ഹെല്‍ത്ത് / വെല്‍നെസ്സ്

മുടി നരച്ചോ? എങ്കില്‍ ഹൃദയത്തിന് കരുതല്‍ നല്‍കാം

ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കും ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്നാണ് കയ്റോ സര്‍വകലാശാലയില്‍ നടന്ന പഠനത്തില്‍ തെളിഞ്ഞത്

സഹന ബിജു

സഹന ബിജു

മുടി നരയ്ക്കുന്നതും ഹൃദയാരോഗ്യവും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ? ചോദ്യം കേട്ട് ചിരിച്ചു തള്ളാന്‍ വരട്ടെ. പുരുഷന്മാരില്‍ മുടി നരയ്ക്കുന്നതും ഹൃദ്രോഗ സാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഒരു പഠന ഫലം സൂചന നല്‍കുന്നത്. പ്രായമാകല്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. എന്നാല്‍ ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കും ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഈജിപ്തിലെ കയ്റോ സര്‍വകലാശാല യിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. ഐറിനി സാമുവലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്.

മുടി നരയ്ക്കലിനും അതെറോസ്‌ക്ളിറോസിസിനും പിന്നില്‍ ഒരേ പ്രവര്‍ത്തനങ്ങളാണ്. അതായത് ഡിഎന്‍എ തകരാറുകള്‍ പരിഹരിക്കാനാവാതെ വരുക, ഓക്‌സീകരണ സമ്മര്‍ദം, വീക്കം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയവ. ഹൃദ്രോഗികളില്‍ നരച്ചമുടി രോഗ സൂചകമാണോ എന്ന് പഠനം കണക്കുകൂട്ടി. ഹൃദയ ധമനീ രോഗങ്ങളുള്ള 545 പുരുഷന്മാരിലാണ് പഠനം നടത്തിയത്. മുടി നരയ്ക്കലിന്റെയും ഹൃദ്രോഗ സാധ്യതയുടെയും അടിസ്ഥാനത്തില്‍ ഇവരെ ഉപവിഭാഗങ്ങളാക്കി.

മുടി നരയ്ക്കാത്തവര്‍, കൂടുതല്‍ കറുത്ത മുടിയുള്ളവര്‍, പകുതി മുടിനരച്ചവര്‍, കൂടുതല്‍നരച്ച മുടി ഉള്ളവര്‍, മുഴുവന്‍ മുടിയും നരച്ചവര്‍ ഇങ്ങനെ തരം തിരിച്ചു. രക്താതിമര്‍ദം, പ്രമേഹം, പുകവലി, ഡിസ്‌ലിപ്പിഡീമിയ, ഹൃദ്രോഗ പാരമ്പര്യ സാധ്യത ഇങ്ങനെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതാ ഘടകങ്ങളും പരിശോധിച്ചു. ഇതില്‍ നിന്ന് കൂടുതല്‍ മുടി നരച്ചവരില്‍ ഹൃദ്രോഗ സാധ്യത കൂടുതല്‍ ആണെന്ന് കണ്ടു.

ഹൃദ്രോഗം വരാനുള്ള സാധ്യതാ ഘടകങ്ങളോ ക്രോണോളജിക്കല്‍ പ്രായമോ കണക്കിലെടുക്കാതെ ആണിത്. സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും യുറോ പ്രിവെന്റ് 2017-ല്‍ അവതരിപ്പിച്ച ഈ പഠനം പറയുന്നു.

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