Top

വാക്സിൻ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും; ഫേസ്ബുക് പണി തുടങ്ങി

വാക്സിൻ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും; ഫേസ്ബുക് പണി തുടങ്ങി
വാക്സിൻ വിരുദ്ധ സന്ദേശങ്ങൾ ചുളുവിൽ ഫേസ്ബുക് ഉപയോഗിച്ച് പ്രചരിപ്പിക്കാമെന്നോ ഗ്രൂപ്പുകളിൽ ചർച്ചകൾ നടത്തി ആളുകളെ തെറ്റിപ്പിദ്ധരിക്കാമെന്നോ വിചാരിക്കുന്നവർക്ക് ഇനി മുതൽ എട്ടിന്റെ പണി നല്കാനിരിക്കുകയാണ് കമ്പനി. വാക്സിൻ വിരുദ്ധ സന്ദേശങ്ങൾ ആർക്കു വേണമെങ്കിലും യഥേഷ്ടം പോസ്റ്റ് ചെയ്യാനും പങ്കു വെയ്ക്കാനും അനുവദിച്ചിരുന്ന ഫേസ്‌ബുക്ക് നയങ്ങൾക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള സ്വതന്ത്ര ചിന്തകർ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് ഇത്തരം സന്ദേശങ്ങൾക്കെതിരെ നടപടികൾ എടുക്കാനും സന്ദേശങ്ങൾ ഒഴിവാക്കാനും ഫേസ്ബുക് തീരുമാനമെടുക്കുന്നത്. കാലിഫോര്‍ണിയില്‍ നിന്നുള്ള പ്രതിനിധി ആദം ഷിഫ്‌ ഇതേ കാര്യം പറഞ്ഞ് കമ്പനിക്ക് കത്തയച്ചതോടെയാണ് അടിയന്തിര പ്രാധാന്യത്തോടെ പ്രശ്‌നം പരിഹരിക്കാൻ ഫേസ്ബുക് ഒരുങ്ങുന്നത്.

ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയുടെ രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമായുള്ള കേന്ദ്രവും പൂർണ്ണമായും വ്യാജമാണെന്ന് കണ്ടെത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഫേസ്ബുക് കടുത്ത നടപടികൾ സ്വീകരിക്കും. ഫീഡുകളിൽ വാക്സിൻ വിരുദ്ധ സന്ദേശങ്ങൾ പ്രചരിക്കുന്നത് നിയന്ത്രിക്കും. വാക്സിൻ വിരുദ്ധ പരസ്യങ്ങളെയും ഫീഡുകളിൽ നിന്ന് ഒഴിവാക്കും. വാക്സിൻ വിരുദ്ധ ഫേസ്ബുക് കൂട്ടായ്മകളുടെ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്താനും അൽഗോരിതത്തിൽ മാറ്റങ്ങൾ വരുത്തിയേക്കും. വാക്സിൻ വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോപ്പ് ആപ്പുകൾ ഇനിമേൽ ഫീഡിൽ കാണില്ല എന്നാണ് ഫേസ്ബുക് കമ്പനി പരസ്യമായി തന്നെ പ്രഖ്യാപിക്കുന്നത്.

മുൻപുതന്നെ ഈ വിഷയം പലരും സൂചിപ്പിച്ചു കഴിഞ്ഞതാണെങ്കിലും ശരിയായ സന്ദേശങ്ങൾ ഏത് തെറ്റായ സന്ദേശങ്ങൾ ഏത് എന്ന് കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നായിരുന്നു അന്ന് ഫേസ്ബുക് പറഞ്ഞ മറുപടി. എന്നാൽ വാക്സിൻ ഉപയോഗിക്കരുതെന്ന പ്രചാരണം ശക്തമാകുന്നതോടെ ലോകത്തിലെ ആരോഗ്യരംഗം മൊത്തത്തിൽ അപകടത്തിലാകുമെന്ന നില വന്നപ്പോഴാണ് ഇത്തരം സന്ദേശങ്ങൾക്ക് കിട്ടുന്ന ദൃശ്യത ഒഴിവാക്കാമെന്ന് ഫേസ്ബുക് സമ്മതിച്ചത്.

Next Story

Related Stories