Top

'എന്റെ ആര്‍ത്തവത്തിന് ചുങ്കം പിരിക്കരുത്'; ജിഎസ്ടി കാലത്തെ സ്ത്രീ ജീവിതം

ആര്‍ത്തവം തീണ്ടാരിപ്പുരകളില്‍ നിന്നും ചര്‍ച്ചാവേദികളിലേയ്ക്ക് ഇറങ്ങി വന്നിട്ട് അധികനാളായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളും മറ്റു ചില പുരോഗമന ചിന്തകളുടെ വേദികളും ഒഴിച്ച് നിര്‍ത്തിയാല്‍ ആര്‍ത്തവത്തെ, അതിന്റെ വിഷമതകളെ, അതില്‍ പാലിക്കേണ്ടുന്ന ശുചിത്വത്തെ ഒക്കെ പറ്റി തുറന്ന് സംസാരിക്കാന്‍ ചര്‍ച്ച ചെയ്യാന്‍ എത്ര ഇടങ്ങളുണ്ട്? തീര്‍ച്ചയായും ജിഎസ്ടി കൗണ്‍സില്‍ അത്തരമൊരു ഇടമായിരുന്നില്ല എന്ന് വേണം കരുതാന്‍. അതുമല്ലെങ്കില്‍ അവരുടെ നിഗമനത്തില്‍ വള, കുങ്കുമം, ചാന്ത്, പൊട്ട് ഇതൊക്കെയാണ് സ്ത്രീകളുടെ പ്രാഥമിക ആവശ്യങ്ങള്‍. സാനിറ്ററി നാപ്കിനികളൊക്കെ ആഡംബര പ്രിയരായ സ്ത്രീകള്‍ക്കുള്ളതാണ്. അതില്‍ നിന്ന് രൂപം കൊണ്ടതാണ് ഓരോ സ്ത്രീയ്ക്ക് മേലും ചുമത്തപ്പെട്ട ആ 12 ശതമാനം നികുതി.

അജ്ഞതയും അന്ധവിശ്വാസങ്ങളും കൊണ്ട് തീര്‍ത്തും അനാരോഗ്യകരമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ടിരുന്ന ഒന്നായിരുന്നു ആര്‍ത്തവം. ഇപ്പോഴും ഇന്ത്യയിലെ 80 ശതമാനത്തിലധികം സ്ത്രീകള്‍ക്കും ആരോഗ്യകരമായ രീതിയില്‍ തങ്ങളുടെ ആര്‍ത്തവം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ല. ഗ്രാമപ്രദേശങ്ങളില്‍ മാത്രമല്ല നഗരങ്ങളിലും ഈ കണക്കുകള്‍ ബാധകമാണ്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ തങ്ങളുടെ ആര്‍ത്തവ സമയത്ത് കൂടുതലും ഉപയോഗിക്കുന്നത് പഴകിയ തുണികള്‍ ആണ്. ഇതിലും പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ തുണികളുടെ ഉള്ളില്‍ മണ്ണ് നിറച്ചാണ് സ്ത്രീകള്‍ ആര്‍ത്തവകാലത്തു ഉപയോഗിക്കുക. ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളില്‍ ഈ മണ്ണിനു പകരം ഉപയോഗിക്കുന്നത് ചാരം ആണ്. ഇവയൊക്കെ ചേര്‍ന്ന് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആദ്യമായി ഇടപെടുന്നത് 1997-ലാണ്, ആ വര്‍ഷം നടപ്പിലാക്കിയ Reproductive and Child Health (RCH) പ്രോഗ്രാമിലൂടെ. പക്ഷെ ആസൂത്രണത്തിലെ പിഴവുകള്‍ കൊണ്ട് വേണ്ടത്ര പുരോഗതി ഉണ്ടാക്കാന്‍ RCH-നു കഴിഞ്ഞില്ല. എങ്കിലും പല സംസ്ഥാനങ്ങളിലും ചില എന്‍ജിഒകള്‍ ആര്‍ത്തവത്തെ സംബന്ധിച്ച് നിരവധി ബോധവത്കരണ പ്രവര്‍ത്തനങ്ങളും ക്യാമ്പെയിനുകളും നടത്തിപ്പോന്നിരുന്നു. പിന്നീട് 2005 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ NRHM വഴി ആര്‍ത്തവ ആരോഗ്യ അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഏതാണ്ട് ഈ കാലത്താണ് അരുണാചലം മുരുകാനന്ദന്‍ എന്ന ഇന്ത്യയുടെ 'സാനിട്ടറി നാപ്കിന്‍ മാന്‍' വളരെ കുറഞ്ഞ ചിലവിലുള്ള ഒരു നാപ്കിന്‍ നിര്‍മാണ മെഷീന്റെ പേറ്റന്റ് നേടിയത്. അതിന്റെ ഒക്കെ ഫലമായാണ് ആരോഗ്യകരമായ ആര്‍ത്തവസംവിധാനങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം അഞ്ചു ശതമാനത്തില്‍ നിന്നും ഇരുപത് ശതമാനത്തിനടുത്ത് എത്തിയ്ക്കാന്‍ കഴിഞ്ഞത്.


