TopTop
Begin typing your search above and press return to search.

ഡിപ്രഷന്‍ മടിയോ വേഷം കേട്ടലോ അല്ല, അതൊരസുഖമാണ്; എങ്ങനെ ചികിത്സിക്കാം

ഡിപ്രഷന്‍ മടിയോ വേഷം കേട്ടലോ അല്ല, അതൊരസുഖമാണ്; എങ്ങനെ ചികിത്സിക്കാം

ഇതെനിക്കുപറ്റിയ ഒരു മണ്ടത്തരത്തിന്റെ കഥയാണ്, ആരുടെയോ ഭാഗ്യം കൊണ്ടുമാത്രം തിരുത്താൻ സാധിച്ച മണ്ടത്തരത്തിന്റെ കഥ. കോട്ടയം മെഡിക്കൽ കോളേജിനുപുറത്തുള്ള സൗഹൃദവലയത്തിലെ സുഹൃത്തായിരുന്നു അഭിലാഷ് (യഥാര്‍ത്ഥ പേരല്ല). വർഷങ്ങൾക്ക് മുൻപാണ് സംഭവം. ഇവിടെനിന്നും വളരെ ദൂരമില്ല, ഒരു മണിക്കൂർ യാത്ര. ഇടക്കൊന്നുരണ്ടുതവണ പോയിരുന്നു അക്കാലത്ത്. അച്ഛനോട് വളരെയധികം സ്നേഹമുണ്ടെങ്കിലും അവർ തമ്മിലുള്ള സംഭാഷണങ്ങൾ അത്ര ഊഷ്മളമായിരുന്നില്ല, മിക്കവാറും തർക്കത്തിലേ അവസാനിക്കാറുള്ളൂ. എന്നാൽ മറ്റെല്ലാവരോടും വളരെയധികം സംസാരിക്കുമായിരുന്നു അവന്റെ അച്ഛൻ. അത്യാവശ്യം കൃഷിയുണ്ട്, ഒന്നുരണ്ട് ചെറിയ ബിസിനസ് സംരംഭങ്ങളുമുണ്ട്, ആളതൊക്കെ നോക്കുകയും ചെയ്യും.

അങ്ങനിരിക്കെയാണ് എനിക്കവന്റെ ഫോൺ വരുന്നത്. അച്ഛൻ പഴയതുപോലെ അത്ര മിണ്ടുന്നില്ല, ഒരു നിരാശാഭരിതമാണ് സംസാരം. വലിയ തെറ്റില്ലാതെ നടത്തിയിരുന്ന ഒരു സ്ഥാപനം അങ്ങ് വിറ്റു. അവനോടു മാത്രമല്ല അമ്മയോടും സംസാരം അധികമില്ല. എന്തോ ഒരു പിണക്കം പോലെയാണ്, ആൾക്ക് വയ്യാ എന്നൊക്കെ എപ്പോഴും പറയും എന്നൊക്കെയാണവൻ പറഞ്ഞത്. പ്രായം ആയതിന്റെ അല്ലേ ? എല്ലാവരും കൂടെ ഒരു ടൂർ ഒക്കെ പോയാൽ ശരിയാവില്ലേ? എന്നതൊക്കെയായിരുന്നു അവന്റെ ചോദ്യം. എന്റെ ബുദ്ധിപരമായ ചിന്തയിൽ അവൻ പറഞ്ഞതാണ് ശരിയെന്നെനിക്കും തോന്നി.

ഒരു വർഷത്തിനെങ്കിലും ശേഷമാണ് പിന്നീടവനോട് സംസാരിക്കുന്നത്. ആ വിഷയം ഞാനും മറന്നിരുന്നു. കൃത്യമായൊന്നും എനിക്ക് മനസിലായില്ല. അച്ഛൻ ഒരാശുപതിയിൽ അഡ്മിറ്റാണെന്ന് മാത്രമാണ് മനസിലായത്. നേരിൽ ഒന്ന് കാണണം എന്നും പറഞ്ഞു. അന്ന് കാണാൻ സാധിച്ചില്ലെങ്കിലും ചില വിവരങ്ങൾ പിന്നീടറിഞ്ഞു. ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടറുമായുള്ള സംസാരത്തിലാണറിഞ്ഞത്. അബോധാവസ്ഥയിലാണ് അച്ഛനെ അവിടെ കൊണ്ടുചെന്നത്. ഓക്സിജൻ നൽകുകയും പരിശോധനകൾ എല്ലാം നടത്തുകയും ചെയ്തു. തലയുടെ MRI സ്കാൻ വരെ എടുത്തതിലും കുഴപ്പങ്ങൾ ഒന്നും കണ്ടുപിടിക്കാനായില്ല എന്നാണു പറഞ്ഞത്. രണ്ട് ദിവസം കഴിഞ്ഞ് ആളെ ഡിസ്ചാർജ് ചെയ്തു എന്നും പറഞ്ഞു.

