TopTop
Begin typing your search above and press return to search.

സര്‍ജറി നടത്തുന്ന നാലാം ക്ലാസുകാരന്‍, ബംഗാളി ഡോക്ടര്‍, 200 രൂപയുടെ കോട്ടയ്ക്കല്‍ ലേഹ്യത്തിന് 2500 രൂപ; ഓപ്പറേഷന്‍ ക്വാക്കില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

സര്‍ജറി നടത്തുന്ന നാലാം ക്ലാസുകാരന്‍, ബംഗാളി ഡോക്ടര്‍, 200 രൂപയുടെ കോട്ടയ്ക്കല്‍ ലേഹ്യത്തിന് 2500 രൂപ; ഓപ്പറേഷന്‍ ക്വാക്കില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ഒരു വര്‍ഷക്കാലം മുന്‍പു കേട്ട ഒരു വാര്‍ത്തയാണ്. അതിരപ്പിള്ളി വനമേഖലയോടു ചേര്‍ന്ന്, കൊക്കില്‍ ഭക്ഷണവുമായി കൂട്ടിലേക്കു പോകുന്ന വഴി വണ്ടിയിടിച്ചു ചത്തുപോയ ഒരു വേഴാമ്പല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ആണ്‍വേഴാമ്പലിനെയാണ് വണ്ടിയിടിച്ചതെന്നും, മുട്ട വിരിഞ്ഞ് രണ്ടാഴ്ച കഴിയാതെ കൂട്ടില്‍ നിന്നും പുറത്തിറങ്ങാത്ത ഒരു അമ്മക്കിളിയും കുഞ്ഞുങ്ങളും അടുത്തെവിടെയോ കാത്തിരിപ്പുണ്ടാകുമെന്നും അവരിലൊരാള്‍ തിരിച്ചറിഞ്ഞു. വനംവകുപ്പിന്റെ സഹായത്തോടെ കൂടു കണ്ടെത്തി, പിന്നീടുള്ള രണ്ടാഴ്ചക്കാലം അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണമെത്തിക്കുകയും ചെയ്തു. ഈ വാര്‍ത്തയിലൂടെ കേരളമറിഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകന്‍ ബൈജു കെ. വാസുദേവന്‍ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

ബൈജുവിന്റെ കാടറിവുകളും പരിസ്ഥിതി സ്‌നേഹവും അതിരപ്പിള്ളി കാടുകളോട് ഇഴചേര്‍ന്നുള്ള ജീവിതവും അറിയാവുന്നവരെല്ലാം മരണവാര്‍ത്തയറിഞ്ഞ് ഞെട്ടലിലുമാണ്. ടാങ്കിനു മുകളില്‍ നിന്നു താഴേക്കു വീണ് ചികിത്സയിലായിരുന്നു ബൈജു. ആദ്യം ചികിത്സ തേടിയ ചാലക്കുടി താലൂക്കാശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്കു മാറാന്‍ നിര്‍ദ്ദേശം കിട്ടിയിരുന്നെങ്കിലും, അതിനു ശ്രമിക്കാതെ സുഹൃത്തായ പ്രകൃതിചികിത്സകന്റെ വീട്ടില്‍ താമസിച്ച് ചികിത്സ തേടുകയാണ് ബൈജു ചെയ്തതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. പുറമേയ്ക്ക് പരിക്കുകളില്ലാതിരുന്നതിനാല്‍ വേണ്ടത്ര ശ്രദ്ധയെടുക്കാതിരിക്കുകയായിരുന്നുവെന്നും, പിന്നീട് ഗുരുതരാവസ്ഥയിലായതോടെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു തിരിക്കുന്നതിനിടെയായിരുന്നു മരണം. ബൈജുവിന്റെ കരളിനും വാരിയെല്ലിനും ക്ഷതം സംഭവിച്ചിരുന്നു. ഈ വാര്‍ത്തകള്‍ ശരിയെങ്കില്‍, തീര്‍ത്തും ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു ബൈജുവിന്റെ മരണം എന്നതില്‍ തര്‍ക്കമില്ല.

