UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

നല്ല ആരോഗ്യത്തിനും, മനുഷ്യ ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ക്കും അയഡിന്‍ എന്ന പോഷകം

നല്ല ആരോഗ്യത്തിനും, മനുഷ്യ ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ക്കും പോഷകധാതുക്കളുടെ കൃത്യമായ അളവിലുള്ള ലഭ്യത അനിവാര്യമാണ്.

തൊണ്ടയില്‍ മുഴയുള്ള ഗര്‍ഭിണിയായ സ്ത്രീ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്ന് അയഡൈസ്ട് ‘ നമക്ക് ‘ ( ഉപ്പ് ) ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു് കൊണ്ട് ആരോഗ്യ പ്രവര്‍ത്തക കടന്നു വരുന്നു . മുന്‍പ് ദൂരദര്‍ശനില്‍ സ്ഥിരമായി വന്നു കൊണ്ടിരുന്ന പരസ്യമാണ്. അയഡിന്‍ എന്ന പോഷകത്തിന്റെ പ്രാധാന്യം, അതിന്റെ കുറവ് കൊണ്ട് മനുഷ്യ ശരീരത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഗര്‍ഭിണികളിലും ഗര്‍ഭസ്ഥ ശിശുക്കളിലുമുള്ള അയഡിന്റെ പ്രാധാന്യം, അയഡിന്‍ അടങ്ങിയ ഭക്ഷ്യ സ്രോതസ്സുകള്‍ ഏതൊക്കെ, എന്നീ കാര്യങ്ങളെ പറ്റി ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് ഇത്തരം പരസ്യങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

അയഡിന്‍:

പ്രകൃതിയില്‍ കണ്ടു വരുന്ന ഒരു പോഷകധാതുവാണ് അയഡിന്‍. 1811 ല്‍ ബര്‍ണാഡ് ക്യൂര്‍ട്ടോയ്സ് എന്ന ഫ്രഞ്ച് രസതന്ത്രജ്ഞനാണ് അയഡിന്‍ ആദ്യമായി കണ്ടെത്തുന്നത്. അയഡിന്‍ മൂലകം അടങ്ങിയിട്ടുള്ള ഉപ്പിനെയാണ് അയഡൈസ്ഡ് ഉപ്പ് എന്ന് പറയുന്നത്.

നല്ല ആരോഗ്യത്തിനും, മനുഷ്യ ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ക്കും പോഷകധാതുക്കളുടെ കൃത്യമായ അളവിലുള്ള ലഭ്യത അനിവാര്യമാണ്.
പോഷകധാതുക്കളുടെ അപര്യാപതതയെ കുറിച്ചു പഠിക്കുമ്പോള്‍, ഇന്ത്യന്‍ ജനതയില്‍ പ്രധാനമായും കണ്ടു വരുന്ന കുറവ് ഇരുമ്പ് സത്തിന്റേതും, അയഡിന്റേതും, വിറ്റാമിന്‍ എ യുടേതുമാണ്. ഇന്ത്യയിലെ 235 ഓളം ജില്ലകളില്‍ ഇന്നും സ്ഥിരമായി അയഡിന്‍ അപര്യാപ്തത കണ്ടു വരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്തെ മൊത്തം നോക്കുകയാണെങ്കില്‍ ഏതാണ്ട് ഒരു ബില്യണില്‍ കൂടുതല്‍ ആള്‍ക്കാരില്‍ അയഡിന്റെ അപര്യാപ്തത കണ്ടു വരുന്നുണ്ട്. അയഡിന്റെ ആവശ്യകതയെ കുറിച്ചു അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ഒക്ടോബര് 21 ലോക അയഡിന്‍ അപര്യാപ്തത ദിനമായി ആചരിക്കുന്നത്.

മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അയഡിന്‍ പ്രധാന പങ്കു വഹിക്കുന്നു. തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം, ഉപാപചയം എന്നിവയാണ് അവയില്‍ പ്രധാനം. നമ്മുടെ ശരീരത്തിലെ രക്തത്തില്‍ അയഡിന്റെ അളവ് 5 _ 10 മൈക്രോഗ്രാം /ഡെസിലിറ്റര്‍ ആണ്. ഈ അളവ് നിലനിര്‍ത്തുവാന്‍ ദിവസവും 150 മുതല്‍ 200 മൈക്രോഗ്രാം വരെ ആവശ്യമാണ്. ഗര്‍ഭകാലം, മുലയൂട്ടല്‍ എന്നീ അവസരങ്ങളില്‍ കൂടുതല്‍ അളവ് അയഡിന്‍ ആവശ്യമായി വരുന്നു. മൊത്തം അയഡിന്റെ തൊണ്ണൂറു ശതമാനവും നമുക്ക് ലഭിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. പത്ത് ശതമാനം കുടിക്കുന്ന വെള്ളത്തിലൂടെയും.