കുറെ നാളുകൾക്കു ശേഷം എനിക്ക് രാത്രിയിലൊരു ഫോൺ കാൾ, അഭിലാഷിന്റെയാണ്. അച്ഛന്റെ കഴുത്തിൽ ഒരു മുറിവുണ്ടായെന്നും ചികിത്സക്കായി അഡ്മിറ്റായെന്നുമാണ് പറഞ്ഞത്. ഇത്തവണ അവനെ നേരിൽ കാണാനെനിക്ക് സാധിച്ചു. അപ്പോളാണ് വിശദമായ വിവരങ്ങൾ മനസിലാകുന്നത്. പണ്ട് ടൂർ ഒക്കെ കഴിഞ്ഞിട്ടും വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല. വയ്യാ, ജീവിക്കാൻ തോന്നുന്നില്ല എന്നൊക്കെ പറയുകയും രാവിലെ എണീറ്റാൽ അപ്പോൾ തന്നെ വീണ്ടും കിടക്കുകയും ചെയ്യും, പുറത്തിറങ്ങാറേയില്ലായിരുന്നു. അങ്ങിനെ ഇരിക്കെ ഒരു ദിവസം ഒരു വെള്ള മുണ്ടിൽ ഫാനിൽ തൂങ്ങുവാൻ ശ്രമിക്കുന്ന അച്ഛനെയാണവൻ കണ്ടത്. ആ കാരണം കൊണ്ടാണ് ആശുപത്രിയിൽ പോയത്. ബന്ധുക്കളുടെ നിർബന്ധത്താൽ, നാണക്കേടോർത്ത് ആരോടും ഈ കാര്യം പറയാൻ പോയില്ല, ഡോക്ടറോട് പോലും എന്നവൻ പറഞ്ഞു. എന്നോട് പോലും പറയാത്തതിൽ ഞാനവനെ കുറ്റപ്പെടുത്തുകയും ചെയ്തു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനുശേഷം അടുത്തൊരമ്പലത്തിൽ സ്ഥിരമായി ചില പൂജകൾ ചെയ്യിക്കുകയും കുറച്ചകലെ ഒരു ജ്യോതിഷിയെ കണ്ട് കുറെ പരിഹാരങ്ങൾ ഒക്കെ ചെയ്യിക്കുകയും ചെയ്തു ബന്ധുക്കളുടെ നിർബന്ധത്താൽ എന്നവൻ പറഞ്ഞപ്പോൾ, ഈ സാഹചര്യത്തിൽ എന്ത് പറയണമെന്ന് ഞാൻ ആലോചിച്ചുപോയി.

എന്നാൽ ഈ തവണ കഴുത്തിലുണ്ടായ മുറിവ് കണ്ട് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ അവരോടു തന്നെ ചോദിച്ചു, ഇത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതല്ലേ എന്ന്. അവർക്കു പറയുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലായിരുന്നു. എന്തായാലും അത് നന്നായി, മുറിവുകൾ സാരമുള്ളതല്ലായിരുന്നു. ഒന്നുരണ്ട് ചെറിയ തുന്നലിനുള്ളതേയുള്ളായിരുന്നു. ഡോക്ടർ തന്നെ അവിടെയുള്ള മാനസികാരോഗ്യ വിദഗ്‌ദ്ധനെ വിളിച്ചുവരുത്തി. അദ്ദേഹം കണ്ടുപിടിച്ച അസുഖം എന്താണെന്ന് നിങ്ങൾക്കെല്ലാവർക്കും ഊഹിക്കാൻ സാധിക്കുമെന്നെനിക്കുറപ്പുണ്ട്. വിഷാദം (Depression) തന്നെയായിരുന്നു അസുഖം. എന്തായാലും ആളുടെ ചികിത്സ ആരംഭിക്കാൻ അവർ തീരുമാനിച്ചു.