ആര്‍ത്തവകാലത്തെ ശുചിത്വം, ആരോഗ്യം ഇതൊക്കെ ഭൂരിഭാഗം ജനങ്ങളും വളരെ ലാഘവത്തോടെയാണ് കാണുന്നതെന്ന് കൊല്ലം ഗവണ്മെന്റ് വിക്ടോറിയ ആശുപത്രിയിലെ സ്ത്രീ രോഗ വിദഗ്ധ ഡോക്ടര്‍ റീന നളിനി പറയുന്നു. 'ആര്‍ത്തവ കാലത്തെ ശുചിത്വം സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ ആരോഗ്യത്തിനു വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ചു cervix ഓപ്പണ്‍ ആയിരിക്കുന്ന സമയമായതുകൊണ്ട് അണു ബാധ വളരെ വേഗത്തില്‍ ഉണ്ടാവാം. സാനിറ്ററി പാഡുകള്‍ ആറു മണിക്കൂര്‍ കൂടുമ്പോള്‍ എങ്കിലും നിര്‍ബന്ധമായും മാറ്റണം. ഇല്ലെങ്കില്‍ ഇന്‍ഫെക്ഷന്‍, ഫംഗസ് ബാധഎന്നിവ ഉണ്ടാവാന്‍ സാധ്യതയുണ്ട്. സാനിറ്ററി പാഡുകള്‍ക്കു പകരം തുണികള്‍ ഉപയോഗിക്കുന്നവര്‍ പലപ്പോഴും അവയുടെ വൃത്തിയുടെ കാര്യത്തില്‍ ശ്രദ്ധിക്കാറില്ല. ഇതേ സംബന്ധിച്ച് നിരവധി അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. പലപ്പോഴും ഈ തുണികള്‍ ആരും കാണരുതെന്ന വിശ്വാസം കാരണം അവ ശരിയായ രീതിയില്‍ കഴുകി സൂര്യപ്രകാശത്തില്‍ ഉണക്കാതെ വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വയ്ക്കാറാണ് പതിവ്. അതുകൊണ്ട് അവയില്‍ നിന്നും അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്'.


