TopTop

ആര്‍ സി സി എന്റെ കുട്ടിയെ കൊന്നു-ഭാഗം 1

ആര്‍ സി സി എന്റെ കുട്ടിയെ കൊന്നു-ഭാഗം 1
'എന്റെ കുഞ്ഞ് മരിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. മരിച്ച് കഴിഞ്ഞാല്‍ തെളിവ് അവശേഷിക്കില്ലെന്നായിരുന്നു. എന്തിനാണ് വിവരങ്ങള്‍ മറച്ചുവച്ചത്, ചികിത്സ നിഷേധിച്ച് അവളെ മരണത്തിലേക്ക് തള്ളിവിട്ടത്? ഇതാണ് ഞങ്ങള്‍ക്കറിയേണ്ടത്. അതിനായി ഏതറ്റം വരെയും പോവും'. മകള്‍ ജീവിച്ചിരിക്കുമ്പോള്‍ അവളുടെ നീതിക്കായി പോരാടിയ ഷിജിയുടെ പോരാട്ടം അവളുടെ മരണത്തിലും തുടരുകയാണ്.

ഷിജിയുടെ മകള്‍ കാന്‍സര്‍ ബാധിതയായിരുന്നു. രക്താര്‍ബുദം. പക്ഷെ ചികിത്സിച്ച് മാറ്റാവുന്നത്ര നിസ്സാരമായ തോതില്‍ എന്ന് ഡോക്ടര്‍മാര്‍ പോലും സാക്ഷ്യപ്പെടുത്തിയ അര്‍ബുദബാധ. അത് ഒരു പരിധിവരെ സംഭവിക്കുകയും ചെയ്തു. 17 ശതമാനം കാന്‍സറുമായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയ്ക്കായി എത്തിയ അവളില്‍ രക്താര്‍ബുദത്തിന്റെ ഒരു കോശം പോലും അവസാനിക്കുന്നില്ലെന്ന ഡോക്ടറുടെ വാക്കുകള്‍ ഷിജി നേരിട്ട് കേട്ടു. കാര്യങ്ങള്‍ മാറിമറിഞ്ഞത് വളരെ പെട്ടെന്നാണ്. ഒരിക്കല്‍ ശരീരം വിട്ട് പോയ രക്താര്‍ബുദകോശങ്ങള്‍ അവളുടെ ശരീരത്തില്‍ വീണ്ടും പിടിമുറുക്കി. ആര്‍സിസിയില്‍ നിന്ന് ചികിത്സ മതിയാക്കി ഇറങ്ങിപ്പോരുമ്പോള്‍ അത് 20 ശതമാനം അര്‍ബുദ ബാധ, കൂട്ടത്തില്‍ പുതിയൊരു വൈറസും-എച്ച്‌ഐവി. എച്ച്‌ഐവി വൈറസ് തളര്‍ത്തിയ ശരീരത്തില്‍ രക്താര്‍ബുദം പടര്‍ന്നുപിടിച്ചപ്പോള്‍ അവളെ മരണം കൊണ്ടുപോയി. പക്ഷെ മരണത്തിലെങ്കിലും മകള്‍ക്ക് നീതി ലഭിക്കണമെന്ന ഒരേയൊരു ആഗ്രഹം മാത്രമേ ഇപ്പോള്‍ ഷിജിക്കുള്ളൂ.

