TopTop
Begin typing your search above and press return to search.

മെഡിക്കല്‍ കോളേജുകളില്‍ നിന്നും പഠനാവധിയെടുത്ത് വിദേശത്തേക്ക് കടക്കുന്ന ഡോക്ടര്‍മാരെ എന്തുചെയ്യണം?

മെഡിക്കല്‍ കോളേജുകളില്‍ നിന്നും പഠനാവധിയെടുത്ത് വിദേശത്തേക്ക് കടക്കുന്ന ഡോക്ടര്‍മാരെ എന്തുചെയ്യണം?

ജോലി- സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍. ഇപ്പോള്‍- അവധിയിലാണ് (അനധികൃതം). അവധിയുടെ കാരണം- സ്വകാര്യ ആശുപത്രികളിലും വിദേശത്തും പ്രാക്ടീ്‌സ് ചെയ്യാന്‍!!.

ഇതാണ് കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ പല ഡോക്ടര്‍മാരുടേയും അവസ്ഥ. പാവപ്പെട്ട രോഗികളെ ചികിത്സിക്കാനോ, വിദ്യാര്‍ഥികളെ പഠിപ്പിക്കാനോ ഡോക്ടര്‍മാര്‍ ഇല്ല എന്ന ഗുരുതരമായ സ്ഥിതിവിശേഷം. രോഗികളുടെ കാര്യം പോട്ടെ, ഉള്ള ഡോക്ടര്‍മാരും ജൂനിയര്‍ ഡോക്ടര്‍മാരും ചേര്‍ന്ന് പരിഹരിക്കാന്‍ പറ്റുന്ന കേസുകളാണ് പലതുമെന്ന്തല്‍ക്കാലം വിശ്വസിക്കാം. എന്നാല്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ലാതായതോടെ എംബിബിഎസ് കോഴ്‌സിന്റെയടക്കം അംഗീകാരം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് മെഡിക്കല്‍ കോളേജുകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പിജി കോഴ്‌സുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സര്‍ക്കാരിനെയോ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറയോ അറിയിക്കാതെയാണ് ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ ജോലിക്കായി വിദേശത്ത് പോയതെന്ന ആക്ഷേപവുമുണ്ട്.

എന്നാല്‍ ഇതങ്ങനെ വിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണറിയുന്നത്. എംബിബിഎസ് കോഴ്‌സിന്റെയടക്കം അംഗീകാരം നഷ്ടപ്പെടുമെന്ന് വന്നപ്പോള്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് അവധിയെടുത്ത് വിദേശത്ത് പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരെ സര്‍ക്കാര്‍ തിരികെ വിളിച്ചു. ചിലര്‍ മടങ്ങിയെത്താമെന്ന് ഉറപ്പു നല്‍കി. എന്നാല്‍ അതിന് വിസമ്മതിച്ച 46 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അധികാരികളെ അറിയിക്കാതെ അനധികൃതമായാണ് ഡോക്ടര്‍മാര്‍ അവധിയെടുത്തിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. പലപ്പോഴും വിദേശത്തു പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ നല്‍കുന്ന ന്യായീകരണം തുടര്‍ പഠനാവശ്യം എന്നതാണ്.

തുടര്‍ പഠനാവശ്യം എന്നുപറഞ്ഞ് ഡോക്ടര്‍മാര്‍ പോകുന്നത് പഠിക്കാനല്ലെന്നും കൂടുതല്‍ വരുമാനം ഉണ്ടാക്കാനാണെന്നുമാണ് തൃശൂരിലെ പീഡിയാട്രീഷ്യനും പി.ജി വിദ്യാര്‍ത്ഥിയും പി.ജി. അസോസിയേഷന്‍ പ്രസിഡന്റുമായ യു.ആര്‍.രാഹുല്‍ പറയുന്നു;

