TopTop
Begin typing your search above and press return to search.

68 വയസ്സ്, അൽഷിമേഴ്സ്; ഈ ഓള്‍ഡ് മാന്‍ 803 മീറ്ററുള്ള 'ഓള്‍ഡ് മാന്‍' കയറിയത് 5000 തവണ

68 വയസ്സ്, അൽഷിമേഴ്സ്; ഈ ഓള്‍ഡ് മാന്‍ 803 മീറ്ററുള്ള ഓള്‍ഡ് മാന്‍ കയറിയത് 5000 തവണ

അറുപത്തിയെട്ടുകാരനായ സിയോൺ ജെയ്റി (Sion Jair) ന് ഇംഗ്ലണ്ടിലെ ഓൾഡ് മാൻ ഓഫ് കൊനിസ്റ്റൺ (Old Man of Coniston) പർവ്വതം ഇടക്കിടെ കയറണം. ഹോബിയാണെന്ന് വെച്ചോളൂ. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമുള്ള ഒരു വ്യായാമവും. ഇക്കാലത്തിനിടെ 5000ത്തിലധികം തവണ ഇതേ പർവ്വതത്തിന്റെ നെറുകയിൽ തൊട്ടിട്ടുണ്ട് അദ്ദേഹം.

ഗാർഡിയൻ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ടിം ലെവിസിന്റെ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍.

സിയോൺ ജയ്റിനൊപ്പം ഓൾഡ് മാൻ ഓഫ് കൊനിസ്റ്റൺ കയറുന്നതിന്റെ തലേന്ന് രാത്രി ആശങ്കയോടെ അദ്ദേഹം ചിലത് പറഞ്ഞു. "803 മീറ്റർ ഉയരമുള്ള പർവ്വതത്തിന്റെ മുകളറ്റം വരെ എത്താനാകുമെന്ന് തോന്നുന്നില്ല. ലേക്ക് ഡിസ്ട്രിക്റ്റിൽ കനത്ത കാറ്റും മഞ്ഞും തുടങ്ങിയിട്ടുണ്ട്." ഹോട്ടൽ റൂമിലെ ജനാലയിലൂടെ ഞാൻ പുറത്തേക്ക് നോക്കി. ചെറിയ കാറ്റുണ്ട്, മഞ്ഞില്ലെങ്കിലും ഊഷമാവ് കുറഞ്ഞ മട്ടിലാണ്. എന്റെ മനസ് വായിച്ചപോലെ സിയോൺ തുടർന്നു. "ഇവിടെ നിൽക്കുമ്പോൾ അങ്ങനെ തോന്നില്ല. പക്ഷെ, മല കയറുന്തോറും കാര്യങ്ങൾ കുഴപ്പത്തിലാകും. കാറ്റ് 10 ഇരട്ടി കരുത്താർജിക്കും"

അന്തരീക്ഷo അറിഞ്ഞ് പർവ്വതാരോഹണം നടത്തുന്നതിൽ വിദഗ്ധൻ ഒന്നുമല്ല സിയോൺ. പക്ഷെ ഈ 68കാരൻ 1968 ലാണ് ആദ്യമായി ലേക്ക് ഡിസ്ട്രിക്ട്ടിലെത്തിയത്. എത്ര വർഷങ്ങളായെന്ന് ഓർക്കണം. ദിവസത്തിൽ രണ്ട് പ്രാവശ്യo കയറാറുണ്ട്. ശൈത്യകാലത്ത് മാത്രം മല കയറാൻ ഉപകരിക്കുന്ന ക്രാം പ്രോണുകളുടെ സഹായം തേടും. പർവ്വതാരോഹണത്തെക്കുറിച്ച് ക്ലാസുകൾ നയിക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നു. ഈ പർവ്വതത്തെ നിസാരമായി കണ്ട് കയറാൻ വന്ന ഡസൺ കണക്കിന് ആരോഹകർ പെട്ടു പോയപ്പോൾ സഹായിച്ചതും സിയോൺ ആണ്. ഓൾഡ് മാൻ ഓഫ് കൊനി സ്റ്റണിന് പ്രിയപ്പെട്ട ഓൾഡ് മാൻ!

പൂർണ്ണ ആരോഗ്യവാനായ മനുഷ്യനല്ല അദ്ദേഹം. വർഷങ്ങൾക്ക് മുമ്പ് പിടിപെട്ട ഒരു തളർച്ചയിലൂടെയാണ് അസുഖം അദ്ദേഹത്തിനൊപ്പം സഞ്ചരിക്കാൻ തുടങ്ങിയത്. കാലാവസ്ഥാമാറ്റം ചിലപ്പോൾ ഗുണം ചെയ്യുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. അങ്ങനെ 2000 ത്തിൽ ബെർമിംഗ്ഹാമിലെ സ്ഫഗറ്റി ജംഗ്ഷനിലേക്ക് ചേക്കേറി. പുതിയ ഇടം അദ്ദേഹത്തിന് യോജിച്ചതായിരുന്നു. പക്ഷെ പെർനീഷ്യസ് അനീമിയ (Pernicious anaemia) എന്ന പ്രതിരോധ ശക്തിയെ തളർത്തുന്ന അസുഖം സിയോണിനെ തേടിയെത്തി.

