്ന മൂന്ന് വയസുകാരനെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അമ്മ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി, അവന്റെ മടിയോ താല്‍പര്യമില്ലായ്മയോ ഒന്നുമല്ല. മൂന്ന് വയസ് പ്രായമായ തനിക്ക് എന്തുകൊണ്ട് മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുപോകാന്‍ അനുവാദമില്ല എന്ന ചോദ്യമാണ് അയാന്‍ഷ് അമ്മയോട് ചോദിച്ചത്. അത്തരമൊരു ചോദ്യം ആ മൂന്ന് വയസുകാരനില്‍ നിന്നുണ്ടായതില്‍ അത്ഭുതപ്പെടാനില്ല. രാത്രി ഉറങ്ങുംവരെ മറ്റാരെക്കാളും അയാന്‍ഷിന് അടുപ്പം തന്റെ അമ്മയുടെ മൊബൈല്‍ ഫോണിനോടാണ്. ഇന്റീരിയര്‍ ഡിസൈനറായ അമ്മ രോഷിമയെ അവന്‍ ശല്യം ചെയ്തതേയില്ല. തന്നോടുള്ള കുസൃതി കുറഞ്ഞതും മകന്‍ ഫോണിനോട് അടുപ്പം കൂടിയതും രോഷിമയ്ക്ക് അനുഗ്രഹമായി എന്നുവേണം പറയാന്‍. വീട്ടുജോലികള്‍ക്കിടയില്‍ അമ്മയെ ശല്യം ചെയ്യാത്ത 'നല്ല കുട്ടിയായി' അയാന്‍ഷ്.

അയാന്‍ഷിന് അഞ്ച് മാസം പ്രായമുള്ളപ്പോള്‍ തുടങ്ങിയതാണ് ഫോണിലുള്ള കളി. ഒരു വയസ് പ്രായമായപ്പോഴേക്കും സ്വിച്ച് ഓണ്‍ ചെയ്യാനും സൈ്വപ്പ് ചെയ്ത് കോള്‍ എടുക്കാനുമൊക്കെ അവന്‍ പഠിച്ചു. രണ്ടു വയസ് പ്രായത്തില്‍ താല്‍പര്യം യൂട്യൂബിനോടായി. യൂട്യൂബില്‍ സെര്‍ച്ച് ചെയ്ത് കാര്‍ട്ടൂണ്‍ കാണാന്‍ ഒറ്റയ്ക്ക് പഠിച്ചു അയാന്‍ഷ്. ചുരുക്കത്തില്‍ തിരിച്ചറിവാകുന്ന പ്രായത്തിന് മുന്‍പേ അയാന്‍ഷ് മൊബൈല്‍ ഫോണിനോട് ഇഷ്ടം കൂടി.

അയാന്‍ഷെന്നത് മൊബൈല്‍ പ്രേമിയായ ഒരു കുട്ടിയുടെ മാത്രം പേരല്ല. കൈകുഞ്ഞിന്റെ കരച്ചില്‍ മാറാന്‍ മൊബൈലിന്റെ വെട്ടം കാണിച്ച് നമ്മള്‍ തന്നെ വളര്‍ത്തുന്നതാണ് ഈ ബന്ധം. ഫിലിപ്സ് നടത്തിയ സര്‍വ്വെ പ്രകാരം ഇന്ത്യയില്‍ 30% കുട്ടികള്‍ ദിവസവും ആറ് മണിക്കൂര്‍ എങ്കിലും മൊബൈലില്‍ സ്‌ക്രീനില്‍ നോക്കിയിരിക്കുന്നവരാണെന്നാണ് കണക്ക്. 57% മാതാപിതാക്കള്‍ എങ്കിലും കുട്ടികളുടെ കാഴ്ചശക്തിയെപ്പറ്റി ആശങ്കപ്പെടുന്നുണ്ട്. ആശങ്ക വേണ്ടത് കാഴ്ച മങ്ങുമോയെന്ന കാര്യത്തില്‍ മാത്രമല്ല, ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങള്‍ മൊബൈല്‍ ലഹരിയാക്കി മാറ്റിയ കുട്ടികളിലുണ്ടാകുമെന്ന് പ്രമുഖ ശിശുരോഗവിദഗ്ധ അനുജ പേത്ത് വ്യക്തമാക്കുന്നു.