ഈ അവസരത്തിലാണ് എന്നെ കാണാനവൻ വന്നത്. പ്രശ്നം നിങ്ങളൂഹിക്കുന്നതു തന്നെ, മാനസികാരോഗ്യ വിഭാഗത്തിൽ അഡ്മിറ്റാക്കിയാൽ ശരിയാവില്ല, എല്ലാവരും അറിഞ്ഞാൽ നാണക്കേടാവും. അവനാകെ തകർന്നിരിക്കുകയായിരുന്നു, അവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലാക്കി, ആ ഡോക്ടറെ നേരിട്ട് വിളിച്ചു സംസാരിച്ചു. അവരുടെ വിഭാഗത്തിൽ മാത്രമേ അവർ ചികിത്സിക്കാറുള്ളൂ, എങ്കിലും തത്കാലം മറ്റു വിഭാഗത്തിന്റെ ഒരു റൂമിൽ അഡ്മിറ്റാക്കാം എന്നുപറഞ്ഞു. എന്തായാലും ആളിപ്പോൾ സുഖമായിരിക്കുന്നു.

പറഞ്ഞുവന്നതിതൊന്നുമല്ല, ഈ കഥ പല വീടുകളിലും ആവർത്തിക്കപ്പെടുന്നുണ്ട്. പലപ്പോഴും മാതാപിതാക്കളെ നമ്മൾ മനസിലാക്കാതെ പോകുകയാണ്. നാണക്കേടോർത്ത് പലപ്പോഴും അവർക്കർഹതപ്പെട്ട ചികിത്സ നൽകാതിരിക്കുകയാണ് നമ്മൾ. കപട/അന്ധ വിശ്വാസങ്ങളുടെ പേരിൽ അവരെ കൂടുതൽ ഉപദ്രവിക്കുന്നൂ നമ്മൾ. ദുരഭിമാനത്താൽ ഡോക്ടറോട് പോലും സത്യം പറയാതെ അവരുടെ ചികിത്സ മുടക്കുന്ന നമ്മൾ. ഈ അവസ്ഥ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കേണ്ടതല്ലേ ? മറ്റെതൊരസുഖത്തെയും പോലെഒരസുഖമാണ് വിഷാദം എന്ന് തിരിച്ചറിയേണ്ടതല്ലേ ? ശരീരത്തിലെ ആഗ്നേയഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുലിന്റെ വ്യതിയാനമാണ് പ്രമേഹം ഉണ്ടാക്കുന്നതെന്നറിയാവുന്ന നമ്മൾ തിരിച്ചറിയേണ്ടേ, ന്യൂറോട്രാൻസ്മിറ്ററുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് വിഷാദമടക്കമുള്ള മാനസിക രോഗങ്ങൾക്ക് കാരണം എന്ന് ? അവിടെ ചികിത്സയല്ലേ വേണ്ടത്? നമ്മുടെ മാതാപിതാക്കൾക്കത്‌ നൽകിക്കൂടെ ?

2016-ൽ മാനസികാരോഗ്യദിനൽ എഴുതിയതാണീ സംഭവം. അതിൽ മാറ്റങ്ങളൊന്നും വരുത്താതെ ഷെയർ ചെയ്യുന്നു. കാരണം ഇന്നാണ് ലോകാരോഗ്യദിനം, ഏപ്രിൽ 7. വിഷാദം ആണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട വിഷയം. വിഷാദം സംബന്ധിച്ച കുറച്ചുവിവരങ്ങൾ കൂടി ചേർക്കുന്നു.

ആത്മഹത്യ ചെയ്താലെന്തെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവര്‍ വളരെ വിരളമാണ്. ആത്മഹത്യ ചെയ്യുന്നവരില്‍ 50 ശതമാനത്തോളം പേര്‍ വിഷാദ രോഗികളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. സങ്കടം എന്ന അവസ്ഥയല്ല വിഷാദം. കാവ്യാത്മകമായി പറഞ്ഞാൽ 'ജീവിതത്തിൽ നിറങ്ങൾ ഇല്ലാത്ത' അവസ്ഥയാണത്. എപ്പോഴും ഒന്നിനും വയ്യ എന്നതാണ് ഈ അവസ്ഥയുടെ പ്രത്യേകത. പൊതുവേ എപ്പോഴുമുള്ള ക്ഷീണം, വിശദീകരിക്കാനാവാത്ത ശാരീരിക അസ്വസ്ഥത, താത്പര്യക്കുറവും പ്രസരിപ്പില്ലായ്മായും ഒക്കെയുണ്ടാവും. അല്ലെങ്കിൽ ദു:ഖത്തിന്റെ അഥവാ വിഷാദത്തിന്റെ അളവ് സ്ഥിരമായി നില്‍ക്കുന്ന അവസ്ഥയാണ് വിഷാദ രോഗം. എല്ലാ പ്രായത്തിലുള്ളവരേയും ജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവരേയും ഈ രോഗം ബാധിക്കുന്നു.

