TopTop

ക്യാന്‍സറിനെതിരെ പോരാടുമ്പോള്‍ ഇന്‍ഡുവിജ്യുല്‍ തെറാപ്പിയും ഫാമിലി തെറാപ്പിയും ഗുണം ചെയ്യും

ക്യാന്‍സറിനെതിരെ പോരാടുമ്പോള്‍ ഇന്‍ഡുവിജ്യുല്‍ തെറാപ്പിയും ഫാമിലി തെറാപ്പിയും ഗുണം ചെയ്യും
ലോകത്താകമാനം ലക്ഷക്കണക്കിന് വ്യക്തികളുടെ ജീവന്‍ കവര്‍ന്ന രോഗമാണ് ക്യാന്‍സര്‍. എത്രയധികം തരത്തിലാണ് ഓരോന്നും! തീവ്രത കൂടുന്തോറും വ്യാപിക്കാനുള്ള സാധ്യതയും കൂടുതല്‍. ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി അന്തരീക്ഷ മലിനീകരണം വരെ നൂറ് കാരണങ്ങള്‍. മെറ്റാസ്റ്റാസിസ് കാന്‍സര്‍ എന്ന ശരീരത്തിലെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് പടര്‍ന്നുപിടിക്കുന്ന ക്യാന്‍സര്‍ വരെയെത്തിനില്‍ക്കുന്ന ഭീകരത!

ഇന്ന് ഏറ്റവുമധികം വാര്‍ത്താപ്രാധാന്യം നേടുന്നതും മരണസംഖ്യ ഉണ്ടാക്കുന്നതുമായ ക്യാന്‍സറാണ് മെറ്റാസ്റ്റാസിസ് ക്യാന്‍സര്‍. ലിംഫ് സംവിധാനം രക്തപ്രവാഹം തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെ ഈ തരം ക്യാന്‍സര്‍ ശരീരത്തിലേക്ക് കടന്നുകൂടും. തുടര്‍ന്നുണ്ടാകുന്ന ട്യൂമറുകളാണ് മെറ്റാസ്റ്റാറ്റിസ് ക്യാന്‍സറായി മാറുന്നത്. സെക്കന്ററി ട്യൂമറുകളെന്ന് ഇവ അറിയപ്പെടും.

അഡ്വാന്‍സ്ഡ് സ്റ്റേജ് ക്യാന്‍സറായ ഇവ സ്റ്റേജ് നാല് എത്തുമ്പോഴാകും കണ്ടെത്താനാവുക. കരള്‍, ശ്വാസകോശം, എല്ല്, മജ്ജ തുടങ്ങി ഏത് ഭാഗത്ത് വേണമെങ്കിലും മെറ്റാസ്റ്റാസിസ് വികസിക്കാം. ശ്വാസകോശത്തില്‍ ക്യാന്‍സര്‍ ബാധിച്ച ഒരാള്‍ക്ക് തുടര്‍ന്ന് എല്ലുകളിലും ഇത് കണ്ടെത്തുമ്പോഴാണ് അത് ബോണ്‍ മെറ്റാസ്റ്റാസിസ് ആകുന്നത്. പലപ്പോഴും ഇവയുടെ ഉത്ഭവസ്ഥാനം കണ്ടെത്താന്‍ കഴിയാതെ വരും. ഈ അവസ്ഥയാണ് രോഗത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്. വ്യാപ്തി കുറയ്ക്കുക എന്നതാണ് ഈ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ നല്കുന്ന ചികിത്സ. കീമോതെറപ്പി, ഹോര്‍മോണല്‍തെറപ്പി, ഇമ്മ്യൂണോതെറപ്പി, റേഡിയേഷന്‍, സര്‍ജറി എന്നീ വിവിധ ചികിത്സകള്‍ രോഗികള്‍ക്ക് ആവശ്യമായും വരുന്നു.

എല്ലാ ചികിത്സകളേക്കാളും പ്രധാനം ഈ സമയത്ത് രോഗിയുടെ മാനസിക ആരോഗ്യത്തിനാണ്. രോഗത്തിനോട് പൊരുതാന്‍ രോഗിയുടെ മാനസികമായുള്ള തയ്യാറെടുപ്പ് ഡോക്ടര്‍മാര്‍ക്കുള്‍പ്പെടെ ഊര്‍ജ്ജം പകരും. മനസ്സിനെ പാകപ്പെടുത്തി രോഗത്തിനോട് മല്ലിട്ട് ജയിച്ചുവന്നവരുടെ എത്രയെത്ര ജീവിതകഥകളാണ് ഉദാഹരണം! അതോടൊപ്പം കുടുംബത്തിന്റെ പിന്തുണയും.