കഥ പറഞ്ഞും പറയിപ്പിച്ചും കളറിംഗ് ബുക്കുകളിലെ ചിത്രം കണ്ടും ലോകത്തോട് ആദ്യമായി അടുക്കുന്ന ഒരു കുട്ടിയുടെ മാനസിക വികാസമല്ല, യൂട്യൂബ് സമ്മാനിക്കുന്നത്. കുട്ടികളില്‍ ഭാവന വളരാന്‍ പ്രത്യേകമായി ഒന്നും ചെയ്യുന്നില്ല, നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍. 10 മിനിട്ട് നേരം തുടര്‍ച്ചയായി മൊബൈല്‍ സ്‌ക്രീനില്‍ നോക്കിയിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ തലച്ചോറിന്റെ വികാസം, മന്ദഗതിയിലാണെന്നതില്‍ സംശയമില്ലെന്ന് ഡോ.അനുജ പറയുന്നു. 'മരവും മരത്തിലിരിക്കുന്ന കാക്കയും കഥയായി പറഞ്ഞുകൊടുക്കുമ്പോള്‍ കുട്ടിയില്‍ സാധാരണഗതിയില്‍ ഉണരേണ്ട ഭാവനയാണ് ഇന്ന് യൂട്യൂബിലെ സ്റ്റോറി ടെല്ലിംഗ് തട്ടിയെടുത്തത്. ഭാവനയും ചിന്തയും അടിസ്ഥാനമായി കിട്ടേണ്ട പ്രായത്തില്‍ മറ്റൊന്നിനെ ആശ്രയിച്ച് അവ വളര്‍ത്തുന്ന ശീലം, ജീവിതകാലം മുഴുവന്‍ കുട്ടികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും'. മുംബൈ നാനാവതി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രമുഖ ശിശുരോഗവിദഗ്ധയാണ് അനുജ പേത്ത്.

3 മുതല്‍ 5 വയസുവരെ പ്രായക്കാരിലും 12 മുതല്‍ 18 വരെ പ്രായമായ കുട്ടികളിലുമാണ് മൊബൈല്‍ ഫോണിന്റെ ഉപയോഗം വല്ലാതെ വര്‍ധിച്ചത്. 'മൊബൈല്‍ സ്‌ക്രീന്‍ ഓണ്‍ അല്ലാത്തപക്ഷം ആഹാരം കഴിക്കാന്‍ താല്‍പര്യമില്ലാത്ത കുട്ടികളാണ് ഈ തലമുറയിലെ ഏറ്റവും വലിയ പ്രശ്നം'. ആശങ്കപ്പെടേണ്ട സാഹചര്യമാണിതെന്നും ഫിലിപ്സ് സര്‍വ്വെയേ മുന്‍നിര്‍ത്തി ഡോ. അനുജ ചൂണ്ടിക്കാണിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണശീലമാണ് ആദ്യത്തെ വിപത്ത്. ഫോണില്‍ കണ്ണോടിച്ച് അമിതമായി ആഹാരം കഴിക്കുന്ന കുട്ടികളാണ് ഏറെയും. ആഹാരവും വിനോദവും ഒരേസമയം രണ്ടുദിശയില്‍ വിപരീതഫലം സമ്മാനിച്ച് നടന്നുകൊണ്ടേയിരിക്കും

'പവര്‍ പ്ലേ'

