TopTop
Begin typing your search above and press return to search.

ഒറ്റപ്പെടല്‍ ഒരു വലിയ സാമൂഹിക പ്രശ്‌നമാണ്!

ഒറ്റപ്പെടല്‍ ഒരു വലിയ സാമൂഹിക പ്രശ്‌നമാണ്!

ടോണി ഡെന്നിസ് (Tony Dennis) ലണ്ടനിലെ ഒരു സെക്യൂരിറ്റി ഗാര്‍ഡ് ആണ്. പ്രായം 62 വയസ്സ്. ചുറ്റുപാടും ജീവിക്കുന്നവരുമായി ബന്ധമില്ലാത്ത ഒരുകൂട്ടം ആള്‍ക്കാരിലൊരാള്‍. അന്തര്‍മുഖരുടെ സമൂഹമെന്ന് വിളിപ്പേരുള്ള നാടുകൂടിയാണ് ലണ്ടന്‍. ടോണി ടെന്നിസിനടക്കം അടുത്തടുത്ത് താമസിക്കുന്ന കുറച്ച് പേര്‍ക്ക് സൗഹൃദത്തിലാകണമെന്നുണ്ട്. ഒന്നിച്ചിരിക്കാന്‍ സമയം കുറവ്, ഒത്തുകൂടേണ്ടതും പരിചയപ്പെടേണ്ടതും പുതിയ കാലത്ത് എങ്ങനെയാണെന്ന് പരിചയം പോരാ...

ഒടുവില്‍ ഡെന്നിസും മറ്റുചിലരും കെയെര്‍സ് ഫാമിലി (Cares Family) എന്ന സംഘടനയുടെ പരിപാടിയില്‍ ഒത്തുകൂടി. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരെ ജീവിതത്തിലേക്ക് തിരികെ നടത്താന്‍ ശ്രമിക്കുന്ന പ്രസ്ഥാനമാണിത്. എല്ലാ മാസവും ഒരു രാത്രി നടക്കുന്ന ക്വിസ് പരിപാടിയാണ് പ്രത്യേകത.

പ്രദേശവാസികളായ പ്രായമുള്ളവരും യുവാക്കമാണ് മത്സരാര്‍ഥികള്‍. എല്ലാവരും ആ അന്തരീക്ഷത്തില്‍ പുതുതായിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് യുവാക്കളാണ് സമൂഹത്തില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട് കഴിയുന്നതെന്നാണ് കെയര്‍ ഫാമിലി സ്ഥാപകന്‍ 35കാരനായ അലക്‌സ് സ്മിത്ത് പറയുന്നത് . ആ മനസികാവസ്ഥയില്‍ നിന്ന് ഓരോരുത്തരെയും പുറത്തെത്തിക്കാനാണ് മാസത്തിലെ ഒരു രാത്രിയെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

സമ്പന്ന രാഷ്ട്രങ്ങളെയും വികസ്വര സമൂഹത്തെയും ഒന്നുപോലെ കാര്‍ന്നുതിന്നുകയാണ് ഒറ്റപ്പെടല്‍ എന്ന അവസ്ഥ. ഡോക്ടര്‍മാരും എന്തിന്, സര്‍ക്കാര്‍ തലത്തില്‍ പോലും ഒരുപാട് ചര്‍ച്ചയാകുന്ന വിഷയം. മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ ബ്രിട്ടണ്‍, ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ക്യാമ്പയ്‌നുകള്‍ ആരംഭിച്ചുകഴിഞ്ഞു. ജപ്പാനില്‍ ഹിക്കിക്കോമോറി (hikkikomori) അഥവ വീടിനുള്ളില്‍ ഒതുങ്ങിക്കൂടുന്നവരെപ്പറ്റി സര്‍വ്വേ നടത്തിയാണ് ബോധവല്‍ക്കരണത്തിന് സര്‍ക്കാര്‍ തുടക്കമിട്ടത്. പകര്‍ച്ചവ്യാധി എന്നാണ് ഈ പ്രശ്‌നത്തെ പ്രമുഖ ഡോക്ടര്‍മാര്‍ അടക്കം വിളിക്കുന്നത്. പൊണ്ണത്തടി, ദിവസവും കുറഞ്ഞത് 15 സിഗരെറ്റ് വലിക്കുന്ന ശീലം എന്നിങ്ങനെ ശരീരത്തെ അങ്കലാപ്പിലാക്കുന്ന അനുബന്ധ പ്രശ്‌നങ്ങളും നിരവധി.

