TopTop

ആനന്ദി ഗോപാല്‍ ജോഷി; ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടറെക്കുറിച്ച് അറിയാം

ആനന്ദി ഗോപാല്‍ ജോഷി; ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടറെക്കുറിച്ച് അറിയാം
രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അത്രത്തോളം എളുപ്പമല്ലാതിരുന്ന കാലത്താണ് ആനന്ദി ഗോപാല്‍ ജോഷിയുടെ ജനനം. തന്റെ 18വയസ്സിലാണ് അവര്‍ മെഡിസിന്‍ പഠനത്തിനായി അമേരിക്കയിലേക്ക് പോയത്.

പെന്‍സില്‍വാനിയ വിമന്‍സ് മെഡിക്കല്‍ കോളേജില്‍ നിന്ന് 1885ല്‍ ബിരുദം. പാശ്ചാത്യ വൈദ്യത്തില്‍ ബിരുദധാരിയാകുന്ന ആദ്യ ഇന്ത്യന്‍ വനിതായായി, അങ്ങനെ ആനന്ദി. ചെറുപ്പത്തിലേ മരിച്ചു അവര്‍. എങ്കിലും സ്ത്രീ-പുരുഷ അസമത്വങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെ സമൂഹത്തില്‍ നിലനിന്നിരുന്ന ചൂഷണങ്ങള്‍ക്കെതിരെയും ഭാവി തലമുറയ്ക്ക് ഓര്‍ത്തിരിക്കാവുന്ന നിരവധി പോരാട്ടങ്ങളും പ്രതികരണങ്ങളും ഒരു ജീവിതകാലത്തിലൂടെ കാണിച്ചുകൊടുത്തു.

വൈദ്യം പഠിക്കാന്‍ പ്രേരിപ്പിച്ചത് മകന്റെ മരണം

19ആം നൂറ്റാണ്ടില്‍ നിലനിന്ന ശൈശവവിവാഹത്തിന്റെ ഇരയായിരുന്നു ആനന്ദിയും. തന്നെക്കാള്‍ 20 വയസ്സ് പ്രായക്കൂടുതലുള്ള വ്യക്തിയുമായി 9ആം വയസില്‍ വിവാഹം. 14 വയസ്സ് പ്രായത്തില്‍ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കി. ഗര്‍ഭകാലത്ത് ആവശ്യമായി ലഭിക്കേണ്ട പല വൈദ്യസഹായങ്ങളും ആനന്ദിക്ക് ലഭിച്ചിരുന്നില്ല. അതിന് ഇരയായത് ആ ആണ്‍കുഞ്ഞായിരുന്നു. ജനിച്ച് 10 ദിവസത്തിനുള്ളില്‍ കുട്ടി മരിച്ചു. അങ്ങനെ സമൂഹത്തിലെ അശരണര്‍ക്കും ആവശ്യക്കാര്‍ക്കും വേണ്ടി വൈദ്യം പഠിക്കാന്‍ ആനന്ദി തീരുമാനിച്ചു. സ്വന്തമായി സഹായിക്കാന്‍ കഴിയാത്തവരെ സഹായിക്കണമെന്നാണ് തന്റെ അപ്ലിക്കേഷന്‍ ലെറ്റെറില്‍ ഈ വനിത എഴുതിയത്. തപാല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് ഗോപാല്‍ റാവു ജോഷി ഈ തീരുമാനത്തെ പിന്തുണച്ചു. അങ്ങനെ എഴുത്തും വായനയും പഠിച്ചു അവര്‍.

