ഹെല്‍ത്ത് / വെല്‍നെസ്സ്

പ്രായാധിക്യത്തിലും ആരോഗ്യത്തോടെയിരിക്കാന്‍ മെഡിറ്ററേനിയന്‍ ഡയറ്റ്

കാത്തിരിക്കുന്നത്, മെഡിറ്ററേനിയന്‍ ചാര്‍ട്ട് ഒളിപ്പിച്ചുവെച്ച ആരോഗ്യകാര്യങ്ങള്‍ വെളിച്ചം കാണുന്നതിനാണ്. കൂടുതല്‍ പഠനങ്ങള്‍ ഒരുപക്ഷെ, ഇന്ത്യയിലടക്കം എളുപ്പത്തില്‍ ശീലമാക്കാവുന്ന ഈ ഡയറ്റ് ചാര്‍ട്ടിന്റെ ജനപ്രീതിക്കാവും വഴിവെക്കുക.

ഒരു പ്രായം കഴിഞ്ഞാല്‍, പ്രത്യേകിച്ചും വാര്‍ദ്ധക്യത്തില്‍ അസുങ്ങളെന്തെങ്കിലും വേണമെന്നത് ‘നാട്ടുനടപ്പായി’ മാറിയ കാലമാണിത്. മാറിയ ജീവിതസാഹചര്യങ്ങളും ഭക്ഷണശീലവുമൊക്കെയാണ് വില്ലന്മാര്‍. ആയുസ്സുള്ളിടത്തോളം അസുഖമെന്ന നിലയിലേക്ക് നമ്മുടെ ശാരീരിക അവസ്ഥയെ മാറ്റിയെടുത്തെന്ന് വേണം പറയാന്‍. ഏത് ഭക്ഷണം കഴിച്ചാലും എന്തെങ്കിലുമൊരു രോഗത്തെപ്പറ്റി ആശങ്കയുണ്ടാകും. പ്രായമായവര്‍ക്കാണ് ഇത് ഏറെയും ബുദ്ധിമുട്ട് നല്‍കുന്നത്. ശരീരത്തിനാകെയൊരു ബലക്കുറവ് തോന്നുന്നത് പ്രായമേറിയവരില്‍ സാധാരണയാണ്. നാം കഴിക്കുന്ന ആഹാരം മാത്രമാണ് അതിന് കാരണം. എന്നാലിനി പേടിക്കേണ്ട, പ്രായം ചെന്നവര്‍ക്ക് ശരീരത്തെ യൗവ്വനത്തിലെന്നപോലെ ഊര്‍ജ്ജസ്വലമായി സംരക്ഷിക്കാന്‍ മാര്‍ഗമുണ്ടെന്നാണ് അമേരിക്കന്‍ ജെറിയാട്രിക്സ് സൊസൈറ്റിയുടെ (american geriatrics society) ലേഖനത്തില്‍ പറയുന്നത്. മെഡിറ്ററേനിയന്‍ ഡയറ്റ് (mediterranean diet) ആണ് ഇവര്‍ ശുപാര്‍ശ ചെയ്യുന്ന ആഹാരക്രമം. എന്താണ് മെഡിറ്ററേനിയന്‍ ഡയറ്റ് പറയുന്നതെന്ന് നോക്കാം

1. പച്ചക്കറിയും പഴവര്‍ഗങ്ങളും ഉള്‍പ്പെടെ സസ്യാഹാരം പ്രധാനമായും ശീലമാക്കുക; ധാന്യം, പയറുവര്‍ഗങ്ങള്‍, നട്ട്സ് തുടങ്ങിയവയും ഉള്‍പ്പെടുത്തുക

2. വെണ്ണയുടെ ഉപയോഗം കുറയ്ക്കുക; ഒലിവ് എണ്ണയും കടുക് എണ്ണയും പകരമായി ഉപയോഗിക്കുക

3. ഉപ്പിന് പകരം സുഗന്ധവ്യഞ്ജനങ്ങളും ഇലകളും (കറിവേപ്പില, മല്ലിയില etc..)