'അവരുടെ കൈപ്പിഴകൊണ്ടാണ് എന്റെ കുഞ്ഞ് മരിച്ചത്. അങ്ങനെയൊരു തെറ്റ് അവര്‍ ചെയ്തില്ലായിരുന്നെങ്കില്‍ പൂര്‍ണ ആരോഗ്യത്തോടെ കൊച്ച് ഇവിടെ എന്റെകൂടെ ഉണ്ടായേനെ. പക്ഷെ എല്ലാം മറച്ചുവച്ച് കള്ളങ്ങള്‍ കൊണ്ടാണ് അവര്‍ വാദിച്ചിരുന്നത്. ഒടുക്കം അവര്‍ക്ക് തന്നെ സമ്മതിക്കേണ്ടി വന്നു' ഷിജി താനും കുടുംബവും നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് പറയുകയാണ് '2017 മാര്‍ച്ച് ഒന്ന് മുതലാണ് മോള്‍ക്ക് ആര്‍സിസിയില്‍ ചികിത്സ ആരംഭിക്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് ആദ്യം കാണിച്ചത്. അവിടെ നിന്ന് ആര്‍സിസിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആകെ നാല് കീമോ എടുത്തു. നാലാമത്തെ കീമോയ്ക്ക് പോവുമ്പോള്‍ ഞങ്ങള്‍ ഏറെ സന്തോഷത്തിലായിരുന്നു. കാരണം രണ്ടാമത്തെ കീമോ കഴിഞ്ഞപ്പോള്‍ തന്നെ അസുഖം ഭേദപ്പെട്ടതായി ഡോക്ടര്‍ പറഞ്ഞിരുന്നു. മൂന്നാമത്തെ കീമോ കഴിഞ്ഞപ്പോള്‍ ഒരു കാന്‍സര്‍ സെല്‍ പോലുമില്ലായിരുന്നു. നാലാമത്തെ കീമോ കൂടി കഴിഞ്ഞാല്‍ മോള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാവും എന്ന് തന്നെയായിരുന്നു പ്രതീക്ഷ. നാലാമത്തെ കീമോ ആഗസ്ത് 24,25 ദിവസങ്ങളിലായിരുന്നു. അത് കഴിഞ്ഞ് റൂമിലേക്ക് കൊണ്ടുവന്നതിന് ശേഷമാണ് അവളുടെ ഇടത് കണ്ണിന് മുകളിലായി ഒരു തടിപ്പ് ശ്രദ്ധയില്‍ പെടുന്നത്. അത് ഡോക്ടര്‍മാരോട് പറഞ്ഞപ്പോള്‍ സൈനസൈറ്റിസിന്റെ ആയിരിക്കും, ഒരു സര്‍ജറി ചെയ്യാം എന്ന് പറഞ്ഞു. സര്‍ജറി ചെയ്യുന്നതിന് മുമ്പ് എല്ലാവിധ ടെസ്റ്റുകളും നടത്തണമല്ലോ. രക്തവും പരിശോധിച്ചു. സര്‍ജറി എല്ലാം കഴിഞ്ഞ ഒരു ദിവസം അവിടെ വന്ന ഡോക്ടറോ സിസ്റ്ററോ ആരോ നമ്മള്‍ ചികിത്സാ ഫയലെന്നും അവര്‍ മദര്‍ ഫയലെന്നും വിളിക്കുന്ന ഫയല്‍ റൂമില്‍ വച്ച് മറന്നുപോയി. ആ മറന്നുവച്ച ഫയലാണ് ആ സത്യം ആദ്യമായി വെളിപ്പെടുത്തിയത്. സര്‍ജറിക്ക് മുമ്പ് ബ്ലഡ് ടെസ്റ്റ് ചെയ്ത റിസള്‍ട്ട് വെറുതെയൊന്ന് നോക്കാമെന്ന് കരുതിയാണ് കുട്ടിയുടെ അമ്മ ഫയല്‍ കയ്യിലെടുത്തത്. മറിച്ചു നോക്കിയപ്പോഴാണ് ബ്ലഡ്ടസ്റ്റ് റിസള്‍ട്ടില്‍ ഏറ്റവും ഒടുവിലായി എച്ച്‌ഐവി-പി എന്ന് എഴുതിയിരിക്കുന്നത് കണ്ടത്. അന്ന് അവളത് കണ്ടെങ്കിലും എന്റടുത്ത് പറഞ്ഞില്ല. പക്ഷെ അവള്‍ വല്ലാത്ത ടെന്‍ഷനിലായിരുന്നു.


