TopTop
Begin typing your search above and press return to search.

ദാമ്പത്യത്തില്‍ വഴക്കുവേണ്ട; നമുക്ക് ഇരുന്ന് സംസാരിക്കാമെന്നേ..

ദാമ്പത്യത്തില്‍ വഴക്കുവേണ്ട; നമുക്ക് ഇരുന്ന് സംസാരിക്കാമെന്നേ..

വഴക്ക്, വിദ്വേഷം, കുറ്റപ്പെടുത്തല്‍... ഒരു മകന്‍ ഉണ്ടായതിന് ശേഷം ബ്ലോഗര്‍ റലൂക്ക ലൊട്ടേനു(Raluca Loteanu)വും ഭര്‍ത്താവും ഇങ്ങനെയൊക്കെയായിരുന്നു. പിരിമുറുക്കം നിറഞ്ഞ, ഉറക്കം നഷ്ടപ്പെട്ട ഏതാനും മാസങ്ങളായിരുന്നു കുടുംബജീവിതത്തിലേക്ക് മകന്‍ കൂടി എത്തിയതിന് ശേഷം റലൂക്കയ്ക്ക് ലഭിച്ചത്.

ആ പിരിമുറുക്കം തന്നെ ഊര്‍ജ്ജമില്ലാത്തവളാക്കിയെന്ന് റലൂക്ക. 'ഭര്‍ത്താവ് ഒരുപാട് സഹായിക്കുന്നുണ്ട് പലകാര്യങ്ങളിലും. പക്ഷെ, എല്ലാത്തിലും ഞാന്‍ ഒറ്റക്കാണെന്ന തോന്നല്‍. ആരും സഹായിക്കുന്നില്ലെന്ന തോന്നല്‍. ജീവിതത്തില്‍ ഒരു ബാലന്‍സ് കിട്ടാന്‍ ഞാന്‍ കഷ്ടപ്പെട്ടു. മകന്‍ ഉള്ളതല്ലേ... പഴയതുപോലെ എളുപ്പമല്ല കാര്യങ്ങളെന്ന തിരിച്ചറിവായിരുന്നു അത്'-

'Playful Notes' എന്ന ബ്ലോഗിലൂടെ പ്രശസ്തയാണ് റലൂക്ക. സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് ഭര്‍ത്താവ്; ജോലിയില്‍ ടെന്‍ഷന് മാത്രമുള്ള വ്യക്തിയാണ് ഭര്‍ത്താവെന്ന് റലൂക്ക പറയും. 'പകല്‍ മുഴുവന്‍ ജോലിയിലാണ് അദ്ദേഹം. വൈകുന്നേരം ജോലി കഴിയുന്ന സമയം മുതല്‍ കുഞ്ഞിന്റെ കാര്യങ്ങളില്‍ വാപൃതനാകും. ഒരു പകലിലെ അധ്വാനം കഴിഞ്ഞുള്ള സമയം വീണ്ടും അദ്ദേഹത്തിന് ജോലിയാണ്. ഇങ്ങനെയൊക്കെ ഞാന്‍ ചിന്തിക്കുന്നത് തന്നെ ഇപ്പോഴാണ്.

ഭര്‍ത്താവിന്റെ അധ്വാനത്തോട് അനുഭാവപൂര്‍വ്വം പെരുമാറാതെ കുറ്റപ്പെടുത്തുന്ന സമീപനമാണ് ഒരു സമയത്ത് റലൂക്ക സ്വീകരിച്ചത്. അദ്ദേഹത്തെ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് താന്‍ സ്വീകരിച്ചിരുന്നതെന്ന് റലൂക്ക സമ്മതിക്കുന്നു. 'ഒരുമിച്ചായിരുന്നിട്ടും മനസുകൊണ്ട് അകല്‍ച്ചയിലായിരുന്നു ഞങ്ങള്‍'.

'BETTER' എന്ന ഹെല്‍ത്ത് പോര്‍ട്ടലിനോട് റലൂക്ക പറഞ്ഞ വിഷയങ്ങള്‍ അവരുടേത് മാത്രമല്ല. ആശയവിനിമയ(communication)ത്തിലെ അപാകതകളാണ് എല്ലാ പ്രശ്നങ്ങളും സൃഷ്ടിക്കുന്നത്.