ഒരാളും തനിക്ക് വിഷാദ രോഗമുണ്ടെന്ന് സമ്മതിച്ച് തരില്ല. പലപ്പോഴും കൈവിട്ട് പോകുന്ന അവസ്ഥയിലാണ് പലരും ചികിത്സ തേടുന്നത്. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യമെന്നുള്ള തിരിച്ചറിവ് ഉണ്ടാകണം. അല്ലെങ്കിൽ നഷ്ടപ്പെടുന്നത് വിലയേറിയ ജീവനുകളാണ്.

ഒരാള്‍ക്ക് വിഷാദ രോഗമുണ്ടോ എങ്ങനെ തിരിച്ചറിയാം ? (കടപ്പാട്: ഡോ. മോഹൻ റോയ്)

സുഖ, ദു:ഖ സമ്മിശ്രമാണ് ജീവിതം. എന്നാല്‍ അതുണ്ടാക്കുന്ന ആഘാതം പലര്‍ക്കും പല വിധമാണ്.

1. വിഷാദമായ മാനസികാവസ്ഥ അഥവാ മൂഡ് ഇല്ലാത്ത അവസ്ഥ രണ്ടാഴ്ചയില്‍ കൂടുതല്‍ നില്‍ക്കുക

2. ഒന്നിനും സന്തോഷം തോന്നാത്ത അവസ്ഥ

3. സാധാരണ ഉണരുന്നതിനേക്കാള്‍ രണ്ടു മണിക്കൂര്‍ നേരത്തെ ഉറക്കമെഴുന്നേല്‍ക്കുക

4. ശരീര ഭാരം വളരെപ്പെട്ടെന്ന് കുറയുക

5. ഈ ജീവിതം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന തോന്നല്‍

6. ഇനി എന്തിന് ജീവിക്കുന്നു? മരിച്ചാല്‍ മതിയെന്ന തോന്നല്‍

7. സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള അലസത

8. ഒന്നിനും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ ഒതുങ്ങിക്കൂടുക

9. ടെന്‍ഷന്‍ വളരെ കൂടുകയും ശാരീരിക ചലനങ്ങള്‍ വളരെ കൂടുകയോ കുറയുകയോ ചെയ്യുന്ന അവസ്ഥ

ഈ ഒമ്പത് ലക്ഷണങ്ങളില്‍ അഞ്ചോ അതിലധികമോ ലക്ഷണങ്ങള്‍ രണ്ടാഴ്ചയിലധികം നീണ്ടു നിന്നാല്‍ ഉറപ്പിക്കാം വിഷാദ രോഗമാണെന്ന്.

സ്‌നേഹം, പ്രണയം, സാമ്പത്തികം, രോഗങ്ങള്‍, ദുരന്തങ്ങള്‍ തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ട് ഒരാള്‍ പെട്ടെന്ന് തീവ്ര ദു:ഖത്തിലേക്ക് മാറാം. ഇതിലൂടെ അയാള്‍ വിഷാദ രോഗത്തിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും മാറുന്നു. സ്ത്രീകളും കുട്ടികളിലുമാണ് വിഷാദരോഗം വളരെ കൂടുതല്‍ കാണുന്നത്. ആര്‍ത്തവാരംഭം, ഗര്‍ഭധാരണം, തുടര്‍ന്നുള്ള സമയം, ആര്‍ത്തവ വിരാമം എന്നീ സമയങ്ങളില്‍ വിഷാദ രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ആ സമയത്തുള്ള ചെറിയ പ്രശ്‌നങ്ങള്‍ പോലും അവരെ വിഷാദ രോഗികളാക്കും.