അതിന് ശേഷം ആശുപത്രിയില്‍ സംഭവിച്ച കാര്യങ്ങളാണ് കൂടുതല്‍ സംശയമുണ്ടാക്കിയത്. മോള്‍ക്ക് കീമോ ചെയ്യാന്‍ വേണ്ടി കയ്യിലൂടെ ലൈന്‍ ഇട്ടിരുന്നു. ഒരു ദിവസം അത് ഇളകി രക്തം ബഡ്ഡില്‍ വീണപ്പോള്‍ ഒരു നഴ്‌സ് ഓടി വന്ന് ഭാര്യക്ക് ഗ്ലൗസ് കൊടുത്തിട്ട് അത് കഴുകിക്കളയാന്‍ പറഞ്ഞു. സ്വന്തമായി ബക്കറ്റുണ്ടോ എന്നായി പിന്നീട് ചോദ്യം. അവിടെ കോമണ്‍ ബക്കറ്റുണ്ട്. അതാണ് ഞങ്ങളും ഉപയോഗിച്ചിരുന്നത്. എന്നാല്‍ അതിനി ഉപയോഗിക്കണ്ട. സ്വന്തമായി ബക്കറ്റ് വേണമെന്ന് പറഞ്ഞു. സിസ്റ്റര്‍മാരും ഡോക്ടര്‍മാരുമെല്ലാം വന്നാല്‍ മോള്‍ടെ അടുത്തുനിന്ന് മാറി നിന്ന് നോക്കും. അടുത്ത വരാനും തൊടാനുമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. ഞങ്ങളവിടെ വീടെടുത്തിരുന്നു. വീട്ടില്‍ നിന്നുണ്ടാക്കിയ ഭക്ഷണമാണ് മോള്‍ക്ക് കൊണ്ടുകൊടുത്തിരുന്നത്. അടുത്തുള്ള മറ്റ് കുട്ടികളുടെ അച്ഛനമ്മാര്‍ക്കൊക്കെ അത് കൊടുക്കും അവരുടേത് ഞങ്ങളും വാങ്ങും അങ്ങനെ ഷെയര്‍ ചെയ്തായിരുന്നു കഴിച്ചിരുന്നത്. എന്നാല്‍ ഞങ്ങളുടെ കയ്യില്‍ നിന്ന് കറിയൊന്നും വാങ്ങിക്കരുതെന്ന് അവരെയെല്ലാം വിലക്കുന്നു. ഞങ്ങളുടെ മാത്രം തുണി കെട്ടിയിടാന്‍ പ്രത്യേകം കിറ്റുകള്‍ തരുന്നു. ഇതൊക്കെയായപ്പോള്‍ ആകെ മനപ്രയാസമായി. ഒടുവില്‍ ഭാര്യ എന്നോട് റിസല്‍ട്ടില്‍ കണ്ട വിവരം പറഞ്ഞു. ആഗസ്ത് 31 ന് ഡോക്ടര്‍ വന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എച്ച്‌ഐവി ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞു. മോളുടേയും എന്റേയും ഭാര്യയുടേയും രക്തം പരിശോധനക്കായി എടുത്തു.


സെപ്തംബര്‍ ഒന്നാം തീയതി റിസള്‍ട്ട് വന്നു. എനിക്കും ഭാര്യക്കും ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ റിസള്‍ട്ട് ചോദിച്ചെങ്കിലും അവര്‍ തരാന്‍ കൂട്ടാക്കിയില്ല. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ആര്‍സിസിയിലെ ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്. അതാണ് കൊച്ചിന്റെ റിസള്‍ട്ട് തരാതിരുന്നത്. ഇതോടെ സത്യത്തില്‍ ഞങ്ങള്‍ തകര്‍ന്നു. ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാപനത്തില്‍ കൊച്ചിനെ ചികിത്സിക്കാന്‍ കൊണ്ടുവന്നിട്ട് അവിടെ നിന്ന് രക്തം സ്വീകരിച്ചത് വഴി എച്ച്‌ഐവി വൈറസ് പിടിപെടുന്ന കാര്യമൊന്നാലോചിച്ച് നോക്ക്. ഇതെല്ലാം കാണിച്ച് ഞാന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് പരാതി നല്‍കി. കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഉറപ്പും എച്ച്‌ഐവിക്ക് ചികിത്സ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശവും മന്ത്രി നല്‍കി. ആര്‍സിസി ഡയറക്ടറെ ഇടക്കിടെ വിളിച്ചുകൊണ്ടേയിരുന്നു. ചെന്നൈ ഡിഡിആര്‍ടിയില്‍ ടെസ്റ്റ് ചെയ്ത് സ്ഥിരീകരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ആര്‍സിസിയിലെ രക്തപരിശോധനാ റിസള്‍ട്ടില്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് അവര്‍ പറയാതെ തന്നെ നമ്മള്‍ കണ്ടു, മെഡിക്കല്‍ കോളേജില്‍ നിന്ന് ടെസ്റ്റ് ചെയ്ത് സ്ഥിരീകരണവും വന്നു. പിന്നീട് എന്തിനാണ് ചെന്നൈയിലേക്ക് രക്തസാമ്പിളുകള്‍ അയക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. അതുവരെ എച്ചഐവി ബാധിച്ചവര്‍ക്കുള്ള ചികിത്സപോലും നല്‍കിത്തുടങ്ങിയില്ലെന്നോര്‍ക്കണം.