ബൈജു മരിക്കുന്നതിനു തൊട്ടു മുന്നെയുള്ള ദിവസമാണ് അതേ ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ ഒരു പ്രത്യേക ദൗത്യം അരങ്ങേറിയത്. അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദ വിഭാഗങ്ങളെ ഒന്നിച്ചു ചേര്‍ത്തു കൊണ്ട് തൃശ്ശൂരിലെ ആരോഗ്യവകുപ്പ് നടത്തിയത് വ്യാജവൈദ്യന്മാരെ പിടികൂടാനുള്ള സംസ്ഥാനത്തെ ആദ്യത്തെ റെയ്ഡായിരുന്നു. ഒറ്റ ദിവസം കൊണ്ട് വിവിധ ടീമുകളായി തിരിഞ്ഞ് അമ്പതോളം ചികിത്സാ കേന്ദ്രങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍, ഇരുപതോളം വ്യാജന്മാരെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പ്രകൃതി ചികിത്സകരായും മന്ത്രവാദികളായും പേരു കേട്ടവരും, സര്‍ജറികള്‍ പോലും നടത്തുന്ന നാലാം ക്ലാസ്സും പത്താം ക്ലാസ്സും മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവരുമെല്ലാം പിടിയിലായവരുടെ ലിസ്റ്റിലുണ്ട്. ഇരുപത്തിയൊന്നു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയും റിമാന്‍ഡു ചെയ്യുകയും ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം നടന്ന ഈ പരിശോധനയില്‍പ്പോലും, ഞെട്ടിക്കുന്ന പല വിവരങ്ങളാണ് ആരോഗ്യവകുപ്പ് അധികൃതര്‍ക്കു കണ്ടെത്താനായത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളയാളുകള്‍ ശസ്ത്രക്രിയകള്‍ വരെ നടത്തുന്ന ചെറു ക്ലിനിക്കുകള്‍ മുതല്‍ വയനാടന്‍ ഒറ്റമൂലിയെന്ന പേരില്‍ ലേഹ്യങ്ങള്‍ വില്‍ക്കുന്നവര്‍ വരെ ജില്ലയില്‍ സജീവമായി പ്രവര്‍ത്തിച്ചു പോരുന്നുണ്ട്. ഇവര്‍ക്കെല്ലാമുള്ള ഒരു പൊതുഗുണമാകട്ടെ, ചികിത്സയില്‍ നിന്നു നേടിയ അളവില്‍ക്കവിഞ്ഞ സമ്പാദ്യവും നിരന്തരം പല മാധ്യമങ്ങളിലും നല്‍കുന്ന ആകര്‍ഷകമായ പരസ്യങ്ങളും.