വൈറ്റമിൻ ബി 12 ഇൻജക്ഷൻ സ്ഥിരമായി എടുത്ത് തുടങ്ങിയെങ്കിലും സിയോണിന്റെ ശരീരത്തിന് അത് ഗുണമായില്ല. അതിനാൽ മൂന്ന് വർഷത്തെ ആയുസ് ഡോക്ടർമാർ അദ്ദേഹത്തിന് വിധിച്ചു. സിയോൺ തന്റെ യാത്രകളിൽ നിന്ന് പിന്മാറാൻ ഈ അവസരത്തിലും തയ്യാറായിരുന്നില്ല. ഉള്ള B 12 മതിയെന്ന് കരുതി എന്റെ ശരീരം ഉണർന്നു വരട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ട് മാർഗമേ തനിക്ക് മുമ്പിലുള്ളു എന്ന് സിയോണിന് ബോധ്യപ്പെട്ടു. ഒന്നുകിൽ മരണത്തെ കാത്ത് വെറുതെ ഇരിക്കുക. അല്ലെങ്കിൽ എന്റെ വ്യായാമത്തിനും അധ്വാനത്തിനും അനുസരിച്ച് ശരീരം മുന്നോട്ട് വരുമെന്ന പ്രതീക്ഷയിൽ കുതിക്കുക.

പക്ഷെ അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ അവിടെയും അവസാനിച്ചില്ല. പെർനീഷ്യസ് അനീമിയയുടെ വില്ലത്തരം കൂടി വന്നു. ബ്രെയ്ൻ സ്കാനിൽ അൽഷിമേഴ്സിന്റെ വരവ് കൂടി കണ്ടെത്തി. ഒന്നോർത്താൽ അനുഗ്രഹമാണെല്ലോ ഈ രോഗം. സിയോൺ പോസിറ്റീവാണ്!

ഡോക്ടർമാർക്ക് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു. കാരണം, അസുഖം കണ്ടെത്താൻ വൈകിപ്പോയി...

നാല് വർഷം മുമ്പാണ് അൽഷിമേഴ്സ് കണ്ടെത്തിയത്. തളരാൻ ഒരുക്കമല്ല സിയോൺ.... യാത്ര തുടരുകയാണ്.

അടുത്ത ദിവസം രാവിലെ ഞാൻ സിയോൺ ജെയ്റിനെ കണ്ടുമുട്ടിയത് താഴ്വരയിലെ ഒരു പബ്ബിലാണ്. ഉള്ള പ്രായത്തിന്റെ പകുതി മാത്രം തോന്നുന്ന രൂപവും ഭാവവും ഊർജ്ജവും ഉള്ള മനുഷ്യൻ. മിക്ക ദിവസങ്ങളിലും പർവ്വതം 'കയറിയിറങ്ങാൻ' അദ്ദേഹം എടുക്കുന്ന സമയം വെറും രണ്ട് മണിക്കൂർ മാത്രമാണ്. ഇന്നത്തെ കാലാവസ്ഥ അത്ര അനുയോജ്യമല്ലെന്നത് വീണ്ടും എന്നെ ഓർമ്മിപ്പിച്ചു സിയോൺ. അതിനാൽ കാഴ്ച കണ്ട് ആസ്വദിക്കാൻ നേരമില്ല. അദ്ദേഹത്തിന് പിന്നാലെ നടന്നു കയറാൻ തുടങ്ങി.

അൽഷിമേഴ്സ് രോഗത്തിൽ നിന്ന് പൂർണ്ണ മുക്തി എന്നൊന്നില്ല. രോഗം കുറഞ്ഞു വരാനും പ്രയാസമാണ്. പക്ഷെ, ഡോക്ടർമാരുടെ പിന്തുണയോടെ സിയോൺ ഇന്നും വിശ്വസിക്കുന്നു, ഈ അസുഖത്തെ പിടിച്ചുകെട്ടാൻ തന്റെ വ്യായാമത്തിനാകുമെന്ന്. വ്യായാമത്തിലൂടെ മാത്രം രോഗശാന്തി കണ്ടെത്തുമെന്ന്. പുതിയ കാല പരീക്ഷണങ്ങളും പഠന റിപ്പോർട്ടുകളും സിയോണിന്റെ പ്രതീക്ഷകൾക്ക് ഊർജം പകരുകയാണ്. 2017ൽ കാൻസസ് (kansas) സർവ്വകലാശാല 68 അൽഷിമേഴ്സ് രോഗികളിൽ നടത്തിയ പഠനത്തിലും അൽഷിമേഴ്സിന് വ്യായാമം പ്രതിവിധിയാകുന്ന നിഗമനങ്ങളാണ് ലഭിച്ചത്. ആറ് മാസക്കാലം ആഴ്ചയിൽ 150 മിനിട്ട് നീളുന്ന എയ്റോബിക് എക്സർസൈസ് ആയിരുന്നു ഈ സംഘം നടത്തിയത്.

