TopTop

ഉണക്കിപ്പൊടിച്ച മുരിങ്ങയിലയുടെ വില കിലോയ്ക്ക് 3500 രൂപ വരെ; സൂപ്പര്‍ഫുഡാണ് മുരിങ്ങ

ഉണക്കിപ്പൊടിച്ച മുരിങ്ങയിലയുടെ വില  കിലോയ്ക്ക് 3500 രൂപ വരെ; സൂപ്പര്‍ഫുഡാണ് മുരിങ്ങ
ചീരയും പയറും കറിവേപ്പും, ഒത്താലൊരു മുരിങ്ങയും... ഒരു മലയാളിയുടെ വീടാണെങ്കില്‍ അടുക്കളയ്ക്ക് പുറത്ത് ഇങ്ങനെ ചിലതുണ്ടാകും. എന്നാലിപ്പോള്‍ കൂട്ടത്തിലെ ഒന്നാം സ്ഥാനക്കാരന്‍ മുരിങ്ങ(moringa)യാണ്. കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങിനില്‍ക്കുന്നതല്ല മുരിങ്ങയുടെ മാഹാത്മ്യം. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (Food and Agriculture Organisation), ജനുവരി മാസത്തെ ഏറ്റവും മികച്ച വിളയായി തെരഞ്ഞെടുത്തത് അടിമുടി ഭക്ഷ്യയോഗ്യമായ നമ്മുടെ മുരിങ്ങയെയാണ്.

ഹിമാലയന്‍ താഴ്‌വരകളാണ് മുരിങ്ങയുടെ സ്വദേശം. ഇന്ത്യയിലും തെക്ക്-കിഴക്കന്‍ ഏഷ്യയിലും കിഴക്കന്‍ ആഫ്രിക്കയിലും വന്‍തോതില്‍ കൃഷിചെയ്യപ്പെടുന്നുണ്ട് മുരിങ്ങ. ഇലയും പൂവും കായും എന്നുവേണ്ട വേരില്‍ പോലും അടങ്ങിയിരിക്കുന്ന ഔഷധ-ഭക്ഷ്യ ഗുണങ്ങളാണ് മറ്റു ചെടികളില്‍ നിന്ന് മുരിങ്ങയെ വ്യത്യസ്തമാക്കുന്നത്. മാത്രവുമല്ല, മലിനജലത്തെ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള വിത്തും മുരിങ്ങയുടെ മാത്രം പ്രയോജനമാണ്.

ഈ മേന്മകളൊക്കെയാണ് അന്താരാഷ്ട്ര തലത്തില്‍ മുരിങ്ങയുടെ പേരുയര്‍ത്തിയതും. തീര്‍ന്നില്ല, മുരിങ്ങയെ ടൈം മാസിക വിശേഷിപ്പിച്ചത് അടുത്ത 'ക്വിനോവ'(Quinoa)യായിട്ടാണ്. പോഷക കലവറയെന്ന് വിശേഷണമുള്ള ധാന്യമായ 'ക്വിനോവ'യുടെ ജനപ്രീതി ചുരുങ്ങിയ കാലത്തിനുള്ളിലാണ് ഉയര്‍ന്നത്. ആ നിലവാരത്തിലേക്ക് മുരിങ്ങയും എത്തിയെന്നാണ് ടൈം മാഗസിന്റെ നിരീക്ഷണം.