ദേഷ്യം സഹാനുഭൂതിക്ക് വഴിമാറട്ടെ

തന്റെ പ്രശ്നങ്ങളാല്‍ പൊറുതിമുട്ടിയ റലൂക്ക, സ്വയം പരിഹാരം കണ്ടുപിടിക്കാന്‍ തയ്യാറായി. ജീവിതത്തോട് മറ്റൊരു സമീപനം സ്വീകരിക്കുക എന്നതായിരുന്നു അവര്‍ കണ്ടെത്തിയ വഴി. 'എഫക്ടീവ് കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ non-violent communication എന്ന സമാധാനപരമായ പോംവഴി പരീക്ഷിക്കാന്‍ റലൂക്ക തീരുമാനിച്ചു. ദേഷ്യത്തോടെയല്ലാതെ കാര്യങ്ങളെ വീക്ഷിക്കാന്‍ ആദ്യം ശ്രമിച്ചു. എല്ലാത്തിലും ഒരു പോസിറ്റീവ് സമീപനം. തന്റെ പ്രശ്നങ്ങള്‍ ഭര്‍ത്താവിനോട് തുറന്നുപറഞ്ഞു തുടങ്ങി. അദ്ദേഹത്തിന്റെ ഭാഗം കേട്ടത്തിന് ശേഷം മാത്രം ചിന്തിക്കാന്‍ ആരംഭിച്ചു. ഉള്ളിലുണ്ടായിരുന്ന ദേഷ്യം പതുക്കെ ഭര്‍ത്താവിനോടുള്ള സഹാനുഭൂതിക്ക് വഴിമാറി-അവര്‍ അഭിമാനത്തോടെ പറയുന്നു.

'എന്നെ സഹായിക്കാന്‍ ആരുമില്ലെല്ലോ; എനിക്ക് മടുത്തു' എന്ന കുറ്റപ്പെടുത്തലിനും ദേഷ്യത്തിനും പകരം, 'എനിക്ക് വയ്യ. മാനസികമായും ശാരീരികമായും തളര്‍ച്ച തോന്നുന്നു. നിങ്ങള്‍ക്ക് എങ്ങനെ എന്നെ സഹായിക്കാനാകും?' എന്ന് സ്നേഹത്തോടെ ചോദിച്ച് തുടങ്ങിയത് ഒരു ഉദാഹരണം.

ആശയവിനിമയത്തിന്റെ 'ടോണ്‍' മാറിയപ്പോള്‍ മുതല്‍ ജീവിതത്തിന്റെ ടോണും നേരെയായിത്തുടങ്ങി. വലിയ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായത്'- റലൂക്ക സാക്ഷ്യപ്പെടുത്തുന്നു.

കൃത്യത (specific)

ആശയവിനിമയം ഒന്നുകൊണ്ട് മാത്രം കാര്യമില്ല. കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ കൃത്യതയാണ് അനിവാര്യം. എന്താണ് ആവശ്യമെന്ന് ഭര്‍ത്താവിനോട് തുറന്ന് സംസാരിച്ചുതുടങ്ങി. അദ്ദേഹത്തിന് എന്താണ് ആവശ്യമെന്നും ചോദിച്ചുതുടങ്ങി. 'കണ്ടറിഞ്ഞു ചെയ്യുക' എന്ന പഴഞ്ചന്‍ ഏര്‍പ്പാടിനെ പിന്തുണക്കരുത്. ചെയ്തുകിട്ടാത്തത്, ചോദിക്കുക. ചെയ്യേണ്ടതും ചോദിച്ച് മാത്രം ചെയ്യുക. പ്രശ്നങ്ങള്‍ അവിടെ അവസാനിക്കും.

