TopTop

സ്റ്റീഫന്‍ ഹോക്കിംഗ്: പൊതുസമൂഹത്തിന്റെ വൈകല്യം മാറ്റിയെടുത്ത പ്രതിഭ

സ്റ്റീഫന്‍ ഹോക്കിംഗ്: പൊതുസമൂഹത്തിന്റെ വൈകല്യം മാറ്റിയെടുത്ത പ്രതിഭ
ശാസ്ത്രചിന്തകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന തലച്ചോറും ബുദ്ധിയും ഇച്ഛാശക്തിയും കൂട്ടത്തില്‍ ശരീരത്തെ ആകെ വരിഞ്ഞുമുറുക്കിയ വൈകല്യവും.. സ്റ്റീഫന്‍ ഹോക്കിംഗിന് മാത്രം അവകാശപ്പെടാവുന്ന 'പ്രത്യേകതകളാണ്' ഈ പറഞ്ഞതൊക്കെയും. തളര്‍ന്ന ശരീരത്തിനൊപ്പം നില്‍ക്കാതെ, മനസ്സിനെ ശാസ്ത്രസത്യങ്ങള്‍ക്കിടയില്‍ മേഞ്ഞുനടക്കാന്‍ വിട്ടതാണ് അദ്ദേഹം ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന. ആശയവും ആഗ്രഹവും മാത്രമാണ് ഒരുവനെ ലോകത്തിന് മാതൃകയാക്കുന്നതെന്ന് തെളിയിച്ച സ്റ്റീഫന്‍ ഹോക്കിംഗ് 22-ാം വയസില്‍ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസിന് അടിയറവ് പറഞ്ഞത് ശരീരംകൊണ്ട് മാത്രമായിരുന്നു.

വൈകല്യം ബാധിച്ചവരോടുള്ള ഒരു സമൂഹത്തിന്റെയാകെ കാഴ്ചപ്പാട് മാറ്റിയെടുക്കാനായതാണ് സ്റ്റീഫന്‍ ഹോക്കിംഗിന്റെ നേട്ടങ്ങളില്‍ എന്നും മുന്‍പന്തിയിലുള്ളത്.

ശരീരപേശികളെ നിയന്ത്രിച്ചിരുന്ന നാഡികള്‍ തളര്‍ച്ചയിലെത്തിയപ്പോഴും സ്റ്റീഫന്‍ ഹോക്കിംഗിന്റെ മനസ്സ് സ്വതന്ത്രമായിരുന്നു. ഉരുത്തിരിഞ്ഞ ചിന്തകളോരോന്നും ഊര്‍ജ്ജമാക്കി മാറ്റിയ തന്റെ അധ്യാപകനെ 'പോരാളി'യെന്ന് അഭിമാനത്തോടെ വിശേഷിപ്പിക്കും, പോള്‍ ഷെല്ലാഡി(Paul Shellard)നെ പോലെയുള്ള അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍. 'അത്തരം ഒരു അവസ്ഥയില്‍ തുടര്‍ന്നിട്ടും ശാസ്ത്രലോകത്തിനായി മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു വ്യക്തിയെന്ന നിലയില്‍ സാധ്യമായതെല്ലാം ചെയ്തിട്ടാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്' പോള്‍ ഷെല്ലാഡ് പറയുന്നു. 'കഠിനാധ്വാനത്തിന് പരിമിതികളില്ല. മനസ്സാന്നിധ്യത്താല്‍ നേടാനാകാത്തതായും ഒന്നുമില്ല. എന്തൊക്കെ ചെയ്യാന്‍ സാധിക്കില്ല എന്ന് ഗവേഷണം നടത്തുന്ന നമ്മള്‍ ഓരോ ജീവിതങ്ങളോടും, ഒരു മനുഷ്യായുസ്സില്‍ എന്തൊക്കെ ചെയ്യാനാകുമെന്നാണ് അദ്ദേഹം കാണിച്ചുതന്നത്.'- ബി.ബി.സിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പോള്‍ ഷെല്ലാഡ് തന്റെ അധ്യാപകനായ പ്രൊഫ.ഹോക്കിംഗിനെ ഓര്‍ത്തെടുത്തതിങ്ങനെ.

സ്വന്തം ജീവിതം എണ്ണമറ്റ ഒരുപാട് ജീവിതങ്ങള്‍ക്ക് മാതൃകയാക്കുകയാണ് സ്റ്റീഫന്‍ ഹോക്കിംഗ് എന്ന ശാസ്ത്രജ്ഞന്‍ ചെയ്തത്. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസി(MND) നെക്കുറിച്ച് ലോകത്തോട് അദ്ദേഹം സംസാരിച്ചതും പലപ്പോഴും ശ്രദ്ധേയമായിട്ടുണ്ട്.

വൈകല്യം തളര്‍ത്തിയ ശരീരവും മനസ്സുമായി ജീവിക്കുന്നവരുടെ ശബ്ദം പൊതുസമൂഹത്തില്‍ നിന്ന് അകന്നുനില്‍ക്കുമ്പോഴാണ് സ്റ്റീഫന്‍ ഹോക്കിംഗ് അവരുടെ പ്രതിനിധിയായി എത്തിയത്. ചുറ്റുമുള്ളതിനെ കണ്ണുതുറന്ന് കാണാന്‍ മറ്റുള്ളവരെ പഠിപ്പിച്ച പ്രൊഫ. ഹോക്കിംഗ്, വാസ്തവത്തില്‍ വൈകല്യം ബാധിച്ചത് പൊതുസമൂഹത്തിനാണെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുകയായിരുന്നു. ദ സിംപ്സണ്‍സ്(The Simpsons), സ്റ്റാര്‍ ട്രെക്ക്(Star Trek) ദ ബിംഗ് ബാംഗ് തിയറി(The Big Bang Theory) എന്നീ പരിപാടികളിലൂടെ മിനി സ്‌ക്രീനിലും, The Theory of Everything എന്ന തന്റെ ജീവിതം ചാലിച്ച സിനിമയിലൂടെ പ്രേക്ഷക മനസ്സുകളിലേക്കും നടന്നടുത്തതും നേട്ടങ്ങളില്‍ ചിലതാണ്.

മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് അസോസിയേഷന്‍ പ്രതിനിധി സ്റ്റീവ് ബെല്‍ (Steve Bell), സ്റ്റീഫന്‍ ഹോക്കിംഗിനെ ഓര്‍മ്മിച്ചെടുക്കുന്നതും 'വികലാംഗരില്‍' ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധനായ വ്യക്തിയെന്ന നിലയിലാണ്. ബുദ്ധിയില്‍ വൈകല്യമില്ലാത്തവരെ കടത്തിവെട്ടും. ചിന്തയിലും പ്രവര്‍ത്തിയിലും എളിമയും മിതത്വവും കാത്തുസൂക്ഷിക്കും. ഇനിയൊരാള്‍ക്ക് ഇങ്ങനെയാകാന്‍ കഴിയില്ലെന്ന് സ്റ്റീവ് ബെല്‍ ഉറപ്പിച്ചുപറയുന്നു.

ഡോക്ടര്‍മാര്‍ പ്രവചിച്ചതിലും അഞ്ച് ദശാബ്ദക്കാലം കൂടുതല്‍ ജീവിച്ചിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. ഇച്ഛാശക്തി മാത്രമാണ് അതിന് കാരണമെന്ന് ഡോക്ടര്‍മാരും വിധിയെഴുതുന്നു. വീല്‍ ചെയറില്‍ നീങ്ങുന്ന ഊര്‍ജ്ജതന്ത്രജ്ഞന്‍ ആയിരുന്നു അദ്ദേഹം. മനസ്സായിരുന്നു ലാബ്. മനക്കണക്കുകളായിരുന്നു ആയുധം.

ഓക്സ്ഫോര്‍ഡില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് സ്റ്റീഫന്‍ ഹോക്കിംഗ് വീല്‍ചെയറില്‍ ജീവിക്കാന്‍ തുടങ്ങിയത്. ജനിച്ചുവീണപ്പോള്‍ സംഭവിക്കാതിരുന്ന വൈകല്യം, ഒരു ഊര്‍ജ്ജതന്ത്രജ്ഞനിലേക്കുള്ള വഴിയിലാണ് അദ്ദേഹത്തെ തേടിയെത്തിയത്. ഇഷ്ടപ്പെട്ട വഴിയില്‍ ചിന്തിക്കാനും പഠിക്കാനും പക്വത കൈവന്ന ശേഷമാണ് വൈകല്യത്തിന് പിടികൊടുത്തതെന്നര്‍ത്ഥം.

വൈകല്യം ബാധിച്ചവര്‍ക്കുള്ള ഊര്‍ജ്ജമായി തന്റെ ജീവിതം മാറണമെന്ന് സ്റ്റീഫന്‍ ഹോക്കിംഗ് ആഗ്രഹിച്ചിരുന്നില്ല. പക്ഷെ, ഒരു മേഖലയില്‍ മനസ്സര്‍പ്പിച്ച് വൈകല്യത്തോട് പടവെട്ടി ജീവിക്കാനാണ് അദ്ദേഹം എല്ലാവരെയും പ്രേരിപ്പിച്ചത്. ആ പ്രേരണയില്‍ ജീവിതം കെട്ടിപ്പൊക്കിയ നിരവധി ഉദാഹരണങ്ങള്‍ ലോകമെമ്പാടും ജീവിച്ചിരിക്കുന്നു. സ്റ്റീഫന്‍ ഹോക്കിംഗ് അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന്, വൈകല്യത്തോട് പടപൊരുതി ജീവിക്കുന്ന പതിനായിരങ്ങള്‍...

ഒരിക്കല്‍ അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു-'വൈകല്യമൊക്കെ ബാധിച്ചോട്ടെ,പരാതി പറയണ്ട; വിധിയെ പഴിച്ച് വിഷമിക്കുകയും വേണ്ട...ആ വൈകല്യം മനസ്സിനെ ബാധിക്കാതിരുന്നാല്‍ മാത്രം മതി. നിങ്ങളുടെ ഊര്‍ജ്ജം, സ്പിരിറ്റ്.. അത് ചോര്‍ത്തിയെടുക്കാന്‍ ആരെയും അനുവദിക്കരുത്. വൈകല്യം ബാധിച്ച ശരീരത്തെപ്പോലും വിസ്മയിപ്പിച്ച് ജീവിക്കാന്‍ നിങ്ങള്‍ക്കാകും


Next Story

Related Stories