UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഐഎംഎ സോഷ്യല്‍ മീഡിയ പുരസ്‌കാരം ഡോ. വീണ ജെ.എസിന്; ഡോ. ഷിനു ശ്യാമളനും ഡോ. നെല്‍സന്‍ ജോസഫിനും പ്രത്യേക പുരസ്‌കാരം

ആരോഗ്യസംബന്ധമായ അവബോധം ആളുകളില്‍ ഉണ്ടാക്കുന്നതില്‍ ഈ ഡോക്ടര്‍മാര്‍ വഹിക്കുന്ന പങ്ക് നിസ്തുലമെന്നും ഐഎംഎ

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സോഷ്യല്‍ മീഡിയയില്‍ എഴുതുന്ന ഡോക്ടര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ രണ്ടാമത് സോഷ്യല്‍ മീഡിയ അവബോധ പുരസ്കാരം ഡോ. വീണ ജെ.എസിന്.

ആര്‍ത്തവ സംബന്ധമായ വിഷയങ്ങളില്‍ ഡോ. വീണ നടത്തിയിട്ടുള്ള ശാസ്ത്രീയ വിശകലനങ്ങളും അതിന് അനുബന്ധമായ കുറിപ്പുകളും സോഷ്യല്‍ മീഡിയയില്‍  വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഐഎംഎ പ്രസിഡന്റ്റ് ഡോ. ഇ.കെ ഉമ്മറും സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി നൂഹുവും വ്യക്തമാക്കി. ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങൾ തടയുവാൻ ഉതകുന്ന തരത്തിലുള്ള കുറിപ്പുകള്‍ ഏറെ പ്രചാരം നേടിയിരുന്നു. അതിനൊപ്പം, മുലയൂട്ടലിനെ കുറിച്ച് എഴുതിയിട്ടുള്ള കുരിപ്പുകൌം ആരോഗ്യസംബദ്ധമായ അവബോധം ഉണ്ടാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നതാണ്. വളരെ ഉത്തരവാദിത്തപ്പെട്ട ഇടപെടലുകളാണ് ഇക്കാര്യത്തില്‍ ഡോക്ടറില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് ജഡ്ജിംഗ് കമ്മിറ്റി നിരീക്ഷിച്ചതായി ഐഎംഎ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് മെഡിസിനില്‍ അവസാന വര്‍ഷ പി.ജി വിദ്യാര്‍ഥിയാണ് തലശ്ശേരി സ്വദേശിയായ ഡോ. വീണ. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ഒപ്പം, ഡോ നെൽസൺ ജോസഫ് ,ഡോ. ഷിനു ശ്യാമളൻ എന്നിവർക്ക് പ്രത്യേക പുരസ്കാരവും ഐഎംഎ പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ നെൽസൺ ജോസഫിന്റെ അവയവദാനത്തെ കുറിച്ചുള്ള കുറിപ്പും ഡോ ഷിനു ശ്യാമളന്റെ, പ്രളയത്തിനു ശേഷം സ്വീകരിക്കേണ്ട നടപടികളും എലിപ്പനി സംബന്ധമായ കുറിപ്പും പ്രളയത്തിനു ശേഷം വെള്ളം ശുദ്ധീകരിക്കുന്നത് സംബന്ധിച്ചുള്ള  കുറിപ്പുമാണ് പുരസ്‌കാരത്തിനു അര്‍ഹരാക്കിയത്. ഇരുവർക്കും പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.

ശാസ്ത്രീയത കൃത്യമായി എല്ലാവരിലും എത്തിക്കുക എന്ന മെഡിക്കല്‍ സമൂഹത്തിന്റെറ കര്‍ത്തവ്യമാണ് ഈ ഡോക്ടര്‍മാര്‍ നിര്‍വഹിക്കുന്നതെന്ന് ഐഎംഎ നിരീക്ഷിച്ചു.  അവാർഡിനായി 60-ലേറെ എന്ട്രികള്‍ ലഭിച്ചിരുന്നുവെന്നും എല്ലാം തന്നെ ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നുവെന്നും ഡോ. നൂഹു പറഞ്ഞു.

ഐഎംഎയുടെ മാധ്യമ അവാര്‍ഡ് വിഭാഗത്തില്‍ കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതും അതിന്റെ കാരണങ്ങളും മുന്‍നിര്‍ത്തിയുള്ള റിപ്പോര്‍ട്ടിന് ടൈംസ് ഓഫ് ഇന്ത്യ കൊച്ചിയിലെ സീനിയര്‍ എഡിറ്റര്‍ പ്രീതു നായര്‍ അര്‍ഹയായി. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. ഡോക്ടര്‍മാര്‍ക്കിടയിലെ തൊഴിലില്ലായ്മ എന്ന റിപ്പോര്‍ട്ടിന് കൊല്ലം മാതൃഭൂമിയിലെ ശ്രീകണ്ഠന്‍ ജെ പ്രത്യേക പുരസ്കാരത്തിന് അര്‍ഹനായി.

കേരളത്തിലെ അവയവദാന പദ്ധതിയില്‍ ഉണ്ടാകുന്ന തടസങ്ങള്‍ മൂലം നഷ്ടപ്പെടുന്ന ജീവനുകളെ കുറിച്ചുള്ള മികച്ച പരമ്പരയ്ക്ക് കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമല്‍ കുമാര്‍ അവാര്‍ഡിന് അര്‍ഹനായി. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഏറ്റവും മികച്ച ദൃശ്യമാധ്യമ അവാര്‍ഡിന് മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ചീഫ് സബ് എഡിറ്റര്‍ അനൂപ് എസ് അര്‍ഹനായി.

പുരസ്കാരങ്ങള്‍ നവംബർ പതിനൊന്നാം തീയതി കൊല്ലത്തു വച്ചു നടക്കുന്ന ഐഎംഎ സംസ്ഥാന സമ്മേളനത്തിൽ സമ്മാനിക്കും.

ആര്‍ത്തവവിരാമം ഒരു മിഥ്യയല്ല; പലപ്പോഴും കാണുന്ന സ്ത്രീശരീരങ്ങൾ ഇങ്ങനെയൊക്കെക്കൂടിയാണ്!

ഇന്ന് ആര്‍ത്തവ ശുചിത്വ ദിനം: അറിയേണ്ട കാര്യങ്ങള്‍, മാറ്റേണ്ട ധാരണകള്‍

ഇതാണ് ഏറ്റവും നല്ല ഗര്‍ഭ നിരോധന മാര്‍ഗം!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