TopTop

കൊല്ലുന്ന ഡയറക്ടര്‍ക്ക് തിന്നുന്ന ഫിനാന്‍സ് കണ്‍ട്രോളര്‍; ആര്‍ സി സിയുടെ രോഗം ദുര്‍ഭരണം-ഭാഗം 3

കൊല്ലുന്ന ഡയറക്ടര്‍ക്ക് തിന്നുന്ന ഫിനാന്‍സ് കണ്‍ട്രോളര്‍; ആര്‍ സി സിയുടെ രോഗം ദുര്‍ഭരണം-ഭാഗം 3
സംസ്ഥാനത്തെ പ്രമുഖ കാന്‍സര്‍ ചികിത്സാ കേന്ദ്രമാണ് ആര്‍ സി സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്‍റര്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും തമിഴ്നാട്ടിലെ കേരളാ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്നും നിരവധി രോഗികളാണ് ആര്‍ സി സിയെ ആശ്രയിക്കുന്നത്. കാന്‍സര്‍ ചികിത്സ ചിലവേറിയ കാര്യമായതുകൊണ്ടു തന്നെ ഗവണ്‍മെന്‍റ് ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം ഒട്ടനവധി പേര്‍ക്ക് ഏക ആശ്രയമാണ്. എന്നാല്‍ ഇപ്പോള്‍ ആര്‍ സി സിയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത അത്ര ആശാസ്യകരമായതല്ല. ചികിത്സാ പിഴവുകളുടെയും ചെയ്ത തെറ്റുകള്‍ മറക്കാന്‍ ശ്രമിക്കുന്നതിന്റെയും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വെളിച്ചത്തുവന്നുഓണ്ടിരിക്കുന്നത്. എന്താണ് ആര്‍ സി സിയില്‍ സംഭവിക്കുന്നത് എന്നു അന്വേഷിക്കുകയാണ് അഴിമുഖം ബ്യൂറോ ചീഫ് കെ ആര്‍ ധന്യ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടിലൂടെ. റിപ്പോര്‍ട്ടിന്‍റെ ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം:


ആര്‍ സി സി എന്റെ കുട്ടിയെ കൊന്നു

ആര്‍ സി സിയിലെ രക്തദാന പിഴവുകള്‍ ജീവനെടുക്കുമ്പോള്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്

റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ചികിത്സാ സംവിധാനങ്ങളെന്ന് ആരോപണം. രക്തം സ്വീകരിച്ചത് വഴിയുള്ള എച്ച്‌ഐവി ബാധ, മരണം എന്നിങ്ങനെ നിരവധി പരാതികള്‍ ആര്‍സിസിയ്‌ക്കെതിരെ പുറത്തുവരുമ്പോഴാണ് പരിശോധനാ സംവിധാനങ്ങളുടേയും ചികിത്സാ സംവിധാനങ്ങളുടേയും ഗുണനിലവാരക്കുറവ് ആരോപിച്ച് ജീവനക്കാരടക്കം രംഗത്തെത്തിയിരിക്കുന്നത്. ചിലരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്ന് ഡോക്ടര്‍മാരില്‍ ചിലരും ആരോപിക്കുന്നു.