ഒറ്റപ്പെടല്‍ പഠിച്ചപ്പോള്‍...

ഒരു സമൂഹത്തിലെ എത്രത്തോളം ആളുകള്‍ ഒറ്റപ്പെടലിന്റെ പിടിയിലാണ് എന്നതായിരുന്നു ആദ്യമായി കണ്ടെത്തേണ്ടിയിരുന്നത്. നിരവധി സംഘടനകള്‍ ഈ പഠനത്തിന്റെ ഭാഗമായി. മൂന്നു സമ്പന്ന രാഷ്ട്രങ്ങളിലെ പൗരന്മാരുടെ പ്രതിനിധികള്‍, 'the econimist',KFF എന്നിവര്‍ സംയുക്തമായി നടത്തിയ പഠനത്തിന്റെ ഭാഗമായി. ജപ്പാനിലെ 9% വരുന്ന മുതിര്‍ന്ന തലമുറയും അമേരിക്കയിലെ 22%ഉം ബ്രിട്ടനിലെ 23%ഉം ഈ പ്രശ്‌നത്തിന്റെ പിടിയിലാണത്രെ.

അക്കാദമിക തലത്തില്‍ തയ്യാറാക്കിയ ചോദ്യാവലിയായിരുന്നു ഗവേഷണത്തിന് സഹായിച്ചത്. 'എന്നോട് സംസാരിക്കാന്‍ ആരുമില്ല', 'എല്ലാം പങ്കുവയ്ക്കാന്‍ ഒരാള്‍ക്കുവേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്' എന്നിങ്ങനെ പൊതുവായ 20 വാചകങ്ങള്‍ ഈ സര്‍വേയിലൂടെ മനസിലാക്കിയിരുന്നു.

2010ല്‍ അമേരിക്കയില്‍ നടന്ന ഒരു സര്‍വ്വേ പ്രകാരം, രാജ്യത്ത് 45 വയസ്സിനുമേല്‍ പ്രായമുള്ള 35% പേര്‍ ഒറ്റപ്പെടലിന്റെ പിടിയിലാണത്രെ! ബ്രിട്ടനില്‍ 65 കഴിഞ്ഞ 41% പേര്‍ക്ക് ടി. വി അല്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങള്‍ മാത്രമാണ് ആശ്രയമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. 2016ല്‍ ജപ്പാന്‍ സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ആറുമാസം തുടര്‍ച്ചയായി ആരോടും ഇടപെടാതെ വീട്ടിനുള്ളില്‍ ചെലവഴിക്കുന്നവരുടെ എണ്ണം ഒരു മില്യണിനോട് അടുത്ത് വരും. ജപ്പാനിലെ 15% ജനത ഒറ്റയ്ക്ക് ആഹാരം കഴിക്കുന്നവരാണെന്നാണ് മറ്റൊരു പഠനത്തില്‍ പറയുന്നത്.

ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു

ഒറ്റപ്പെട്ട് ജീവിക്കുന്നത് ആരോഗ്യത്തെ ബാധിക്കുന്നു എന്നത് പുതിയ വാര്‍ത്തയല്ല. പക്ഷെ 2015ല്‍ മാത്രമാണ് ബന്ധങ്ങളും ആരോഗ്യവും എന്ന വിഷയത്തില്‍ ആധികാരികമായ പഠനം നടന്നത്. ബ്രിഗ്ഹാംയങ് (Brigham Young) സര്‍വകലാശാലയിലെ ജൂലിയന്‍ ഹോള്‍ട്ട് (Julianne Holt) നടത്തിയ പഠനത്തില്‍ പരിശോധിച്ചത് എഴുപതിലധികം ഗവേഷക റിപോര്‍ട്ടുകള്‍ ! 3.4 മില്യണ്‍ പേര്‍ ഈ ഗവേഷണത്തിന്റെ ഭാഗമായിരുന്നു. ഒറ്റപ്പെടലിന്റെ ഭീകരതയില്‍ 26%പേര്‍ മരണത്തിന്റെ സാധ്യതയെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നവരാണെന്ന് ഈ പഠനം വ്യക്തമാക്കി.

ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക്, ക്യാന്‍സര്‍, അമിത ഭക്ഷണം, ഉറക്കമില്ലായ്മ, വിഷാദം, മദ്യപാനം, ഉത്കണ്ഠ എന്നിങ്ങനെ രോഗങ്ങളും അനവധി. അല്‍ഷിമേഴ്‌സിലേക്ക് വരെ ഒരു വ്യക്തിയെ നയിക്കാവുന്ന കാരണമായി ഒറ്റപ്പെടല്‍ മാറാറുണ്ടെന്നും നിരവധി പഠനങ്ങളില്‍ പറയുന്നുണ്ട്.

ഒറ്റപ്പെടുന്നതും ആരോഗ്യപ്രശ്‌നങ്ങളും മൂന്ന് പ്രധാന കാരണങ്ങളാല്‍ ബന്ധപ്പെട്ടുകിടക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. ആദ്യം സ്വഭാവം! സമൂഹത്തോട് ഇണങ്ങി ജീവിക്കാന്‍ പഠിപ്പിക്കേണ്ടത് മാതാപിതാക്കളാണ്. കുടുംബത്തില്‍ പോലും ഒറ്റക്കാണെന്ന തോന്നല്‍ ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തെ ഇല്ലാതാക്കും. അനാരോഗ്യകരമായ ശീലങ്ങളിലേക്ക് അവര്‍ നയിക്കപ്പെടും. രണ്ടാമതായി ശാരീരികമായ കാരണങ്ങളാണ്. ഒറ്റപ്പെടലില്‍ നിന്ന് ഉണ്ടാകുന്ന സമ്മര്‍ദ്ദവും ഉറക്കമില്ലായ്മയും ശരീരത്തെ ദോഷകരമായി ബാധിക്കും. രോഗം അങ്ങനെ എളുപ്പത്തില്‍ പിടിമുറുക്കും. അടുത്തകാരണം മാനസികമാണ്. വിഷാദരോഗവും ഉത്കണ്ഠയും മനസ്സില്‍ നിന്ന് തുടങ്ങി ശരീരത്തെ മുഴുവന്‍ ബാധിക്കുന്ന അവസ്ഥ!

ഒരു പ്രായം കഴിഞ്ഞവരില്‍ മാത്രം കാണപ്പെടുന്ന പ്രശ്‌നമല്ല ഇത്. പ്രായവും ഒറ്റപ്പെടലുമായി ഒരു ബന്ധവുമില്ലെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചില പ്രത്യേക വിഭാഗക്കാരില്‍ ഒറ്റപ്പെടല്‍ സ്ഥിരമായി സംഭവിക്കുന്ന പ്രശ്‌നമായി മാറുന്നുമുണ്ട്. ഉദാഹരണത്തിന്, അംഗവൈകല്യമുള്ളവര്‍!

ടെക്‌നോളോജിയുടെ സാന്നിധ്യം!

സ്മാര്‍ട്‌ഫോണിന്റെ പിടിമുറുക്കിയത് ഈ വിഷയത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു എന്നതാണ് പൊതുവിലയിരുത്തല്‍. മക്കളുടെ സ്വഭാവ വ്യത്യാസത്തിന് സാങ്കേതികവിദ്യയെയും സ്മാര്‍ട്‌ഫോണിനെയും കുറ്റം പറയാത്ത മാതാപിതാക്കള്‍ ഇന്നില്ല. അതില്‍ കാര്യമില്ലാതെയുമില്ല. പക്ഷെ ഒറ്റപ്പെടലെന്ന പ്രശ്‌നം പഠിക്കുമ്പോള്‍ സാങ്കേതികവിദ്യകള്‍ സഹായിക്കുന്നു എന്നുവേണം പറയാന്‍. വിശേഷിച്ച്, സാമൂഹ്യ മാധ്യമങ്ങള്‍. സമൂഹത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് പലപ്പോഴും ജീവന്‍ പകരുന്നത്. അതേസമയം, സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ഫോട്ടോകളും വിഡിയോകളും ഒരു വ്യക്തിയിലെ ഒറ്റപ്പെടല്‍ എന്ന അവസ്ഥയുടെ ഭീകരത വര്‍ധിപ്പിക്കുന്നു എന്ന വാദവുമുണ്ട്. മറ്റുള്ളവരുടെ ചിരിച്ച മുഖങ്ങളും ഗ്രൂപ്പ് ഫോട്ടോകളും വിഷമമുണ്ടാക്കുന്നതിനാല്‍ വളരെ വേഗം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നുപോവുകയും ചെയുന്നു.