വ്യാജന്മാരെ തുരത്താന്‍ ഓപ്പറേഷന്‍ ക്വാക്

വ്യാജ ഡോക്ടര്‍മാരെ കണ്ടെത്താനുള്ള ദൗത്യം എന്ന അര്‍ത്ഥത്തില്‍ 'ഓപ്പറേഷന്‍ ക്വാക്' എന്നു പേരിട്ടിട്ടുള്ള ഈ മിന്നല്‍ പരിശോധന, കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ റെയ്ഡാണ്. വ്യാജ ചികിത്സകരേയും ചികിത്സാ കേന്ദ്രങ്ങളെയും തിരിച്ചറിഞ്ഞ് നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി മാസങ്ങള്‍ക്കു മുന്‍പ് നല്‍കിയ നിര്‍ദ്ദേശം നിലവിലുണ്ടായിട്ടും ഇതിനുള്ള ക്രിയാത്മക നടപടികള്‍ ആരും സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജില്ലയിലെ അവസ്ഥ പരിഗണിച്ച് തൃശ്ശൂര്‍ സംസ്ഥാനത്തിന് മാതൃക കാണിക്കുന്നത്. കാസര്‍കോട്, മലപ്പുറം, കൊല്ലം, കോട്ടയം, തിരുവന്തപുരം എന്നിങ്ങനെയുള്ള മറ്റു ജില്ലകളിലും അറബിമാന്ത്രികം, ജപിച്ചുകെട്ടല്‍ എന്ന പേരുകളില്‍ വ്യാജ ചികിത്സ നിര്‍ബാധം തുടരുന്നതിന്റെ തിരിച്ചടികള്‍ ഇടയ്ക്കിടെ വാര്‍ത്തകളായി കേള്‍ക്കാറുള്ളതാണ്. മറ്റു ജില്ലകളിലും ചെറുകിട ക്ലിനിക്കുകളുടെയും സര്‍ട്ടിഫിക്കറ്റില്ലാത്ത മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസുകാരുടേയും എണ്ണം ഒട്ടും കുറവല്ല. അതുകൊണ്ടുതന്നെ, സംസ്ഥാനത്തൊട്ടാകെ നടപ്പില്‍ വരുത്തേണ്ട ഒരു നീക്കമായാണ് ഓപ്പറേഷന്‍ ക്വാകിനെ കാണേണ്ടത്. കഴിഞ്ഞ ആഴ്ചകളിലായി വ്യാജ ചികിത്സകരെക്കുറിച്ചുള്ള മൂന്നു പരാതികള്‍ ജില്ലാ ആരോഗ്യവകുപ്പിനു ലഭിക്കുകയും അവ പരിശോധിച്ച് വേണ്ട നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മുപ്പതു പരാതികള്‍ ഒന്നിച്ചു ലഭിച്ചപ്പോഴാണ്, ജില്ലയിലെ മൂന്ന് ആരോഗ്യരംഗങ്ങളെയും ഒന്നിച്ചു കൊണ്ടുവന്ന് ഇക്കാര്യത്തില്‍ സമഗ്രമായ നടപടി കൈക്കൊള്ളാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ റീന മുന്‍കൈയെടുത്തത്. ഡി.എം.ഒ. പറയുന്നതിങ്ങനെ

