TopTop
Begin typing your search above and press return to search.

രാജ്യത്തെ ജനങ്ങളുടെ ഭക്ഷണരീതി ചിട്ടയില്ലാത്തതും അസന്തുലിതവുമെന്ന് ആരോഗ്യമന്ത്രാലത്തിന്റെ സര്‍വ്വേഫലം

രാജ്യത്തെ ജനങ്ങളുടെ ഭക്ഷണരീതി ചിട്ടയില്ലാത്തതും അസന്തുലിതവുമെന്ന് ആരോഗ്യമന്ത്രാലത്തിന്റെ സര്‍വ്വേഫലം

ശരീരം ആവശ്യപ്പെടുന്ന പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തോടെയിരിക്കാന്‍ നല്ലത്. സമീകൃതാഹാരം(balanced diet) എന്ന ആശയം നല്ല ആഹാരശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിന് അവതരിപ്പിച്ചതാണ്. എത്ര കഴിക്കുന്നു എന്നതില്‍ മാത്രമല്ല, എന്ത് കഴിക്കുന്നു എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ജീവിതശൈലി രോഗങ്ങളും പാരമ്പര്യ രോഗങ്ങളുമുള്‍പ്പെടെ പലരെയും അലട്ടുന്നത് ഇത്തരത്തില്‍ ആഹാരക്രമം ശരിയാല്ലാത്തതിനാലാണ്. നല്ല ഭക്ഷണത്തെപ്പറ്റി ബോധമുള്ളവരാണ് നമ്മളെങ്കിലും ഇവയൊക്കെ കഴിക്കുന്ന കാര്യത്തില്‍ ഏറെ പിന്നിലാണെന്ന് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ജനസംഖ്യയില്‍ പകുതിയിലേറെപ്പേരും, വിശേഷിച്ച് സ്ത്രീകള്‍, സന്തുലിതമായ ആഹാരരീതി പിന്തുടരുന്നില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വെ (nfhs-4) പറയുന്നത്.

വിഷരഹിത പച്ചക്കറി, പഴവര്‍ഗങ്ങള്‍, ധാന്യം, പയറ് വര്‍ഗങ്ങള്‍, പാല്, മുട്ട, മാസം എന്നിങ്ങനെ ആരോഗ്യത്തിന് വേണ്ടതെല്ലാം കൃത്യമായ അളവില്‍ ശരീരത്തിലെത്തണം. പ്രോട്ടീന്‍, കൊഴുപ്പ്, വൈറ്റമിന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിങ്ങനെ ശരീരത്തെ നിലനിര്‍ത്തുന്ന പോഷകങ്ങള്‍ എറ്റവുമധികം അടങ്ങിയത് മേല്‍പ്പറഞ്ഞ ഭക്ഷ്യവസ്തുക്കളിലാണ്. ആരോഗ്യമന്ത്രാലയം നടത്തിയ സര്‍വ്വേയില്‍ ഈ വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

2015-16ല്‍ നടത്തിയ സര്‍വ്വെയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. വേറിട്ട ഭക്ഷണരീതി ശീലമാക്കിയ വിവിധ സ്ത്രീകളുടെ ആരോഗ്യനില സംബന്ധിച്ച പഠനവും നടന്നു. ഇതനുസരിച്ച്, രാജ്യത്തെ 47% സ്ത്രീകള്‍ മാത്രമാണ് ദിവസവും പച്ചക്കറിയും ഇലവര്‍ഗങ്ങളും കഴിക്കുന്നത്! 38% പേര്‍ ആഴ്ചയിലൊരിക്കലും. 45% സ്ത്രീകള്‍ ദിവസവും പയറും ധാന്യങ്ങളും കഴിക്കുമ്പോള്‍ മറ്റൊരു 45% ഇത് ആഴ്ചയിലൊരിക്കലെന്ന കണക്കില്‍ കഴിക്കുന്നവരാണ്. പാലും തൈരും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും 45% പേരാണ്. 23% പേര്‍ ആഴ്ചയിലൊരിക്കലും 25% പേര്‍ 'ആണ്ടിലൊരിക്കലും' പാലും തൈരും ഇഷ്ടപ്പെടുന്നു. രാജ്യത്തെ 7% സ്ത്രീകള്‍ക്ക് പാലും വേണ്ട തൈരും വേണ്ട!

ഈ ശതമാനക്കണക്കുകളില്‍ ഭൂരിപക്ഷം, കഴിക്കാനുണ്ടായിട്ടും വേണ്ടാന്നുവെക്കുന്നവരാണ്. എങ്കിലും ഇല്ലായ്മകൊണ്ട് നല്ല ഭക്ഷണം ശീലിക്കാന്‍ പറ്റാത്തവരുടെ സംഖ്യയും കുറവല്ല. ദാരിദ്ര്യമാണ് ഇന്നും ഏറെപ്പേരെയും അലട്ടുന്ന വലിയ പ്രതിസന്ധി. ലിംഗവിവേചനം സജീവമായ സമൂഹത്തില്‍, കഴിക്കാന്‍ നല്ലതൊന്നും കിട്ടാത്തതിന് അതുമൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു. ഈ വിവേചനം നിലനില്‍ക്കുന്ന പശ്ചാത്തലത്തെ രണ്ടായി തിരിക്കാം-ഒന്ന്, ദിവസേന പാലും മുട്ടയും നല്ല പച്ചക്കറികളുമൊന്നും വാങ്ങിക്കൂട്ടാന്‍ ശേഷിയില്ലാത്തവര്‍. മറ്റൊന്ന്, ആണിനെയും പെണ്ണിനെയും ഓരേപൊലെ ഭക്ഷണം കൊടുത്ത് വളര്‍ത്താന്‍ ഇഷ്ടപ്പെടാത്തവര്‍. ഇന്ത്യയില്‍ സ്ത്രീകളില്‍ വിളര്‍ച്ചാ(anaemia)രോഗം വര്‍ദ്ധിക്കുന്നതിന് ഒരു കാരണം ഇതാണ്. 'പെണ്‍കുട്ടികള്‍ ഒത്തിരി കഴിച്ചുവളരേണ്ടവരല്ലെ'ന്ന പൊതുബോധം ഇന്നും നിലനില്‍ക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സര്‍വ്വേയിലൂടെ പുറത്തുവന്നത്.

നല്ല ഭക്ഷണവും ആരോഗ്യവുമുള്‍പ്പെടെ എല്ലാം വേണ്ടാന്നുവെച്ച ശതമാനത്തിന് പറയാന്‍ കാരണമൊന്നേയുള്ളു; ജങ്ക് ഫുഡിനോടാണ് പ്രിയം. ഇക്കൂട്ടത്തില്‍ യുവതികളാണ് ഏറെ മുന്നിലെന്നും nfhs-4 സര്‍വ്വെ പറയുന്നുണ്ട്.

ജീവിതശൈലി രോഗങ്ങള്‍ പരമാവധി ഒഴിവാക്കാനാണ്, നിര്‍ദ്ദിഷ്ട അളവില്‍ പച്ചക്കറിയും പഴവും മുട്ടയുമൊക്കെ ആഹാരത്തിലുള്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ആഴ്ചയിലൊരിക്കല്‍ പോലും പഴവര്‍ഗങ്ങള്‍ കഴിക്കാത്ത 54% സ്ത്രീകളുണ്ട് നമ്മുടെ രാജ്യത്ത്. മത്സ്യവും മാംസവും മുട്ടയും പാലും ദിവസവും ഉപയോഗിക്കുന്നവരുടെ എണ്ണവും തീരെ കുറവാണ്. ആഴ്ചയിലൊരിക്കലെങ്കിലും ഇവ ഉപയോഗിക്കാനിഷ്ടപ്പെടുന്നവരുടെ കണക്ക് ഇതിലും മൂന്ന് മടങ്ങ് താഴേക്കും. പ്രമേഹം, പൊണ്ണത്തടി, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിങ്ങനെ സാംക്രമികേതര രോഗങ്ങള്‍ വര്‍ധിക്കാനുള്ള കാരണം വറുത്തതും പൊരിച്ചതും ആരോഗ്യകരമല്ലാത്ത പാനീയങ്ങളുടെ ഉപയോഗവുമാണ്.

ഇന്ത്യയില്‍ പൊതുവെ പുരുഷനും സ്ത്രീയും ഒരേ ഭക്ഷണമാണ് കഴിക്കുന്നതെങ്കിലും ആരോഗ്യത്തിന് വേണ്ടതൊക്കെ സ്ത്രീയേക്കാളും കഴിക്കുന്നത് പുരുഷനാണ്. സ്ത്രീകളില്‍ വലിയൊരു ശതമാനം ഉപേക്ഷിച്ച മീനും മുട്ടയും ഇറച്ചിയും, താരതമ്യേന പുരുഷന്മാര്‍ക്ക് പ്രിയപ്പെട്ടതുമാണ്.

ഇന്ത്യയില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ദ്ധിച്ചത്, പഴവും പച്ചക്കറിയും അളവ് കുറച്ച് ഉപയോഗിക്കാന്‍ ശീലിച്ച കാലംതൊട്ടാണ്. പ്രമേഹവും കരള്‍ രോഗങ്ങളും ക്യാന്‍സറും തടയാന്‍ വരെ ശേഷിയുണ്ട്, ലഭ്യതയില്‍ ഒട്ടും പിന്നോട്ടല്ലാത്ത ഈ ഭക്ഷണസാധനങ്ങള്‍ക്ക്. അടുക്കളതോട്ടവും ഓര്‍ഗാനിക് പച്ചക്കറിയും 'ആഹ്വാനത്തിനും ഉപദേശത്തിനും' മാത്രമുള്ളതാണെന്ന് തെളിയിച്ചിരിക്കുകയാണ് നമ്മള്‍. ഓരോ വര്‍ഷവും പുതിയ പേരുമായി പുത്തന്‍ രോഗങ്ങള്‍ പടികടന്നുവരുന്നതും നമ്മുക്കൊരു പ്രശ്നമല്ലാതായി. അല്ലെങ്കില്‍, ഇത്രയധികം പേര്‍ക്ക് നല്ല ഭക്ഷണം വേണ്ടാന്നുവെക്കാനാകുമോ? സമയം വൈകിയിട്ടില്ല, നമ്മുക്ക് മികച്ച ഭക്ഷണസംസ്‌കാരത്തിലേക്ക് മടങ്ങാം. അടുക്കളയില്‍ നിന്ന് ആഹാരം, അതുവഴി ആരോഗ്യം. ഇതാവട്ടെ ഇനി മുതലുള്ള ശീലം.


Next Story

Related Stories