പ്രഥമ ശുശ്രൂഷയും ചികിത്സയും (കടപ്പാട്: ഡോ. റാണി ജാൻസി എ. ആർ)

1. അപകടങ്ങൾക്കോ ആത്മഹത്യക്കോ സാധ്യത ഉണ്ടോ എന്ന് നോക്കുക - ആളുമായി കുറച്ചുനേരം സംഭാഷണത്തിൽ ഏർപ്പെടുക, അവരുടെ മനസ്സിലെ ചിന്തകൾക്ക് ചെവി കൊടുക്കുക, ആത്മഹത്യാ സാധ്യത പരിശോധിക്കുക (എന്താണ് തോന്നുന്നത് എന്ന് ചോദിക്കാം, മരിക്കാൻ തോന്നാൻ മാത്രം പ്രശ്നം ഉണ്ടോ എന്നാരായാം.), ഒറ്റയ്ക്ക് ആക്കരുത് എന്ന് നിർദേശിക്കുക, കീടനാശിനികൾ, കയർ, ആയുധങ്ങൾ ഇവ മാറ്റി വയ്ക്കാൻ നിർദേശിക്കുക

2. മുൻവിധികൾ ഇല്ലാതെ സമീപിക്കുക - കുറ്റപ്പെടുത്താതിരിക്കുക, ദേഷ്യപ്പെടാതെ ഇരിക്കുക (ആത്മഹത്യ ചെയ്‌താൽ പിള്ളേരൊക്കെ പോലീസ് സ്റ്റേഷൻ കയറിയിറങ്ങും, അമ്മക്കിതെന്തിന്റെ കേടാണ് തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കുക). ഇത് ഒക്കെ സ്വയം മാറ്റാവുന്നതേ ഉള്ളൂ, എനിക്കറിയാവുന്ന ഒരാൾക്കിങ്ങനെ വന്നിട്ട് പ്രാത്ഥിച്ചപ്പോൾ ശരിയായി, കല്യാണം കഴിച്ചാൽ ശരിയാവും - തുടങ്ങിയ സംസാരങ്ങൾ ഒഴിവാക്കുക. വസ്ത്രധാരണരീതിയോ മതമോ ജാതിയോ കണക്കിലെടുത്ത് ഒരു മുൻവിധി പാടില്ല.

3. ധൈര്യംകൊടുക്കുക, പരിഹാര മാർഗങ്ങൾ നിർദേശിക്കുക - വിഷാദം യഥാർത്ഥത്തിൽ ഉള്ള ഒരു തകരാർ ആണ്, അത് ആലോചിച്ചുണ്ടാകുന്ന അസുഖം അല്ല, ജനങ്ങൾക്ക് ഇടയിൽ സർവസാധാരണമായി കാണുന്ന ഒരു അവസ്ഥയാണ്, അത് മടി അല്ല, സ്വഭാവ പ്രശ്നമല്ല, അതിനു ഫലപ്രദമായ ചികിത്സയുണ്ട്.

4. വിദഗ്ദ്ധ പരിചരണം കിട്ടാൻ സഹായിക്കുക - ഇതു മടിയല്ല, വേഷം കെട്ടുന്നതല്ല, ഇതൊരസുഖമാണ് എന്ന് അവരെയോ സാധിച്ചില്ലെങ്കിൽ ബന്ധുക്കളെയും ബോധ്യപ്പെടുത്തുക.

ഫാമിലി ഡോക്ടർ, സൈക്യാട്രിസ്റ്, സൈക്കോളജിസ്റ്റ് എന്നിവരെ ആരെയെങ്കിലും നിർദ്ദേശിക്കുക. ഏറ്റവും അടുത്ത് ഉള്ള, യോഗ്യതയുള്ള ആളെ കാണിക്കുന്നതാണ് ഏറ്റവും നല്ലത്. മരുന്നുകൾ, കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി എന്നിവയിൽ എന്താണ് വേണ്ടതെന്ന് അവർ തീരുമാനിക്കും. പ്രാർത്ഥനയിലോ കപട വൈദ്യത്തിലോ അഭയം തേടരുത്.

5. സ്വയം സഹായം പ്രോത്സാഹിപ്പിക്കുക - ഞാൻ മെച്ചപ്പെടാൻ എനിക്കും ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് അവർക്ക് ബോധ്യപ്പെടണം. ജീവിതത്തിൽ അവർക്കു നിയന്ത്രണം ഉണ്ടെന്നു തോന്നാൻ സഹായിക്കും. വ്യായാമം, യോഗ, ധ്യാനം എന്നിവ നല്ലതാണ്. മദ്യപാനം ഒഴിവാക്കുന്നതും നല്ലതാണ്.

(ഡോ. ജിനേഷ് ഫേസ്ബുക്കില്‍ എഴുതിയത്)


Next Story

Related Stories