'രണ്ടു മാസം മുന്‍പു മുതല്‍ക്കു തന്നെ പൊലീസ് എന്‍ക്വയറിയുടെ ഭാഗമായി വ്യാജന്മാരെക്കുറിച്ചുള്ള മൂന്നു പരാതികള്‍ ലഭിച്ചിരുന്നു. ഈ മൂന്നു കേസുകളും പരിശോധിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയൊക്കെ ചെയ്തതിനു ശേഷവും, നാട്ടുകാരില്‍ നിന്നു തന്നെ വീണ്ടും പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ജില്ലയില്‍ ഒട്ടാകെ ഇത് ചര്‍ച്ചയായി വന്നു കൊണ്ടിരുന്ന സാഹചര്യത്തില്‍, മുപ്പതു വ്യാജന്മാരെക്കുറിച്ചുള്ള പരാതികള്‍ ഒരു സംഘടന വഴിയും ലഭിച്ചു. ഈ മുപ്പതു പേരും യഥാര്‍ത്ഥത്തില്‍ വ്യാജന്മാരാണെങ്കില്‍, അവര്‍ സ്ഥിരമായി ആളുകളെ ചികിത്സിക്കുന്നുണ്ടെങ്കില്‍, പൊതുജനാരോഗ്യത്തിന് അതു വലിയൊരു വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കേരളത്തില്‍ ഇത്രയേറെ ഡയാലിസിസ് യൂണിറ്റുകള്‍ എന്തുകൊണ്ടാണ് ഉണ്ടായിവരുന്നത് എന്നതിനെക്കുറിച്ച് കുറേക്കാലമായി എല്ലാവരും ചിന്തിക്കുന്നതാണ്. താലൂക്കാശുപത്രികളില്‍ മുഴുവന്‍ ഡയാലിസിസ് യൂണിറ്റുകള്‍ വന്നു കഴിഞ്ഞു. ഇപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍പ്പോലും ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കേണ്ട അവസ്ഥയിലേക്ക് കടന്നിട്ടുണ്ട്. കിഡ്‌നിയ്ക്ക് ഇത്രയേറെ പ്രശ്‌നമുണ്ടാക്കുന്ന എന്താണിവിടെ നടക്കുന്നത് എന്നു ചോദിച്ചാല്‍, ഉത്തരം എപ്പോഴും വ്യാജ ചികിത്സകരിലേക്ക് എത്തും. അത്തരം ചികിത്സകള്‍ വഴിയാണ് ഹെവി മെറ്റലിന്റെ അയോണുകള്‍ ശരീരത്തില്‍ കൂടുതലായി എത്തിച്ചേരുന്നത്. സ്ഥിരമായി മരുന്നുകള്‍ കഴിക്കേണ്ട പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്ക് ഇത്തരം വൈദ്യന്മാരുടെ ചികിത്സ തേടിക്കഴിഞ്ഞാല്‍ ഇതിന് വളരെയധികം സാധ്യതകളുണ്ട്. അതുകൊണ്ടാണ് ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതെന്ന് ശാസ്ത്ര പഠനങ്ങള്‍ തന്നെ തെളിയിക്കുന്നുണ്ട്. അലോപ്പതി ഡോക്ടര്‍മാര്‍ മാത്രമല്ല, ആയുര്‍വേദ-ഹോമിയോ ഡോക്ടര്‍മാരും ഈ വ്യാജന്മാരുടെ കൂട്ടത്തിലുണ്ട്. അതുകൊണ്ടുതന്നെ, മൂന്ന് വിഭാഗത്തിലെയും ഡി.എം.ഒ മാര്‍ ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. വലിയ തോതിലുള്ള ഒരു പരിശോധന തന്നെ നടത്താം എന്ന തീരുമാനത്തില്‍, ജില്ലാ കലക്ടറോട് അനുമതിയും ചോദിച്ചിരുന്നു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ ജില്ലാ തല മേധാവി കലക്ടറാണ്. കലക്ടറും പിന്തുണ അറിയിച്ചതോടെ, ഓപ്പറേഷന്‍ ക്വാക് നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചു. ഇരുപത്തിയൊന്നു ടീമുകളായിത്തിരിഞ്ഞ് അമ്പത്തിയൊന്നോളം ചികിത്സാ കേന്ദ്രങ്ങളാണ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച് പരിശോധിച്ചത്. മെഡിക്കല്‍ ഓഫീസര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അടങ്ങിയ സംഘങ്ങള്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ഏഴു മണി വരെ വിശ്രമമില്ലാതെ റെയ്ഡുകള്‍ നടത്തുകയായിരുന്നു. ഇരുപത്തിയൊന്ന് വ്യക്തികള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.'

ശസ്ത്രക്രിയകള്‍ നടത്തുന്ന 'ബംഗാളി ഡോക്ടര്‍മാര്‍', ടാര്‍പ്പോളിന്‍ ഷീറ്റിനു കീഴില്‍ മരുന്നു നിര്‍മാണം

