TopTop

ജിവിതത്തില്‍ 'ദ റോക്ക്' അല്ല; വിഷാദരോഗ കാലത്തെ ഓര്‍മ്മിച്ച് ഡ്വെയ്ന്‍ ജോണ്‍സണ്‍

ജിവിതത്തില്‍
വിഖ്യാത നടനും റെസ്ലിംഗ് താരവുമായ ഡ്വെയ്ന്‍ ജോണ്‍സണ്‍ (Dwayne Johnson), 'വിഷാദം നിറഞ്ഞ' തന്റെ പഴയകാലം ആരാധകര്‍ക്ക് മുമ്പില്‍ ഒന്ന് ഓര്‍മ്മിച്ചെടുത്തു. ഓര്‍മ്മയില്‍ പോലും പേടി നിറയ്ക്കുന്ന കാലഘട്ടമാണ് വിഷാദരോഗം പിടിപെട്ട സമയമെന്ന് അദ്ദേഹം പറയുന്നു. മാനസികാരോഗ്യം നഷ്ടപ്പടുന്നത് എത്ര മോശമായ അവസ്ഥയാണെന്ന തിരിച്ചറിവാണ് തന്റെ അനുഭവം അറിയുന്ന മറ്റുള്ളവര്‍ക്ക് ഉണ്ടാകേണ്ടതെന്നും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

റെസ്ലിംഗ് റിങ്ങിന് എക്കാലവും പ്രിയപ്പെട്ട 'ദ റോക്ക്' ആണ് ഡ്വെയ്ന്‍ ജോണ്‍സണ്‍. 45കാരനായ ഇദ്ദേഹം ഹോളിവുഡ്‌ നടനും നിര്‍മ്മാതാവുമാണ്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ ലൂക്ക് ഹോബ്സ്(Luke Hobes) എന്ന വേഷം അവിസ്മരണീയമാക്കിയ ഡ്വെയന്‍ ജോണ്‍സണെ 2016ല്‍ ഏറ്റവും മൂല്യമുള്ള താരമെന്നാണ് ഹോളിവുഡ്‌ വിശേഷിപ്പിച്ചത്. ലോകജനതക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ 100 പേരില്‍ ഒരാളായി 2016ല്‍ ടൈം മാസിക ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

ഇത് ഹോളിവുഡിനും റെസ്ലിംഗ് പ്രേമികള്‍ക്കും പ്രിയങ്കരനായ കരിയറിലെ മിന്നുംതാരം 'റോക്ക്' ആണ്. റെസ്ലിംഗ് റിംഗിലെ പോലെ കൂസലില്ലായ്മയും തന്റേടവും ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഇദ്ദേഹത്തിനുണ്ടായിട്ടില്ല. 15 വയസില്‍ അമ്മയുടെ ആത്മഹത്യാശ്രമം കാണേണ്ടിവന്നതാണ് ഡ്വെയ്ന്‍ ജോണ്‍സന്റെ മാനസിക ആരോഗ്യത്തെ തകര്‍ത്തത്. വീട് വിട്ടിറങ്ങാനോ ആരെയും കാണാനോ താല്പര്യമില്ല. ഏത് നേരവും കരച്ചില്‍. ഒറ്റപ്പെടലിന്റെ ഭീകരതയായിരുന്നു മനസിനെ തളര്‍ത്തിയത്.

തന്റെ ജീവിതകഥ ഇത്രയും പറഞ്ഞപ്പോഴേക്കും ആരാധകരുടെ സാന്ത്വനവാക്കുകള്‍ പ്രവഹിച്ചു. റാംപേജ്(rampage) എന്ന വരാനിരിക്കുന്ന ചിത്രത്തിന്റെ പത്രസമ്മേളനത്തില്‍ എല്ലാ ആരാധകര്‍ക്കും അവരുടെ നല്ല വാക്കുകള്‍ക്കും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. ട്വിറ്ററിലും നന്ദി വാക്കുകള്‍ കുറിയ്ക്കാന്‍ അദ്ദേഹം മറന്നില്ല.

'വിഷാദരോഗത്തിന് സാധാരണക്കാരനെന്നോ സെലിബ്രിറ്റിയെന്നോ വ്യത്യാസമില്ല. ആരുടെ മനസ്സിനെയും കാര്‍ന്നുതിന്നാന്‍ ശേഷി അതിനുണ്ട്. പടവെട്ടാനുള്ള ധൈര്യമാണ് അപ്പോള്‍ ആര്‍ജ്ജിക്കേണ്ടത്. ഉള്ളിലൊതുക്കാതെ തുറന്നുപറയാന്‍ സാധിക്കണം. എനിക്ക് ഇല്ലാതെ പോയത് അതാണ്'-റോക്ക് തുടരുന്നു

'എനിക്ക് 15 വയസ്സുള്ളപ്പോഴായിരുന്നു അമ്മയുടെ ആത്മഹത്യാശ്രമം. നടുറോഡില്‍ കാറില്‍ നിന്നിറങ്ങി ട്രാഫിക്കിനിടയിലേക്ക് നടന്നുകയറി. വലിയ വാഹനങ്ങളും കാറുകളും തലങ്ങും വിലങ്ങും പായുകയാണ്. ഞാന്‍ അലറിവിളിച്ച് അമ്മയുടെ പിന്നാലെ ഓടി. വലിച്ചിഴച്ച് റോഡിന് അരികില്‍ അമ്മയെ എത്തിച്ചു'-പേടിപ്പെടുത്തുന്ന ആ സംഭവം ഇന്നും അദ്ദേഹത്തിന് ഒരു വിങ്ങലാണ്. 'ആശ്ചര്യമെന്തെന്നാല്‍ ഇന്ന് അമ്മയ്ക്ക് ആ സംഭവം ഒരു ഓര്‍മ്മ പോലുമല്ല. ബാധിച്ചത് എന്നെ മാത്രമാണ്. തകര്‍ന്നതും ഞാന്‍ മാത്രമാണ്'

പ്രൊഫഷണല്‍ ഫുട്ബോള്‍ രംഗത്ത് ഉയര്‍ന്ന് വരാന്‍ തുടങ്ങിയപ്പോഴേക്കും 23ാം വയസ്സില്‍ അദ്ദേഹത്തെ തേടി വിഷാദരോഗം എത്തിയിരുന്നു. ഫുട്ബോള്‍ സ്വപ്നങ്ങള്‍ ജീവിതത്തില്‍ നിന്ന് മായ്ച്ചുകളഞ്ഞ ഈ സംഭവം 2015ല്‍ അദ്ദേഹം പങ്കുവെച്ചിരുന്നു.

'വിഷാദരോഗം പിടിപെട്ടാല്‍ ഉണ്ടാകേണ്ട ആദ്യത്തെ തിരിച്ചറിവ് നിങ്ങള്‍ ഒറ്റയ്ക്കല്ല എന്നതാണ്. ഈ ലോകത്തിലെ ആദ്യത്തെ വിഷാദരോഗിയും നിങ്ങളല്ല. ഈ തിരിച്ചറിവ് നല്‍കുന്ന ആശ്വാസമായിരിക്കും സാധാരണ ജീവിതത്തിലേക്ക് തിരികെ നടത്തുക. എന്നെ സാന്ത്വനിപ്പിക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്'- ഡ്വെയ്ന്‍ ജോണ്‍സന്റെ വാക്കുകള്‍.


Next Story

Related Stories