എല്ലാത്തിനും ഒരു സമയക്രമം പാലിക്കണം

റലൂക്കയുടെ ജീവിതത്തില്‍ നിന്ന് തന്നെ ഉദാഹരണം പറയാം. ചില ദിവസങ്ങളില്‍ ബ്ലോഗിന്റെ കാര്യത്തില്‍ അവര്‍ക്ക് സജീവമാകേണ്ടതുണ്ട്. കുഞ്ഞിനെ ആ സമയത്ത് ഭര്‍ത്താവ് നോക്കണം. അപ്പോള്‍ വൈകുന്നേരമാണ് നല്ലത്. പക്ഷെ, ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തുന്ന ഭര്‍ത്താവിനെങ്ങനെ എല്ലാ വൈകുന്നേരങ്ങളിലും കുഞ്ഞിനെ നോക്കാനാകും? രണ്ട് പേരും തീരുമാനത്തിലെത്തി. കൃത്യമായ ഷെഡ്യൂള്‍ തയ്യാറാക്കി. ജോലി ഇല്ലാത്ത ദിവസങ്ങളില്‍ ഭര്‍ത്താവ് കുഞ്ഞിനെ നോക്കും. അന്ന് റലൂക്ക ബ്ലോഗ് എഴുത്തില്‍ സജീവമാകും. എല്ലാ ആഴ്ചയും ഇത് കൃത്യമായി ചെയ്യും. ഭര്‍ത്താവിന് ഒഴിവ് സമയം ചെലവിടാനും റലൂക്ക സമയം ഒരുക്കിക്കൊടുക്കും. സംഗതി ക്ലീന്‍!

കാര്യങ്ങള്‍ ഇരുന്ന് സംസാരിക്കുന്നതല്ലേ നല്ലത്?

ദാമ്പത്യ ജീവിതത്തിലെ പ്രധാന പ്രശ്നം മുന്‍വിധികളാണ്. രണ്ട് ഭാഗവും കേള്‍ക്കാതെ ന്യായങ്ങളിലേക്കെത്തുന്നതാണ് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഇരുന്ന് സംസാരിക്കാനുള്ള സമയം കണ്ടെത്തുക എന്നതാണ് പ്രതിവിധി. പരിഹാരങ്ങളിലേക്കെത്താനും ശ്രദ്ധിക്കണം. കുറ്റപ്പെടുത്തലുകള്‍ക്ക് വഴിമാറാത്ത മണിക്കൂറുകളാകണം ഇവ. പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിച്ചെടുക്കണം. 'ഇരുന്നുള്ള ഈ വര്‍ത്തമാനം കൂടിയേ തീരു' എന്ന അവസ്ഥയിലേക്ക് ജീവിതം എത്തിയാല്‍ നിങ്ങള്‍ രക്ഷപെട്ടു!

ആത്മാര്‍ത്ഥത; സത്യസന്ധത

ജീവിതത്തോടുള്ള സമീപനത്തിന്റെ കാര്യമല്ല. ഈ 'എഫക്ടീവ് കമ്മ്യൂണിക്കേഷനോട്' ആത്മാര്‍ത്ഥത വേണമെന്നാണ് പറയുന്നത്. സംസാരിക്കുന്ന സമയങ്ങളില്‍ ദേഷ്യം വരാതിരിക്കാന്‍ ശ്രദ്ധിക്കുക, കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് മാര്‍ഗങ്ങള്‍. കേള്‍ക്കുമ്പോള്‍ നിസ്സാരമാണെങ്കിലും പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടും. നമ്മുടെ സ്വഭാവം തന്നെയാണ് പ്രശ്നം. അതുകൊണ്ട്, പ്രശ്ന പരിഹാരത്തിന് നല്ല രീതിയില്‍ ശ്രമിക്കുമെന്ന പ്രതിജ്ഞയോടെ വേണം സംസാരിച്ചു തുടങ്ങാന്‍.

എങ്ങനെ എഫക്ടീവാകണം കമ്മ്യൂണിക്കേഷന്‍?

ദേഷ്യത്തില്‍ നിന്ന് സഹാനുഭൂതിയിലേക്കുള്ള ചുവടുവെപ്പിന് അശ്രാന്തപരിശ്രമം ആവശ്യമാണ്. ദേഷ്യം വരുമ്പോള്‍ തോന്നുന്ന പിരിമുറുക്കത്തിന്റെ ഇരട്ടി മനസ്സില്‍ തോന്നാവുന്ന സമയമാണിത്. സംസാരം ആത്മാര്‍ത്ഥമാകുന്തോറും പിരിമുറുക്കം മാറും. ഒരുമിച്ചെടുത്ത തീരുമാനങ്ങളില്‍ നിന്ന് മാറിചിന്തിക്കരുത് ഒരിക്കലും. എന്തിനും ഏതിനും വിധി പറയുന്ന സ്വഭാവം അങ്ങനെ അവസാനിക്കും. പ്രശ്നങ്ങള്‍ അകന്നുമാറും സന്തോഷം കൈവരും. ഇതാണ് ജീവിതത്തിന്റെ ഷെഡ്യൂളിംഗ്.


Next Story

Related Stories