TopTop
Begin typing your search above and press return to search.

പേടിക്കേണ്ടത് വൈറസിനെയല്ല, ചെള്ളിനെ

പേടിക്കേണ്ടത് വൈറസിനെയല്ല, ചെള്ളിനെ

സാര്‍സ്, എബോള, മെര്‍സ്...ചെറിയ പേരുകളില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരത കഴിഞ്ഞ 17 വര്‍ഷങ്ങളായാണ് ലോകത്തെ അലട്ടി തുടങ്ങിയത്. ഒടുവിലായി എത്തപ്പെട്ട സിക്ക വൈറസും ജീവനെടുക്കാന്‍ ശേഷിയുള്ളതായിരുന്നു. വൈറസ് ബാധയായതിനാല്‍ എവിടെയും ഏത് നാട്ടിലുമുണ്ടായേക്കാവുന്നതെന്ന ഭീതി വേറെ. തുടക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മൃഗങ്ങളിലാണെന്നതാണ് ഈ രോഗങ്ങളുടെ പൊതുവായ പ്രത്യേകത.

ഇനിയുള്ള കാലം ഈ വൈറസുകളെയല്ല, ചെള്ളി(ticks)ന് സമാനമായ ചെറുപ്രാണികളില്‍ നിന്ന് മനുഷ്യശരീരത്തെ ബാധിക്കാനിടയുള്ള അസുഖങ്ങളെയാണ് ഭയക്കേണ്ടതെന്ന് ശാസ്ത്രലോകം പറയുന്നു. ഏറ്റവും വേഗത്തില്‍ ഒരു രോഗാണുവിനെ വഹിക്കാനും പടര്‍ത്താനും ചെറുപ്രാണികള്‍ക്കുള്ള കഴിവ് മറ്റൊന്നിനുമില്ല; തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കയില്‍ പോലും കാണപ്പെടും ഇവ. വേണ്ടതെന്തും ആതിഥേയ ശരീരത്തില്‍ നിന്ന് വലിച്ചെടുക്കുന്ന ആഹാരരീതിയാല്‍, 'സ്വാഭാവിക ലോകത്തെ ഉപയോഗിച്ച സിറിഞ്ചുകള്‍'(used syringes of the natural world) എന്ന വിളിപ്പേരുമുണ്ട്.

വിഷാണുവാഹകരായ സൂക്ഷ്മജീവികളെന്ന് പ്രസിദ്ധി നേടുകയാണ് മനുഷ്യനിലേക്ക് വ്യാപിക്കുന്ന ചെള്ളുകള്‍. പുതിയ ഇനം ചെറുപ്രാണികളുടെ വ്യാപനം ഓരോ വര്‍ഷവും ശാസ്ത്രഞ്ജര്‍ കണ്ടെത്താറുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇവയുടെ വ്യാപനത്തെ ബാധിക്കുന്ന പ്രധാന ഘടകമാണ്. ചൂട് കൂടിയ പ്രദേശങ്ങളില്‍ പെറ്റുപെരുകുന്നവയാണ് പ്രാണിവര്‍ഗങ്ങളൊക്കെയും. അതേസമയം, തണുത്ത കാലാവസ്ഥയ്ക്ക് ഇവയുടെ വ്യാപനത്തെ ഒരു പരിധിവരെ തടയാനാകും.

ബാക്ടീരിയ, വൈറസ്, പ്രോട്ടോസോവ എന്നിങ്ങനെ മനുഷ്യനില്‍ രോഗകാരണമാകുന്നവയുടെ വാഹകരാണ് ഇത്തരം ചെറുജീവികള്‍. ബാക്ടീരിയ, വൈറസ് ബാധകള്‍ മൂലം ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ ശരീരത്തെ ബാധിക്കാറുണ്ടെങ്കിലും തീര്‍ത്തും മാരകമായ രോഗാവസ്ഥയിലേക്ക് ഒരു മനുഷ്യനെ എത്തിക്കാനും ഇവയ്ക്ക് കഴിയും.