ഡോക്ടര്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ ഒരു ദിവസം നാലു തവണയെങ്കിലും പാഡ് മാറ്റണം. 6 ദിവസം നീണ്ടുനില്‍ക്കുന്ന ആര്‍ത്തവ ദിനങ്ങളിലേയ്ക്ക് 24 പാഡുകള്‍ വേണ്ടിവരും ഇതിനു വേണ്ടി ഇപ്പോള്‍ ചിലവു വരുന്നത് ഏതാണ് 150 രൂപയ്ക്കടുത്താണ്. രണ്ട് സ്ത്രീകളുള്ള വീടാണെങ്കില്‍ ഇത് 300 രൂപയാവും. ഈ വിലയുടെ കൂടെയാണ് ഇപ്പോള്‍ GST-യുടെ അധിക വില കൂടി നല്‍കേണ്ടി വരുന്നത്. സ്വാഭാവികമായും തങ്ങളുടെ മാത്രം ആവശ്യമാണല്ലോ ഇതെന്നു കരുതി സാമ്പത്തിക ബുദ്ധിമുട്ടുള്ള സ്ത്രീകള്‍ ഇവ ഒഴിവാക്കി പഴയ അനാരോഗ്യകരമായുള്ള ശീലങ്ങളിലേയ്ക്ക് തിരിച്ചു പോവുന്നതാവും ഇതിന്റെ പരിണിത ഫലം.

CARE INDIA എന്ന എന്‍ജിഒ-യുടെ ഭാഗമായി ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയായ ടി.എസ്. അനിത പറയുന്നു. 'ആരോഗ്യകരമായും ശുചിത്വത്തോടെയും ആര്‍ത്തവം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ സ്ത്രീകള്‍ക്ക് സബ്സിഡി നിരക്കില്‍ ഒരുക്കി കൊടുക്കുകയാണ് ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. അതോടൊപ്പം ഇതേ സംബന്ധിച്ച് നിലവിലുള്ള അന്ധവിശ്വാസങ്ങള്‍ക്കും അബദ്ധ ധാരണകള്‍ക്കുമെതിരെ സ്ത്രികളെയും പുരുഷന്‍മാരെയും ബോധവത്കരിക്കുകയും വേണം. ഇവയൊക്കെ സ്ത്രീകളുടെ മാത്രം പ്രശ്നമെന്നു കരുതി മാറ്റി നിര്‍ത്തുന്നതു കൊണ്ടാണ് പലപ്പോഴും അവയ്ക്ക് പരിഹാരം കാണാന്‍ കഴിയാതെ പോവുന്നത്. സ്ത്രീകളുടെ ആരോഗ്യം വരാനിരിക്കുന്ന തലമുറകളുടെയും അതുവഴി സമൂഹത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനാവശ്യമാണ്. നമ്മുടെ സമൂഹത്തിലെ സ്ത്രീകളില്‍ വളരെ ചെറിയ ഒരു ശതമാനത്തിനു മാത്രമെ സ്വന്തമായി വരുമാനമുള്ളൂ. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് വില കൂടിയ സാനിറ്ററി പാഡുകള്‍ അപ്രാപ്യമാവും. അവിടെയാണ് ഇതേ സംബന്ധിച്ചുള്ള ബോധവത്കരണത്തിന്റെ പ്രസക്തി. സാനിറ്ററി പാഡുകള്‍ സബ്സിഡി നിരക്കില്‍ സ്ത്രീകള്‍ക്ക് ലഭ്യമാക്കണം, അതോടൊപ്പം അവ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കേണ്ടതാണ്.'പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മിക്കവാറും കാണുന്ന കാഴ്ചയാണ് അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുന്ന ഉപയോഗിച്ച സാനിറ്ററി പാഡുകള്‍. ഇവ ഉണ്ടാക്കുന്ന മലിനീകരണ പ്രശ്നങ്ങള്‍ വലുതാണ്. സാനിറ്ററി പാഡുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന മെന്‍സ്ട്രുവല്‍ കപ്പുകളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കപ്പെടണം. ഇവ പാഡുകളേക്കാള്‍ സൗകര്യപ്രദവും വീണ്ടും വീണ്ടും ഉപയോഗിക്കാവുന്നതുമാണ്. റീയൂസ് ചെയ്യാന്‍ കഴിയുന്ന ക്ലോത്ത് പാഡുകളും ഉണ്ട്. വില അധികമാണെന്ന് കരുതിയാണ് നല്ലൊരു വിഭാഗം സ്ത്രീകളും ഇതൊന്നും ഉപയോഗിക്കാത്തത്, അതുപോലെ തന്നെ അജ്ഞത മൂലവും. ചിലവു കുറഞ്ഞ സാനിറ്ററി നാപ്കിന്‍ മെഷീന്‍ നിര്‍മ്മിച്ച് വിപ്ലവം സൃഷ്ടിച്ച അരുണാചലം മുരുകാനന്ദന്‍ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്റെ ഭാര്യയോട് ആദ്യം സാനിറ്ററി നാപ്കിന്‍ വാങ്ങി ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് കുടുംബത്തിലെ മൂന്ന് സ്ത്രീകളും സാനിറ്ററി പാഡ് ഉപയോഗിച്ചു തുടങ്ങിയാല്‍ വീട്ടിലേയ്ക്കു വാങ്ങുന്ന പാല് ഒഴിവാക്കേണ്ടി വരുന്നത്ര ചിലവുണ്ടാവും എന്നാണ്. ഇങ്ങനെ തന്നെയാണ് ഭൂരിഭാഗം സ്ത്രീകളും ചിന്തിക്കുക. അത് മാത്രമല്ല അനാരോഗ്യകരമായ ശീലങ്ങള്‍ കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫെക്ഷനുകള്‍ ഉണ്ടായാല്‍ അതും സ്ത്രീകള്‍ ആദ്യം മറച്ചുവയ്ക്കും. പലപ്പോഴും അവസ്ഥ ഗുരുതരമായതിന് ശേഷമാവും ചികിത്സ തേടുന്നത്.'
തങ്ങളുടെ തുള്‍പ്പെടെ നിരവധി എന്‍ജിഒ-കള്‍ വര്‍ഷങ്ങളായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നും സബ്സിഡി നിരക്കില്‍ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യണമെന്ന ആവശ്യം പല തവണ ഉന്നയിച്ചിട്ടുണ്ടെന്നും അത് പരിഗണിയ്ക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ സാനിറ്ററി പാഡുകളിന്‍ മേല്‍ ഉയര്‍ന്ന നിരക്കിലുള്ള ജിഎസ്ടി ഏര്‍പ്പെടുത്തിയതെന്നും അനിത പറയുന്നു.