ഞാന്‍ സെപ്തംബര്‍ 11ന് പോലീസില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച് കഴിഞ്ഞപ്പോള്‍ പോലീസുകാര്‍ തന്നെ മാറ്റിനിര്‍ത്തി ഒരു കാര്യം പറഞ്ഞു ' ചേട്ടാ, ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല. അവര്‍ക്കെതിരെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. ചേട്ടന്‍ മീഡിയയെ അറിയിക്ക്' എന്ന്. അതോടെ എനിക്ക് കാര്യങ്ങള്‍ ഏതാണ്ട് വ്യക്തമായി. മാധ്യമങ്ങളെ അറിയിക്കുന്നത് അങ്ങനെയാണ്. പിന്നീട് പ്രതിപക്ഷ നേതാവും ബിജെപി നേതാക്കളും മോളെ വന്നുകണ്ടു. ചെന്നൈയിലെ ടെസ്റ്റ് ഉള്‍പ്പെടെ എച്ച്‌ഐവി സ്ഥിരീകരണത്തിനായി അവര്‍ പിന്നെയും രണ്ട് ടെസ്റ്റുകള്‍ ചെയ്യിച്ചു. ചെന്നൈയിലെ റിസള്‍ട്ട് രണ്ടാഴ്ച പുറകെ നടന്നിട്ടാണ് കയ്യില്‍ കിട്ടുന്നത്. 'ടാര്‍ജറ്റ് നോട്ട് ഡിറ്റക്ടഡ്' എന്നാണ് റിസള്‍ട്ട് എന്ന് സൂപ്രണ്ട് വിളിച്ചുപറഞ്ഞു. ഇനി അന്തിമ റിപ്പോര്‍ട്ട് ഡല്‍ഹിയില്‍ നിന്ന് വരണമെന്നും പറഞ്ഞു. ആ റിസള്‍ട്ട് കഴിഞ്ഞയിടെ കോടതി ചോദിച്ചപ്പോള്‍ പോലും കിട്ടിയിട്ടില്ല എന്നതാണ് സത്യം. അങ്ങനെയൊന്ന് ഉണ്ടോയെന്നാണ് സംശയം. ആറ് മാസമായിട്ടും എച്ച്‌ഐവി സ്ഥിരീകരണത്തിനയച്ച റിസല്‍ട്ട് വന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് കണക്കാക്കേണ്ടത്. എച്ച്‌ഐവി ടെസ്റ്റ് ചെയ്യാന്‍ ചെന്നൈയ്ക്കും ഡല്‍ഹിക്കും അയക്കുക എന്ന് പറഞ്ഞാല്‍ കേരളത്തില്‍ ഫലപ്രദമായി എച്ച്‌ഐവി തിരിച്ചറിയാനുള്ള മാര്‍ഗം ഇല്ല എന്ന് വേണ്ടേ കരുതാന്‍.


എന്തായാലും മോളുടെ മാറിയ അസുഖം അതോടെ പിന്നെയും തിരിച്ചെത്തി. വീണ്ടും ലുക്കീമിയ ബാധിച്ചു. അത്രയുമായപ്പോള്‍ പിന്നെ അവര്‍ പറയുകയാണ് അവിടെ ചികിത്സയില്ലെന്ന്. മജ്ജ മാറ്റിവക്കണം. അതിന് അവിടെ സൗകര്യമില്ല. ഡല്‍ഹിയിലോ മറ്റോ പോയി ചികിത്സിച്ചോളാനായിരുന്നു അവരുടെ ഉപദേശം. 17 ശതമാനം അര്‍ബുദവുമായാണ് എന്റെ മോള്‍ അവിടെയെത്തിയത്. തിരികെ പോരുമ്പോള്‍ 20 ശതമാനമായി അത് കൂടി. അതിനൊപ്പം ഇല്ലാതിരുന്ന ഒരസുഖവും തന്നു. ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞ മന്ത്രിയെ ഭാര്യ വിളിച്ചു. ഞങ്ങളുടെ ജീവിതം തകര്‍ന്നില്ലേ എന്ന് അവള്‍ മന്ത്രിയോട് പറഞ്ഞു. മകളുടെ അവസ്ഥ കണ്ടുള്ള സങ്കടം കൊണ്ട് പറഞ്ഞതാണ്. അപ്പോള്‍ മന്ത്രി എന്താണ് തിരിച്ച് പറഞ്ഞതെന്നറിയാമോ 'അതെങ്ങനെയാ നിങ്ങളുടെ ജീവിതം തകരുന്നത്. നിങ്ങള്‍ രണ്ട്‌പേര്‍ക്കും കുഴപ്പമില്ലല്ലോ?' എന്ന്. കുഞ്ഞ് പോണോങ്കില്‍ പൊക്കോട്ടെ, നിങ്ങള്‍ക്ക് കുഴപ്പമില്ലല്ലോ എന്നല്ലേ അവര്‍ പറഞ്ഞത്. ഒരു അമ്മയോട് ഒരു സ്ത്രീകൂടിയായ മന്ത്രി അങ്ങനെ പറയാമോ.


