TopTop

ഇക്കൊല്ലം ഒത്തിരി വ്യായാമം ചെയ്യേണ്ട; നമുക്ക് നന്നായി 'ചലിക്കാം'

ഇക്കൊല്ലം ഒത്തിരി വ്യായാമം ചെയ്യേണ്ട; നമുക്ക് നന്നായി
പരമാവധി പൈസ ചെലവാക്കി 'കഴിച്ചും കുടിച്ചും' ആഘോഷമാക്കുന്ന വര്‍ഷാന്ത്യം, ഇരട്ടി പൈസ ചെലവില്‍ 'കലോറിയെ കുടിയിറിക്കാന്‍' ശ്രമിക്കുന്ന പുതുവര്‍ഷം. എന്തൊരൂ വിരോധാഭാസമാണല്ലെ? ഉപഭോഗസംസ്‌കാരം നമ്മള്‍ ഉത്സവമാക്കുന്നത് ഇങ്ങനെയൊക്കെയാണ്. പുതുവര്‍ഷ പ്രതിജ്ഞകളില്‍ മുന്‍പന്തിയിലിടം പിടിക്കുന്ന ഒന്നാണ് വ്യായാമം. നേരത്തെ പറഞ്ഞതുപോലെ, വര്‍ഷാവസാനം തിമിര്‍ത്ത് ആഘോഷിച്ചത് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ മാഞ്ഞുപോകാനുള്ള തന്ത്രം. തീര്‍ച്ചയായും ശരീരത്തിന് വ്യായാമത്തോളം നല്ലൊരു മരുന്ന് കിട്ടാനില്ല.

പക്ഷെ, പുഷ് അപ്പും സിറ്റ് അപ്പും എണ്ണിയെടുക്കുന്നതും, ട്രെഡ്മില്ലും സ്റ്റെപ്മില്ലും നടന്നുകയറി ജയിക്കുന്നതും മാത്രമാകുന്നു, വ്യായാമമുറകള്‍. ഹൈ ഇന്റന്‍സിറ്റി ട്രെയ്നിംഗ് (high intensity training) കവര്‍ന്നെടുത്ത നേരങ്ങളില്‍, നമ്മള്‍ മനഃപൂര്‍വ്വം മാറ്റിവെച്ച ചിലതുണ്ട്. ശരീരം നന്നായി ചലിപ്പിച്ച് പണ്ടേക്കുപണ്ടേ ശീലിച്ച ചില വ്യായാമരീതികള്‍. ഓര്‍ക്കുക, ശരീരത്തിന് ലഭിക്കുന്ന എല്ലാ വ്യായാമങ്ങളും ചലനമാണ് എന്നാല്‍, എല്ലാ ചലനവും വ്യായാമമല്ല.

വിഖ്യാത ബയോമെക്കാനിസ്റ്റ് (Biomechanics- is considered as a subfield within the discipline of kinesiology, or the study of how people move) കാത്തി ബോമാന്‍ (Kathy Bowman)ന്റെ 'മൂവ്മെന്റ് മൂവ്മെന്റ്' എന്ന കൃതി, ഈ സാഹചര്യത്തെ വളരെ വിശദമായി വിലയിരുത്തുന്നുണ്ട്. 'ചലനം' എന്ന പ്രക്രിയ ഇല്ലാതാകുന്നതിന് ഉപഭോഗ സംസ്‌കാരം വഴിയൊരുക്കിയെന്നതാണ് കാത്തി ബോമാന്റെ വിശകലനം. ടീ ബാഗിലും, ലാപ്ടോപ്പിലും, കാറിന്റെ താക്കോല്‍ ജോഡികളിലുമെല്ലാം, ചലനാവസ്ഥയോടുള്ള വിമുഖതയാണ് കാണാനാകുന്നതെന്ന് കാത്തി ബോമാന്‍ പറയുന്നു. ദൈനംദിന ചലനങ്ങളെ ക്യാപ്സൂള്‍ പരുവത്തില്‍ കൈപ്പിടിയിലൊതുക്കാനാണ് ഭൂരിഭാഗവും ശ്രമിക്കുന്നത്.

വീട്ടിലെ ട്രെഡ്മില്‍ എക്സെര്‍സൈസിനും ജിമ്മിലെ പരുവപ്പെടുത്തലിനും എടുക്കുന്ന സമയദൈര്‍ഘ്യത്തില്‍ അഭിമാനിക്കുന്ന 'വ്യായാമ പ്രേമികള്‍', ഉപകരണ വിപണികളുടെയും രാശിയാണ്. ഓരോ ടൗണിലും ഒരു ജിംനേഷ്യമെങ്കിലുമെന്ന കാഴ്ച, ചുരുങ്ങിയ സമയത്തിലാണ് നമ്മുക്ക് സാധ്യമായത്. എങ്കിലും ഏത് വിഭാഗത്തിലുമെന്നതുപോലെ, ഇവയുടെയൊന്നും ലഹരി പിടിച്ചിട്ടില്ലാത്ത ന്യൂനപക്ഷം, വ്യായാമ വിഷയത്തില്‍ മുന്‍ തലമുറകളെ മാതൃകയാക്കി ജീവിക്കുന്നുണ്ട്. അതായത് അടിമുടി, ചലനം അഥവ മൂവ്മെന്റിന് മുന്‍തൂക്കം നല്‍കി.

ഈ ചലനമെന്നത് സിംപിളും പവര്‍ഫുളും മാത്രമല്ല, ഏത് നേരത്തും ആക്സസബിളുമാണ്. നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപൃതരാകുമ്പോള്‍, ട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോള്‍ എന്നുവേണ്ട എവിടെയും എപ്പോഴും മൂവ്മെന്റ് സാധ്യമാണെന്നര്‍ത്ഥം. ശരീരത്തിന് ആവശ്യമായ ചില ചലനരീതികളില്‍, ഞങ്ങളുടെ വിദഗ്ധസംഘത്തിന് പറയാനുള്ളത് ശ്രദ്ധിക്കുക.

1. നല്ലപോലെ താഴട്ടെ!

പച്ചമലയാളത്തില്‍ 'കുത്തിയിരിപ്പ്'. നിലത്ത് കൂട്ടിയ അടുപ്പുകല്ലില്‍ പാചകം ചെയ്യുമ്പോഴും, ഇന്ത്യന്‍ ക്ലോസറ്റുകള്‍ ഉപയോഗിക്കുമ്പോഴും, വിശ്രമനേരങ്ങളില്‍ തറയിലുള്ള പതുങ്ങിയിരിപ്പുമൊക്കെ സാധാരണക്കാര്‍ക്ക് ചിരപരിചിതമാണ്. പക്ഷെ, ഓഫീസ് ജോലികള്‍ക്ക് മാത്രം നേരം കിട്ടുന്നവര്‍ക്ക് ഇതൊരു സങ്കല്‍പം മാത്രമാണ്. മുട്ട് വേദനയില്ലാതെ നന്നായി വളച്ച്, ഇത്തരത്തില്‍ ഇരിക്കാന്‍ സാധിക്കുന്നത് ശരീരത്തിന് ഗുണമാണ്. ശീലമില്ലാത്തവര്‍ക്ക് തുടക്കത്തില്‍ അനുഭവപ്പെടുന്ന വേദന അസഹ്യമായിരിക്കും. പക്ഷെ, ദിവസവും ഒരു രണ്ടു മിനിറ്റ് ഇങ്ങനെ ചിലവിട്ട് നോക്കൂ!

2. ഈ 'തറ'യൊരു സംഭവമാണ്

തറയോട് ചേര്‍ന്ന് കിടന്നോ ഇരുന്നോ ശീലമുള്ളവരാണോ നിങ്ങള്‍? അല്ലെങ്കില്‍ തറനിരപ്പിനോട് ചേര്‍ന്ന് കിടന്ന് യോഗ ചെയ്യാറുണ്ടോ? രാവിലെയോ വൈകിട്ടോ (അല്ലെങ്കില്‍ രണ്ടു നേരവും) 20 മിനിട്ട് വീതം യോഗ പരിശീലിക്കുന്നത് ചലനശേഷിയെ സ്വാധീനിക്കുമെന്ന് ലണ്ടന്‍ സ്വദേശിയായ പ്രശസ്ത യോഗ പരിശീലക ട്രേസി എല്ലിസ് (Tracey Ellis) പറയുന്നു. അഭ്യാസങ്ങള്‍ക്കനുസരിച്ച് ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധചെലുത്തി ചിട്ടയായി ചെയ്യുന്ന യോഗ, ഊര്‍ജ്ജവും ഉന്മേഷവും പകരുമെന്നാണ് എല്ലിസിന്റെ പക്ഷം.