സാനിറ്ററി പാഡുകളിന്‍മേല്‍ നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ സ്ത്രീ സംഘടനകള്‍, വിവിധ എന്‍ജിഒ-കള്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 'Don't Tax My Periods' എന്ന പേരില്‍ പ്രതിഷേധറാലി നടത്തിയിരുന്നു. മീററ്റിലും മൈസൂരിലും സമാന രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ നടന്നു. 'ബേഠി പഠാവോ, ബേഠി ബചാവോ' എന്ന് പറയുന്ന പ്രധാനമന്ത്രിയ്ക്ക് ഇന്ത്യയിലെ പിന്നോക്ക പ്രദേശങ്ങളില്‍ ആര്‍ത്തവം ആരംഭിച്ചു കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ സ്‌ക്കൂള്‍ പഠനം അവസാനിപ്പിക്കുന്നതിന്റെ കാരണമെന്താണെന്നറിയുമോ എന്നാണവര്‍ ചോദിക്കുന്നത്. 2020-ഓടെ സ്വച്ഛ ഭാരതം എന്ന മുദ്രാവാക്യവുമായി നടക്കുന്നവര്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍, അവരുടെ ആയുസ്സിന്റെ പകുതിയോളം വര്‍ഷം എല്ലാമാസവും അഭിമുഖീകരിക്കുന്ന ശുചിത്വ വെല്ലുവിളികള്‍ നിറഞ്ഞ ഈ ശാരീരിക അവസ്ഥയെയും അത് നേരിടാനുള്ള സംവിധാനങ്ങളെയും പരിഗണിയ്ക്കാന്‍ തയ്യാറല്ല എന്നതിന്റെ തെളിവാണ് ഗവണ്‍മെന്റിന്റെ ഈ തീരുമാനം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories