TopTop

നിങ്ങള്‍ ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിലത് പങ്കാളിയുടെ തടിയും കുറയ്ക്കും

നിങ്ങള്‍ ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിലത് പങ്കാളിയുടെ തടിയും കുറയ്ക്കും
സ്വന്തം നേട്ടത്തിനായി പലതും ചെയ്യുന്നതിനേക്കാളും മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ ഇഷ്ടപ്പെടുന്നവരുണ്ട്. അത്തരത്തിലൊരു നേട്ടം നിങ്ങളുടെ പങ്കാളിക്കാണ് ലഭിക്കുന്നതെങ്കിലോ? ഒരു പഠന റിപ്പോര്‍ട്ടാണിത്.

ഭാരം കുറക്കാനുള്ള പരിശ്രമത്തിലാണോ നിങ്ങള്‍? എങ്കില്‍ മടി കൂടാതെ അത് തുടര്‍ന്നോളൂ. നിങ്ങളുടെ പങ്കാളിക്ക് ഏറ്റവുമധികം 'ഇന്‍സ്പിരേഷന്‍' നല്‍കുന്ന വ്യക്തിയെന്ന പട്ടം നിങ്ങള്‍ക്ക് സ്വന്തമാണ്. അതായത്, ഭാരം കുറക്കാനുള്ള നിങ്ങളുടെ അത്യദ്ധ്വാനം, സ്വന്തം ശരീരഭാരത്തെപ്പറ്റി ചിന്തിക്കാനുള്ള പ്രചോദനമാണ് പങ്കാളിക്ക് നല്‍കുന്നത്. തന്റെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, ശരീരകാര്യങ്ങളില്‍ പുലര്‍ത്തുന്ന ശ്രദ്ധ അറിയാതെ തന്നെ പങ്കാളിയിലേക്കും കടന്നുകൂടുമത്രെ.

130 ജോടികളില്‍ ആറ് മാസം നീണ്ട നിരീക്ഷണമാണ് ഈ കണ്ടെത്തലിന് സഹായിച്ചത്. പങ്കാളികളിലൊരാളില്‍ വീതം 'കാര്യമായിട്ടൊന്നും' ചെയ്യാതെ തന്നെ ശരീരഭാരത്തില്‍ 3% എന്ന അളവില്‍ കുറവ് വന്നുവെന്നാണ് കണ്ടെത്തല്‍.

വെറുതെയങ്ങ് കുറഞ്ഞതോ കുറച്ചതോ അല്ല, ആരോഗ്യത്തിലേക്ക് എത്തിനില്‍ക്കുന്ന തരത്തിലാണ് എല്ലാവരും ഈ നേട്ടം കൈവരിച്ചത്.

'ഇതിന് പിന്നിലുള്ള തിയറി വളരെ ലളിതമാണ്. കൂട്ടത്തിലെ ഒരു ശതമാനത്തിന്റെ സ്വഭാവത്തില്‍ ചില വ്യത്യാസങ്ങള്‍ കാണപ്പെടുമ്പോള്‍, അത് മറ്റുള്ളവരിലേക്കും വളരെ പെട്ടെന്ന് എത്തുമെന്നുള്ള അടിസ്ഥാനപാഠമാണ് ഫലം കണ്ടത്' അമേരിക്കയിലെ കണക്ടികട്ട്(Connecticut) സര്‍വ്വകലാശാലയിലെ ആമി ഗോരിന്‍(Amy Gorin) പറയുന്നു.

ഒബീസിറ്റി (Obesity) മാസിക പുറത്തുവിട്ട റിപ്പോര്‍ട്ടിലെ മറ്റൊരു കണ്ടെത്തല്‍ രസകരമാണ്. പങ്കാളികളില്‍ ഒരാളുടെ അധ്വാനത്തിലൂടെ കുറഞ്ഞ ശരീരഭാരത്തിന്റെയും മറ്റേയാള്‍ പ്രചോദനത്തിലൂടെ സിംപിളായി കുറച്ച ഭാരത്തിന്റെയും സംഖ്യകള്‍ തമ്മിലും ബന്ധമുണ്ടാകുമത്രെ! വളരെ പണിപ്പെട്ടാണ് ഒരാള്‍ ഭാരം കുറച്ചതെങ്കില്‍ പങ്കാളിക്കും അതേ കഷ്ടപ്പാട് ഉണ്ടായിരിക്കും. ഇനി എളുപ്പത്തില്‍ ഉദ്ദേശം നേടിയെടുത്തെങ്കില്‍, പങ്കാളിക്കും ഭാരം കുറയ്ക്കല്‍ അത്ര കഷ്ടപ്പാടില്ലാത്ത പണിയാണെന്ന് പഠനത്തില്‍ തെളിഞ്ഞു.

ഭക്ഷണത്തിന്റെയും വ്യായാമത്തിന്റെയും അളവാണ് ശരീരഭാരത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇത് പോസിറ്റീവായും നെഗറ്റീവായും പങ്കാളിയെ ബാധിച്ചുകൊണ്ടിരിക്കും! ഗവേഷകര്‍, ഒരോ ടീമിന്റെയും നിലവിലെ ഭാരവും പിന്നീട് കുറച്ചെടുത്ത ഭാരവും രേഖപ്പെടുത്തിയാണ് ഈ കണ്ടക്കുകളിലേക്കെത്തിയത്.

130 ജോടികളെയും രണ്ട് ഗ്രൂപ്പായി തിരിച്ചായിരുന്നു പരീക്ഷണം. ആദ്യത്തെ ഗ്രൂപ്പില്‍, ഓണ്‍ലൈന്‍ മെഡിക്കല്‍ സപ്പോര്‍ട്ടും കൗണ്‍സിലിംഗും ഉള്‍പ്പെടുന്ന സഹായങ്ങള്‍ പങ്കാളികളിലൊരാള്‍ക്ക് ലഭിച്ചു. രണ്ടാമത്തെ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവര്‍ക്ക് ലഭിച്ചത് നാല് പേജുള്ള ബുക്ക്‌ലെറ്റാണ്. ആരോഗ്യം, ഭക്ഷണം, വ്യായാമം, വിശ്രമം ഇങ്ങനെ നിരവധി കാര്യങ്ങളടങ്ങിയ ഒരു മെഡിക്കല്‍ ഗൈഡ്. രണ്ട് ഗ്രൂപ്പും ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ മേല്പറഞ്ഞ നേട്ടം കൈവരിച്ചു. ഒപ്പം അവരുടെ പങ്കാളികളും. ആദ്യത്തെ മൂന്ന് മാസത്തില്‍ പ്രകടമായ മാറ്റങ്ങളുണ്ടായ പശ്ചാത്തലത്തില്‍, മെഡിക്കല്‍ ഗൈഡന്‍സ് ലഭിക്കാതിരുന്നവരെയും ഒരേസമയം നിരീക്ഷിച്ചു. അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ഈ നിഗമനങ്ങള്‍ക്കെല്ലാം സഹായിച്ച റിസള്‍ട്ടുകള്‍ വന്നുകൊണ്ടിരുന്നത്.

Next Story

Related Stories