TopTop
Begin typing your search above and press return to search.

കോഴിക്കോട് കായക്കൊടി പഞ്ചായത്തില്‍ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ മന്തുരോഗം വ്യാപകമാവുന്നു

കോഴിക്കോട് കായക്കൊടി പഞ്ചായത്തില്‍ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ മന്തുരോഗം വ്യാപകമാവുന്നു

ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപക മന്തുരോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ്. കോഴിക്കോട് ജില്ലയിൽ കായക്കൊടി പഞ്ചായത്തിലെ നാല്പത്തിഅഞ്ചോളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികളിലാണ് ജില്ലാ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും രോഗ സ്ഥിരീകരണം നടത്തിയിരിക്കുന്നത്. പഞ്ചായത്തിലെ നൂറുകണക്കിന് വരുന്ന സ്ഥിര താമസക്കാരായ തൊഴിലാളികളിൽ മന്തുരോഗം പടർന്നു പിടിച്ചതിന്റെ ഭീതിയിലാണ് തദ്ദേശവാസികളായ ജനങ്ങൾ. വാടക ബിൽഡിങ്ങുകളിലും മറ്റും തൊഴിലാളികൾ തിങ്ങിനിറഞ്ഞു താമസിക്കുന്നതും വൃത്തിഹീനമായ ബാത്റൂം/ടോയ്ലറ്റ് സൗകര്യങ്ങളുൾ ഉപയോഗപ്പെടുത്തുന്നതും രോഗത്തിന്റെ വ്യാപനത്തിന് കാരണമായി കണക്കാക്കുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ, തൊഴിലാളികളുടെ എണ്ണത്തിന്റെയും അനുബന്ധ കാര്യങ്ങളെയും സംബന്ധിച്ച് പഞ്ചായത്തിന്റെ പക്കൽ കൃത്യമായ കണക്കുകൾ ഇല്ലാത്തതും ജനങ്ങളുടെ ആരോഗ്യ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് മുൻതൂക്കം നൽകിയിരുന്നില്ല എന്നതുമാണ് ഗുരുതരമായ ഇന്നത്തെ സാഹചര്യത്തിലെത്താൻ കാരണമായതെന്ന് ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. രോഗ സ്ഥിരീകരണത്തിന് ശേഷം, ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ രാത്രികാല രക്തപരിശോധനാ ക്യാംമ്പും, കായക്കൊടി നിവാസികൾക്കിടയിൽ ബോധവൽക്കരണ ക്ലാസ്സുകളും പ്രതിരോധ മരുന്ന് വിതരണവുമെല്ലാം നടത്തുന്നുണ്ടെന്ന് പഞ്ചായത്ത് വ്യക്തമാക്കി.

മന്തുരോഗം പടരുന്നുണ്ടെന്ന പരാതിയെത്തുടർന്ന് ആരോഗ്യവകുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിലാണ് 45 രക്തസാമ്പിളുകൾ പോസിറ്റീവായി സ്ഥിരീകരിച്ചത്. പരിശോധനയ്ക്ക് വിധേയമാകാത്ത നിരവധി തൊഴിലാളികൾ പഞ്ചായത്തിൽ ശേഷിക്കുന്നുണ്ടെന്നത് മന്തുരോഗ ബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്ന സൂചന നൽകുന്നു. തൊഴിലാളികളുടെ താമസം ജനവാസ പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽ ആയതിനാൽ കൊതുക് വഴി പകരുന്ന ഈ പകർച്ച വ്യാധിയോടുള്ള ഭീതി ജനങ്ങളും പ്രകടിപ്പിക്കുന്നു.

