TopTop
Begin typing your search above and press return to search.

കരളിലുണ്ടാകുന്ന അണുബാധയായ വൈറല്‍ 'ഹെപ്പറ്റൈറ്റിസ് എ' കുറിച്ച് അറിയാം

കരളിലുണ്ടാകുന്ന അണുബാധയായ വൈറല്‍ ഹെപ്പറ്റൈറ്റിസ് എ കുറിച്ച് അറിയാം

നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പനി വന്നു. കലശലായ മേലു വേദനയും. അഞ്ച് ദിവസം കാത്ത് നിന്നിട്ടും പനി കുറയുന്നില്ല. ചെറുതായി ഛര്‍ദ്ദിയും തുടങ്ങി. സാദാ ഫ്‌ലു ആണെങ്കില്‍ അഞ്ച് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ലക്ഷണങ്ങള്‍ കുറയണം. എന്തോ പന്തികേടു തോന്നി. രക്തപരിശോധന നടത്തി. LFT (കരളിന്റെ പരിശോധന) ഒക്കെ ആകെ താറുമാറായി കിടക്കുന്നു. കരളിന്റെ ഫങ്ഷനുകളെ സൂചിപ്പിക്കുന്ന എന്‍സൈമുകള്‍ ആയിരത്തിന് മുകളില്‍. മഞ്ഞപ്പിത്തവും ഉണ്ട്. ഭാര്യയുടെ നിര്‍ദ്ദേശപ്രകാരം കുറച്ചു പരിശോധനകള്‍ കൂടെ നടത്തി. ഹെപ്പറ്റൈറ്റിസ് എ.

കൂടെ വര്‍ക്ക് ചെയ്തിരുന്ന ഡോക്ടറുടെ ഭര്‍ത്താവ് ഗാസ്‌റ്റ്രൊ ആണു. പുള്ളിയെ വിളിച്ചു. ഈ വിഭാഗത്തില്‍ പെട്ട മഞ്ഞപ്പിത്തത്തിന് ലക്ഷണങ്ങള്‍ക്കുള്ള ചികിത്സ മാത്രമെ ഉള്ളൂ. വേറെ മരുന്നൊന്നും ഇല്ല. കരളിന് രോഗം മാറാന്‍ സമയം കൊടുക്കുക. സങ്കീര്‍ണതകള്‍ എന്തെങ്കിലും വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. അതേ ചെയ്യാനുള്ളു. വീട്ടില്‍ തന്നെ കിടന്നു. എപ്പോള്‍ വേണമെങ്കിലും എന്നേം തൂക്കി വണ്ടിയെടുത്ത് ആശുപത്രിയിലേക്കോടാന്‍ ഭാര്യയും തയ്യാര്‍.

ഭക്ഷണത്തിന്റെ മണം അടിക്കുമ്പോഴേ ഓക്കാനം വരും. ആകെ കഴിച്ചിരുന്നത് ഓറഞ്ച് ജ്യൂസ് മാത്രം. ഓറഞ്ചിന്റെ സീസണ്‍ ആയിരുന്നു.100 രൂപക്ക് 3-4 കിലോ കിട്ടും. എന്തായാലും രണ്ടു മൂന്നു ലിറ്റര്‍ ഓറഞ്ച് ജ്യൂസ് ഒരു ദിവസം അകത്താക്കും. അതില്‍ പകുതിയും തിരിച്ചു പോരും. ആദ്യമാദ്യം ചര്‍ദ്ദിക്കാന്‍ ക്ലോസറ്റ് വരെ നടന്നുപോയിരുന്നു. അവസാനമായപ്പോഴേക്കും ബക്കറ്റ് കെട്ടിപ്പിടിച്ച് കിടപ്പായി. അങ്ങനേം ഇങ്ങനേം കുറച്ച് ദിവസങ്ങള്‍ പോയി. ഒടുക്കം ചിക്കന്‍ ബിരിയാണി കഴിക്കണം എന്ന് വയറ് നിലവിളി കൂട്ടുന്നിടത്ത് മഞ്ഞപ്പിത്തം ബസ് പിടിച്ച് നാടുവിട്ടു എന്ന് തിരിച്ചറിഞ്ഞു.

കേള്‍ക്കുന്നവര്‍ക്ക് എന്നും 'ഹയ്യോ, മഞ്ഞപ്പിത്തമോ' എന്ന് എക്സ്‌ക്ലമേഷന്‍ മാര്‍ക്ക് സമ്മാനിച്ചിട്ടുള്ള രോഗമാണ് മഞ്ഞപ്പിത്തം. പിന്നെ മൂത്രത്തില്‍ വറ്റ് ഇട്ട് കളര്‍ നോക്കി വീട്ടിലിരുന്ന് രോഗം നിര്‍ണയിക്കലായി, പച്ചമരുന്നിന്റെ ഉണ്ട വിഴുങ്ങാന്‍ പോക്കായി, ഏതാണ്ട് പഴം തിന്നലായി, പഥ്യമായി, പെടാപ്പാടായി. മാമുണ്ണാന്‍ ഉപ്പും എണ്ണയും പോലും നിഷേധിക്കുന്ന ആ മനോഹരകാലഘട്ടത്തിന്റെ യഥാര്‍ത്ഥമുഖം വളരെ സിമ്പിളാണ്.

മഞ്ഞപ്പിത്തം എന്ന് പറയുമ്പോള്‍ സാധാരണ ഗതിയില്‍ സൂചിപ്പിക്കുന്നത് കരളിലുണ്ടാകുന്ന അണുബാധയായ വൈറല്‍ ഹെപ്പറ്റൈറ്റിസ് ആണ്. ഇത് Hepatitis A,B,C,D,E എന്നിങ്ങനെയാണ്. Hepatitis A വരുന്നത് വൈറസുള്ള കുടിവെള്ളത്തില്‍ കലര്‍ന്ന രോഗിയുടെ മലത്തിന്റെ അംശം വഴിയാണ്. മൂപ്പര് വന്നാല്‍ പകര്‍ച്ചവ്യാധിയായി ഒരു പരിസരം മൊത്തം അറിയിച്ചിട്ടേ പോകൂ.

വെട്ടിത്തിളപ്പിച്ച് വൈറസ് തലമുറകളെ മൊത്തത്തില്‍ ഉന്മൂലനം ചെയ്ത വെള്ളം ഉപയോഗിക്കുകയാണ് പ്രധാന പ്രതിരോധനടപടി. കഴിവതും പുറത്ത് നിന്നുള്ള പാനീയങ്ങള്‍ ഒഴിവാക്കുകയും വേണം. ഭക്ഷണവിരക്തിയും ഓക്കാനവും വയറുവേദനയുമെല്ലാമാണ് പ്രധാനലക്ഷണങ്ങള്‍. വിശ്രമവും നല്ല ആഹാരവുമൊക്കെയായി പയ്യെ അങ്ങ് മാറിക്കോളും. വീട്ടുകാരുടെ വക ഉപ്പ് നിരോധനം ഈ രോഗികള്‍ക്ക് പതിവാണ്. ഇത് തികച്ചും അശാസ്ത്രീയവും അനാവശ്യവുമാണ്. ദഹനം സുഗമമാകില്ല എന്നതിനാല്‍ എണ്ണയും കൊഴുപ്പും ഒഴിവാക്കുന്നത് നല്ലതാണ്. പച്ചമരുന്ന് കൊണ്ട് 'അദ്ഭുതകരമായി' മാറി എന്ന് അവകാശപ്പെടുന്ന മഞ്ഞപ്പിത്തം ഏറ്റവും സാധാരണമായ ഈ വിഭാഗത്തില്‍ പെടുന്നതാണ്. കാരണം, എങ്ങനെ പോയാലും എന്ത് കഴിച്ചാലും ഇല്ലെങ്കിലും ഈ രോഗം മാറുമെന്നത് തന്നെ കാര്യം. സമയമെടുത്ത് കരള്‍ തന്നെ ഡാമേജൊക്കെ മാറ്റി ഉഷാറായി വരുമ്പോള്‍ എന്തേലുമൊരു പച്ചിലക്കൂട്ട് കഴിക്കും. ആ വകയില്‍ രോഗം മാറ്റിയതിന്റെ ക്രെഡിറ്റും പച്ചില കൊണ്ടോവും.

പക്ഷേ, ഇതിനൊരു മറുവശമുണ്ട്. പാടിയും പഴകിയും രോഗം സുഗമമായി മാറാനുള്ള മരുന്നൊഴിവാക്കിയും തേടുന്ന ഒറ്റമൂലികള്‍ ചിലപ്പോഴെങ്കിലും തളര്‍ന്ന കരളിന് പരിക്ക് വരുത്താന്‍ കാരണമാകാറുണ്ട്. ശരീരത്തിലെ ഫാക്ടറിയാണ് കരള്‍. ആള് സര്‍വ്വീസിന് കയറുന്ന നേരത്ത് എന്തെന്നോ ഏതെന്നോ അറിയാത്ത രാസവസ്തുക്കള്‍ ശരീരത്തിന് പരിചയപ്പെടുത്തരുത്. പച്ചമരുന്നില്‍ എന്തോന്ന് രാസവസ്തു എന്നാണോ? വെള്ളം മുതല്‍ നമ്മളടങ്ങുന്ന മനുഷ്യര്‍ വരെ സങ്കീര്‍ണമായ രാസസംയുക്തങ്ങളാണ്. ഈ അവസരത്തില്‍, കരളിന് കൃത്യമായി ഫങ്ഷന്‍ ചെയ്യാനാവാത്ത നേരത്ത് പരിക്ഷണങ്ങള്‍ അരുത്. കരളിനെ ബാധിക്കുന്ന മരുന്നുകള്‍ തരാതിരിക്കാന്‍ നിങ്ങളുടെ ഡോക്ടര്‍ ശ്രദ്ധിക്കുക തന്നെ ചെയ്യും. ശാസ്ത്രത്തില്‍ വിശ്വസിക്കുക.

Hepatitis B കൊടുംഭീകരനാണ്. ഒരിക്കല്‍ രക്തത്തില്‍ കലര്‍ന്ന് കഴിഞ്ഞാല്‍ അങ്ങനെയൊന്നും ഒഴിഞ്ഞു പോകാത്ത വൈറസാണിത്. ആശുപത്രിയില്‍ ചികിത്സ തേടുമ്പോഴും ശസ്ത്രക്രിയ സമയത്തുമെല്ലാം മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ ഏറെ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടുന്ന രോഗം. ഈ രോഗം കരളില്‍ പാടുകളുണ്ടാക്കി കരളില്‍ അര്‍ബുദം ഉണ്ടാക്കാം. അതിനാല്‍ തന്നെ Hepatitis B വാക്സിന്‍ തടയുന്നത് ഈയിനം മഞ്ഞപ്പിത്തത്തെ മാത്രമല്ല, കരളിന്റെ അര്‍ബുദം കൂടിയാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴി, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ സിറിഞ്ച് പങ്ക് വെക്കുന്നത് വഴി, ഗര്‍ഭിണിയില്‍ നിന്ന് കുഞ്ഞിലേക്ക്, രക്തമോ ശരീരസ്രവങ്ങളോ വഴി എന്നിങ്ങനെയാണ് ഈ രോഗം പടരുന്നത്. വളരെ സാരമായ രോഗമാണിത്. പക്ഷേ, സങ്കീര്‍ണതകള്‍ തടയാനുള്ള ചികിത്സ ലഭ്യമാണ്.