രക്തം സ്വീകരിച്ചതിലൂടെ അര്‍ബുദബാധിതരായ കുട്ടികള്‍ക്ക് എച്ച്‌ഐവി പിടിപെട്ടു എന്ന റിപ്പോര്‍ട്ട് വന്നത് മുതല്‍ ആര്‍സിസിയിലെ രക്തപരിശോധനാ സംവിധാനങ്ങളെക്കുറിച്ചും ആരോപണമുയര്‍ന്നിരുന്നു. ആശുപത്രിയിലെ ജീവനക്കാരും സംഘടനാ പ്രവര്‍ത്തകരുമെല്ലാം ഇക്കാര്യങ്ങള്‍ പലപ്പോഴായി ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ വിവാദങ്ങള്‍ കനക്കുമ്പോഴും അത്തരം കാര്യങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് ആര്‍സിസിയിലെ ജീവനക്കാര്‍ നല്‍കുന്ന വിവരം. ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ വിഭാഗത്തിലെ ജീവനക്കാരന്‍ പറയുന്നതിങ്ങനെ, 
'ഒരു പൊതുമേഖലാ സ്ഥാപനം പ്രവര്‍ത്തിക്കുന്നതില്‍ നൂറിരട്ടി ആത്മാര്‍ഥതയോടെയാണ് ആര്‍സിസി ചികിത്സ ലഭ്യമാക്കുന്നത് എന്നതില്‍ സംശയമില്ല. ഡോക്ടര്‍മാരെല്ലാം അവരാല്‍ കഴിയും വിധം രോഗികളോട് മാന്യമായി ഇടപെടുകയും നല്ല ചികിത്സ ലഭ്യമാക്കുകയും ചെയ്യും. പക്ഷെ പ്രശ്‌നം ബ്ലഡ്ബാങ്കിലും ലാബിലുമൊക്കെയാണ്. ഒരു ദിവസം തന്നെ ആയിരത്തോളം പേരാണ് രക്തം നല്‍കുകയും രക്തം മാറ്റുകയും ചെയ്യുന്നത്. പലപ്പോഴും പണത്തിന് വേണ്ടി രക്തം നല്‍കുന്നവരായിരിക്കും എത്തുന്നത്. അവര്‍ക്ക് രക്തത്തിലൂടെ പകരുന്ന അസുഖങ്ങളുണ്ടോ എന്നൊന്നും അറിഞ്ഞിരിക്കണമെന്നില്ല. എന്നാല്‍ അത് ശ്രദ്ധിക്കേണ്ടത് ആശുപത്രിയാണ്. ഒരാളില്‍ നിന്ന് എടുക്കുന്ന രക്തം ശ്രദ്ധയോടെ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ കൊടുക്കാനായി ഉപയോഗിക്കാവൂ. പരിശോധനകള്‍ നടക്കുന്നില്ല എന്ന് പറയാനാവില്ല. നടക്കുന്നുണ്ട്. പക്ഷെ പരിശോധനാഫലം കൃത്യമാണോ എന്ന് പറയാനാവില്ല. കാരണം എച്ച്‌ഐവി പരിശോധിച്ചറിയാനുള്ള എലിസാ ടെസ്റ്റിനുള്ള കിറ്റ് പോലും വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണ്. പരിശോധനാഫലത്തില്‍ കൃത്യതയുണ്ടോ എന്ന് പറയാന്‍ പോലും കഴിയാത്തത്ര ഗുണനിലവാരമില്ലാത്ത കിറ്റുകളാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പല ഡോക്ടര്‍മാരും മേലധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി അറിയാം. എന്നാല്‍ അറിഞ്ഞിട്ടും ഗുണനിലവാരമുള്ള പരിശോധനാ സംവിധാനങ്ങള്‍ ഇവിടെ ലഭ്യമാക്കാന്‍ ആരും തയ്യാറായിട്ടില്ല. ബ്ലഡ്ബാങ്കിലെ ജീവനക്കാരന്‍ താന്‍ ഡിപ്രഷന്‍ രോഗിയാണെന്നും മരുന്ന് കഴിക്കുന്നതിനാല്‍ രാത്രി ഡ്യൂട്ടിയിരിക്കാന്‍ കഴിയില്ലെന്നും മേലധികാരികളെ ധരിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ആ അപേക്ഷ പോലും പരിഗണിക്കപ്പെട്ടിട്ടില്ല. ഇവിടെ വരുന്ന രോഗികളുടെ ജീവന്‍ വച്ചാണ് ഇവര്‍ പന്താടുന്നത്'