"ഒരു പഞ്ചായത്തിൽ മാത്രം നാല്പത്തി അഞ്ചു ഇതരസംസ്ഥാന തൊഴിലാളികളിൽ മന്തുരോഗം സ്ഥിരീകരിക്കപ്പെട്ടെന്നുള്ളത് പ്രദേശവാസികൾക്ക് ഒരേ സമയം പേടിപ്പെടുത്തുന്നതും ഭീഷണിയുയർത്തുന്നതുമാണ്. കണക്കുകളിൽപ്പെടാത്ത തൊഴിലാളികൾ ഇനിയുമുണ്ടെന്ന വസ്തുത അപ്പോഴും ബാക്കിയാണ്. ഒരു പകർച്ചവ്യാധി എന്ന നിലയിലും രോഗസ്ഥിരീകരണത്തിന് ശേഷം പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കില്ല എന്നതുമാണ് വിഷയം ഗൌരവമുള്ളതാക്കുന്നത്. വാടകക്കെട്ടിടങ്ങളിലാണ് തൊഴിലാളികൾ സംഘം ചേർന്ന് താമസിക്കുന്നത്. ഒന്നോ രണ്ടോ പേർക്ക് മാത്രം താമസയോഗ്യമായ മുറികളിൽ പത്തും പതിനഞ്ചും പേരാണ് തിങ്ങിഞെരുങ്ങി താമസിക്കുന്നത്. ഒപ്പം വൃത്തിഹീനമായ പ്രാഥമിക സൗകര്യ സംവിധാനങ്ങളും. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ നിന്നുമുള്ള കക്കൂസ് മാലിന്യങ്ങൾ ടാങ്കറുകൾ വഴി ജനവാസ കേന്ദ്രങ്ങൾക്ക് സമീപമുള്ള ഓടകളിൽ തള്ളിയ സംഭവങ്ങൾ വരെ കായക്കൊടി പഞ്ചായത്തിൽ ഉണ്ടായിട്ടുണ്ട്. തൊഴിലാളികളുടെ ഭാഗത്തുനിന്ന് തന്നെയുണ്ടാകുന്ന ഇത്തരം വീഴ്ച്ചകളാണ് ഇന്ന് മന്തുരോഗം പടർന്നു പിടിക്കാൻ കാരണമായിരിക്കുന്നത്. പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുണ്ടായ അശ്രദ്ധയും ഇതോടൊപ്പം ചേർത്തുപറയേണ്ടതുണ്ട്. മുൻപ് ഇത്തരം തൊഴിലാളികൾ തിങ്ങിനിറഞ്ഞു നിന്നിരുന്ന ഒരു കെട്ടിടം അടച്ചു പൂട്ടാനുള്ള ട്രിബ്യൂണൽ ഉത്തരവ് വന്നപ്പോൾ, ആ ഫയൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും നഷ്ടപ്പെട്ട സാഹചര്യമാണുണ്ടായത്. മാത്രവുമല്ല, സ്ഥിര താമസക്കാരായ എത്ര തൊഴിലാളികൾ പഞ്ചായത്തിൽ തമാസിക്കുന്നുണ്ടെന്നോ അവരെല്ലാം ഏതെല്ലാം സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിയവരാണെന്നോ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ ഒന്നും പഞ്ചായത്തിന്റെ പക്കൽ ഇല്ല എന്നതും ഒരു വീഴ്ച്ചയാണ്." കായക്കൊടി പഞ്ചായത്ത് സ്വദേശി സിറാജ് വാഴയിൽ പ്രതികരിക്കുന്നു.

http://www.azhimukham.com/newswrap-aawaz-health-cum-insurance-scheme-for-migrant-labours-sajukomban/

രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ ജനങ്ങൾ ഒന്നിച്ച് ജനകീയ കമ്മറ്റി രൂപീകരിക്കുകയും രോഗങ്ങൾക്കെതിരെയുള്ള അടിയന്തിര നടപടിക്കായി പഞ്ചായത്തിന് നിവേദനം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങളും നടന്നു. പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്നു നടത്തുന്ന മെഡിക്കൽ പരിശോധനകളും ബോധവൽക്കരണ ക്ലാസ്സുകളും കൂടുതൽ ഫലപ്രദമായി ജനങ്ങളിൽ എത്തിക്കണമെന്നതാണ് ആദ്യപരിഹാരം. ഇതിനൊപ്പം ഓരോ തൊഴിലാളികളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്ന ഹെൽത്ത് കാർഡും നിർബന്ധമാക്കേണ്ടതുണ്ട്. കൂടാതെ, എത്ര എണ്ണം തൊഴിലാളികൾ പഞ്ചായത്തിൽ താമസിക്കുന്നുണ്ടെന്നും, ഓരോ കെട്ടിടങ്ങളിലെയും താമസക്കാരുടെ എണ്ണം, ടോയ്ലറ്റ് ശുചിത്വം തുടങ്ങി എല്ലാം സ്ഥിതിവിവര കണക്കുകളും വർഷാവർഷം പഞ്ചായത്തിൽ രേഖപ്പെടുത്തപ്പെടേണ്ടതുമുണ്ട്. രോഗങ്ങൾക്ക് കാരണമാകുന്ന കൊതുകിന്റെ സാന്ദ്രത കുറയ്ക്കാൻ കൊതുക് നിർമാർജനവും അടിയന്തിരമായി കൈക്കൊള്ളേണ്ട നടപടിയാണ്.