Individual തെറാപ്പിയിലൂടെ രോഗത്തെ പരിചയപ്പെടാനും മറ്റ് പ്രശ്നങ്ങള്‍ ഡോക്ടറോട് പറയാനും ഒരു രോഗിക്ക് ലഭിക്കുന്ന അവസരം അയാളെ മാനസികമായി കരുത്തനാക്കും. രോഗത്തെക്കുറിച്ചുള്ള കൂടുതല്‍ ചിന്തകള്‍ ഒഴിവാക്കി ഭാവിയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങും. അങ്ങനെ രോഗം ഭേദമാകുമെന്ന ഉറച്ച വിശ്വാസത്തിലേക്ക് രോഗി എത്തിപ്പെടും.

Eye movement desensitisation and reprocessing (EMDR) എന്ന ട്രോമാതെറപ്പിയിലൂടെ രോഗത്തിനോട് അനുബന്ധിച്ചുണ്ടാകുന്ന ഉത്കണ്ഠയും വിഷാദവും തരണം ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ മാനസിക ആരോഗ്യം നിലനിര്‍ത്താനാകുന്നത് രോഗത്തിന്റെ തീവ്രത കുറച്ചുകൊണ്ടുവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഫാമിലി തെറാപ്പിയും ഒരു പ്രധാനപ്പെട്ട ഘടകം

രോഗത്തിനെക്കുറിച്ചുള്ള ആശങ്കയിലൂടെ സംഭവിക്കുന്ന ഒറ്റപ്പെടലാണ് ഏതൊരു രോഗിയും അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. പ്രത്യേകിച്ച് ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളാകുമ്പോള്‍ അത്തരം ചിന്തകളും ഉത്കണ്ഠയും വര്‍ദ്ധിക്കും. ഈ ഘട്ടത്തിലാണ് കുടുംബത്തില്‍ നിന്നുള്ള പിന്തുണ ആവശ്യമായി വരുന്നത്. സ്നേഹവും പരിചരണവും അതുവഴി പകര്‍ന്നുനല്‍കുന്ന ധൈര്യവും രോഗിയെ സാധാരണ ജീവിതത്തിലേക്കെത്തിക്കും. രോഗമുക്തി വേഗം സാധ്യമാകുമെന്ന കുടുംബത്തിന്റെ വാക്കുകളോളം കരുത്ത് മറ്റൊന്നിനുമില്ലത്രെ!

രോഗം കണ്ടെത്തുന്ന ഘട്ടത്തില്‍ മുതല്‍ ഇത് ആവശ്യമാണ്. കുടുംബത്തില്‍ ഒരാള്‍ക്ക് ക്യാന്‍സര്‍ പിടിപെട്ടാല്‍ മറ്റുള്ളവര്‍ മാനസികമായി തളരുന്ന പതിവ് പ്രശ്നങ്ങള്‍ ഒരു രോഗിയെ വല്ലാതെ തളര്‍ത്തും. രോഗിയേക്കാള്‍ മുമ്പ് ഇവര്‍ക്കാണ് ചികിത്സ ആവശ്യമായി വരുന്നത്. സുഹൃത്തുക്കള്‍, മനസ്സിനെ സന്തോഷിപ്പിക്കുന്ന മറ്റുള്ളവരുടെ സാന്നിധ്യം എന്നിവയും ഒരു രോഗിയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്.

ഏത് മഹാവ്യാധിയെ മറികടക്കാനും മാനസികാരോഗ്യം ഉള്ളവര്‍ക്കാകും. ഇത് സ്വയം ആര്‍ജ്ജിക്കാനാത്തവര്‍ക്ക് പകര്‍ന്നുനല്‍കേണ്ട ഘടകമാണ്. ഈ ഉത്തരവാദിത്തമാണ് ഓരോ രോഗിയോടും നമ്മള്‍ കാണിക്കണ്ടതും!

Next Story

Related Stories