4. ഫുഡ് ചാര്‍ട്ടില്‍ ‘റെഡ് മീറ്റി’ന് സ്ഥാനം മാസത്തില്‍ ഒരിക്കല്‍ മാത്രം

5. മീനും മുട്ടയും പാലും ആഴ്ചയില്‍ രണ്ട് ദിവസം ശീലമാക്കുക

6. തീന്‍ മേശയില്‍ കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊക്കെ സ്ഥാനം കൊടുക്കുക; ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക

7. റെഡ് വൈന്‍ ഉപയോഗം കരുതലോടെ മതി (അതും നിര്‍ബന്ധമാണെങ്കില്‍)

8. വ്യായാമത്തില്‍ നോ കോംപ്രൊമൈസ്

ബലക്ഷയം, ഭാരക്കുറവ്, ഊര്‍ജ്ജമില്ലായ്മ തുടങ്ങി വാര്‍ധക്യസഹജമായ പ്രശ്നങ്ങള്‍ അലട്ടുന്നവരാണ് നമ്മുക്കിടയിലേറെയും. വീഴ്ചയും പരിക്കും ആശുപത്രിവാസവും ഓര്‍മ്മക്കുറവും തുടങ്ങി എത്രയെത്ര അനുബന്ധ പ്രശ്നങ്ങള്‍! ഒടുവില്‍ പരിചരണവും അകാലമരണവും…

പോഷണം വേണ്ടവിധം ലഭ്യമാകാത്ത ആഹാരശീലങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ് ഈ അപകടങ്ങളെയൊക്കെ. ഫ്രാന്‍സ് ,സ്പെയിന്‍, ഇറ്റലി, ചൈന എന്നിവിടങ്ങളിലെ വാര്‍ധക്യത്തോടടുത്ത 5800 പേരില്‍ നടത്തിയ നാല് വ്യത്യസ്ത പഠനങ്ങളാണ് പോഷകാഹാരവും ബലക്കുറവ് അഥവ ഫ്രെയില്‍റ്റി (frailty)യും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്നത്

പച്ചക്കറിയും പഴവും പയറുവര്‍ഗങ്ങളുമെല്ലാമായി സമ്പന്നമായ മെഡിറ്ററേനിയന്‍ ഡയറ്റിന് ഒരു പരിധിവരെ ഈ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്ന് ഗവേഷകയായ കേറ്റ് വാള്‍ട്ടേസ് (kate waltser) അഭിപ്രായപ്പെടുന്നു.
ഈ ഡയറ്റ് ചാര്‍ട്ട് ശീലമാക്കിയവരുടെയും സാധാരണ ആഹാരക്രമം പാലിക്കുന്നവരുടെയും ആരോഗ്യകാര്യത്തില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് കേറ്റ് വാള്‍ട്ടേസിന്റെ പക്ഷം. മെഡിറ്ററേനിയന്‍ ഡയറ്റ് ചാര്‍ട്ട് പിന്തുടരുന്നവര്‍ക്ക് മറ്റുള്ളവരേക്കാളും നാലോ അഞ്ചോ വര്‍ഷക്കാലം അധികമായി ആരോഗ്യത്തോടെ, ബലക്കുറവില്ലാതെ ജീവിക്കാന്‍ സാധിക്കുന്നുണ്ട്.

അതേസമയം, മെഡിറ്ററേനിയന്‍ ചാര്‍ട്ട് എങ്ങനെ മെച്ചപ്പെടുത്തി ഉപയോഗിക്കാമെന്നതില്‍ ആഴത്തിലുള്ള പഠനം നടക്കാനിരിക്കുന്നതേയുള്ളു. ഈ ആഹാരശീലത്തിനൊപ്പം മരുന്നുപയോഗമോ മറ്റെന്തെങ്കിലും മുന്‍കരുതലോ സ്വീകരിച്ചിട്ടാണോ അസുഖത്തിന് തടയിടുന്നതെന്ന് വ്യക്തമല്ല. രോഗമുക്തിയാണോ രോഗം തടയലാണോ സംഭവിക്കുന്നതെന്നും ഗവേഷകര്‍ക്ക് അറിയില്ല. മാത്രമല്ല, പ്രായം, സാമൂഹിക സാഹചര്യം, പുകവലി, മദ്യപാനം, വ്യായാമം, ആരോഗ്യനില എന്നീ ഘടകങ്ങളല്ലാതെ എന്തൊക്കെയാണ് ഈ ശാരീരിക അവസ്ഥയെ ബാധിക്കുന്നതെന്ന് പഠിച്ചിട്ടില്ലെന്നും കേറ്റ് വാള്‍ട്ടേസ് സമ്മതിക്കുന്നു

കാത്തിരിക്കുന്നത്, മെഡിറ്ററേനിയന്‍ ചാര്‍ട്ട് ഒളിപ്പിച്ചുവെച്ച ആരോഗ്യകാര്യങ്ങള്‍ വെളിച്ചം കാണുന്നതിനാണ്. കൂടുതല്‍ പഠനങ്ങള്‍ ഒരുപക്ഷെ, ഇന്ത്യയിലടക്കം എളുപ്പത്തില്‍ ശീലമാക്കാവുന്ന ഈ ഡയറ്റ് ചാര്‍ട്ടിന്റെ ജനപ്രീതിക്കാവും വഴിവെക്കുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