"അഞ്ചുകൊല്ലത്തേക്ക് വരെ അവധി എടുക്കാം എന്നുള്ള വിശദീകരണമാണ് പലരും പറയുന്നത്. ഇവിടെ ജോലി ഒരു സേഫ്‌സോണിലാക്കിയെടുത്തിട്ട് കൂടുതല്‍ ശമ്പളത്തിനായിട്ട് അക്കരയ്ക്ക് പോകുന്നതാണ് ഇവരുടെ ശൈലി. എന്റെ അറിവില്‍തന്നെയുണ്ട് അത്തരക്കാര്‍ക്ക് ഉത്തമ ഉദാഹരണങ്ങള്‍. എനിക്കറിയാവുന്ന ഒരു വ്യക്തി ഇവിടന്ന്(തൃശൂര്‍) അവധിയെടുത്തിട്ട് എറണാകുളത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലില്‍ പ്രാക്ടീസ് നടത്തുകയായിരുന്നു. അദ്ദേഹം അവധിയെടുത്തത് തുടര്‍പഠനം എന്നുപറഞ്ഞാണ്. ഇങ്ങനെയാണ് കുടുതല്‍പേരും ചെയ്യുന്നത്. എല്ലാവരും എന്നു പറയാന്‍ കഴിയില്ല. ഞാന്‍ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചു സംസാരിച്ചപ്പോള്‍ അവധിയെടുത്ത ചില ഡോക്ടര്‍മാര്‍ പറഞ്ഞത് അവര്‍ക്ക് രാജി വയ്ക്കാനാണ് താല്പര്യമുണ്ടായിരുന്നതെന്നും എന്നാല്‍ ഓഫീസ്‌കാര്യങ്ങള്‍ക്ക് വല്ലാത്ത താമസം നേരിട്ടതിനാലാണ് രാജി എന്നതുപേക്ഷിച്ച് അവധി എന്നതിലേക്ക് മാറിയത് എന്നുമാണ്. ഇത്തരത്തില്‍ ചിലരെല്ലാം അവധി എടുത്തതിനാല്‍ തന്നെ ശരിയായ കാര്യത്തിന് അവധി കിട്ടാത്തവരുമുണ്ട്. വിദ്യാര്‍ത്ഥികളുടെ കാര്യമാണ് കൂടുതല്‍ കഷ്ടമായിരിക്കുന്നത്. തൃശൂര്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പല ഡിപ്പാര്‍ട്ട്‌മെന്റിലും പ്രശ്‌നമുണ്ട്. ഇവിടെയെല്ലാം വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം രൂക്ഷമാണ്, ഉദാഹരണത്തിന് തൃശൂര്‍ ന്യൂറോളജി വിഭാഗത്തിന്റെ മേധാവി അവധിയിലാണ്, അദ്ദേഹം കുവൈത്തിലോ, ഖത്തറിലോ മറ്റോ ആണുള്ളത്. ആകെ കോളേജില്‍ രണ്ട് ന്യൂറോളജിസ്റ്റുകളാണുള്ളത്, അതില്‍ ഒരാള്‍ പോയിക്കഴിഞ്ഞാല്‍ സ്ഥിതി അറിയാലോ, അപ്പോളാണ് രണ്ടാമത്തെയാളും മെഡിക്കല്‍ റീസണ്‍ പറഞ്ഞ് അവധിയെടുക്കുന്നത്. ഇതുകഴിഞ്ഞ് വളരെ കഴിഞ്ഞാണ് പി.എസ്.സി വിളിച്ച് പുതിയ ആള്‍ വരുന്നത്. അക്കാലമത്രയും വിദ്യാര്‍ത്ഥികളുടെ കാര്യം കഷ്ടം തന്നെയാണ്. കേരളത്തില്‍ മിക്ക മെഡിക്കല്‍ കേളേജിലെയും കാര്യം ഇത്തരത്തില്‍ തന്നെയാണ്. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമാണ് നിലവില്‍ വലിയ പ്രശ്‌നങ്ങള്‍ ഇല്ലാത്തതെന്നുവേണം പറയാന്‍. എത്ര അധ്യാപകരുടെ ഒഴിവാണ് കേരളത്തിലുള്ളത് എന്നറിയുന്നതിന് ഞങ്ങള്‍ വിവരാവകാശം കൊടുത്തിട്ടുണ്ട്. അത് കിട്ടിയാല്‍ മാത്രമേ കൃത്യമായ ഒരു വിവരം പറയാന്‍ കഴിയുകയുള്ളു. മെഡിക്കല്‍കോളേജുകളില്‍ വികസനം എന്നാല്‍ മറ്റ് പ്രൈവറ്റ് ഹോസ്പിറ്റലുകളെക്കാള്‍ സൗകര്യം ഉണ്ടാക്കുക എന്നതുമാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ അധ്യാപകരില്ലാത്തതിനാല്‍ മാത്രം വഴിമാറിപ്പോകുന്ന സര്‍ജറികളെപ്പറ്റിയോ, വിദ്യാര്‍ത്ഥികളുടെ പഠനപ്രശ്‌നങ്ങളെപ്പറ്റിയോ സംസാരിക്കാന്‍ ആരുമില്ല. ഈ കാര്യത്തിലാണ് വികസനം നടക്കേണ്ടതെന്നാണ് എനിക്ക് പറയാനുള്ളത്."

