TopTop
Begin typing your search above and press return to search.

10-മിനിറ്റ് യൂണിവേഴ്‌സല്‍ ക്യാന്‍സര്‍ ടെസ്റ്റ്; വൈദ്യശാസ്ത്രലോകത്തെ പുത്തന്‍ ചര്‍ച്ചാവിഷയം

10-മിനിറ്റ് യൂണിവേഴ്‌സല്‍ ക്യാന്‍സര്‍ ടെസ്റ്റ്; വൈദ്യശാസ്ത്രലോകത്തെ പുത്തന്‍ ചര്‍ച്ചാവിഷയം

രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ രോഗവും രോഗസാധ്യതയും കണ്ടെത്താന്‍ സഹായിക്കുന്ന യൂണിവേഴ്‌സല്‍ ക്യാന്‍സര്‍ ടെസ്റ്റ് ആണ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍. 10-മിനിറ്റ് ടെസ്റ്റ് എന്ന പേരുപോലെ തന്നെ ക്യാന്‍സര്‍ കോശങ്ങളെ നിമിഷനേരത്തില്‍ കണ്ടെത്താനാകുമെന്നതാണ് പ്രത്യേകത. രോഗത്തെ സംബന്ധിച്ച വിവരം ശരീരത്തില്‍ നിന്ന് ലഭ്യമായാലുടന്‍ നിറം മാറുന്ന ഫ്‌ലൂയിഡ് ആണ് ലാബില്‍ ഉപയോഗിക്കുന്നത്. ഇപ്പോഴും പരീക്ഷണഘട്ടത്തില്‍ തുടരുന്ന ടെസ്റ്റ്, വൈദ്യശാസ്ത്രത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് സഹായകമാവുകയാണ്.

'കുറഞ്ഞ ചെലവും സമയലാഭവുമാണ് പ്രധാന സവിശേഷത. ക്ലിനിക്കുകളില്‍ വളരെ സുഗമമായി ഈ ടെസ്റ്റ് നടത്താനാകും'- ലോറ കാറസ്‌കോസ (Laura Carrascosa, ഗവേഷക, ക്വീന്‍സ്ലന്‍ഡ് സര്‍വകലാശാല) 90% സെന്‍സിറ്റിവിറ്റി ഉറപ്പാക്കിയ ടെസ്റ്റ് ആണിത്. അതായത് 100ല്‍ 90 ക്യാന്‍സര്‍ കേസുകളും കണ്ടെത്താന്‍ കഴിയും. ക്യാന്‍സറിന്റെ പ്രാരംഭ പരിശോധനകള്‍ക്ക് വേണ്ടിയുള്ള മികച്ച സംവിധാനമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

നിലവിലെ രോഗനിര്‍ണയ രീതി അനുസരിച്ച്, സംശയം തോന്നുന്ന മുഴകളിലെ കലകള്‍ ശേഖരിച്ച്, ബയോപ്‌സിക്ക് തയ്യാറാക്കണം. ശരീരത്തിലെ മുഴ ശ്രദ്ധയില്‍ വരണം, അത് പരിശോധിച്ച ശേഷം ബയോപ്‌സി റിപ്പോര്‍ട്ടിനായുള്ള കാലതാമസം, വ്യക്തികളുടെ മാനസികസംഘര്‍ഷം എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങള്‍ തുടര്‍ന്ന് ഉണ്ടാകുന്നുണ്ട്. 10 മിനിറ്റ് മാത്രം സമയമെടുത്ത് രോഗം നിര്ണയിക്കുന്നതിന്റെ പ്രസക്തി ഈ സാഹചര്യത്തിലാണ്.

ക്യാന്‍സര്‍ DNAയും സാധാരണ DNAയും ലോഹപ്രതലത്തില്‍ രണ്ടുതരത്തിലാണ് വിന്യസിക്കുക എന്ന നിഗമനമാണ് ഈ പരിശോധനയുടെ കണ്ടെത്തലിലേക്ക് ഗവേഷകരെ നയിച്ചത്. സ്തനം, പ്രോസ്റ്റേറ്റ്, ലിംഫോമ തുടങ്ങി വിവിധ ക്യാന്‍സര്‍ വകഭേദങ്ങളുടെ പഠനത്തിലൂടെ ഈ കണ്ടെത്തലിന് അവര്‍ അടിത്തറ പാകുകയായിരുന്നു. നാളിതുവരെ ആരും ശ്രമിക്കാത്ത ഗവേഷണമെന്ന അവകാശവാദവും ക്വീന്‍സ്ലന്‍ഡ് സര്‍വകലാശാല ഉന്നയിക്കുന്നു. രോഗം ചെറിയ തോതില്‍ ശരീരത്തില്‍ എവിടെയെങ്കിലും പിടിപെട്ടാല്‍ പോലും ഈ പരിശോധനയിലൂടെ മനസിലാക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഗവേഷകനായ മാറ്റ് ട്രൂ (Matt Trau) നേതൃത്വം നല്‍കിയ സംഘം ഇതിനകം 200 സാമ്പിളുകളില്‍ പരീക്ഷണം നടത്തി. സ്വര്‍ണം ആണ് ഈ പരീക്ഷണത്തിന് ഉപയോഗിക്കുന്ന ലോഹം. സൂക്ഷ്മ നേത്രങ്ങളില്‍ മാത്രം കാണാന്‍ സാധിക്കുന്ന വലിപ്പത്തില്‍ സ്വര്‍ണ്ണ തരികള്‍ ആദ്യം വെള്ളത്തില്‍ ചേര്‍ക്കും. തുടര്‍ന്ന് പിങ്ക് നിറമാണ് ഈ മിശ്രിതത്തിന് ലഭിക്കുക. ഇതിലേക്ക് സംശയമുള്ള DNA നിക്ഷേപിക്കും. ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ വെള്ളം സാധാരണ നിറത്തിലേക്ക് മാറുന്നതിനൊപ്പം സ്വര്‍ണതരികളില്‍ DNA പറ്റിപ്പിടിക്കുകയും ചെയ്യും. ഇനി ഇത് ആരോഗ്യമുള്ള DNA ആണെങ്കില്‍, തരികളില്‍ ഇവ മറ്റൊരു ആകൃതിയിലാകും ഒട്ടിപ്പിടിക്കുക. വെള്ളത്തിന്റെ നിറം പിങ്കില്‍ നിന്ന് നീല ആകുകയും ചെയ്യും.

ഒരാള്‍ക്ക് ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടോ എന്നത് മാത്രമല്ല, ഏത് ക്യാന്‍സറാണെന്നും ഏത് സ്റ്റേജ് ആണെന്നും വരെ നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാനാകും. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം വൈകാതെ ഈ ടെസ്റ്റ് സജീവമാകുമെന്നാണ് വൈദ്യശാസ്ത്ര ലോകത്തെ പ്രതീക്ഷ


Next Story

Related Stories