ചികിത്സയില്ലെന്ന് പറഞ്ഞതോടെ ഡിസ്ചാര്‍ജ് സമ്മറി നല്‍കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അവര്‍ക്കത് തരേണ്ടി വന്നു. അതില്‍ എച്ച്‌ഐവിക്ക് മൂന്ന് മാസത്തെ ഫോളോ അപ് ട്രീറ്റ്‌മെന്റിന് എഴുതിയിരുന്നു. എന്നാല്‍ അത് മോള്‍ക്ക് നിഷേധിക്കപ്പെട്ടു. ചെന്നൈയില്‍ നിന്ന് വൈറസ് കാണാനില്ലെന്ന് റിസള്‍ട്ട് വരുത്തി എച്ച്‌ഐവി ബാധ എങ്ങനെയെങ്കിലും മൂടിവക്കുക എന്നതായിരുന്നു ആര്‍സിസിയുടെ ഉദ്ദേശം. അതുകൊണ്ട് അവര്‍ എച്ച്‌ഐവിക്കുള്ള ചികിത്സയും ലഭ്യമാക്കിയില്ല. സത്യത്തില്‍ അവര്‍ ചെന്നൈയില്‍ വൈറസിന്റെ സാന്ദ്രതയളക്കാനാണ് അയച്ചത്. എന്നിട്ട് റിസള്‍ട്ട് കാണിച്ച് വൈറസ് ബാധയില്ല എന്ന് തെറ്റിദ്ധരിപ്പിച്ചു. ഡല്‍ഹി റിപ്പോര്‍ട്ട് ചോദിച്ച് വീണ്ടും ആര്‍സിസി ഡയറക്ടറെ വിളിച്ചുകൊണ്ടേയിരുന്നു. വരും വരും എന്ന് പറഞ്ഞ് ഓരോ തവണയും അദ്ദേഹം ഫോണ്‍ വച്ചു. ഞങ്ങള്‍ അവിടെ തിരിച്ചെത്തുമെന്നാണ് അവര്‍ കരുതിയത്. പക്ഷെ ഞങ്ങള്‍ പോവുമോ? അവിടെയെത്തിയാല്‍ കുഞ്ഞിനെ അവര്‍ ഇല്ലാതാക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ആര്‍സിസിയിലെ ഡോക്ടര്‍മാരില്‍ ചിലര്‍ വളരെ നല്ല മനുഷ്യരാണ്. അവരില്‍ ചിലരൊക്കെ വിളിച്ചിട്ട് വെല്ലൂരില്‍ പോവണം, എച്ചഐവി ട്രീറ്റ്മെന്റ് തുടങ്ങണം എന്നൊക്കെ പറഞ്ഞു.


പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തന്നെയായിരുന്നു ചികിത്സ. ഏപ്രിലില്‍ പനിയായിട്ടാണ് മോളെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുന്നത്. പനി സുഖപ്പെട്ട് വീട്ടിലേക്ക് കൊണ്ടുപോന്നു. എന്നാല്‍ പിന്നീട് വീട്ടിലെത്തിക്കഴിഞ്ഞ് ശ്വാസതടസ്സമുണ്ടായി. മെഡിക്കല്‍ കോളേജിലേക്ക് തിരിച്ച് കൊണ്ടു ചെന്നെങ്കിലും ഏപ്രില്‍ 11ന് മഅവള്‍ മരിച്ചു. മരിക്കുമെന്ന ആര്‍സിസി ക്കാര്‍ക്ക് അറിയാമായിരുന്നു. മരിച്ചാല്‍ തെളിവില്ലാതായി കേസ് ഒതുങ്ങിപ്പോവുമെന്നാണ് അവര്‍ ധരിച്ചത്. എന്നാല്‍ അവള്‍ മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് ഞങ്ങള്‍ അവളുടെ രക്തസാമ്പിള്‍ ഹരിപ്പാട്ടും എറണാകുളത്തുമുള്ള സ്വകാര്യലാബില്‍ പരിശോധിച്ച് എച്ച്‌ഐവി വീണ്ടും സ്ഥിരീകരിച്ചിരുന്നു. എച്ച്‌ഐവിക്ക് ആദ്യം മുതലേ ട്രീറ്റ്‌മെന്റ് നല്‍കിയിരുന്നെങ്കില്‍ ലുക്കീമിയ തിരികെ വരുന്നതില്‍ നിന്നും രോഗപ്രതിരോധശേഷി കുറഞ്ഞ് ആരോഗ്യസ്ഥിതി വഷളാവുന്നതില്‍ നിന്നും അവളെ രക്ഷിക്കാമായിരുന്നു എന്ന് പല ഡോക്ടര്‍മാരും പറഞ്ഞു. അപ്പോള്‍ ആ വിവരം മറച്ച് വച്ച് ചികിത്സ നിഷേധിച്ച ആര്‍സിസിയല്ലേ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി.


സ്വകാര്യലാബില്‍ പരിശോധിച്ചതിന്റെ റിസള്‍ട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് ആര്‍സിസി കരുതിയില്ല. പക്ഷെ അത് ഞങ്ങള്‍ കോടതിക്ക് നല്‍കിയതോടെ അവര്‍ക്ക് ഉത്തരം മുട്ടി. ഒടുവില്‍ കുട്ടിക്ക് രക്തം നല്‍കിയ 48 പേരില്‍ ഒരാള്‍ക്ക് എച്ച്‌ഐവി ബാധയുണ്ടായിരുന്നു എന്ന് അവര്‍ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ വിന്‍ഡോ പിരീഡിലായിരിക്കുമ്പോള്‍ എച്ച്‌ഐവി ബാധ തിരിച്ചറിയാന്‍ കഴിയില്ലെന്ന സാങ്കേതികമായ ന്യായീകരണമാണ് ആര്‍സിസി മുന്നോട്ട് വച്ചത്. രക്തം നല്‍കാന്‍ പലരുമെത്തും. തമിഴ്‌നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് അഞ്ഞൂറ് രൂപയൊക്കെ കൊടുത്താല്‍ മതി. അതുകൊണ്ട് അങ്ങനെയെത്തുന്നവരുടെ രക്തമാണ് പലപ്പോഴും നമ്മള്‍ സ്വീകരിക്കുന്നത്. പക്ഷെ അതില്‍ എച്ച്‌ഐവി ബാധിതരുണ്ടോ എന്ന് പരിശോധിക്കേണ്ടത് ആര്‍സിസിയുടെ ചുമതലയല്ലേ? അവരത് ചെയ്തില്ല. രക്തം നല്‍കാന്‍ എത്തുന്നവര്‍ക്ക് കൗണ്‍സലിങ് നടത്താറില്ല എന്ന് മാത്രമല്ല ഇപ്പോഴും ഔട്ട്‌ഡേറ്റഡ് ആയ മിഷനറിയാണ് അവര്‍ ലാബില്‍ ഉപയോഗിക്കുന്നത്. വിന്‍ഡോ പിരീഡിലായ എച്ചഐവി ബാധിതരെ കണ്ടെത്താനുള്ള നാറ്റ് സംവിധാനമുണ്ട്. എറണാകുളത്തെ മൂന്ന് ആശുപത്രിയില്‍ അതുണ്ട്. പക്ഷെ ഏറ്റവുമധികം അര്‍ബുദബാധിതരെത്തുന്ന, നിരവധി ഫണ്ട് എത്തുന്ന ആര്‍സിസിയില്‍ അതില്ല. സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും ആ സംവിധാനം ലഭ്യമാക്കിയില്ല എന്നാണ് ആര്‍സിസി പറയുന്ന ന്യായീകരണം. പക്ഷെ ഇത്രയും പ്രശ്‌നങ്ങളുള്ളപ്പോള്‍, അവിടെയെത്തുന്ന ആളുകളെ കൊലക്ക് കൊടുക്കാതെ ആ സംവിധാനം ഇവിടെ വക്കണമെന്ന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം ആര്‍സിസി പോലുള്ള സാധരണക്കാരടക്കം ആശ്രയിക്കുന്ന സ്ഥാപനത്തിനുണ്ട്.