എന്നാല്‍ ഡോക്ടര്‍മാര്‍ രാജി വെക്കുന്നതിനോട് സര്‍ക്കാര്‍ വിമുഖതയാണ് കാട്ടുന്നതെന്നാണ് ഒരു വിഭാഗം ഡോക്ടര്‍മാരുടെ ആരോപണം. ഇത്രയും ഡോക്ടര്‍മാര്‍ക്ക് രാജി സമയത്ത് നല്‍കേണ്ടുന്ന ഭീമമായ തുക നല്‍കാന്‍ കഴിയാത്തതാണ് അതിനു കാരണമെന്നാണ് സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയുടെ ഭാരവാഹിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ചെയര്‍മാനുമായ അലി സയ്ദ് അഭിപ്രായപ്പെടുന്നത്.

"കേരളത്തിലങ്ങോളമിങ്ങോളം അധ്യാപകരുടെ കുറവുണ്ട്. അതിന് കാരണം മറ്റുള്ള മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നഷ്ടപ്പെടാതിരിക്കാന്‍ മിനിമം വേണ്ട അധ്യാപകരെ അങ്ങോട്ടുമിങ്ങോട്ടും ട്രാന്‍സ്ഫര്‍ ചെയ്യിക്കുന്നതാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ അത് മുഴുവനും ശരിയാക്കാം എന്നത് മിഥ്യാധാരണയാണ്. സര്‍ക്കാരിന്റെ തിരിച്ചുവിളിക്കല്‍ നടപടി നല്ലതാണ്. പക്ഷെ ഡോക്ടര്‍മാര്‍ തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവായിരിക്കും. കാരണം സര്‍ക്കാര്‍ നല്‍കുന്നതിന്റെ നാലിരട്ടിയോളം അധികമാണ് വിദേശത്തുനിന്ന് അവര്‍ക്ക് കിട്ടുന്ന ശമ്പളം. വിദേശത്തുപോയവരില്‍ പലരും രാജി വെക്കാന്‍ ആഗ്രഹിക്കുന്നവരാണ്. രാജി വെക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കാത്തതും നമ്മളറിയണം. രാജി വെച്ചാല്‍ ഡോക്ടര്‍മാര്‍ക്ക് വര്‍ക്ക് ചെയ്ത കാലം വരെയുള്ള പി.എഫും മറ്റ് അനുബന്ധ സാമ്പത്തികവും നല്‍കേണ്ടിവരും. അത്തരത്തില്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കേണ്ടിവരുന്ന ഭീമമായ തുക നല്‍കാന്‍ കഴിയാത്തതാണ് ഡോക്ടര്‍മാരുടെ രാജി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്. ഇവിടത്തെ (കോഴിക്കോട് മെഡി.കോളേജ്) മറ്റൊരു പ്രശ്‌നം നാല് മാസത്തെ ശമ്പളം കിട്ടാത്തതിനാല്‍ 12 ഗസ്റ്റ് ലക്ചര്‍മാര്‍ ജോലി നിര്‍ത്തിപ്പോവുകയുണ്ടായി. ഇത്തരത്തിലാണ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. കോഴ്‌സിന്റെ കാര്യം പല കോളേജുകളിലും അനിശ്ചിതത്വത്തിലാകുന്നത് ഇത്തരത്തിലാണ്."

ഇത്രത്തോളം ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് പോവുമ്പോള്‍ സര്‍ക്കാര്‍ അതിന്റെ കാരണം അന്വേഷിക്കുക പോലും ചെയ്യുന്നില്ല എന്നതാണ് മറ്റൊരു ആരോപണം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് നീണ്ട അവധിയെടുത്ത് കേരളത്തിലെ തന്നെ സ്വകാര്യ ആശുപത്രികളില്‍ വന്‍തുക കൈപ്പറ്റി ഡോക്ടര്‍മാര്‍ ജോലിക്ക് കയറുന്നത് സര്‍ക്കാരിന്റെ അലംഭാവം തന്നെയാണെന്നാണ് ഇത്തരത്തില്‍ ആരോപണമുന്നയിക്കുന്നവരുടെ വിലയിരുത്തല്‍. പഠനാവശ്യം ആണെന്ന കാരണം കാണിച്ച് അവധിയെടുക്കുമ്പോള്‍ അതിന്റെ നിജസ്ഥിതി സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ ലഭിക്കാതെ നിരവധി രോഗികള്‍ ദുരിതമനുഭവിക്കുമ്പോള്‍, വിദ്യാര്‍ഥികള്‍ പഠനം വഴിമുട്ടിയ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ വീണ്ടും ഡോക്ടര്‍മാര്‍ക്ക് അവധിയില്‍ പ്രവേശിക്കാനുള്ള അനുവാദം നല്‍കുന്നതിനെയാണ് ഇക്കൂട്ടര്‍ വിമര്‍ശിക്കുന്നത്.