രോഗ സ്ഥിരീകരണത്തെയും പ്രതിരോധ നടപടികളെയും കുറിച്ച് കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് അശ്വതിയുടെ പ്രതികരണം ഇങ്ങനെ; "നിലവിൽ 45 പേരിലാണ് രോഗസ്ഥിരീകരണം നടത്തിയിരിക്കുന്നത്. രോഗബാധിതർക്ക് ആവശ്യമായ അടിയന്തിര ചികിത്സ നടപ്പിലാക്കുകയാണ് പഞ്ചായത്ത് കൈക്കൊള്ളുന്ന ആദ്യ നടപടി. ഒപ്പം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രാത്രികാല രക്ത പരിശോധ ക്യാമ്പുകൾ നടത്തി കൂടുതൽ തൊഴിലാളികളിൽ രോഗ സാധ്യതയുണ്ടോയെന്നും പരിശോധിച്ച് വരുന്നു. കൊതുക് വഴി പകരുന്ന രോഗമായതിനാൽ കൊതുക് നശീകരണത്തിനുള്ള ഫോഗിംഗ് ഫലപ്രദമായി നടത്തുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളിൽ മാത്രമല്ല, പഞ്ചായത്തു നിവാസികളിലും തൊട്ടടുത്ത ദിവസം തന്നെ രക്ത പരിശോധനയും മറ്റു ചെക്കപ്പുകളും അടിയന്തിരമായി നടത്തും. അതിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സുകളും പ്രതിരോധ മരുന്നുകളുടെ വിതരണവും തുടങ്ങിക്കഴിഞ്ഞു.

http://www.azhimukham.com/newswrap-police-doubts-migantlabours-in-recent-organised-loot-kerala/

രോഗബാധിതനായ തൊഴിലാളികളെ മാറ്റിപാർപ്പിക്കുക എന്നത് പ്രയോഗികമല്ലാത്തതിനാലും ചികിത്സ മുടങ്ങുമെന്നതിനാലും പഞ്ചായത്തിൽതന്നെ നിർത്തി ചികിൽസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് കേവലം കായക്കൊടി പഞ്ചായത്തിന്റെ മാത്രം പ്രശ്‌നമായി കാണുന്നില്ല. കേരളമൊന്നാകെ തൊഴിലാളികളിൽ ഇത്തരം രോഗം പടരുന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ആയതിനാൽത്തന്നെ സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ മന്ത്രിയുടെയും ശ്രദ്ധിലേക്ക് വിഷയം കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്.

ഓരോ ഇതരസംസ്ഥാന തൊഴിലാളിക്കും ഹെൽത്ത് കാർഡ് ഉറപ്പുവരുത്തുകയെന്നതാണ് ശേഷിക്കുന്ന നടപടി. അതും വൈകാതെ പ്രവർത്തികമാക്കാനുള്ള നടപടികൾ സ്വീകരിക്കും. പ്രദേശവാസികളുടെ ഭീതി പഞ്ചായത്ത് തിരിച്ചറിയുന്നു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി തുടർന്നും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റുമായി കൈകോർത്തുള്ള സമഗ്ര പ്രവർത്തനങ്ങൾ നടപ്പിലാക്കും."

രോഗ സാധ്യതയുണ്ടെന്ന് പ്രത്യക്ഷത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത പകർച്ച വ്യാധിയാണ് മന്ത്.രോഗകാരികളായ ബാക്റ്റീരിയകൾ ശരീരത്തിൽ പ്രവേശിച്ചതിന് ഒൻപതോ പത്തോ വർഷങ്ങൾക്ക് ശേഷമാണ് മന്ത് അതിന്റെ പൂർണ രൂപത്തിൽ ശരീരത്തിന് പുറമെ പ്രത്യക്ഷപ്പെടുന്നത്. മന്ത് പിടിപെട്ടശേഷം ഒരു ശാശ്വത പരിഹാരമില്ല. രോഗം വരാതെ സൂക്ഷിക്കുകയാണ് ഏക പ്രതിവിധി. ആരോഗ്യ വകുപ്പ് 1996 മുതൽ മന്തുരോഗ നിർമാർജ്ജനതിനുളള മരുന്നുകൾ നൽകി വരുന്നുണ്ട്. രോഗം വരാതിരിക്കുക എന്ന കാര്യം മുൻനിർത്തിയാണ് ഇത്തരം പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത്. എന്നാൽ, ഭൂരിഭാഗം ജനങ്ങളും അത്തരം മരുന്നുകൾ അവഗണിക്കുകയാണ് പതിവ്. ഇത് രോഗസാധ്യത വർധിപ്പിക്കുന്നു.

http://www.azhimukham.com/kerala-thrikkodithanam-police-collected-the-details-of-migrant-workers-in-kerala/