പരിശോധനാ സാമഗ്രികളടക്കം വാങ്ങുമ്പോള്‍ സ്ഥാപനത്തിലെ ഡോക്ടര്‍മാരുടെ പോലും അഭിപ്രായം പരിഗണിക്കാറില്ല എന്നും ആരോപണമുണ്ട്. പര്‍ച്ചേസ് കമ്മറ്റി പോലും കൂടാതെ മേലധികാരികളായ ചിലരുടെ താത്പര്യം മാത്രമാണ് നടത്തുന്നതെന്നും അവര്‍ക്ക് താത്പര്യമുള്ളവരില്‍ നിന്ന് ആശുപത്രിയിലേക്കുള്ള സാധനങ്ങള്‍ വാങ്ങി പോക്കറ്റ് നിറക്കുകയാണെന്നും ആര്‍സിസിയിലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രവി അഴിമുഖത്തോട് പറഞ്ഞു. 'ഞാന്‍ അവിടെ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നപ്പോഴത്തെ കാര്യം എനിക്കറിയാം. എല്ലാം കുത്തഴിഞ്ഞ നിലയിലാണ്. കാന്‍സര്‍ ചികിത്സയ്ക്ക് വന്‍തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ നിരവധിയുള്ളപ്പോള്‍ സാധരണക്കാരന് ചികിത്സ ലഭ്യമാക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കരുത് എന്ന ഉദ്ദേശത്തോടെ മാത്രമാണ് പലരും പലതും പുറത്തുപറയാന്‍ മടിച്ചത്. 2009ല്‍ ആര്‍സിസിയുടെ ഡയറക്ടറായി പോള്‍ സെബാസ്റ്റിയന്‍ വരുന്നതോടെയാണ് ആശുപത്രിയില്‍ മാറ്റങ്ങള്‍ വരുന്നത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു അദ്ദേഹത്തിന്റെ നിയമനം. അന്നുതന്നെ നിയമനത്തെച്ചൊല്ലി പല ആരോപണങ്ങളുമുണ്ടായിരുന്നു. പിന്നീട് പല വര്‍ഷങ്ങളിലായി അദ്ദേഹത്തിന്റെ കാലാവധി നീട്ടി നല്‍കി. എന്നാല്‍ അതോടെ ഡോക്ടര്‍മാരും ഡയറക്ടറും തമ്മിലുള്ള ഇന്ററാക്ഷന്‍ പോലും ഇല്ലാതായി എന്നുവേണം പറയാന്‍. പിന്നീട് അദ്ദേഹത്തിന് ഒരു സെക്രട്ടറി കൂടി വന്നതോടെ ഡോക്ടര്‍മാര്‍ക്ക് പോലും ഡയറക്ടറെ കാണാന്‍ സമയം കാത്തുനില്‍ക്കേണ്ട അവസ്ഥയിലായി. മറ്റാര് ചെന്നാലും അപ്പോയ്ന്‍മെന്റ് എടുക്കാതെ അദ്ദേഹത്തെ കാണാനാവാതായി. ഡോക്ടര്‍മാരും ഡയറക്ടറും തമ്മില്‍ ശത്രുക്കളെപ്പോലെയായി. ഡോക്ടര്‍മാരില്‍ പലരും ഡയറക്ടറെ കാണാനേ പോവാറില്ല. അങ്ങനെയിരിക്കെയാണ് ഫിനാന്‍സ് കണ്‍ട്രോളറായി ഡെപ്യൂട്ടേഷനില്‍ ഒരാള്‍ ചാര്‍ജ് എടുക്കുന്നത്. അദ്ദേഹം നിയമിതനായി ഉടനെ പര്‍ച്ചേസ് ഓഫീസറെ മാറ്റി പര്‍ച്ചേസിന്റെ കാര്യമെല്ലാം അദ്ദേഹം തന്നെ നോക്കാനും നിയന്ത്രിക്കാനും തുടങ്ങി. ചില കമ്പനികളുടെ ഫസ്റ്റ് സ്റ്റാന്‍ഡേഡ് സാധനങ്ങള്‍ ആണ് ആര്‍സിസി അതുവരെ വാങ്ങിയിരുന്നത്. എന്നാല്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന കമ്പനികള്‍ക്ക് പണം കൊടുക്കാതെ അവരെ ടെന്‍ഡറില്‍ നിന്ന് അകറ്റി. സമയത്ത് പണം കിട്ടാതായതോടെ പലരും ടെന്‍ഡറില്‍ പങ്കെടുത്തില്ല. അങ്ങനെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് താത്പര്യമുള്ളവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങി. പര്‍ച്ചേസ് കമ്മറ്റി പോലും കൂടാതെ സാധനങ്ങള്‍ ആശുപത്രിയിലേക്ക് തന്നിഷ്ടപ്രകാരം ഇറക്കാന്‍ തുടങ്ങി. ഗുണനിലവാരമില്ലാത്ത, സബ് സ്റ്റാന്‍ഡേര്‍ഡ് ആയ സാധനങ്ങളാണ് പലതും എന്ന് ഡോക്ടര്‍മാര്‍ പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ട്. എലിസ ടെസ്റ്റ് കിറ്റ് അടക്കം ഇത്തരത്തില്‍ ഗുണനിലവാരമില്ലാത്തതാണെന്നും ഡോക്ടര്‍മാര്‍ പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് മാറ്റിയില്ല. ഇതോടെ വകുപ്പ് മേധാവികളെല്ലാം അധികാരികളുമായി ആശയസംഘട്ടനത്തിലായി. മാനദണ്ഡങ്ങള്‍ പാലിച്ചല്ല അവിടെ പര്‍ച്ചേസ് നടക്കുന്നത്. ഒടുവില്‍ വിവാദങ്ങളുണ്ടായതിന് ശേഷം പര്‍ച്ചേസ് കമ്മറ്റി കൂടിയതായി കാണിച്ച് പഴയ തീയതി രേഖപ്പെടുത്തി ഒരു രേഖയുണ്ടാക്കി അതില്‍ ഒപ്പിടണമെന്ന് ഡോക്ടര്‍മാരോട് നിര്‍ദ്ദേശിച്ചതായാണ് ലഭിച്ച വിവരം. എന്നാല്‍ ഡോക്ടര്‍മാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതായും അറിയുന്നു. ഞാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന കാലത്ത് പര്‍ച്ചേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കുകയും അതുവഴി ശത്രുത സമ്പാദിക്കുകയുമാണ് ചെയ്തത്. ഡയറക്ടറുടെ മുറിയില്‍ ഒരാള്‍ക്ക് വെറുതെ കടന്ന് കയറാന്‍ പറ്റില്ല. ഫിംഗര്‍ പ്രിന്റ് രേഖപ്പെടുത്തിയാല്‍ മാത്രം തുറക്കുന്ന വാതിലുകളുള്‍പ്പെടെ കൊള്ളസങ്കേതം പോലെ ഒരു ഓഫീസ് പണിതുവച്ചിരിക്കുകയാണ്. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലേക്ക് കടക്കണമെങ്കില്‍ തന്നെ സെക്യൂരിറ്റി ജീവനക്കാരുടെ പലവട്ട ചോദ്യം ചെയ്യല്‍ കഴിഞ്ഞിട്ട് വേണം. ഇനി വ്യക്തിപരമായ ഒരു അനുഭവം കൂടി ഉദാഹരണമായി പറയാം. എന്റെ ഭാര്യയുടെ അര്‍ബുദ ചികിത്സക്കായി ഇപ്പോഴും ആര്‍സിസിയെ ആശ്രയിക്കുന്നയാളാണ് ഞാന്‍. നാല്‍പ്പതോളം കീമോ കഴിഞ്ഞതാണ്. എപ്പോഴും ശ്വാസതടസ്സമുണ്ടാവുകയും ശ്വാസകോശത്തില്‍ നിന്ന് ഒരു ഫ്‌ലൂയിഡ് വരികയും ചെയ്യും. ഒരിക്കല്‍ ഡോക്ടര്‍ ഒരു മരുന്ന് തന്നു. അതോടെ അത്ഭുതകരമെന്ന് പറയുന്ന തരത്തില്‍ ആ ശ്വാസതടസ്സവും ഫ്‌ല്യൂയിഡിന്റെ ഒഴുക്കും നിന്നു. പക്ഷെ പിന്നീട് ആര്‍സിസിയില്‍ ആ ടാബ്ലറ്റ് വാങ്ങാന്‍ ചെന്നപ്പോള്‍ അത് അവിടെയില്ല. കാരണം എന്തെന്നോ, പര്‍ച്ചേസ് ഓര്‍ഡര്‍ കൊടുത്തിട്ടില്ല. ആര്‍സിസിയില്‍ അമ്പതിനായിരം രൂപക്ക് കിട്ടുന്ന ആ ഗുളിക പുറത്തുനിന്ന് ഒന്നരലക്ഷം രൂപക്കാണ് ലഭിക്കുക. അപ്പോള്‍ ആര്‍ക്ക് വേണ്ടിയാണ് അവിടെ പര്‍ച്ചേസ് നടക്കുന്നത്?'


http://www.azhimukham.com/health-rcc-killed-my-child/

ആര്‍സിസിയുടെ ആകെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുന്നതായി സ്ഥാപനത്തിലെ ഡോക്ടര്‍മാരിലൊരാള്‍ പറയുന്നു. ആശുപത്രിയിലെ എല്ലാ പ്രവര്‍ത്തനങ്ങളേയും വ്യക്തമായ ഓഡിറ്റിന് വിധേയമാക്കിയതിന് ശേഷം പരിഷ്‌കരിക്കണമെന്നാണ് ഡോക്ടറുടെ അഭിപ്രായം. താനടക്കമുള്ള ഡോക്ടര്‍മാര്‍ പറയുന്ന അഭിപ്രായങ്ങള്‍ക്കോ പരാതികള്‍ക്കോ യാതൊരുവിലയും കല്‍പ്പിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറയുന്നു, 
'സത്യത്തില്‍ ഇപ്പോള്‍ ആശുപത്രിയുടെ ഒരു കാര്യത്തിലും ഇടപെടാറില്ല. രാവിലെ വരുന്നു, നമ്മളെ കാണാനെത്തിയവരെ പരമാവധി ആത്മാര്‍ഥതയോടെ ചികിത്സിക്കുന്നു വൈകിട്ട് ജോലി കഴിഞ്ഞ് പോവുന്നു എന്നതിനപ്പുറം ആശുപത്രിയുടെ ഒരു കാര്യങ്ങളും ശ്രദ്ധിക്കാറില്ല. അത്രക്ക് മടുത്തിട്ടാണ്. ഈ സ്ഥാപനത്തിലെ ക്രമക്കേടുകളും ആരോപണങ്ങളും അന്വേഷിക്കുമ്പോള്‍ ഇവിടത്തെ ഒരാളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് അന്വേഷിക്കേണ്ടത്. അയാളെക്കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും അന്വേഷിപ്പിച്ചാല്‍ എങ്ങനെയിരിക്കും. അതാണ് അടിസ്ഥാനപരമായ പ്രശ്‌നം. ആര്‍സിസി ഗവേണിങ് ബോഡിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആളുകളുടെ ഡീറ്റെയ്ല്‍സ് പരിശോധിക്കുമ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാവും. മാധ്യമപ്രവര്‍ത്തകരോ ആരോ ആവട്ടെ, അവരോടാരോടെങ്കിലും ഇവിടെ അധികാര സ്ഥാനത്തിരിക്കുന്ന ആരെങ്കിലും പ്രതികരിക്കുമോ? ഇല്ല. പരമാവധി വായ് മൂടിക്കെട്ടിയവരാണ് ഇവിടെയുള്ളവര്‍. ജോലി പോവും, അല്ലെങ്കില്‍ പീഡനമനുഭവിക്കേണ്ടി വരും അതിനാല്‍ ആരും ഒന്നും പുറത്തുപറയില്ല. ഒരു പ്രതികരണം പോലും ലഭ്യമാവില്ല. ഇത് സര്‍ക്കാര്‍ സ്ഥാപനമല്ലേ. ജനങ്ങളോടും മാധ്യമപ്രവര്‍ത്തകരോടുമെല്ലാം സംവദിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ്. പക്ഷെ ആരും ഇതിലൊന്നും ഇടപെടുന്നതേയില്ല. സര്‍ക്കാരിനും ഈ സ്ഥാപനം നല്ലരീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. പക്ഷെ എല്ലാവരും ചേര്‍ന്നുള്ള കൂട്ടുകച്ചവടമാണ് ഇവിടെ നടക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണമാണ്. യഥാര്‍ഥത്തില്‍ വേണ്ടത്. 14 നില കെട്ടിടം ഉയര്‍ത്തിപ്പൊക്കിയതുകൊണ്ട് കാര്യമില്ല. ചികിത്സയുടെ ക്വാളിറ്റി ഉറപ്പിക്കുകയാണ്. ആര്‍സിസി അടിമുടി പരിഷ്‌ക്കരിക്കണം. പക്ഷെ അതിന് മുമ്പ് ഉറപ്പായിട്ടും ഓഡിറ്റ് നടത്തിയിരിക്കണം. എന്നാല്‍ പല കാര്യങ്ങളും വ്യക്തമാവും.'