കളിയും കാര്യവുമായി കാലത്തിനോട് ഇണങ്ങി വളര്‍ന്നോട്ടെ കുട്ടികള്‍, നല്ലതാണ്. പക്ഷെ, നിയന്ത്രിച്ചും പരിധി കടക്കാതെ ശ്രദ്ധിച്ചും മാതാപിതാക്കള്‍ ജാഗരൂകരായിരിക്കണം. കൊല്‍ക്കത്ത സ്വദേശിയായ പ്രൊഫ. സാറ ബസു എന്ന 33കാരിയ്ക്ക് ഈ നിയന്ത്രണത്തെപ്പറ്റി ചിലത് പറയാനുണ്ട്. അഞ്ച് വയസുകാരിയായ മകള്‍ ടോറിയ്ക്ക് രണ്ട് വയസായപ്പോള്‍ തുടങ്ങിയതാണ് സ്മാര്‍ട്ട്ഫോണിനോട് അടുപ്പം. കൂടാതെ ദിവസവും നാല് മണിക്കൂര്‍ നീളുന്ന ടി.വി കാണലും. ഭക്ഷണം കഴിക്കണമെങ്കില്‍ വീഡിയോ ഗെയിം വേണം. സ്മാര്‍ട്ട്ഫോണും ടി.വിയും മകള്‍ക്ക് ലഹരിയായി മാറിയപ്പോള്‍ സാറ ബസു നിയന്ത്രിച്ചുതുടങ്ങി.

മകള്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും 'ശല്യ'മൊഴിവാക്കാന്‍ ഫോണ്‍ നല്‍കിയിരുന്ന അമ്മ സാറ പിന്നീട് ആ ശീലം ഉപേക്ഷിച്ചു. ഫോണ്‍ നല്‍കുമ്പോഴൊക്കെ സമയത്തിന്റെ കണക്ക് വെച്ചു. ടി.വിയും അധികം ഉപയോഗിക്കാതിരിക്കാന്‍ ശീലിപ്പിച്ചു. പകരം ആ സമയങ്ങളില്‍ മകളെ ഡാന്‍സ് ക്ലാസിലേക്കയച്ചു. കഥയും പാട്ടുമുള്ള പുസ്തകങ്ങള്‍ വാങ്ങിനല്‍കി. നന്നായി കവിത ചൊല്ലാന്‍ ടോറി ശീലിച്ചുതുടങ്ങി. വൈകാതെ നൃത്തവും കവിതയും ടോറിക്ക് പ്രിയപ്പെതായി മാറി. ഒരു കാലത്ത് അഡിക്ഷനായിരുന്ന സ്മാര്‍ട്ട്ഫോണ്‍ പിന്നീടവള്‍ അധികം ഉപയോഗിക്കാതെയായി.

മുംബൈ സ്വദേശിയായ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് അസമര്‍ ചോപ്ര തന്റെ 13-കാരിയായി മകളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെപ്പറ്റി പറയുന്നതിങ്ങനെ: 'ക്ലാസിലെ മിക്ക കുട്ടികള്‍ക്കും സ്മാര്‍ട്ട്ഫോണ്‍ ഉള്ളതിനാല്‍ ഒരു വര്‍ഷം മുമ്പാണ് മകള്‍ക്കും വാങ്ങിനല്‍കിയത്. സ്‌കൂളില്‍ പോകുന്നതിന് മുന്‍പുള്ള സമയവും തിരികെയെത്തി ഹോംവര്‍ക്ക് പൂര്‍ത്തിയാക്കുന്നത് വരെയുള്ള സമയത്തും ഫോണ്‍ മകള്‍ക്ക് നല്‍കാറില്ല. ടെന്നീസ് പരിശീലിക്കുന്നുണ്ട് അവള്‍. ആ സമയവും ഫോണില്‍ വാപൃതയാകാന്‍ സമ്മതിക്കാറില്ല. സ്വിച്ച് ഓഫ് ചെയ്ത് അമ്മയുടെ അലമാരയില്‍ സൂക്ഷിക്കാറാണ് പതിവ്. മകളുടെ 13-ാം പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടിക്കെത്തിയ കൂട്ടുകാര്‍ക്കെല്ലാം സമ്മാനമായി നല്‍കിയത് ഓരോ പവര്‍ ബാങ്കാണ്. അവളുടെ അമ്മയുടെ ഐഡിയ ആയിരുന്നു അത്. എനിക്കതില്‍ സന്തോഷമല്ല ആശങ്കയാണ് തോന്നിയത്. സ്മാര്‍ട്ട് ഉപകരണങ്ങളോട് എത്രകണ്ട് അടുത്തുപോയിരിക്കുന്നു നമ്മുടെ തലമുറകള്‍. പ്രശ്നം ഗുരുതരമാക്കാതെ സൂക്ഷിക്കേണ്ടത് തീര്‍ച്ചയായും മാതാപിതാക്കളാണ്. ഒരിക്കലും അവരെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കരുത്'-

