ഹെല്‍ത്ത് / വെല്‍നെസ്സ്

അത്ര ദുര്‍ബലയായി കാണേണ്ട പെണ്ണിനെ!

ജനിതക ഘടനയിലും ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിലുമുള്ള പ്രത്യേകതകളാകാം സ്ത്രീകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കാന്‍ കാരണമെന്നാണ് അനുമാനം

തങ്ങളെ ദുര്‍ബ്ബലരെന്ന് വിലയിരുത്തുന്നവരോട് പലതും പൊരുതി നേടിയ ചരിത്രമാണ് സ്ത്രീകള്‍ക്കുള്ളത്. ആ നേട്ടം ജീവശാസ്ത്രപരമായും അവരുടെ സ്വന്തമാണ്. അതായത്, ആയുര്‍ദൈര്‍ഘ്യത്തില്‍ പുരുഷന്മാരേക്കാള്‍ മുമ്പിലാണ് സ്ത്രീകള്‍. ഈ പ്രത്യേകതയുടെ കാരണം തേടിയുള്ള പഠനങ്ങളും നിരവധി നടക്കുന്നുണ്ട്. എന്തുകൊണ്ടാണ് പുരുഷനേക്കാള്‍ ആയുസ്സ് സ്ത്രീക്കുള്ളതെന്ന് വിശദമാക്കുന്ന പുതിയ പഠനറിപ്പോര്‍ട്ടാണ്, യു.എസ് ആസ്ഥാനമായ ‘പ്രൊസീഡിംഗ്സ്'(Proceedings) മാസിക പുറത്തുവിട്ടത്.

വാഷിംഗ്ടണിലെ ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി(The National Academy of Sciences)ന്റെ മാസികയാണ് പ്രൊസീഡിംഗ്സ്. അക്കാദമിയുടെ ഈ ചരിത്രപരമായ കണ്ടെത്തലുകള്‍ക്ക്, കഴിഞ്ഞ 250 വര്‍ഷങ്ങളിലെ ജീവശാസ്ത്രപരമായ പല സാഹചര്യങ്ങളും പഠനവിധേയമായി. ഇത്രയും വര്‍ഷക്കാലങ്ങളില്‍ രോഗവും പട്ടിണിയും മറ്റ് പ്രശനങ്ങളുമായി മരണപ്പെട്ടവരുടെ കണക്കാണ് പ്രധാനമായും ശേഖരിച്ചത്. കണ്ടെത്തലുകള്‍ ഇപ്രകാരമാണ്, ഏത് സാഹചര്യങ്ങളിലും പുരുഷനേക്കാള്‍ അതിജീവിക്കാന്‍ കഴിവ് സ്ത്രീയ്ക്കാണ് കൂടുതല്‍. ആയുസ്സില്‍ പ്രതിഫലിച്ചതും അതാണ്. സാധാരണ രീതിയിലുള്ള ജീവിതാവസ്ഥയില്‍ മാത്രമല്ല, ദാരിദ്ര്യത്തിലും സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യങ്ങളിലും ഉള്‍പ്പെടെ ആയുസ്സുകൊണ്ട് പിടിച്ചുനില്‍ക്കാന്‍ പുരുഷനേക്കാള്‍, ഒരു സ്ത്രീക്ക് സാധിക്കും.

ജനിച്ച ആദ്യ ദിവസങ്ങളിലുമുണ്ട് പെണ്‍കുട്ടികള്‍ക്ക് ഈ പ്രത്യേകത. ഒരു ആണ്‍കുഞ്ഞിനേക്കാളും വേഗത്തില്‍ ജീവിതത്തിലേക്ക് കടന്നുവരിക പെണ്‍കുട്ടികളാണ്. ശൈശവ അവസ്ഥയിലുള്ള ഈ അതിജീവനമാണ് തുടര്‍ന്നും സ്ത്രീകളുടെ ആയുസ്സില്‍ പ്രതിഫലിക്കുന്നതത്രെ! മാത്രമല്ല, മരണനിരക്ക് വര്‍ദ്ധിച്ച സാഹചര്യങ്ങളില്‍, പുരുഷനേക്കാള്‍ ആറ് മാസം മുതല്‍ നാല് വര്‍ഷം വരെ അതിജീവിച്ചതും സ്ത്രീകളാണ്.

ജനിതക ഘടനയിലും ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിലുമുള്ള പ്രത്യേകതകളാകാം സ്ത്രീകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കാന്‍ കാരണമെന്നാണ് അനുമാനം. ഈസ്ട്രജന്‍ ഉള്‍പ്പെടെ, രോഗപ്രതിരോധശേഷിയെ ഉയര്‍ത്താന്‍ സഹായിക്കുന്ന ഹോര്‍മോണുകളുടെ സാന്നിധ്യം സ്ത്രീ ശരീരത്തില്‍ കൂടുതലായതും കാരണമായെന്നാണ് വിലയിരുത്തല്‍.

ആയുര്‍ദൈര്‍ഘ്യം സംബന്ധിച്ച പഠനങ്ങളില്‍ അക്കാദമി ഓഫ് സയന്‍സസിന്റെ കണ്ടെത്തലുകള്‍ വലിയ വഴിത്തിരവായെന്നാണ്, സംഘത്തിലെ പ്രധാനിയായ ഡ്യൂക്ക് സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ വിര്‍ജീനിയ സറുള്ളി (Virginia Sarulli)യുടെ അവകാശവാദം. ശരാശരി ആയുര്‍ദൈര്‍ഘ്യം 20 വര്‍ഷം വരെ മാത്രം പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിലെ കണക്കെടുപ്പും ഈ വാദഗതികള്‍ ശരിവെക്കുന്ന തരത്തിലായി. അതിജീവനശേഷി ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ക്കാണെന്ന കണ്ടെത്തലാണ് ഇവിടെയും ഉണ്ടായത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