TopTop
Begin typing your search above and press return to search.

തീവ്രവാദികള്‍ ഇനി വസൂരി വൈറസ് പ്രചരിപ്പിച്ചാലും ഭയക്കാനില്ല; അംഗീകൃത മരുന്ന് എത്തി കഴിഞ്ഞു!

തീവ്രവാദികള്‍ ഇനി വസൂരി വൈറസ് പ്രചരിപ്പിച്ചാലും ഭയക്കാനില്ല; അംഗീകൃത മരുന്ന് എത്തി കഴിഞ്ഞു!

ആരോഗ്യരംഗത്തെ ഏറ്റവും വലിയ വാര്‍ത്ത- വസൂരിയ്ക്ക് മരുന്ന്! രോഗത്തിന് FDA (The Food and Drug Administration) അംഗീകൃത മരുന്ന് എന്ന വാര്‍ത്ത സത്യമെങ്കില്‍ അത്, ആഗോളതലത്തില്‍ ജൈവതീവ്രവാദത്തിനെതിരെ ആയുധമാക്കാന്‍ കഴിയും. മികച്ച നേട്ടമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ഡോ. ആന്റണി എസ്. ഫോസി ഈ വാര്‍ത്തയോട് പ്രതികരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ മരുന്ന് കണ്ടെത്തലിന് എല്ലാ സഹായവും നല്‍കിയത്.

വസൂരി ഇന്ന് അത്യപൂര്‍വം ആണ്. എങ്കിലും ST-246 എന്ന് ഔദ്യോഗിക നാമമുള്ള ഈ മരുന്നിന്റെ കണ്ടുപിടിത്തത്തിന് പ്രേരിപ്പിച്ചത് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ആണ്. ഇത്രയധികം വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന കണ്ടുപിടിത്തമായിരുന്നിട്ടും ഒരു വലിയ സംഘം അതിനുവേണ്ടി പ്രയത്‌നിച്ചത്, ജൈവതീവ്രവാദത്തിനെ നേരിടുക എന്ന ഉദ്ദേശത്തോടെയാണ്.

സിഗ ടെക്‌നോളജിസ് ഓഫ് കോര്‍വെല്ലിസ് എന്ന സ്വകാര്യ കമ്പനി ആണ് ഈ മരുന്ന് വികസിപ്പിച്ചത്. രോഗവാഹകരായ വൈറസുകള്‍ രണ്ട് ലബോറട്ടറി ഫ്രീസറുകളിലായി ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒന്ന് റഷ്യയിലും മറ്റൊന്ന് അറ്റ്‌ലാന്റയിലും. ഗവേഷണങ്ങളുടെ ഭാഗമായാണിത്. പക്ഷെ, മറ്റെവിടെയെങ്കിലും ഈ വൈറസിന്റെ സാന്നിധ്യമോ സംഭരണമോ നടന്നിട്ടുണ്ടോ എന്ന് ഗവേഷകര്‍ ഭയക്കുന്നുണ്ട്. 2014-ല്‍ ചെറിയ മരുന്നുകുപ്പികളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഈ വൈറസ് ഒരു പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ട് ലാബില്‍ കണ്ടെത്തിയിരുന്നു!

മനഃപൂര്‍വമോ രഹസ്യ ഗവേഷണങ്ങളുടെ ഭാഗമായോ വൈറസ് സൂക്ഷിക്കപ്പെടാനുള്ള സാധ്യതയും വിദഗ്ദര്‍ തള്ളിക്കളയുന്നില്ല. തീവ്രവാദകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ വൈറസ് ഉണ്ടാകാനിടയുണ്ടെന്ന സാധ്യതയും ഭയപ്പെടുന്നുണ്ട്. കാരണം, വസൂരി പ്രതിരോധ കുത്തിവെപ്പ് 1980-കളില്‍ അവസാനിപ്പിച്ചതാണ്. അതായത് 40 വയസ്സിനു താഴെ പ്രായമുള്ള ആര്‍ക്കും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ല. വൈറസ് ബാധയുണ്ടാകുന്നവരില്‍ മൂന്നിലൊന്ന് പേരുടെ മരണം ഉറപ്പാണ്. പ്രത്യേകിച്ച് കുട്ടികളുടെ.

പ്രതിരോധ കുത്തിവെപ്പ് മറ്റുള്ള വാക്സിനുകള്‍ പോലെ എല്ലാവര്‍ക്കും എടുക്കുന്നതും അപകടകരമാണ്. ഒരു മരുന്ന് എന്ന ആശയം ഈ അസുഖത്തെ സംബന്ധിച്ച് വിപ്ലവകരമായ നേട്ടമാണെന്ന് സബൈന്‍ വാക്സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡീന്‍ Dr.പീറ്റര്‍ ജോലി ഹോട്ടസ് വ്യക്തമാക്കി. സേന ഉദ്യോഗസ്ഥര്‍, ലാബ് ജീവനക്കാര്‍ തുടങ്ങി ഏതാനും ചില വിഭാഗങ്ങള്‍ക്ക് മാത്രം മരുന്ന് നല്‍കിത്തുടങ്ങി. ജൈവതീവ്രവാദം എന്ന ആശയത്തോട് നേരിട്ട് പൊരുതുന്നവര്‍ എന്ന അടിസ്ഥാനത്തില്‍ ആണിത്. HIV ബാധിതര്‍,ഗര്‍ഭിണികള്‍,ക്യാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ക്ക് ഈ മരുന്ന് നല്കരുതെന്നാണ് തീരുമാനം.

Tecovirimat എന്ന് വിളിപ്പേരുള്ള ഈ മരുന്നിന്റെ സാധ്യത അങ്ങനെ അമേരിക്കന്‍ ജനതയില്‍ ഉപയോഗിച്ച് തുടങ്ങിക്കഴിഞ്ഞു. 2003-ല്‍ ഇത്തരത്തില്‍ ആഗോളതലത്തില്‍ പൊട്ടിപുറപെട്ടതായിരുന്നു മങ്കി പോക്‌സ് വൈറസുകള്‍. അമേരിക്കയില്‍ മാത്രം 47 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. ഘാനയില്‍ നിന്ന് അമേരിക്കയില്‍ എത്തിച്ച 800 സസ്തനികളില്‍ നിന്നായിരുന്നു രോഗം മനുഷ്യനില്‍ എത്തിയത്.

മീസില്‍സ്, ചിക്കന്‍ പോക്‌സ് എന്നിവയെപോലെ പെട്ടെന്ന് പടരുന്നതല്ലെങ്കിലും സ്മാള്‍ പോക്‌സ് ആശങ്കകള്‍ അവസാനിക്കുന്നില്ല. രണ്ടാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന പനി,ക്ഷീണം,തലവേദന എന്നീ ലക്ഷണങ്ങള്‍ ആണ് തുടക്കം. പിന്നീട് ശരീരത്തില്‍ പഴുപ്പ് നിറഞ്ഞ കുമിളകള്‍ പൊങ്ങും.

രോഗം മൂര്‍ഛിക്കുന്ന ഘട്ടത്തിലാണ് രക്തം വാര്‍ന്നുപോകുന്നതും ചര്‍മ്മം വന്‍തോതില്‍ നഷ്ടമാകുന്നതും നഷ്ടം ആകുന്നതും. തലച്ചോറിനെ ബാധിക്കാനും അന്ധത വരുത്താനും വരെ ശേഷി ഈ വൈറസുകള്‍ക്കുണ്ട്.


Next Story

Related Stories