കണ്ണിനോടൊരു കനിവ്

മൊബൈലോ ടി.വിയോ കമ്പ്യൂട്ടറോ, സ്‌ക്രീനാണ് ആദ്യത്തെ കുഴപ്പം. കണ്ണിന് താങ്ങാവുന്നതിലപ്പുറം പ്രകാശം ഇരച്ചുകയറുന്നത് വലിയ പ്രശ്നമാണ്. ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ ആയിരത്തോളം കുട്ടികളില്‍ നടത്തിയ പഠനത്തില്‍ 40% പേര്‍ക്കെങ്കിലും മയോപ്പിയ എന്ന നേത്രരോഗം ബാധിച്ചതായി കണ്ടെത്തി.

കണ്ണില്‍ ഈര്‍പ്പം കുറയുന്നതും ഷോര്‍ട്ട് സൈറ്റും മയോപ്പിയയും ഉള്‍പ്പെടെ കാഴ്ചയെ സാരമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ കുട്ടിക്കാലത്തേ തുടങ്ങാന്‍ ഈ 'വെട്ടം' ആണ് കാരണം. കൂടാതെ കൂടുതല്‍ സമയം സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത് കണ്ണിന് അമിതമായി സ്ട്രെയ്ന്‍ നല്‍കുന്ന ഒന്നാണ് (ഡോ.രാധിക ടാന്‍ഡണ്‍,ഓഫ്താല്‍മോളജിസ്റ്റ്). ജനിതകമായി നേത്രസംബന്ധമായ ഇത്തരം തകരാറുകള്‍ ഉള്ളവര്‍ക്ക് ഇവ കൂടാനും സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത് വഴിയൊരുക്കും.

ഇമ വെട്ടുന്നതും കണ്ണിനെ സംബന്ധിച്ച് പ്രധാനമായ കാര്യമാണ്. ഇമ ചിമ്മാതെ കണ്ണ് തുറന്നുപിടിച്ചിരുക്കുന്നത് ഏറെയും ടി.വിയും മൊബൈലും ഉപയോഗിക്കുന്നവരുടെ ലക്ഷണമാണത്രെ!

ഈ ശീലമൊന്നും മാറ്റാനാകാത്തവര്‍ക്കുവേണ്ടി നിര്‍ദേശിക്കാന്‍ പരിഹാരവുമുണ്ട്. ഓരോ അരമണിക്കൂറിലും സ്‌ക്രീനില്‍ നിന്ന് കണ്ണെടുത്ത് വിദൂരതയിലേക്ക് അല്‍പസമയം നോക്കിയിരിക്കുക. 20-20-20 റൂള്‍ എന്ന് വിളിപ്പേരുള്ള ഒരു നേത്രവ്യായാമമാണിത്. ഓരോ 20 മിനിട്ടിലും 20 അടി ദൂരത്തേക്ക് 20 സെക്കന്റ് നോക്കിയിരിക്കുക എന്നതാണ് 20-20-20 റൂള്‍.

നോക്കിയിരിക്കുന്ന സ്‌ക്രീനും കണ്ണും തമ്മിലുള്ള ദൂരവും നിര്‍ണ്ണായകമാണ്. എപ്പോഴും അല്‍പം ദൂരത്തായി സ്‌ക്രീന്‍ സ്ഥാപിക്കുന്നതാകും ഉചിതം. ശാസ്ത്രീയമായി നിര്‍ദേശിക്കപ്പെടുന്ന ദൂരം കുറഞ്ഞത്, 30 സെന്റീമീറ്റര്‍ അല്ലെങ്കില്‍ ഒരു കൈ അകലം എന്നതാണ്. കുട്ടികളില് നിന്ന് എപ്പോഴും 30 സെന്റീമീറ്റര്‍ ദൂരത്തില്‍ മൊബൈല്‍-ടി.വി സ്‌ക്രീനുകള്‍ വെയ്ക്കാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.


Next Story

Related Stories