ഇതിനിടെ 10 മാസമായി ആര്‍സിസിയിലെ ആധുനിക രക്തപരിശോധനാ സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല എന്ന വിവരമാണ് ജീവനക്കാര്‍ നല്‍കുന്നത്. രക്താര്‍ബുദ രോഗികളിലെ ജീനുകളുടെ അനിയന്ത്രിതമായ വളര്‍ച്ച, മരുന്നുകളോടുള്ള ശരീരത്തിന്റെ പ്രതികരണ ശേഷി എന്നീ കാര്യങ്ങള്‍ പരിശോധിക്കാനുള്ള ക്വാണ്ടിറ്റേറ്റീവ് ആര്‍.ടി.-പിസിആര്‍ പത്ത് മാസമായി നിലച്ചിരിക്കുകയാണ്. പുറത്ത് ഈ പരിശോധന നടത്താന്‍ 15,000 രൂപ ചെലവ് വരും. ജര്‍മ്മന്‍ നിര്‍മ്മിത യന്ത്രം കേടായതിന് ശേഷവും ഫണ്ടുണ്ടായിട്ടും പുതിയത് വാങ്ങുന്നില്ലെന്ന് ജീവനക്കാര്‍ പരാതി പറയുന്നു. കേരളത്തില്‍ ഈ പരിശോധന നടത്തുന്ന ഏക കേന്ദ്രമായിരുന്നു ആര്‍സിസി. ഇപ്പോള്‍ പരിശോധന നടത്താനായി രക്തസാമ്പിളുകള്‍ ഡല്‍ഹിയിലെ ലബോറട്ടറിയിലേക്കയക്കുകയാണ്. ഡല്‍ഹിയിലെ സ്വകാര്യ ലാബ് ആര്‍സിസിക്ക് അടുത്ത് സാമ്പിള്‍ ശേഖരിച്ച് അയക്കുന്ന കേന്ദ്രം തുടങ്ങിയതോടെ ഇതില്‍ ഒത്തുകളിയുണ്ടോ എന്ന സംശയമാണ് ജീവനക്കാര്‍ക്ക്. ആര്‍സിസിയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായായിരുന്നു പരിശോധന നടത്തിയിരുന്നത്. മറ്റുള്ളവര്‍ക്ക് 6000 രൂപയുമായിരുന്നു.

ആര്‍.സി.സിയെ തകര്‍ക്കരുത്- ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റിയന്‍

ആര്‍സിസിയെ തകര്‍ക്കാനുള്ള ശ്രമം ഒഴിവാക്കണമെന്നും രക്തമാറ്റത്തിലൂടെ രണ്ട് കുട്ടികള്‍ എച്ച്‌ഐവി ബാധിതരായ വിഷയത്തില്‍ ആര്‍സിസക്ക് പിഴവുണ്ടായിട്ടില്ലെന്നും ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റിയന്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് അദ്ദഹം ഇക്കാര്യം അറിയിച്ചത്. വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ രൂപം:

ആര്‍ സി സി യിലെ പിഴവുകള്‍ പരിഹരിക്കാന്‍ എന്ന വ്യാജേന ആര്‍ സി സി യെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനുള്ള ശ്രമം ചില മാധ്യമങ്ങള്‍ തുടങ്ങിയിട്ടു കുറച്ചു നാളുകളായി. ആര്‍ സി സി യില്‍ ചികിത്സയിലിരിക്കെ എച്ച് ഐ വി ബാധിച്ചു എന്നു സംശയിക്കുന്ന രണ്ടു കുട്ടികള്‍ അര്‍ബുദ മൂര്‍ദ്ധന്യാവസ്ഥയില്‍ മരണപ്പെട്ടതിന്റെ മറവിലാണ് ഈ ക്യാമ്പയിന്‍ നടത്തുന്നത്. WHO/ NACO എന്നിവയുടെ നിര്‍ദ്ദേശപ്രകാരമുള്ള സ്‌ക്രീനിംഗ് പരിശോധന ആയിരുന്നു ആര്‍ സി സി യില്‍ HIV ക്കു വേണ്ടി നടത്തിയിരുന്നതെന്നും ആ പരിശോധനയില്‍ വിന്‍ഡോ പീരിയഡില്‍ ഉള്ള അണുബാധ കണ്ടു പിടിക്കാന്‍ കഴിയണം എന്നില്ലന്നുമുള്ള ശാസ്ത്ര സത്യം പല തവണ ആര്‍ സി സി യും ഇതേക്കുറിച്ചു അന്വേഷിച്ച ഏജന്‍സികളുമൊക്കെ വ്യക്തമാക്കിയതാണ്. കുറേക്കൂടി കൃത്യത ഉള്ള NAT പരിശോധനാ സൗകര്യം ആര്‍ സി സി പോലുള്ള ആശുപത്രികളില്‍ ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ പരിഗണിച്ച് അത് ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. NAT പരിശോധന ലഭ്യമാക്കിയാല്‍ പോലും വിന്‍ഡോ പീരിയഡ് ഇപ്പോഴുള്ള മൂന്നു മാസത്തില്‍ നിന്നു 15 ദിവസമായി കുറയുന്നതല്ലാതെ നൂറു ശതമാനം സുരക്ഷിതമാക്കാന്‍ കഴിയികയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അത് ശാസ്ത്രത്തിന്റെ പരിമിതിയാണ്. മറിച്ചു ആര്‍ സി സി യുടെ പിഴവല്ല.

ഇത് ഒരു പരിധിവരെ പരിഹരിക്കാന്‍ രക്തദാതാക്കളെ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള ബോധന പരിപാടികള്‍ ശക്തിപ്പെടുത്തുകയുമാണ് മാര്‍ഗം. രക്ത ദാതാക്കള്‍ക്കിടയില്‍ ഈ വിഷയത്തെക്കുറിച്ചു കൂടുതല്‍ അവബോധം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും വേണം. ഇക്കാര്യത്തിലും ആര്‍.സി.സി. നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ, അവയെ വളച്ചൊടിക്കുകയും ആത്മനിഷ്ഠമായ വ്യാഖ്യാനങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്ത് ആര്‍.സി.സി.യില്‍ വന്‍വീഴ്ചകള്‍ ഉണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ നിരന്തരം ശ്രമിക്കുന്നു. ലക്ഷക്കണക്കിന് രോഗികളുടെ അഭയവും, ആശ്വാസവുമായ ഈ സര്‍ക്കാര്‍ ആശുപത്രിയെക്കുറിച്ച് അസത്യങ്ങളും, അല്പസത്യങ്ങളും ചേര്‍ത്ത് അപവാദ പ്രചരണം നടത്തുമ്പോള്‍, രോഗികളുടെ ആത്മവിശ്വാസവും, സുരക്ഷിത ബോധവുമാണ് തകര്‍ന്നു പോകുന്നത്. ആയിരക്കണക്കിന് രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ മഹാസ്ഥാപനത്തിന്റെ അടിത്തറ ജനങ്ങള്‍ക്ക് ഈ സ്ഥാപനത്തെ കുറിച്ചുള്ള വിശ്വാസമാണ്. അത് തകര്‍ത്തു കളയുന്നതിലൂടെ ഒരു ജനതയുടെ സുരക്ഷിത ബോധമാണ് ഈ ദുഷ്‌കീര്‍ത്തി നിര്‍മാണ സംഘം നശിപ്പിക്കുന്നത്. ആര്‍.സി.സി. എന്നത് കേവലം ഒരു കെട്ടിട ശൃംഖലയല്ല. നൂറുകണക്കിന് വിദഗ്ദ്ധരുടെ ശേഷിയും, സമര്‍പ്പണബുദ്ധിയും കരുതലും സ്‌നേഹവും കാരുണ്യവും സംയോജിപ്പിച്ച് നിര്‍മ്മിച്ചെടുത്ത ഒരു സേവന സംസ്‌ക്കാരമുണ്ട്. അതാണ് ആര്‍.സി.സി. ജനങ്ങള്‍ക്ക് മാധ്യമങ്ങളിലെ പരസ്യവാചകങ്ങള്‍ക്കും, അപവാദ പ്രചരണങ്ങള്‍ക്കും അപ്പുറത്ത്, അനുഭവ പാഠങ്ങളുണ്ട്. മറ്റു സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും ആര്‍.സി.സിയെ വ്യത്യസ്തമാക്കുന്ന സവിശേഷതകള്‍ എന്തൊക്കെയാണെന്ന് അവര്‍ക്കു ബോധ്യമുണ്ട്. അത്തരമൊരു പൊതു ബോധത്തേയും രോഗികളുടേയും ബന്ധുക്കളുടേയും ബോധ്യങ്ങളേയും തകര്‍ത്തു കളഞ്ഞെങ്കില്‍ മാത്രമേ തല്‍പരകക്ഷികളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഈ അപകീര്‍ത്തി നിര്‍മ്മാണ പ്രക്രിയ തുടരുന്നത്.