അധ്യാപകര്‍ പഠനാവശ്യം എന്നുപറഞ്ഞ് ലീവെടുക്കുന്ന സമയത്ത് അത് എത്രമാത്രം സത്യസന്ധമാണെന്ന് ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണമെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് രാജിവെക്കേണ്ടി വന്ന ഡോ.ജിനേഷ് പറയുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ പല കോഴ്‌സുകളും അധ്യാപകരും അടിസ്ഥാനസൗകര്യങ്ങളുമില്ലാത്തതിനാല്‍ അംഗീകാരം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തിയത് ചൂണ്ടിക്കാണിച്ചതിനാണ് പുറത്താക്കല്‍ അല്ലെങ്കില്‍ രാജിവച്ച് പോവുക എന്ന അന്ത്യശാസനം ഡോ.ജിനേഷിന് ലഭിച്ചത്. തുടര്‍ന്ന് രാജിവച്ച് ഒഴിയേണ്ടി വന്ന അദ്ദേഹം സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് അഭിപ്രായപ്പെടുന്നു.

"പ്രധാനപ്രശ്‌നം എന്താണെന്നു വച്ചാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ്. അവധി എടുത്ത് പോകുന്നവരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ മാത്രമേ അധ്യാപകരെ എടുക്കുകയുള്ളു. എന്നാല്‍ ന്യൂറോളജി പോലുള്ള ചില വിഷയങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍വരെ ആളുകളെ കിട്ടില്ല. ഡി.എം റാങ്കിലുള്ള ഒരാള് താല്‍ക്കാലികമായി വര്‍ക്ക് ചെയ്യാന്‍ പോകില്ല എന്നത് സ്വാഭാവികമാണ്. മെഡിക്കല്‍കോളേജിലെ അധ്യാപകര്‍ പഠനാവശ്യം എന്നുപറഞ്ഞ് അവധി എടുക്കുമ്പോള്‍ അത് നേരാണോ എന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരായാലും, മറ്റ് അധികാരികളായാലും കൈക്കൊളേണ്ടതാണ്. സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന നടപടി സ്വാഗതാര്‍ഹം തന്നെയാണ്. ഇതിനുമുമ്പ് 2009ലാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ നടപടി എടുത്തത്. അന്ന് ഏകദേശം 116 പേരെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. അന്നാണ് നേരിട്ട് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനവും നടത്തിയത്. ഏതായാലും സര്‍ക്കാരിന്റെ നടപടി നടന്നാലും ഇനിയും ഇത്തരത്തില്‍ അനധികൃത അവധി നടക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയാലെ നടപടി കൊണ്ട് ഉപകാരം ഉണ്ടാവുകയുള്ളു. നല്ല അധ്യാപകരില്ലാതെ എങ്ങനെയാണ് നല്ലൊരു ഡോക്ടര്‍ ഉണ്ടാകുന്നതെന്നു ചിന്തിക്കണം, എല്ലാവരെയുമല്ല പറയുന്നത് എന്നാല്‍ ചിലരങ്ങനെയാണെന്നുമാത്രം. പെന്‍ഷന്‍ പ്രായം 60 ല്‍ നിന്ന് 62 ആയി ഉയര്‍ത്തിയും മറ്റുമാണ് സര്‍ക്കാര്‍ അധ്യാപകരുടെ കുറവ് നികത്തുന്നത്. സര്‍ക്കാറുകള്‍ ഏത് തന്നെയായാലും എടുക്കുന്ന നടപടികള്‍ ആരോഗ്യമേഖയ്ക്ക് അനുകൂലമാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ നയങ്ങളാണ് പ്രശ്‌നം."

പത്തുവര്‍ഷം അനധികൃതമായി അവധിയെടുത്ത 57 ഡോക്ടര്‍മാരെയാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. ഇവരോട് തിരികെയെത്താനും, അവധിയുടെ കാരണം കാണിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ 22 പേരാണ് സര്‍ക്കാറിന് വിശദീകരണം നല്‍കിയിട്ടുള്ളത്. ഇതില്‍തന്നെ തൃപ്തികരമായ വിശദീകരണം നല്‍കാത്ത 11 ഡോക്ടര്‍മാരുണ്ട്. 57 ഡോക്ടര്‍മാരില്‍ 11 ഡോക്ടര്‍മാരാണ് സര്‍വീസില്‍ തിരികെയെത്താന്‍ സന്നദ്ധരായത്. ബാക്കിയുളള 46 ഡോക്ടര്‍മാരെ ഉടനടി പിരിച്ചുവിടാനാണ് സര്‍ക്കാര്‍ തീരുമാനം.


Next Story

Related Stories