സീനിയര്‍ സിവില്‍ സര്‍ജന്‍, ആയുര്‍വേദ ഡോക്ടര്‍, ഹോമിയോ ഡോക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ക്ലര്‍ക്ക് എന്നിങ്ങനെ അഞ്ചു പേരാണ് ഓരോ ടീമിലും ഉണ്ടായിരുന്നത്. ഇങ്ങനെയുള്ള ഇരുപതു ടീമുകളും, ഒപ്പം മൂന്നു ഡി.എം.ഒമാര്‍ അടങ്ങിയ മറ്റൊരു ടീമുമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. കുന്നംകുളം, വലപ്പാട്, കാറളം, ഒല്ലൂര്‍, വാടാനപ്പിള്ളി, കയ്പമംഗലം, മാള, കോലഴി, പഴയന്നൂര്‍, വെള്ളറക്കാട് എന്നിവിടങ്ങളില്‍ നിന്നെല്ലാം വ്യാജന്മാരെ കണ്ടെത്തിയിട്ടുണ്ട്. നാലാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യത മാത്രം കൊണ്ട് ഫിസ്റ്റുല-ഹെര്‍ണിയ സര്‍ജറികള്‍ നടത്തിപ്പോന്നിരുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട് എന്നതാണ് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്ന വിഷയം. സര്‍ട്ടിഫിക്കറ്റുകളില്ലാത്ത ബംഗാളി ഡോക്ടര്‍മാര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. യാതൊരു മെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യതയും അവകാശപ്പെടാനില്ലാത്ത ഈ ബംഗാളി 'ഡോക്ടര്‍മാര്‍', ഏറ്റവും പരിചയസമ്പന്നരായ സര്‍ജന്‍മാര്‍ മാത്രം ചെയ്യുന്ന ശസ്ത്രക്രിയകള്‍ ആന്റിബയോട്ടിക്കുകളും മറ്റുമുപയോഗിച്ച് ചെയ്തു വരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് ആയുര്‍വേദ വിഭാഗം ഡി.എം.ഒ. ഡോ. എസ്. ഷിബു ചൂണ്ടിക്കാട്ടുന്നു. ഇവര്‍ നടത്തിപ്പോരുന്ന ചെറിയ ക്ലിനിക്കുകളില്‍ വച്ച്, ഒട്ടും വൃത്തിയും ശുചിത്വവുമില്ലാത്ത ചുറ്റുപാടുകളിലാണ് ഈ ശസ്ത്രക്രിയകള്‍ നടന്നിരുന്നത്. ഭസ്മം കൊടുത്ത് ചികിത്സിക്കുന്നവരും, ഏലസ്സും മന്ത്രവാദവുമായി ചികിത്സാകേന്ദ്രങ്ങള്‍ നടത്തുന്നവരും വേറെയുണ്ട്.

അനധികൃതമായി മരുന്നുല്‍പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളും ഓപ്പറേഷന്‍ ക്വാകിന്റെ ഭാഗമായി കണ്ടെത്തി പൂട്ടിയിട്ടുണ്ട്. മാളയില്‍ പാരമ്പര്യ ചികിത്സകന്‍ എന്ന് അവകാശപ്പെട്ടയാള്‍ നടത്തിയിരുന്ന ചികിത്സാകേന്ദ്രത്തില്‍, ടാര്‍പ്പോളിന്‍ ഷീറ്റ് വലിച്ചു കെട്ടിയതിനു താഴെയാണ് മരുന്നുല്‍പ്പാദനം നടന്നിരുന്നത്. തീര്‍ത്തും വൃത്തിഹീനവും അശാസ്ത്രീയവുമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഉല്‍പാദന കേന്ദ്രത്തിനകത്ത് ഏകദേശം മൂന്നു ടണ്ണോളം വരുന്ന മരുന്ന് പിടിച്ചെടുത്ത് സീല്‍ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഒരു തരത്തിലുള്ള ലൈസന്‍സുമില്ലാതിരുന്ന ഈ കേന്ദ്രത്തില്‍ എന്തു തരത്തിലുള്ള മരുന്നാണ് നിര്‍മിച്ചു കൊണ്ടിരുന്നത് എന്നതിന് വ്യക്തമായ ധാരണയില്ലെന്നും പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കേണ്ടതുണ്ടെന്നുമാണ് ഇവരുടെ വിലയിരുത്തല്‍. 'മഞ്ഞപ്പിത്തത്തിന് മരുന്നു കൊടുക്കുന്നത് പത്താം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്തവരാണ്. മന്ത്രവാദത്തിന്റെ പേരിലുള്ള തട്ടിപ്പുകളുമുണ്ട്. വയനാടന്‍ ഒറ്റമൂലി എന്ന പേരില്‍ മരുന്നുകൊടുക്കുന്ന, വയനാടുമായി യാതൊരു ബന്ധവുമില്ലാത്ത ചികിത്സകര്‍ വേറെ. ഇവരില്‍ ആര്‍ക്കും സര്‍ട്ടിഫിക്കറ്റുകളില്ല. പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ഇവരില്‍ പലരും പണം മുടക്കി തട്ടിപ്പു സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിലവിലില്ലാത്ത സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റൊക്കെയാണ് ഇങ്ങനെ ഉണ്ടാക്കിവച്ചിട്ടുള്ളത്. യഥാര്‍ത്ഥ ഡോക്ടര്‍മാരേക്കാള്‍ രോഗികള്‍ തേടിയെത്തുന്നതും ഇവിരെയാണെന്നതാണ് മറ്റൊരു വിരോധാഭാസം. ഒരു പ്രകൃതിചികിത്സകന്‍ വില്‍ക്കുന്ന ലേഹ്യത്തിന് വാങ്ങിക്കുന്നത് കുപ്പിക്ക് രണ്ടായിരത്തിയഞ്ഞൂറ് രൂപയാണ്. എന്തെല്ലാം ചേര്‍ത്താണ് ഈ ലേഹ്യമുണ്ടാക്കുന്നതെന്ന് ചോദിച്ചപ്പോഴാണ് ഇയാള്‍ മറ്റൊരു കാര്യം വെളിപ്പെടുത്തിയത്. ഇരുന്നൂറു രൂപയ്ക്കു കിട്ടുന്ന കോട്ടയ്ക്കലിന്റെയും വൈദ്യരത്‌നത്തിന്റെയും ലേഹ്യങ്ങളാണ് ഇയാള്‍ ഇത്രയും കാലം സ്വന്തം ലേബല്‍ ഒട്ടിച്ച് രണ്ടായിരത്തിയഞ്ഞൂറു രൂപയ്ക്കു വിറ്റിരുന്നത്.