സിയോണിന് ഇതിലൊന്നും അത്ഭുതമില്ല. എന്തിനാണ് 'നടക്കുന്നതെന്ന' എന്റെ ചോദ്യത്തോട് സിയോൺ പ്രതികരിച്ചത് ഇങ്ങനെയാണ് - "രണ്ട് കാര്യങ്ങളുണ്ട്. ആദ്യത്തേത് അൽപം കാൽപനികമാണ്. ഈ രാജ്യത്തെ എല്ലാ പർവ്വതങ്ങളുടെ മുകളിലും ഞാൻ ചെന്നെത്തിയിട്ടുണ്ട്. കൊനിസ്റ്റൺ ഓൾഡ് മാൻ പോലെ എല്ലാം തികഞ്ഞ മറ്റൊരു കൊടുമുടിയും എനിക്ക് കാണാനായിട്ടില്ല. വേഗത്തിലും സാവധാനത്തിലും കയറാം, സൗന്ദര്യമുണ്ട്, കാലാവസ്ഥയും ഊർജം തരും. ആരും ഈ പർവ്വതത്തിന്റെ മഹത്വം വാസ്തവത്തിൽ തിരിച്ചറിഞ്ഞിട്ടില്ല. അതി മനോഹരമാണ് ഈ ഇടം".

സിയോൺ തുടരുന്നു - രണ്ടാമത്തേത് ചെറിയ ഉത്തരമാണ് - "സ്ഥിരത", എനിക്ക് ചെയ്യാൻ പറ്റുന്ന ഒന്നാണ് ഈ പർവതത്തിന്റെ മുകളറ്റത്ത് തൊടുക എന്നത്.

സുഡോകുവും ക്രോസ് വേഡ്സും കളിച്ച് മനസിന്റെ സ്ഥിരത നിലനിർത്താൻ ശ്രമിക്കണമെന്ന ഉപദേശം അദ്ദേഹത്തിന് ലഭിക്കാറുണ്ട്. പക്ഷെ താൽപര്യമില്ല. ദിവസവും 5 മിനിട്ട് ക്രോസ് വേഡ് കളിക്കാൻ ശ്രമിച്ചിരുന്നു മുമ്പ്. പക്ഷെ, രണ്ടോ മൂന്നോ ഉത്തരത്തിൽ തട്ടി നിൽക്കുമ്പോൾ എനിക്ക് മടുപ്പാകും."

ഇനി വായിക്കാൻ ശ്രമിച്ചാലോ, വാചകത്തിന്റെ ഒടുവിലേക്കെത്തുമ്പോൾ തുടക്കം മറന്നുപോകും. പക്ഷെ ഓൾഡ് മാൻ 50 കൊല്ലം മുമ്പ് കയറിറങ്ങിയ കഥ ഇന്നലത്തെ പോലെ ഓർത്തെടുക്കും. വിരോധാഭാസമെന്നാണ് തന്റെ ഓർമ്മശക്തിയെ കുറിച്ച് സിയോൺ പറയുന്നത്.

തന്റെ ജീവിതവും മല കയറുന്നതുപോലെ സാഹസികമായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു. ഒന്നുമില്ലായ്മയിൽ വളർന്ന് വന്ന് പ്രമുഖ കമ്പനിയായ ആൽഫ്രഡ് ഹെർബെർട്ടി (Alfred Herbert)ലെ എഞ്ചിനിയറായ വ്യക്തിയാണ് അദ്ദേഹം. 1980കളെത്തിയപ്പോഴേക്കും ജീവിതം എല്ലാം തികഞ്ഞതായി. ധാരാളിത്തം കൂട്ടായപ്പോൾ വന്നതുപോലെ എല്ലാം കൈവിട്ടു. ഭാര്യയും മകനും ജോലിയും എന്തിന് വീട് പോലും.

