TopTop
Begin typing your search above and press return to search.

രോഗം കീഴടക്കിയ ശരീരത്തെ അമാനുഷിക കഥാപാത്രമായ 'തോറി'നെ അനുസ്മരിപ്പിക്കുംവിധം മാറ്റിയെടുത്തു ഈ യുവാവ്

രോഗം കീഴടക്കിയ ശരീരത്തെ അമാനുഷിക കഥാപാത്രമായ തോറിനെ അനുസ്മരിപ്പിക്കുംവിധം മാറ്റിയെടുത്തു ഈ യുവാവ്

തോര്‍(Thor) എന്ന സൂപ്പര്‍ ഹീറോയെ പരിചയമുണ്ടോ? വിഖ്യാത കോമിക് സീരീസായ അമേരിക്കയുടെ മാര്‍വല്‍ സീരീസി(marvel series)ലൂടെ ആരാധകരെ വാരിക്കൂട്ടിയ കഥാപാത്രമാണ് തോര്‍. നോഴ്‌സ് മിത്തോളജി(Norse mythology) പ്രകാരം അസ്ഗാഡിയ(Asgardian) വംശജര്‍ 'ഇടിമുഴക്കത്തിന്റെ ദൈവ'(God of Thunder)മെന്ന് വിശ്വസിച്ച് പോരുന്ന തോറിന് അതേപടി ജീവന്‍ നല്‍കുകയാണ് മാര്‍വല്‍ സീരീസ് ചെയ്തത്. സൂപ്പര്‍ഹീറോ പരിവേഷം ലഭിച്ച ഈ ഫിക്ഷന്‍ കഥാപാത്രത്തെ ആധാരമാക്കി തോര്‍ സീരീസ് സിനിമകളും ഹോളിവുഡില്‍ ഇറങ്ങിയിട്ടുണ്ട്. 2011ലെ തോര്‍, 2013ലെ തോര്‍; ദ ഡാര്‍ക്ക് വേള്‍ഡ് (Thor;the dark world), 2017ല്‍ പുറത്തിറങ്ങിയ തോര്‍; രഗ്നറോക്(Ragnarok) എന്നീ ചിത്രങ്ങളും കോമിക് സീരീസിന് ലഭിച്ച അതേ കൈയടി നേടിയെടുത്തിരുന്നു.

സിനിമാപംക്തിയില്‍ എത്തേണ്ട വാര്‍ത്ത എങ്ങനെ ആരോഗ്യരംഗത്ത് ഇടം പിടിച്ചു എന്നല്ലെ? 27കാരനായ പേഴ്‌സണല്‍ ട്രെയ്‌നര്‍ ബെന്‍ മഡ്ജ്(Ben Mudge) ആണ് അതിന് കാരണക്കാരന്‍. അസാധാരണമെന്ന് തോന്നാവുന്ന ജീവിത സാഹചര്യങ്ങളെ കൈപ്പിടിയിലൊതുക്കി മുന്നേറുന്നവനാണ് ബെല്‍ഫാസ്റ്റ് (Belfast)സ്വദേശിയായ ബെന്‍. രോഗം കീഴടക്കിയ ശരീരത്തെ അമാനുഷിക കഥാപാത്രമായ 'തോറി'നെ അനുസ്മരിപ്പിക്കുംവിധം മാറ്റിയെടുത്ത വിരുതന്‍. ഇതാണ് ബെന്‍ മഡ്ജിന്റെ കഥ...അല്ല കഥ പോലൊരു ജീവിതം.

സിസ്റ്റിക് ഫൈബ്രോസിസ്(cystic fibrosis) ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരരോഗമാണ്. ജനിതക രോഗമെന്ന് വിശേഷണമുള്ള സിസ്റ്റിക് ഫൈബ്രോസിസ്, പിന്നീട് പാന്‍ക്രിയാസ്, കരള്‍, വൃക്ക എന്നീ അവയവങ്ങളെയും നിശ്ചലമാക്കും. ശ്വാസതടസത്തില്‍ തുടങ്ങുന്ന പ്രശ്‌നം നിര്‍ത്താതെയുള്ള ചുമ, കഫക്കെട്ട് എന്നിവയിലെത്തി നില്‍ക്കും. സാധാരണ ഗതിയിലുള്ള ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നതെങ്കിലും ഭാവിയില്‍ ശരീരത്തെ മുഴുവന്‍ പ്രവര്‍ത്തന രഹിതമാക്കാന്‍ പോന്നതാണ് ഈ രോഗം.

ബെന്‍ മഡ്ജിനും സിസ്റ്റിക് ഫൈബ്രോസിസ് ജനിതകമായി കിട്ടിയതാണ്. പക്ഷെ 18 വയസുവരെ അവന്‍ കാഴ്ചയില്‍ പൂര്‍ണ ആരോഗ്യവാനായിരുന്നു. ഫിറ്റ്‌നെസ് ചെക്ക് അപ്പിന്റെ ഭാഗമായി ആശുപത്രിയിലെത്തിയ ബെന്‍, തന്റെ ശ്വാസകോശത്തിന്റെ ശേഷിയും ആരോഗ്യവും 66% മാത്രം ബാക്കിയായ കാര്യം അപ്പോഴാണ് അറിയുന്നത്. ശരീരത്തെ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും എന്നും നിലനിര്‍ത്താനാഗ്രഹിച്ച ബെന്‍, തളരുകയല്ല ചെയ്തത്, മറിച്ച് ഈ രോഗത്തോട് പടവെട്ടുകയായിരുന്നു.

പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് ഒരു മടങ്ങിവരവില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ഡോക്ടര്‍മാരോട് ആദ്യത്തെ വാശി. തന്റെ ശരീരം താനാഗ്രഹിച്ച പോലെ മരണം വരെ നിലനില്‍ക്കണമെന്ന് അടുത്ത വാശി, പിന്നെ സിസ്റ്റിക് ഫൈബ്രോസിസിനോട് യുദ്ധമായിരുന്നു. ആഹാരത്തില്‍ കൃത്യമായി ദഹനത്തിനുള്ള എന്‍സൈമുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിച്ചു, നെബുലൈസേഷന്‍ ദിവസവും ചെയ്ത്, ശ്വാസകോശത്തെ ഇന്‍ഫക്ഷന്‍ മുക്തമായി സംരക്ഷിച്ചു. തന്റെ കഥ ലോകത്തോട് പറഞ്ഞു. ഫിറ്റ്‌നസ് ട്രെയ്‌നിംഗ് ചെയ്യുകയും ട്രെയ്‌നറായി ഒരുപാട് പേരെ സഹായിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സ് ഉണ്ടായത് ബെന്നിന് ആത്മവിശ്വാസം ഇരട്ടിച്ചു. അങ്ങനെ പത്ത് വര്‍ഷത്തിലേക്കെത്തി നില്‍ക്കുന്ന യുദ്ധത്തില്‍ വിജയം ഒടുവില്‍ ബെന്‍ മഡ്ജിനൊപ്പം നിന്നു.

മടങ്ങിവരവില്‍ സാധാരണ ആരോഗ്യമല്ല, തോറിനെ പോലെ ഒരു കഥാപാത്രത്തെ ലോകം എങ്ങനെ കാണുന്നോ, അതേപടി തന്റെ ശരീരവും മാറ്റപ്പെടണമെന്ന നിര്‍ബന്ധമാണ് ബെന്നിന് ഇന്നത്തെ ആരോഗ്യം നേടിക്കൊടുത്തത്. ഇന്ന് ബെന്നിന്റെ ശ്വാസകോശത്തിന്റെ ആരോഗ്യം 95%വും തിരികെകിട്ടി. രോഗമില്ലാത്തവരെന്ന് സ്വയം കരുതുന്ന നമ്മള്‍ ഓരോരുത്തരെക്കാളും ഫിറ്റാണ് ഇന്ന് ബെന്‍.

തീര്‍ന്നില്ല, ആരോഗ്യകാര്യത്തില്‍ മാത്രമല്ല, രൂപത്തിലും തോറിനോട് സാദൃശ്യം വേണമെന്ന് ഒരു ആഗ്രഹം. ഇത് ട്രെയ്‌നിംഗിനെ വല്ലാതെ സഹായിച്ചു. ആത്മവിശ്വാസം കെട്ടുപോകാതിരിക്കാന്‍ ബെന്‍, സ്വയം തോര്‍ എന്ന് വിശേഷിപ്പിച്ചുതുടങ്ങി. തോര്‍ സീരീസ് സിനിമയായപ്പോള്‍, കഥാപാത്രത്തെ അവതരിപ്പിച്ച ഡോണാള്‍ഡ് ബേക്ക് ഇന്ന് ബെന്നിന് മുമ്പില്‍ മാറിനില്‍ക്കും. 'കരിങ്കല്‍ ചുറ്റിക' ആയുധമായ തോറിനെ അനുസ്മരിപ്പിച്ച് ബെന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. 'തോര്‍സ്‌ഡേ' (Thorsday) എന്ന് പേരിട്ട ചിത്രങ്ങള്‍ക്ക് ഇന്ന് ആരാധകരും നിരവധിയാണ്. 55,000 ഫോളോവേഴ്‌സ് ഉണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഈ സൂപ്പര്‍ ഹീറോയ്ക്ക്. തന്റെ അധ്വാനവും ജീവിതവും മറ്റുള്ളവര്‍ക്ക് എന്നും ആത്മവിശ്വാസം നല്‍കുന്നതായിരിക്കണമെന്നും ബെന്നിന് നിര്‍ബന്ധമുണ്ട്. സിസ്റ്റിക് ഫൈബ്രോസിസ് ബാധിച്ച നിരവധിപേരുടെ ട്രെയ്‌നറും കൂടിയാണ് ഇന്ന് ബെന്‍.

രോഗത്തിന് കീഴ്‌പ്പെടല്‍ എളുപ്പമാണ്. രോഗമുക്തി നേടല്‍ ഒരു ഭാഗ്യവും. ഈ ഭാഗ്യത്തിനൊപ്പം ഇത്തിരി അധ്വാനം കൂടിയായപ്പോള്‍, മനുഷ്യനായല്ല... അമാനുഷികനായാണ് ബെന്‍ അറിയപ്പെടുന്നത്.


Next Story

Related Stories