ഒരു ജില്ലയില്‍ ഒതുങ്ങരുത് ക്വാക് ദൗത്യം

വ്യാജന്മാരുടെ ബാഹുല്യം മാത്രമല്ല, പാരമ്പര്യ ചികിത്സകരില്‍ പൊതുജനത്തിനുള്ള വിശ്വാസത്തിന്റെ ആഴവും പരിശോധനയ്ക്കിടെ ബോധ്യമായതായി ഹോമിയോപ്പതി വിഭാഗം ഡി.എം.ഒ ഡോ. മറിയാമ്മ വിശദീകരിക്കുന്നുണ്ട്. പാരമ്പര്യമായി മഞ്ഞപ്പിത്തത്തിനുള്ള ചികിത്സ ചെയ്തു പോരുന്ന പത്താം ക്ലാസ്സ വിദ്യാഭ്യാസം മാത്രമുള്ളയാളുടെ അടുക്കല്‍ പരിശോധനയ്ക്കായി എത്തിയപ്പോഴാണിത്. പിതാവും ജ്യേഷ്ഠന്മാരും ചെയ്തു പോന്നിരുന്ന പരമ്പരാഗത രീതിയിലുള്ള മരുന്നു വിതരണം തന്നെയാണ് ഈ വ്യക്തിയും ചെയ്തിരുന്നത്. രാവിലെ പത്തു മണിക്ക് തങ്ങള്‍ എത്തുമ്പോഴേക്കും എഴുപത്തിരണ്ടു പേര്‍ ഇവിടെ ചികിത്സ തേടിക്കഴിഞ്ഞിരുന്നെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ആദ്യ മണിക്കൂറുകളില്‍ത്തന്നെ നൂറോളം പേര്‍ എത്തിയ കണക്കുകള്‍ വച്ച് ചിന്തിക്കുമ്പോള്‍, ഇത്രനാള്‍ ഇവിടെ ചികിത്സ തേടിയവരുടെ എണ്ണം എത്രയേറെയായിരിക്കുമെന്ന് അത്ഭുതപ്പെടുകയാണിവര്‍. അലോപ്പതി ചികിത്സയില്‍ ഭേദപ്പെടാത്ത രോഗം പോലും ഇവിടത്തെ ചികിത്സയില്‍ ഭേദപ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പോലും പറയുന്നുണ്ടായിരുന്നെന്ന് ഡോ. മറിയാമ്മ ചൂണ്ടിക്കാണിക്കുന്നു. നിശ്ചിത ഫീസു വാങ്ങാതെ നടത്തുന്നതിനാല്‍ ജനസമ്മിതിയുമുണ്ട്. ഇത്തരത്തില്‍ നിരുപദ്രവകരം എന്നു തോന്നുന്ന ജനകീയ ചികിത്സാലയങ്ങള്‍ സംസ്ഥാനത്തുടനീളം സാധാരണമാണ് എന്നതാണ് വാസ്തവം. ഇവിടെയെത്തുന്ന രോഗികളെ ലക്ഷ്യം വച്ച്, പരിസരത്തു തന്നെ പേരുപോലുമില്ലാത്ത ഒരു ലാബും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തിനിടെ ഈ കേന്ദ്രത്തില്‍ ചികിത്സ തേടിയ അഞ്ചു രോഗികള്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍.