1. ടിക് ബോണ്‍ റിക്കറ്റിയോസിസ് (tick borne rickettsiosis-TBR): ബാക്ടീരിയ ആണ് രോഗകാരണം. പേശിവേദന, സന്ധിവേദന, തടിപ്പ് തുടങ്ങിയ ലക്ഷണങ്ങളാല്‍ കാണപ്പെടുന്ന രോഗം പൊതുവെ മരണകാരണമാകാറില്ല. ആന്റിബയോട്ടിക്കാണ് പ്രതിരോധം (doxycycline). രോഗം തിരിച്ചറിയാതെയുള്ള ചികിത്സ, മരണത്തിലേക്കെത്തിച്ചെന്നും വരാം.

2.ബേബ്‌സിയോസിസ് (babesiosis): മലേറിയ രോഗാണുവാഹകരായ സൂക്ഷ്മാണുക്കള്‍ക്ക് സമാനമാണ് ബേബ്‌സിയ(babesia). പ്രോട്ടോസോവ വാഹകരായ ഇവ പരത്തുന്ന അസുഖമാണ് ബേബ്‌സിയോസിസ്. രോഗം ബാധിച്ച് ഏറെനാള്‍ കഴിഞ്ഞാകും ലക്ഷണങ്ങള്‍ പ്രകടമാവുക. പനി, ഛര്‍ദി, ചുവന്ന പാടുകള്‍ തുടങ്ങി മറ്റുരോഗലക്ഷണങ്ങള്‍ കാണപ്പെടുമെന്നതിനാല്‍ ചികിത്സ എളുപ്പമാകില്ല. മരണം വരെ സംഭവിക്കാവുന്ന സാഹചര്യമാണിത്.

3.ക്രിമീന്‍ (crimean-congo haemorrhagic fever-CCHF): രോഗബാധയേറ്റ മനുഷ്യരില്‍ 40% വരെ മരണസാധ്യതയുള്ള മാരകരോഗം. ചികിത്സയില്ലെന്നതാണ് അവസ്ഥ. പ്ലേഗും എബോളയും സൃഷ്ടിക്കുന്ന അതേ ഭീതിയാണ് ക്രിമീന്‍ രോഗവും ലോകത്തിലുണ്ടാക്കുന്നത്.

4.SFTS വൈറസ്(severe fever with thrombocytopenia syndrome): 2013ല്‍ ജപ്പാനില്‍ 57 പേരുടെ മരണത്തിനിടാക്കിയ അസുഖമാണിത്. 2007ല്‍ മാത്രമാണ് കണ്ടുപിടിക്കപ്പെട്ടത്. ഏഷ്യ വന്‍കരയിലാണ് ഈ രോഗഭീഷണി നിലനില്‍ക്കുന്നത്. പനിയും അതിസാരയും പോലെ സാധാരണമെന്ന് കരുതാവുന്ന ലക്ഷണങ്ങളില്‍ തുടങ്ങി ശരീരത്തിലെ മുഴുവന്‍ അവയവങ്ങളെയും ഒറ്റയടിക്ക് കാര്‍ന്നുതിന്നാന്‍ ശേഷിയുള്ള വൈറസ്ബാധയാണ്. രോഗപ്രവചനമോ നിയന്ത്രണമോ സാധ്യമല്ലെന്നതാണ് വസ്തുത.

കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പ്രാണികള്‍ ഒരു സുപ്രഭാതത്തില്‍ ചുറ്റുവട്ടത്ത് കാണപ്പെടുമ്പോള്‍ ആശ്ചര്യം മാത്രമല്ല, ആശങ്കയും ഉണ്ടാകേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നര്‍ത്ഥം. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എല്ലാ മാരക രോഗങ്ങളും അടിഞ്ഞിരിക്കുന്നതെന്ന പൊതുധാരണയാണ് തിരുത്തപ്പെടേണ്ടത്. സിക്ക വൈറസ് ബാധയില്‍ രാജ്യം പുലര്‍ത്തിയ ആശങ്ക അടുത്തിടെ നമ്മള്‍ കണ്ടതാണ്. അത്രയും ഭീതിജനകമായ സാഹചര്യമാണ് മേല്‍പ്പറഞ്ഞ രോഗങ്ങളും സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയണം


Next Story

Related Stories