ഇപ്പറഞ്ഞതിനര്‍ത്ഥം ആര്‍.സി.സിയില്‍ യാതൊരു വിധ പിഴവുകളും ഇല്ലെന്നല്ല. പ്രതിദിനം 2000ല്‍ പരം രോഗികള്‍ക്ക് പരിമിതമായ സ്ഥലത്തു സേവനം നല്‍കുമ്പോള്‍ ഉണ്ടാകുന്ന നിസ്സാരമായ പാളിച്ചകള്‍ ഇവിടെയും ഉണ്ട്. അത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ പരിഹരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാരിന്റെ നടപടി ക്രമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിന്റെ സ്വാഭാവികമായ കാലതാമസം ഉണ്ടാകാറുണ്ട്. നിലവിലുള്ള നിയമങ്ങളുടെയും സംവിധാനങ്ങളുടെയും പരിമിതിയാണ്. ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജനാധിപത്യ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പകരം ആര്‍.സി.സി പോലെയുള്ള സ്ഥാപനങ്ങളുടെ വന്‍വീഴ്ച ആയി ചിത്രീകരിച്ച് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് അധാര്‍മികമാണ്. അനീതിയാണ്.

ആര്‍.സി.സി. നമ്മുടെ ദേശത്തിന്റെ സ്വന്തം സ്ഥാപനമാണ്. അത് നന്നാക്കാന്‍ ശ്രമിക്കുന്നു എന്ന പരിവേഷം സൃഷ്ടിച്ച് അവതരണം നടത്തുന്നവരും, ആസ്ഥാനവക്താക്കളുമെല്ലാം നശിപ്പിക്കുന്നത് അവരുടെ കൂടി സ്ഥാപനമായ ഈ ആതുരാലയത്തെയാണ്. ഇത് മാതൃകാപരമായ ഒരു മാധ്യമപ്രവര്‍ത്തനമല്ല.

ആര്‍.സി.സി. പറയുന്നതൊക്കെ തെറ്റാണെന്നും ഞങ്ങള്‍ പറയുന്നത് മാത്രമാണ് ശരി എന്നും വാദിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഇതൊരു ജനാധിപത്യ രാജ്യമാണ്. നിതിന്യായ വ്യവസ്ഥകളും നിയമസംവിധാനങ്ങളും ശാസ്ത്രസമൂഹവൂും ശക്തമാണ്. ആര്‍.സി.സി.യുെട ഭാഗത്തു അപാകതകള്‍ ഉണ്ടെങ്കില്‍ അവ അന്വേഷിച്ചു കണ്ടെത്തുകയും, യുക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാന്‍ ശേഷിയുള്ള ഒരു ഭരണ സംവിധാനവും ഇവിടെയുണ്ട്. മാധ്യമ വിചാരണയിലൂടെ എല്ലാം ശരിപ്പെടുത്തിക്കളയാം എന്ന ധാര്‍ഷ്ട്യം ഒരു ജനാധിപത്യ സമൂഹത്തിനു ചേരുന്നതല്ല. അത് നിഴലിനോട് യുദ്ധം ചെയ്യുന്നതുപോലെ നിരര്‍ത്ഥകമാണ്. ആര്‍.സി.സി.യ്ക്ക് എതിരെയുള്ള ഈ മാധ്യമ കാമ്പയിനെ അപലപിക്കുന്നതോടൊപ്പം ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

http://www.azhimukham.com/health-blood-transfusion-errors-cause-death-in-rcc-part-2-reports-dhanya/

Next Story

Related Stories