വ്യാജന്മാരല്ലെന്നു തെളിഞ്ഞെങ്കിലും, പരാതികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ അമ്പത്തിയൊന്നു കേന്ദ്രങ്ങളുടെ ലിസ്റ്റില്‍ എം.ബി.ബി.എസ് ബിരുദക്കാര്‍ പോലും പെട്ടിട്ടുണ്ടെന്നതാണ് വാസ്തവം. വ്യക്തമായ സര്‍ട്ടിഫിക്കറ്റുകളും യോഗ്യതകളുമുണ്ടായിട്ടും മറ്റു പല കാരണങ്ങള്‍ കൊണ്ടാണ് ഈ ഡോക്ടര്‍മാര്‍ സംശയിക്കപ്പെട്ടതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വിശദീകരിക്കുന്നുണ്ട്. 'ഹൃദ്രോഗം ഭേദമാകാന്‍ സര്‍ജറി വേണം എന്നു കണ്ടെത്തിയവരെപ്പോലും ശസ്ത്രക്രിയയില്ലാതെ ചികിത്സിച്ചു ഭേദപ്പെടുത്തുന്നു' എന്ന മട്ടിലുള്ള തെറ്റിദ്ധാരണജനകമായ നോട്ടീസ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ഇവരില്‍ ചിലര്‍ പ്രാക്ടീസ് ചെയ്തിരുന്നത്. ഇത്തരം ബോര്‍ഡുകളെല്ലാം നിയമവിരുദ്ധമാണെന്നു കണ്ട് അവ എടുത്തുമാറ്റാനും ആരോഗ്യവകുപ്പ് ഇവര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മര്‍മ ചികിത്സക്കാര്‍, മന്ത്രവാദക്കാര്‍, ഒറ്റമൂലിക്കാര്‍, ബംഗാളി 'ഡോക്ടര്‍മാര്‍', മൂലക്കുരു ചികിത്സാ ക്ലിനിക്കുകള്‍ എന്നിങ്ങനെ പല തരം തട്ടിപ്പുകള്‍ നടത്തിപ്പോന്നിരുന്നവര്‍ ഓപ്പറേഷന്‍ ക്വാകില്‍ കുടുങ്ങിക്കഴിഞ്ഞിട്ടുള്ള സാഹചര്യത്തില്‍, ദൗത്യം അടുത്ത ഘട്ടത്തിലെത്തിക്കാനാണ് ആരോഗ്യവകുപ്പിന്റെ ചിന്ത. ബൈജു കെ. വാസുദേവന്റെ മരണമടക്കം ചര്‍ച്ചയായി ഉയര്‍ന്നുവരുന്നതിന്റെ പശ്ചാത്തലത്തില്‍, ജില്ലയില്‍ ഇനിയും സമാനമായ റെയ്ഡുകള്‍ നടത്തേണ്ടതുണ്ടെന്നും, ഇതേ മാതൃകയില്‍ സംസ്ഥാനത്തൊട്ടാകെ മിന്നല്‍ പരിശോധനകള്‍ നടത്താന്‍ ശുപാര്‍ശ ചെയ്യുമെന്നും ഡോ. റീന പറയുന്നു.