ഹെപ്പറ്റൈറ്റിസ് ബി യെക്കുറിച്ചുള്ള ഇന്‍ഫോ ക്ലിനിക്കിന്റെ വിശദലേഖനം- https://www.infoclinic.in/posts/hepatitis-b-a-monster-that-attacks-from-behind?fbclid=IwAR3oRmUU1CsKg3EsLTOL3SmhNZ8YHS_TsZ_q-2ZKWPLMgliVOZVCu9Aan2E

Hepatitis C രക്തവും സ്രവങ്ങളും വഴിയും സിറിഞ്ച് വഴിയുമാണ് പടരുന്നത്. ഇവിടെയും കരളിന് പാട് വീഴാനുള്ള സാധ്യതയും കാന്‍സര്‍ സാധ്യതയുമുണ്ട്. ലൈംഗികബന്ധം വഴിയും അപൂര്‍വ്വമായി പടരാന്‍ സാധ്യതയുണ്ട്. Hepatitis D എപ്പോഴും Hepatitis Bയുടെ സഹചാരിയാണ്. Hepatitis E ആകട്ടെ, വൃത്തിയില്ലാത്ത ജലത്തിലൂടെ പടരുന്നതാണ്. തിളപ്പിച്ചാറിയ വെള്ളവും വൃത്തിയുള്ള ഭക്ഷണവും വഴി രോഗം തടയാനാകും. ഈയിനം മഞ്ഞപ്പിത്തങ്ങളെല്ലാം തന്നെ വന്ന് കഴിഞ്ഞാല്‍ ജീവാപായം വരാതെ നോക്കാനും പടരാതിരിക്കാനുമുള്ള ചികിത്സകളുണ്ട്. പക്ഷേ, എന്തു കൊണ്ടോ മഞ്ഞപ്പിത്തം ആഘോഷിക്കപ്പെടുന്നത് പൊടിക്കൈകളുടെ പേരിലാണ്. Hepatitis B പോലെ സാരമായ അവസ്ഥകളില്‍ അറിയാത്തവര്‍ ചികിത്സിച്ച് നശിപ്പിച്ചാല്‍, മരണം പോലുമുണ്ടാകാം എന്നതിനാല്‍ ഏറെ ശ്രദ്ധ ആവശ്യമാണ്.

ഇനി ഇതൊന്നുമല്ലാതെ വരുന്ന മഞ്ഞപ്പിത്തം പലവിധമുണ്ട്. ശരീരത്തിലുണ്ടാകുന്ന ചുവന്ന രക്താണുക്കള്‍ പരിധി വിട്ട് നശിക്കുന്ന ഏത് അവസ്ഥയിലും ശരീരത്തിന് മഞ്ഞനിറമുണ്ടാക്കാം. കാരണം, ഹീമോഗ്ലോബിന്‍ എന്ന രക്തത്തിന് ചുവന്ന നിറം നല്‍കുന്ന വസ്തു മുറിഞ്ഞ് ഹീം എന്നും ഗ്ലോബിന്‍ എന്നും പേരുള്ള രണ്ട് സംഗതികളാകുമ്പോള്‍ 'ഹീം' ഒടുവില്‍ 'ബിലിറൂബിന്‍' എന്ന വേസ്റ്റായിട്ടാണ് മാറുന്നത്. ഇതേ ബിലിറൂബിനാണ് കണ്ണിലും കൈയിലുമെല്ലാം മഞ്ഞയായി കാണപ്പെടുന്നത്. അരിവാള്‍ രോഗം, രക്താണുക്കളെ നശിപ്പിക്കുന്ന പാരമ്പര്യരോഗങ്ങള്‍ തുടങ്ങിയവയെല്ലാം കാരണമാകാം. ഇവയ്ക്കെല്ലാം തന്നെ കാരണങ്ങള്‍ക്കനുസരിച്ച് ചികിത്സയുമുണ്ട്.