യഥാര്‍ത്ഥത്തില്‍ സോഷ്യല്‍മീഡിയ ഒറ്റപ്പെടലിലേക്ക് നയിക്കുകയാണോ ഒറ്റപെടലിലൂടെ സോഷ്യല്‍ മീഡിയയുടെ ലോകത്ത് നിലയുറപ്പിക്കുകയാണോ നമ്മുടെ സമൂഹം ചെയ്യുന്നതെന്ന് ഇനിയും വ്യക്തമല്ല!

എങ്ങനെ മറികടക്കാം?

സാങ്കേതികവിദ്യ ഒറ്റപ്പെടലിന്റെ ഭീകരത കുറയ്ക്കുമെന്ന വാദം മുഖവിലക്കെടുക്കുക. സോഷ്യല്‍ റോബോട്ടുകളുടെയും വിര്‍ച്വല്‍ റിയാലിറ്റിയുടെയും സഹായം തേടി വയോജനങ്ങളിലെ ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ ഇന്ന് ഗവേഷണം പുരോഗമിക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ഇവ അവതരിപിച്ചുകഴിഞ്ഞു. ആശുപത്രികിടക്കയ്ക്ക് പുറത്ത് ജീവിതമില്ലാവര്‍, വീടിനുള്ളില്‍ ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ എന്നിങ്ങനെ നിരവധിപേര്‍ക്ക് ഇന്നിത് ആശ്വാസമാണ്. ഒരു നല്ല സുഹൃത്തായി പെരുമാറുന്ന റോബോട്ട്, എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്നവരുടെ വീഡിയോകളും ചിത്രങ്ങളും അടങ്ങിയ വിര്‍ച്വല്‍ റിയാലിറ്റി... സാങ്കേതികതയുടെ അനന്തസാധ്യതകളാണ് ഇന്ന് ഈ മേഖലയില്‍ പരീക്ഷിക്കപെടുന്നത്.

ഇനി ഒറ്റപെട്ട ഒരാളെ മരുന്നിന്റെയും കൗണ്‌സിലിങിന്റെയും ലോകത്തേക്ക് മാത്രം ക്ഷണിക്കാതെ, സമൂഹത്തിലേക്ക് ഇറക്കിവിട്ട ഇംഗ്‌ളണ്ടിലെ ഈ മാതൃക കേള്‍ക്കുക... സമൂഹത്തിന് ആവശ്യമുള്ള ജോലികള്‍ക്കായി ഒറ്റപ്പെട്ടുജീവിച്ച വ്യക്തികളെ കണ്ടെത്തി നിയോഗിച്ചു. നൂറിലധികം പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് സോഷ്യല്‍ ആക്ടിവിറ്റി പ്ലാറ്റഫോമില്‍ അവരെ സജീവമാക്കി. ഒറ്റപെട്ടു എന്ന ചിന്തയ്ക്ക് സ്ഥാനമില്ലാത്ത മനസ്സ് അങ്ങനെ അവര്‍ക്ക് സമ്മാനിച്ചു.

വിവിധ ശ്രമങ്ങളുമായി ലോകരാജ്യങ്ങള്‍ ഈ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവയുടെ ഗുണം കണ്ടറിയണം. കൂടുതല്‍ ഗൗരവമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത് വഴി മാത്രമേ മാനസികാരോഗ്യമുള്ള തലമുറയെ സൃഷ്ടിച്ചെടുക്കാനാകൂ...


Next Story

Related Stories