TopTop
Begin typing your search above and press return to search.

സൈക്കിളിലോ, കാല്‍നടയായോ സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടി ഉണ്ടാവാനുള്ള സാധ്യത ഇല്ലാതാകുമെന്ന് ഗവേഷകര്‍

സൈക്കിളിലോ, കാല്‍നടയായോ സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടി ഉണ്ടാവാനുള്ള സാധ്യത ഇല്ലാതാകുമെന്ന് ഗവേഷകര്‍

സൈക്കിള്‍ ചവിട്ടിയോ, കാല്‍നടയായോ സ്‌കൂളിലേക്ക് പോകുന്ന കുട്ടികളില്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയുമെന്നും, അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ടാവാനുള്ള സാധ്യത ഇല്ലാതാകുമെന്നും ഗവേഷകര്‍. ബി.എം.സി പബ്ലിക് ഹെല്‍ത്ത് ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രാഥമിക വിദ്യാഭ്യാസ കാലത്തുതന്നെ കായിക ഇനങ്ങളില്‍ പങ്കാളികളാകുന്നവരിലും, പ്രതിദിനം സ്‌കൂളുകളിലേക്ക് യാത്ര ചെയ്യുന്നവരിലും അമിതവണ്ണം ക്രമാതീതമായി കുറവാണ്.

ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന വിധത്തില്‍ കൊഴുപ്പ് ശരീരത്തില്‍ നിക്ഷേപിക്കപ്പെടുന്നതാണ് അമിതവണ്ണം. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ മാത്രമാണ് ഈ പ്രശ്‌നമുള്ളതെന്ന് നേരത്തെ കരുതപ്പെട്ടിരുന്നു. എന്നാല്‍ അവികസിത ,വികസ്വര രാജ്യങ്ങളിലും ഇപ്പോള്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.

1980 മുതലാണ് ലോകമെമ്പാടും അമിതവണ്ണം ഇത്ര ഗുരുതരമായി കണ്ടുതുടങ്ങിയത്. വാസ്തവത്തില്‍, 2014-ലെ കണക്കു പ്രകാരം 5 വയസ്സിനു താഴെയുള്ള 41 മില്യണ്‍ കുട്ടികളിലാണ് അമിതവണ്ണം കണ്ടെത്തിയത്. ഇന്ത്യയിലെ സ്‌കൂള്‍ കുട്ടികളില്‍ 5.74 - 8.82 ശതമാനത്തോളം പൊണ്ണത്തടി ഉണ്ടെന്ന് 2018-ല്‍ 'ഡയബറ്റിസ് ആന്റ് ഔബീസറ്റി ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

കുട്ടികളില്‍ പൊണ്ണത്തടി പല സാംക്രമികേതര രോഗങ്ങളുടെയും അപകട സാധ്യത വര്‍ദ്ധിപ്പിക്കും. അമിതമായ കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവുമടക്കം ഹൃദ്രോഗം, പ്രമേഹം, അസ്ഥി പ്രശ്‌നങ്ങള്‍, ചര്‍മ്മ സംബന്ധമായ ഫംഗസ് അണുബാധ, മുഖക്കുരു തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ കുട്ടികളെ അലട്ടും. കൂടാതെ, സഹപാഠികളുടെ പരിഹാസവും പാര്‍ശ്വവത്കരിക്കലും കാരണം വിഷാദമടക്കമുള്ള പല പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാവുകയും ചെയ്യും.

വ്യയാമം ശീലമാക്കുകയും, കലോറി കുറഞ്ഞ ആഹാരം കഴിക്കുകയുമാണ് വണ്ണം കുറയ്ക്കാനുള്ള ഏക മാര്‍ഗ്ഗം. എന്നാല്‍ വണ്ണം കുറക്കാന്‍ ശ്രമിക്കുമ്പോള്‍ വളര്‍ച്ചക്കാവശ്യമായ പോഷകങ്ങളും, വിറ്റാമിന്‍, മിനറല്‍സ്, പ്രോട്ടീന്‍ എന്നിവയുമെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. കുട്ടികള്‍ മുതിര്‍ന്നവരെയാണ് മാതൃകയാക്കുക. അതുകൊണ്ട് നല്ല ആഹാരക്രമം ആദ്യം പാലിക്കേണ്ടത് മുതിര്‍ന്നവരാണ്. ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തണം. എപ്പോഴും ആവശ്യത്തിനുമാത്രം വിളമ്പികൊടുക്കുക. കൂടുതല്‍ വിശപ്പുണ്ടെങ്കില്‍ കുട്ടികള്‍ കൂടുതല്‍ ചോദിക്കും. അപ്പോള്‍ നല്‍കിയാല്‍ മതി.

കൂടുതല്‍ വെള്ളം കുടിക്കാന്‍ പ്രേരിപ്പിച്ചും, വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കിയും നമ്മുടെ കുട്ടികളെ അമിതവണ്ണത്തിന്റെ പിടിയില്‍ നിന്നും രക്ഷിക്കാം. വ്യായാമത്തിന് ആനുപാതികമായി ഭക്ഷണം ക്രമീകരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം.

Read: ആ ‘രസം’ അറിയാന്‍ വോഡ്ക കഴിച്ചു; ശേഷം സംഭവിച്ചത്


Next Story

Related Stories