'പെട്ടന്ന് രോഗം മാറും എന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് മിക്കപേരും ഇതില്‍ ചെന്നു പെടുന്നത്. നല്ല പരസ്യമാണ് എല്ലാവരും കൊടുക്കുന്നത്. സാമാന്യ വിവരമുണ്ടെങ്കിലും, രോഗം മാറാന്‍ വേണ്ടി ഏതു വഴിയും നോക്കാം എന്നു തോന്നുന്നവരുണ്ടാകാം. അവര്‍ ചൂഷണം ചെയ്യപ്പെടുകയാണ്. അവരെ തിരുത്തുന്നതിനേക്കാള്‍, വ്യാജന്മാരെ ഇല്ലാതാക്കിക്കൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ ക്വാകുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ മുകളിലേക്ക് അയയ്ക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി ഇത് ചെയ്യേണ്ടത് അത്യാവശ്യമാണ്. ജീവന്‍ വച്ചാണ് ഊ വ്യാജന്മാര്‍ പന്താടുന്നത്. ഡോക്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നപ്പോള്‍ ഹൈക്കോടതികള്‍ അത് അനുവദിച്ചിട്ടുണ്ടാകാം. ഇപ്പോള്‍ ഇത് നിര്‍ത്തലാക്കേണ്ടത് അത്യാവശ്യമാണെന്ന് നിര്‍ദ്ദേശം പതിനാലു മാസങ്ങള്‍ക്കു മുന്നേ തന്നെ സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ എന്തായാലും ഇതൊരു തുടര്‍പ്രവര്‍ത്തനമായി മുന്നോട്ടു നീക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.'

കഴിഞ്ഞ മാസങ്ങളിലായി കേരളത്തില്‍ എല്ലായിടങ്ങളില്‍ നിന്നും കേള്‍ക്കുന്നത് ഇത്തരത്തിലുള്ള വ്യാജ ചികിത്സകരുടെയും അവരുടെ സാമ്പത്തിക തട്ടിപ്പിന്റെയും വാര്‍ത്തകളാണെന്നിരിക്കേ, സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ക്വാകിന്റെ മാതൃകയില്‍ മിന്നല്‍ പരിശോധനകള്‍ നടക്കേണ്ടത് അത്യാവശ്യം തന്നെയാണ്. സാമ്പത്തിക ചൂഷണം എന്നതിനപ്പുറത്തേക്ക് ജനങ്ങളുടെ ജീവനു തന്നെ അപകടമുണ്ടാക്കുന്ന പ്രവണതയാണിതെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരം നീക്കങ്ങള്‍ ഉണ്ടാകേണ്ടത്. വ്യാജ ചികിത്സകളുമായി ബന്ധപ്പെട്ട് മരണങ്ങള്‍ പോലും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളത്. ഇതിനൊരു പ്രതിവിധിയെന്നോണം ഓപ്പറേഷന്‍ ക്വാക്കുകള്‍ ഇനിയുമുണ്ടായേ തീരൂ. ബൈജുവിനെപ്പോലെ വിലപ്പെട്ട ജീവനുകള്‍ ഇനിയെങ്കിലും നഷ്ടപ്പെടാതെ നോക്കേണ്ടതുണ്ട്.

Read More: പ്രളയ പാഠം; 5000 മെന്‍സ്ട്രല്‍ കപ്പുകള്‍ സൗജന്യമായി നല്‍കി ഒരു മുന്‍സിപ്പാലിറ്റി


Next Story

Related Stories