എന്റെ കുഞ്ഞിന് മാത്രമാണ് എച്ച്‌ഐവി ബാധയുണ്ടായത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മൂന്നാറിലെ തോട്ടം തൊഴിലാളിയുടെ മകനും ആര്‍സിസിയില്‍ നിന്ന് എച്ച് ഐവി ബാധിച്ച് മോള്‍ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് മരിച്ചു. ആ കുട്ടിയുടേയും എന്റെ കുട്ടിയുടേയും രണ്ട് ബ്ലഡ് ഗ്രൂപ്പാണ്. ഒരാള്‍ നല്‍കുന്ന രക്തത്തില്‍ നിന്ന് മൂന്നോ നാലോ ഘടകങ്ങള്‍ വേര്‍തിരിച്ച് അത്രയും പേര്‍ക്കായിട്ടാണ് നല്‍കുന്നത്. അതില്‍ ഒരാള്‍ മാത്രമാണ് എന്റെ കുട്ടിയും മൂന്നാറിലെ കുട്ടിയും. അപ്പോള്‍ അവര്‍ക്കൊപ്പം ആ രക്തം സ്വീകരിച്ച മറ്റുള്ളവര്‍ക്കും ഈ രോഗം ഉറപ്പായും ബാധിച്ചിട്ടുണ്ടാവും. ഇത്രയും ഭീതിതമായ അവസ്ഥയുള്ളപ്പോഴും സ്വന്തം തെറ്റ് മറച്ചുവക്കാന്‍ പരമാവധി ഇക്കാര്യങ്ങള്‍ മൂടിവക്കാനാണ് ആര്‍സിസി ശ്രമിച്ചത്.


പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അവര്‍ നടത്തിയ അന്വേഷണത്തില്‍ എച്ച്‌ഐവി ഉള്ള ഡോണറെ കണ്ടെത്തിയിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടും ഇവര്‍ മറച്ചുവച്ചു. അതേ കാര്യം തന്നെയാണ് ആര്‍സിസിയും ഇപ്പോള്‍ കോടതിയില്‍ ഗത്യന്തരമില്ലാതെ നല്‍കിയിരിക്കുന്നത്. കാന്‍സര്‍ വന്ന് മരിക്കുക സാധാരണമായതിനാല്‍ ഇത്തരം കാര്യങ്ങള്‍ പലരും ശ്രദ്ധിച്ചെന്ന് വരില്ല. ഞങ്ങള്‍ ഇതിന്റെ പുറകെ നടന്നത് കൊണ്ട് മാത്രമാണ് അവര്‍ കുറ്റസമ്മതം നടത്തിയത് പോലും. ശാസ്ത്രമാണ്, ആശുപത്രിയാണ്, പലപ്പോഴും തെറ്റുകള്‍ പറ്റിയേക്കാം. പക്ഷെ അത് തുറന്ന് സമ്മതിക്കാനെങ്കിലുമുള്ള മനസ്സ് കാണിക്കണ്ടതല്ലേ.


കേന്ദ്ര ഏജന്‍സി ഈ കാര്യം അന്വേഷിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അത് ആവശ്യപ്പെടാനായി ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. എനിക്ക് കുട്ടിയെ നഷ്ടമായി. പക്ഷെ ഇനി ഇത് ആര്‍ക്കും ഉണ്ടാവരുത്. ലക്ഷക്കണക്കിന് ആളുകള്‍ ചികിത്സക്കെത്തുന്ന സ്ഥാപനം കുറച്ചുകൂടെ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ പഠിക്കണം. എന്റെ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി ആര്‍സിസിയാണ്. അതുകൊണ്ട് സര്‍ക്കാരാണ് ആ മരണത്തിന് മറുപടി പറയേണ്ടത്.'

(തുടരും)

Next Story

Related Stories