പിത്താശയത്തില്‍ പിത്തരസം കെട്ടിക്കിടക്കുന്നത് ഒബ്സ്ട്രക്ടീവ് ജോണ്ടിസ് എന്ന അവസ്ഥയുണ്ടാക്കാം. പിത്താശയക്കല്ലുകള്‍ മുതല്‍ കരളിലും പിത്താശയത്തിലും പാന്‍ക്രിയാസിലുമുള്ള കാന്‍സര്‍ പോലും ഇതിന് കാരണമാകാം. ഇത്തരം മഞ്ഞപ്പിത്തത്തിന് ചികിത്സിക്കേണ്ടത് സര്‍ജനാണ്.

ഇനി ഇതൊന്നും പോരാഞ്ഞിട്ട് വെറുതേ ശരീരത്തില്‍ ബിലിറൂബിന്‍ കൂടുന്ന ഗില്‍ബേര്‍ട് സിന്‍ഡ്രോം തൊട്ട് മലമ്പനിയും എലിപ്പനിയും വരെ ഈ 'മഞ്ഞപ്പ്' ഉണ്ടാക്കാം. നൂറുവിധം കാരണമുള്ള ഈ രോഗത്തെ ലഘുവായി കാണരുത്... കാരണമാണ് സുപ്രധാനം. അത് കണ്ടെത്തിയാല്‍ ഏതിനേയും ചികിത്സിക്കാന്‍ നമുക്കാകുകയും ചെയ്യും.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി നവജാതശിശുക്കളില്‍ ഉണ്ടാകുന്ന മഞ്ഞപ്പിത്തം ഈ പറഞ്ഞ കാരണങ്ങള്‍ കൊണ്ടൊന്നും ആകണമെന്നില്ല. പ്രധാനമായും ചുവന്ന രക്താണുക്കള്‍ നശിക്കുന്നത് വഴി ബിലിറൂബിന്‍ കൂടുന്നതാകാം കാരണം. 'ഫോട്ടോതെറാപ്പി' എന്ന ലൈറ്റില്‍ കിടത്തല്‍ മുതല്‍ രക്തം കയറ്റല്‍ വരെ വേണ്ടി വന്നേക്കാം. വളരെ സ്വാഭാവികമായ ഈ അവസ്ഥയെ അശ്രദ്ധമായി നേരിടുന്നത് വഴി ബിലിറൂബിന്‍ കുഞ്ഞിന്റെ രക്തത്തില്‍ നിന്നും മസ്തിഷ്‌കത്തിലെത്താനും കുഞ്ഞിന് സ്ഥിരമായ ബുദ്ധിമാന്ദ്യം ഉണ്ടാകാനും സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ക്ക് blood brain barrier എന്നൊരു സൂത്രം ഉള്ളത് കൊണ്ട് ബിലിറൂബിന്‍ തലച്ചോറില്‍ പ്രവേശിക്കില്ല. ഇത് കൊണ്ടാണ് കുഞ്ഞിപ്പൈതങ്ങളെ ഐസിയുവിലെ വെളിച്ചത്ത് കിടത്തി അമ്മ അപ്പുറത്ത് ഇരുട്ടത്തുറങ്ങുന്നത്.

കുഞ്ഞിബുദ്ധി നാളെ കാഞ്ഞ ബുദ്ധി ആകാനുള്ളതല്ലേ...??

ഫേസ്ബുക്കിലെ ഇന്‍ഫോക്ലിനിക്ക് കൂട്ടായ്മക്കുവേണ്ടി ഡോ. തോമസ് രഞ്ജിത്തും ഡോ. ഷിംന അസീസും എഴുതിയത്.

ചിത്രം - ഇന്‍ഫോ ക്ലിനിക്ക്


Next Story

Related Stories