3. നടപ്പിലെ നന്മ

കേട്ടും പറഞ്ഞും പഴകിയതാണ് നടത്തത്തിന്റെ ഗുണമെങ്കില്‍പോലും തികച്ചും ഉന്മേഷദായകമാണിത്. ഇനിയിപ്പോള്‍ ഇതിനായി സമയം മാറ്റിവെക്കാനില്ലാത്തവര്‍ക്ക് പതിവ് ദിവസത്തെ ചെറിയ ദൂരത്തേക്ക് കാറിനെ ആശ്രയിക്കാതെ നടന്നും മറ്റും ഉപയോഗപ്രദമാക്കാം. പാര്‍ക്കിലും വീട്ടിലും വീടിന്റെ പരിസരത്തും വല്ലപ്പോഴും ചെരിപ്പില്ലാതെ നടക്കണമെന്നും എല്ലിസ് പറയുന്നു. ഭൂമിയില്‍ ചവിട്ടി നടക്കുന്നത് ജീവശാസ്ത്രപരമായി കാലിന് ഗുണം ചെയ്യുമെന്നും എല്ലിസിന് അഭിപ്രായമുണ്ട്. തീര്‍ത്തും കനം കുറഞ്ഞ (minimalist shoes) ഷൂസിന്റെ ഉപയോഗം ഇതേ ഗുണം പ്രദാനം ചെയ്യുമെന്നാണ് ബോമാന്‍ (Bowman) പറയുന്നത്.

4. നിവര്‍ന്നിരിക്കണം

ചലനമാണ് വിഷയമെങ്കിലും ഇരിക്കുന്നതിലെ ആകൃതിയും ഈ പറയുന്ന കാര്യങ്ങളും തമ്മില്‍ ബന്ധമുണ്ട്. ഓഫീസ് ജോലികളില്‍ മുഴുകുന്നവരാണ് ഇത് ശ്രദ്ധിക്കേണ്ടത്. കസേരയില്‍ 90 ഡിഗ്രി അളവില്‍ ഏറെ നേരം ചെലവിടുന്നത് ശരീരത്തിന് ദോഷം ചെയ്യും. എങ്ങനെ ഇരിക്കണമെന്നല്ലെ? ചെരിപ്പ് ആദ്യം ഊരിമാറ്റുക. ഓഫീസ് ചെയറില്‍ ചമ്രം പടിഞ്ഞ് (കാലുകള്‍ ക്രോസ് ചെയ്ത്) ഇരിക്കുക. അല്ലെങ്കില്‍ നിലത്തൊരു കുഷ്യന്‍ തയ്യാറാക്കി അതില്‍ നേരത്തെ പറഞ്ഞതുപോലെ ഇരിക്കുക. ലാപ്ടോപ്പിനുള്ള സ്ഥലം നിങ്ങളുടെ മടിത്തട്ടല്ല, നേരെ മുമ്പിലുള്ള കോഫി ടേബിള്‍ ആണെന്ന് മറക്കരുത്.

5. ഭാരം ചുമക്കാന്‍ റെഡിയാണോ?

ഇങ്ങനെയൊക്കെ ചെയ്താലും അത്യാവശ്യം വന്നാല്‍ ഒരു 'കനമുള്ള കെട്ട്' ചുമക്കാന്‍ തയ്യാറുണ്ടോ. മുന്‍തലമുറയുടെ സിക്സ് പാക്കില്ലാത്ത ആരോഗ്യമുള്ള ശരീരത്തിന്റെ പ്രത്യേകത അതായിരുന്നു; ചാക്കുകെട്ടോ, ഭക്ഷണസാധനമോ, വേണ്ടിവന്നാല്‍ കുട്ടികളെയും എടുത്തുപൊക്കി മറ്റൊരിടം വരെ ചുമക്കാനുള്ള ശേഷി. ഈ പറഞ്ഞതെല്ലാം (കുട്ടികളൊഴിച്ച്) വീട്ടുവാതുക്കല്‍ എത്തിക്കാന്‍ സൗകര്യമുള്ള കാലത്ത്, എന്തിന് ഭാരം ചുമക്കണം അല്ലേ? പച്ചക്കറി വാങ്ങാന്‍ ആഴ്ചയില്‍ രണ്ടു തവണ പോകാറില്ലെ? നടന്നുപോയി സാധനം വാങ്ങിവരൂ, കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരെയും കൂട്ടിക്കോ, എടുത്ത് നടക്കണമെന്ന് മാത്രം.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുമെങ്കിലും വെറുതേ കളയണ്ട. മനുഷ്യന്റെ കാര്യമാണ്. ഈ യന്ത്രത്തിന് നന്നായി ഓടാനുള്ള എണ്ണയിടലാണ് മേല്‍പറഞ്ഞതൊക്കെ.


Next Story

Related Stories