"പരമാവധി എണ്ണം തൊഴിലാളികളിലും രക്തപരിശോധന നടത്തുന്നുണ്ടെങ്കിലും എത്രത്തോളം പേർ പരിശോധനക്ക് വിധേയമാകുന്നുണ്ടെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. രോഗ ബാധിതർക്ക് ചികിത്സ നൽകുന്നു എന്നതിനൊപ്പം പഞ്ചായത്ത് നിവാസികൾക്കാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകളും മരുന്ന് വിതരണവുമെല്ലാം നടത്തുന്നുണ്ട്. പഞ്ചായത്തു നിവാസികൾക്കുള്ള രക്ത പരിശോധനാ ക്യാമ്പും തൊട്ടടുത്ത ദിവസം തന്നെ നടത്താനാണ് തീരുമാനം. രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ ജനങ്ങളാണ് കൈക്കൊള്ളേണ്ടത്. ആരോഗ്യ വകുപ്പിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങളും ചികിത്സാ സൗകര്യങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതാണ് മന്തുപോലുള്ള മാരക രോഗങ്ങളെ ചെറുക്കാനുള്ള ഏക പ്രതിവിധി." ഹെൽത്ത് ഇൻസ്‌പെക്ടർ നാരായണൻ പറഞ്ഞു.

എന്നാൽ, നിർബന്ധിത സാഹചര്യങ്ങളിലുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതാവസ്ഥയെക്കുറിച്ചും കോൺട്രാക്ടർമാരുടെ ചൂഷണങ്ങളെക്കുറിച്ചും കേരളാ മൈഗ്രന്റ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ബിനു ബോസ് പ്രതികരിക്കുന്നതിങ്ങനെയാണ്; "മറ്റും സംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ തേടി കേരളത്തിലെത്തുന്ന തൊഴിലാളികളിൽ ഇത്തരം മാരക വ്യാധികൾ പിടിപെടുകയെന്നത് വളരെ ഗൗരവമേറിയ പ്രശ്നമാണ്. തിങ്ങിഞെരുങ്ങിയ താമസ സൗകര്യം ഏർപ്പാടാക്കുന്നത് അതതു കോൺട്രാക്ടർമാരാണ്. സാമ്പത്തിക ലാഭത്തിനും മറ്റുമായി രണ്ടുപേർ താമസിക്കേണ്ട മുറികളിൽ പത്തോ പന്ത്രണ്ടോ പേരെ കുത്തിനിറക്കുകയും എല്ലാവർക്കും പൊതുവായി ഒരു കുളിമുറിയോ കക്കൂസോ മാത്രം അനുവദിച്ചു നൽകുകയുമാണ് ചെയ്യുന്നത്. അതും അങ്ങേയറ്റം വൃത്തിഹീനമായതും. പണിയെടുക്കുന്ന സ്ഥലങ്ങൾ മാസങ്ങൾ തോറും മാറിക്കൊണ്ടിരിക്കുമെന്നതിനാൽ കിട്ടുന്ന സാഹചര്യങ്ങളിൽ ഒതുങ്ങിക്കൂടാൻ ഈ പാവങ്ങൾ നിർബന്ധിക്കപ്പെടുകയാണ്. ഇതെല്ലാം പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ അലംഭാവമാണ് മറ്റൊന്ന്. 2010ൽ നിലവിൽ വന്ന നിർമാണ തൊഴിലാളി ക്ഷേമനിധി ഓഫീസുകളിൽ മിക്കപ്പോഴും ഒരു ഉദ്യോഗസ്ഥൻ പോലുമുണ്ടാകാറില്ല എന്നതാണ് വാസ്തവം. ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ കോൺട്രാക്ടർ/പഞ്ചായത്ത് പ്രസിഡന്റ്/സ്ഥലം എസ്ഐ/ലേബർ ഓഫീസർ എന്നിവരിൽ ആരുടെയെങ്കിലും ഒപ്പോടുകൂടിയ സാക്ഷ്യപത്രം ആവശ്യമാണ്. പക്ഷെ, മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരിൽ ആരുംതന്നെ തൊഴിലാളിക്കൾക്ക് അനുകൂലമായി പ്രവർത്തിക്കാറില്ല. ആയതിനാൽ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്നങ്ങളും സഹിച്ച് അവർ രോഗബാധിതരാവുകയാണ്."

ഇത് കായക്കൊടി പഞ്ചായത്ത് മാത്രം നേരിടുന്ന പ്രശ്നമല്ല. മന്തുരോഗം മാത്രമല്ല കോളറ, മലമ്പനി തുടങ്ങി നിരവധി പകർച്ച വ്യാധികൾ കേരളത്തിലുടനീളമുള്ള ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ സ്ഥിരീകരിച്ചു കഴിഞ്ഞു. ആരോഗ്യ വകുപ്പിനൊപ്പം നല്ല തൊഴില്‍-ജീവിത സാഹചര്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ട് എന്നുറപ്പാക്കാന്‍ തൊഴില്‍ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ സർക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ തൊഴിലാളികളിലേക്ക് എത്തുകയുള്ളൂ.

(representational images used)

http://www.azhimukham.com/migrant-labours-statement-by-sugathakumari-racism-culrure-controversy-prameela-govind/


Next Story

Related Stories