TopTop
Begin typing your search above and press return to search.

പാര്‍ക്കുകളിലെ വ്യായാമം വിഷാദം അകറ്റും

പാര്‍ക്കുകളിലെ വ്യായാമം വിഷാദം അകറ്റും

വീടിനടുത്ത് വിശാലമായ പാര്‍ക്ക് ഉണ്ടോ? എങ്കില്‍ ആരോഗ്യവും നിങ്ങളുടെ സമീപത്തു തന്നെയുണ്ട്. അത് എങ്ങനെയെന്നാവും ചിന്തിക്കുന്നത്. അല്ലെ?

അയല്‍പക്കത്തെ പാര്‍ക്ക് ആളുകളില്‍ ശാരീരികപ്രവര്‍ത്തങ്ങള്‍ക്കുള്ള പ്രോത്സാഹനമാകുന്നു. കൂടാതെ ഗുരുതരരോഗങ്ങള്‍ ബാധിച്ചവര്‍ പതിവായി പാര്‍ക്കുകളില്‍ വ്യായാമം ചെയുന്നത് ഗുരുതരവിഷാദം ബാധിക്കുന്നതിനെ തടയുകയും ചെയുന്നു. വര്‍ധിച്ച ശാരീരികപ്രവര്‍ത്തനങ്ങളും പുറത്തുള്ള പച്ചപ്പും ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും മരണ നിരക്ക് കുറയ്ക്കുകയും ചെയ്യും. സന്ധിവാതം, പ്രമേഹം, ആസ്തമ, ഹൃദ്രോഗം മുതലായ രോഗങ്ങള്‍ ബാധിച്ചവര്‍ക്കാണ് വിഷാദം വരാന്‍ സാധ്യത കൂടുതല്‍ എന്നതിനാല്‍ ഇവരെ സംബന്ധിച്ച് ഈ പഠനം കൂടുതല്‍ പ്രസക്തമാണ്. പൊതുജനങ്ങള്‍ക്കായി നിരവധി പാര്‍ക്കുകള്‍ ഉള്ള ഡല്‍ഹിയില്‍ ആണ് ഈ പഠനം നടന്നത്.

ആരോഗ്യത്തിനും ഫിറ്റ്‌നസ്സിനും ബുദ്ധിപരമായ ഉണര്‍വിനും വേണ്ടി മുതിര്‍ന്നവര്‍ ആഴ്ചയില്‍ 150 മിനിറ്റു നടക്കണം എന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. ഡല്‍ഹിയിലെ 1208 പാര്‍ക്കുകള്‍ ഉപയോഗിക്കുന്നവരില്‍ നടത്തിയ പഠനത്തില്‍ പാര്‍ക്കിന്റെ ലഭ്യതയും വിഷാദവും തമ്മിലുള്ള ബന്ധം അളന്നു. വലിയ പാര്‍ക്ക് ഉപയോഗിക്കുന്നവരുമായി താരതമ്യ പ്പെടുത്തിയാല്‍ ചെറിയ പാര്‍ക്ക് ഉപയോഗിക്കുന്നവരില്‍ വിഷാദം മൂന്നിരട്ടി അധികമാണെന്ന് കണ്ടു. വിശാലമായ പാര്‍ക്കുകള്‍ സമ്മര്‍ദം കുറയ്ക്കുന്നതായി കണ്ടു.

ശാരീരിക പ്രവര്‍ത്തനം മൂലം മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതിന് നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. തലച്ചോറിലെ എന്‍ഡോര്‍ഫിന്റെ അളവ്കൂട്ടുക വഴിയാണിതെന്ന് ഗവേഷണത്തില്‍ പങ്കെടുത്ത പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ യിലെ ഡോ. ദൊരൈരാജ് പ്രഭാകരന്‍ പറയുന്നു. സ്വാഭാവികമായി മനോനില (Mood) മെച്ചപ്പെടുത്തുന്ന ഒരു കൂട്ടം രാസവസ്തുക്കളാണ് എന്‍ഡോര്‍ഫിന്‍. ഉയര്‍ന്ന തോതിലുള്ള വ്യായാമം പുതിയ ന്യുറോണുകളെ സൃഷ്ടിക്കുന്നു. ഇത് ഓര്‍മശക്തി വര്‍ധിക്കാന്‍ സഹായകമാണ്. കോശങ്ങളുടെയും കലകളുടെയും നാശം തടഞ്ഞ് അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് മുതലായ രോഗങ്ങള്‍ വരാതെ തടയാനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു.

മെട്രോപ്പോളിറ്റന്‍ നഗരങ്ങളില്‍ സാമൂഹ്യ സാമ്പത്തിക മേഖലകളിലെ ത്വരിത വികസനം മൂലം ഗ്രീന്‍ സ്‌പേസസ് ചുരുങ്ങിയത് വളരെയധികം ദോഷം ചെയ്യും എന്നും ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ ഊന്നി പറഞ്ഞു. ഇന്ത്യന്‍ സാഹചര്യത്തില്‍ ജനവാസ പ്രദേശങ്ങളില്‍ വലിയ പാര്‍ക്കുകളുടെ പ്രാധാന്യം ഈ പഠനം വിളിച്ചോതുന്നു. ജനങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കാനായി നഗരങ്ങളില്‍ ഗ്രീന്‍ സ്‌പേസസ് ഉള്‍പ്പെടുത്തണം. ഇന്ത്യയില്‍ പ്രധാന നഗരങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സമയത്ത് തന്നെയാണ് ഈ പഠനം പുറത്തു വരുന്നത് എന്നതും ശ്രദ്ധേയമാണ്. സ്മാര്‍ട്ട് സിറ്റി മിഷനില്‍ തെരഞ്ഞെടുക്കപ്പെട്ട 109 നഗരങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണു.

ഇന്ത്യ, അമേരിക്ക, യുകെ എന്നിവിടങ്ങളിലെ 11 ശാസ്ത്രജ്ഞരാണ് പഠനത്തില്‍ പങ്കെടുത്തത്. സെന്‍ട്രല്‍ ഫോര്‍ കണ്‍ട്രോള്‍ ഓഫ് ക്രോണിക് കണ്ടിഷന്‍സ്, പബ്ലിക് ഹെല്‍ത്ത് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സെസ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്, റോളിന്‍സ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് യുഎസ്എ, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ യുകെ എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തിയ ഈ പഠനം ഹെല്‍ത്ത് ആന്‍ഡ് പ്ലേസ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Next Story

Related Stories