ഇവിടെയും അവസാനിക്കുന്നില്ല, പ്രമുഖ അമേരിക്കന്‍ വെബ്‌സൈറ്റായ ഹഫിംഗ്ടണ്‍ പോസ്റ്റ്(Huffington Post) 'കാഴ്ചയില്‍ വമ്പനായ മുരിങ്ങയെപ്പറ്റി തീര്‍ച്ചയായും അറിഞ്ഞിരിക്കണ'മെന്ന് പറയുന്നു. ആരാധകരേറിയപ്പോള്‍ ശത്രുപക്ഷം പറയാനും ആളുണ്ടെന്ന ഗതിയാണ് മുരിങ്ങക്ക്. പ്രശസ്തി പോലെ അന്താരാഷ്ട്ര തലത്തിലാണ് മുരിങ്ങക്കെതിരെ മുന്നറിയിപ്പും എത്തിയത്. പ്രമുഖ ന്യുട്രീഷനിസ്റ്റും സൗന്ദര്യ വിദഗ്ധയുമായ കിംബേര്‍ലി സിന്റര്‍(Kimberley Sinder) ചീരയുടെ രണ്ടിരട്ടി മാംസ്യവും മൂന്നിരട്ടി ഇരുമ്പിന്റെ അംശവും അടങ്ങിയതാണ് മുരിങ്ങയെന്നും സൂക്ഷിച്ച് 'കൈകാര്യം' ചെയ്യണമെന്നും പറയുന്നു.അതേസമയം, ഈ വാദത്തെ അമേരിക്കക്കാര്‍ തന്നെ പൊളിച്ചടുക്കി. മുരിങ്ങയില്‍ ഉയര്‍ന്ന തോതില്‍ ഇരുമ്പിന്റെ അംശം അടങ്ങിയിട്ടില്ലെന്ന് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ എക്‌സ്പിരിമെന്റല്‍ ബയോളജി (Federation of American Society for Experimental Biology)യുടെ മാസിക പുറത്തുവിട്ട പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. പോയവര്‍ഷം നടത്തിയ പഠനത്തില്‍ മുരിങ്ങയുടെ ജൈവലഭ്യത (bio-availability) കുറവാണെന്നും പറയുന്നു. മാത്രമല്ല, മുരിങ്ങയിലുള്ള ഫൈറ്റിക് ആസിഡി(phytic acid)ന്റെ സാന്നിധ്യം, ശരീരത്തിലേക്ക് ഇരുമ്പിന്റെ അംശം കൂടുതലായി ആഗിരണം ചെയ്യുന്നത് തടയാന്‍ ശേഷിയുള്ളതുമാണത്രെ.

ഇതേ മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം നീര്‍ക്കെട്ട്, വീക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് മുരിങ്ങ; ഈ ഗുണം ഏറെ അടങ്ങിയ മഞ്ഞളിനേക്കാളും മുമ്പില്‍. ശരീരത്തിന്റെ വീക്കം മാറികിട്ടാന്‍ മുരിങ്ങവേരും മുരിങ്ങപ്പൂവും ഔഷധമാണ്. വൈറ്റമിന്‍ എയും സിയും പ്രദാനം ചെയ്യുന്ന അമിനോ ആസിഡുകളുടെയും ധാതുക്കളുടെയും കലവറ കൂടിയാണ് മുരിങ്ങ. വീട്ടിലൊരു മുരിങ്ങയില്ലെങ്കില്‍ പോലും വിഷമിക്കാനില്ല മലയാളിക്ക്. തുച്ഛമായ വിലയില്‍ മുരിങ്ങക്കായും ഇലയുമൊക്കെ ലഭ്യമാണ്. പക്ഷെ, ഉണക്കിപ്പൊടിച്ച മുരിങ്ങയിലയുടെ വിപണി വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും, കിലോയ്ക്ക് 3500 രൂപ വരെ.

നമ്മുടെ സാദാഫുഡ് ആയ മുരിങ്ങ സൂപ്പര്‍ഫുഡ് ആയി മാറിയെന്ന് ഇനിയെങ്കിലും ബോധ്യപ്പെടണം മലയാളിക്ക്. കൂടുതല്‍ പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. സ്റ്റാറ്റസ് ഉയരുന്തോറും വേണ്ടത്ര ഗൗനിച്ചില്ലെങ്കില്‍ നാടുവിടാനും സാധ്യതയുണ്ട്, ഇപ്പോള്‍ ഈ താരം


Next Story

Related Stories