അയഡൈസ്ഡ് ഉപ്പ്, കടല്‍ മത്സ്യങ്ങള്‍, കടലോരത്ത് വളരുന്ന സസ്യങ്ങള്‍, കടല്‍പ്പായലുകള്‍ എന്നിവയിലൊക്കെയാണ് അയഡിന്റെ അളവ് കൂടുതലായും കണ്ടു വരുന്നത്. ഇത് കൂടാതെ പാലിലും, ധാന്യങ്ങളിലും, മാംസ്യത്തിലും ചെറിയ അളവില്‍ അയഡിന്‍ കണ്ടു വരുന്നു. ഒരു പ്രദേശത്തെ വെള്ളത്തിലെയും, മണ്ണിലേയും അയഡിന്റെ അളവ് അവിടുത്തെ ഭക്ഷണത്തിലെ അയഡിന്റെ അളവിനെയും സ്വാധീനിക്കാറുണ്ട്. പര്‍വ്വത പ്രദേശങ്ങളിലും, ഇടക്കിടെ വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രദേശങ്ങളിലും താരതമ്യേന അയഡിന്റെ അളവ് കുറഞ്ഞ നിലയില്‍ കാണപ്പെടുന്നു.

 അയഡിന്‍ അപര്യാപ്തതയുടെ പ്രധാന പ്രശ്‌നങ്ങള്‍:

ഇവയെ മൊത്തത്തില്‍ അയഡിന്‍ ഡെഫിഷ്യന്‍സി ഡിസോര്‍ടെഴ്സ് ( iodine deficiency disorders ) എന്നു വിളിക്കുന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഈ പ്രശനങ്ങള്‍ കൂടുതലായും കണ്ടു വരുന്നത്.

?അയോഡിന്‍ എന്ന വാക്കു കേള്‍ക്കുമ്പോ തന്നെ മനസ്സില്‍ ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്. തൊണ്ടയുടെ കീഴ്ഭാഗത്തു വലിയ മുഴകള്‍ ഉള്ള ഒരു മധ്യവയസ്‌കയായ സ്ത്രീയുടെ. അയോഡിന്‍ എന്ന ധാതുവിന്റെ കുറവും ഈ മുഴയുമായി എന്ത് ബന്ധം എന്ന ചോദ്യം സ്വാഭാവികമാണ്. അതിനെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

തൈറോയിഡ് ഗ്രന്ഥി ഉണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഒരു പ്രധാന ഘടകം ആണ് അയോഡിന്‍ എന്ന് പറഞ്ഞുവല്ലോ. ഒരു കാര്യം പറയാന്‍ വിട്ടു. തൈറോയിഡ് ഗ്രന്ഥിയെ നിയന്ത്രിക്കുന്ന ഒരു യജമാനന്‍ ഉണ്ട് മേലെ. അദ്ദേഹം ഈയൊരാളെ മാത്രമല്ല മറ്റൊരുപാട് ഗ്രന്ഥികള്‍ക്കു കൂടി യജമാനന്‍ ആണ്. കേട്ടുകാണും, കയ്യും കലാശവും കാട്ടി സംഗീത വിദ്വാന്മാരെ ആകെ ഒരു മനസ്സായി ഒരു കയ്യായി കോര്‍ക്കുന്നയാള്‍. പിറ്റിയൂട്ടറി ഗ്ലാന്‍ഡ് അഥവാ പീയൂഷ ഗ്രന്ഥി.

അയോഡിന്‍ കുറയുന്നത് കൊണ്ടോ, മറ്റു കാരണങ്ങള്‍ കൊണ്ടോ തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് പുറത്തേക്കു വരുന്ന ഹോര്‍മോണിന്റെ അളവ് എത്ര എന്ന് ഇദ്ദേഹം കണിശമായി മണത്തറിയും. അങ്ങനെ അങ്ങ് കുറയാന്‍ വിടുമോ മൂപ്പര്‍. കയ്യില്‍ ഒരു ചാട്ടവാറുമായി തൈറോയ്ഡ് ഗ്രന്ഥിയെ ഒരു അടിമയെപ്പോലെ അത്യധ്വാനം ചെയ്യിക്കും. തൈറോയിഡ് ഗ്രന്ഥി ഇത്തിരി കൂടി വലിപ്പം വെക്കാന്‍ വേണ്ട ചില ഘടകങ്ങള്‍ ഇങ്ങേരു ഉണ്ടാക്കും. ഈ നിര്‍ബന്ധത്തിനു വഴങ്ങി ആണ്, നമ്മള്‍ കാണുന്ന വിധത്തില്‍ തൈറോയിഡ് ഗ്രന്ഥി വളര്‍ന്നു മുഴകള്‍ അഥവാ ഗോയിറ്റര്‍ ആയി മാറുന്നത്.

ഈ വളര്‍ച്ച ഒക്കെ ഉണ്ടായിട്ടെന്ത് കാര്യം.
ഹോര്‍മോണുകള്‍ ഉണ്ടാക്കാന്‍ വേണ്ട അയോഡിന്‍ കുറവുള്ളപ്പോ ഇത് കൊണ്ടൊന്നും ഫലം കാണില്ല. തൈറോയ്ഡ് ഗ്രന്ഥി വീര്‍ത്തും, ഹോര്‍മോണ്‍ ലെവല്‍ കുറഞ്ഞു തന്നെ ഇരിക്കും. അങ്ങനെ ഹൈപ്പോതൈറോയ്ഡിസത്തിനു കാരണമാകുന്നു.

എഴുതിയത്
ഇ ന്‍ഫോ ക്ലിനിക്ക് എന്നഫേസ്ബുക്ക് പേജിന് വേണ്ടി ഡോ: സബ്‌ന എസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