എന്നിരുന്നാലും നടത്തവും മലകയറ്റവും എല്ലാത്തിൽ നിന്നും ആശ്വാസം തന്നു. പതുക്കെ ഓൾഡ് മാൻ പർവ്വതത്തിന്റെ ഇഷ്ട ആരോഹകനായി. ആദ്യ കയറ്റങ്ങളുടെ ത്രിൽ ഇപ്പോഴും ഉണ്ടോ എന്ന എന്റെ ചോദ്യത്തിന് സിയോൺ നൽകിയ മറുപടി ആയിരുന്നു രസകരം. "ഒരിക്കലുമില്ല. ആദ്യം ചലഞ്ച് ആയിരുന്നു. ഇഷ്ടപ്പെട്ടു തുടങ്ങിയ നിമിഷം ചലഞ്ച് അവസാനിച്ചു. ഒരു അൽഷിമേഴ്സ് രോഗി എപ്പോഴും എന്തെങ്കിലും പരിമിതമായ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കണം. എനിക്ക് ഇതിലും പരിചിതമായ മറ്റെന്തുണ്ട്?"

ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ ഈ വാചാലത ഇല്ല സിയോൺ ജയ്റിന്. കുടുംബവും കൂട്ടും ഇല്ലാത്ത ഒരാൾ. ഓൾഡ് മാൻ ഓഫ് കൊനിസ്റ്റൈണുമായുള്ള ബന്ധം മാത്രമാണ് ശാശ്വതമെന്ന് വിശ്വസിക്കുന്ന ആൾ. "ഞാൻ നന്നാകുന്നില്ലെന്ന് എനിക്കറിയാം. ഞാൻ പക്ഷെ, നശിക്കുന്നില്ലെന്നും നല്ല പോലെ അറിയാം" സിയോണിന്റെ വാക്കുകൾ.

കുറച്ച് വെള്ളം കുടിച്ച് പർവ്വതം ഇറങ്ങാൻ തുടങ്ങുകയായിരുന്നു ഞങ്ങൾ. അദ്ദേഹം ഒന്ന് ചിരിച്ചു - പാരമ്പര്യ വൈദ്യ ശാസ്ത്ര വാദങ്ങളെ മുഴുവൻ എതിർക്കുന്ന ശീലം ഇന്ന് അദ്ദേഹത്തിനുണ്ട്. തന്റെ ജീവിതം ചൂണ്ടിക്കാണിച്ചാണ് എതിർപ്പ് പ്രകടിപ്പിക്കുന്നത് തന്നെ.

വ്യായാമം എങ്ങനെ ഓർമ്മയെ നിലനിർത്തും?

ആഴ്ച്ചയിൽ 150 മിനിട്ട് നേരം കുറച്ച് ആയാസമുള്ള ശാരീരിക അധ്വാനത്തിൽ ഏർപ്പെടാനാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ദിവസം അര മണിക്കൂർ എന്ന കണക്കിൽ ഇതിനെ പഠിച്ചാൽ അഞ്ച് ദിവസത്തെ വ്യായാമം എന്നർത്ഥം. അൽഷിമേഴ്സ് സൊസൈറ്റി നൽകുന്ന ഉപദേശവും ഇതുതന്നെ.

പ്രത്യേകിച്ച് തയ്യാറെടുപ്പോ ഏതെങ്കിലും ഉപകരണത്തിന്റെ സഹായമോ ആവശ്യമില്ലാത്ത നടത്തമാണ് മറവിയെ തുരത്താൻ ആദ്യം വിദഗ്ധർ നിർദ്ദേശിക്കുന്ന മാർഗം. ഗാർഡനിംഗ്, നീന്തൽ, തായ് ചി എന്നിവയും ഗുണം ചെയ്യും.

പിരിമുറുക്കവും മറ്റ് വ്യക്തിപരമായ പ്രശ്നങ്ങളും മറവിക്ക് കാരണമാകുന്നുണ്ടെന്നാണ് നിഗമനം. ഉറക്കമില്ലായ്മ, അമിത മദ്യപാനം, ഭക്ഷണക്രമം ഇല്ലാതിരിക്കുക തുടങ്ങിയ ശീലങ്ങളും ഈ അവസ്ഥയ്ക്ക് ആക്കം കൂട്ടും.

വ്യായാമം ഓർമ്മ ശക്തി വർധിക്കാൻ കാരണമാകുമെന്നാണ് ബ്രിഗം യങ്ങ് സർവ്വകലാശാലയുടെ പുതിയ പഠനഫലം. ആരോഗ്യമുള്ള ആൺ എലികളിൽ നടത്തിയ പരീക്ഷണമായിരുന്നു അത്. പിരിമുറുക്കത്തിലേക്ക് ഇവയെ ആദ്യം എത്തിച്ചു. വ്യായാമം ശീലമാക്കിയവ ഈ അവസ്ഥയെ മറികടക്കുന്നതായാണ് ഗവേഷക സംഘം കണ്ടെത്തിയത്.


Next Story

Related Stories