സാമൂഹികാവസ്ഥയും ആരോഗ്യവും വെല്ലുവിളിയായി

ആ നൂറ്റാണ്ടിലെ തികച്ചും സാധാരണമായ ഒരു ഹിന്ദു കുടുംബമായിരുന്നു ആനന്ദിയുടേത്. ഭര്‍ത്താവിന്റെ പിന്തുണ ഉണ്ടായിരുന്നുവെങ്കിലും സമൂഹം ഈ തീരുമാനത്തെ അംഗീകരിച്ചില്ല. എതിര്‍പ്പുകളും ഭീഷണിയും ഉണ്ടായി. ഇവയൊക്കെ അവഗണിച്ച് 1883ല്‍ അവര്‍ ന്യൂയോര്‍ക്കിലേക്ക് പോയി. ഡോക്ടറായ സുഹൃത്തിന്റെ രണ്ട് പരിചയക്കാര്‍ വിദേശത്ത് അവരുടെ സഹായത്തിന് ഉണ്ടായിരുന്നു. അമേരിക്കയിലെത്തിയ അവര്‍ പെന്‍സില്‍വേനിയ വിമന്‍സ് മെഡിക്കല്‍ കോളേജിന് കത്തയച്ചു. വനിതകളെ വൈദ്യശാസ്ത്രം പഠിപ്പിക്കാന്‍ ആദ്യം തയ്യാറായ സര്‍വകലാശാലയായിരുന്നു അത്. പ്രവേശനം ലഭിച്ച ആനന്ദി, രണ്ട് വര്‍ഷത്തെ ഡിപ്ലോമ ആണ് പഠിച്ചത്. ജപ്പാനില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള ആദ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളായ രണ്ടുപേര്‍ ഇതേ ബാച്ചില്‍ ഉണ്ടായിരുന്നു. ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ മറികടന്ന് 1885 മാര്‍ച്ച് 11ന് അവര്‍ ബിരുദം നേടി.

വിക്ടോറിയ രാജ്ഞിയുടെ അഭിനന്ദനം


ബിരുദം നേടിയ ആനന്ദി ഗോപാല്‍ ജോഷിയെക്കുറിച്ച് കോളേജ് ഡീന്‍, വിക്ടോറിയ രാജ്ഞിക്ക് കത്തയച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ ചക്രവര്‍ത്തിനി കൂടിയായിരുന്നു വിക്ടോറിയ രാജ്ഞി. മറുപടിയായി ലഭിച്ചത് രാജ്ഞിയുടെ അഭിനന്ദനം. തിരികെ രാജ്യത്തേക്ക് വന്ന ആനന്ദിയെ കാത്തിരുന്നത് ഗംഭീരസ്വീകരണം. ആധുനിക യുഗത്തിലെ ശക്തയായ വനിതകളിലൊരാള്‍ എന്നാണ് കേസരി പത്രം അവരെ വിശേഷിപ്പിച്ചത്.

ചുരുങ്ങിയ കാലത്തെ ജീവിതം


1886ല്‍ അവര്‍ ഇന്ത്യയിലേക്ക് മടങ്ങി. കൊല്‍ഹാപ്പൂര്‍ ആല്‍ബര്‍ട്ട് എഡ്വേര്‍ഡ് ആശുപത്രി വനിതാ വാര്‍ഡിലെ ഫിസീഷ്യനായി അവര്‍ നിയമിതയായി. വനിതകള്‍ക്കായി ഒരു മെഡിക്കല്‍ കോളേജ് എന്നതായിരുന്നു അവരുടെ സ്വപ്നം. പക്ഷെ ആഗ്രഹം ബാക്കിയാക്കി 1887 ഫെബ്രുവരി 26ന് ട്യൂബര്‍ക്യൂലോസിസ് രോഗത്താല്‍ അവര്‍ മരിച്ചു. അതും 21ആം വയസില്‍.

ശുക്രനിലെ അഗ്‌നിപര്‍വത മുഖത്തിന് ആനന്ദിയുടെ പേര്

ശുക്രനില്‍ 34 കിലോമീറ്റര്‍ വിസ്തൃതിയുള്ള അഗ്‌നിപര്‍വതമുഖത്തിന് 'ജോഷീ'എന്നാണ് പേര്. 1997ല്‍ ഇന്റര്‍നാഷണല്‍ അസ്ട്രോണോമിക്കല്‍ യൂണിയന്‍ ആണ് ആനന്ദിയുടെ സ്മരണാര്‍ദ്ധം ഈ പേര് നല്‍കിയത്.

https://www.azhimukham.com/technology-google-doodle-celebrates-the-birthday-of-indias-first-female-doctor-anandi-gopal-josh/

Next Story

Related Stories