TopTop

ലോക ജനസംഖ്യയുടെ 75% ബാധിച്ചിട്ടുള്ള 'ന്യൂ വേള്‍ഡ് സിന്‍ഡ്രോം' നിങ്ങളെയും വലക്കുന്നുണ്ടോ?

ലോക ജനസംഖ്യയുടെ 75% ബാധിച്ചിട്ടുള്ള
ജങ്ക് ഫുഡിന്റെ അമിത ഉപയോഗവും ജീവിതശൈലി മാറ്റങ്ങളും സമ്മാനിച്ചതാണ് ന്യൂ വേള്‍ഡ് സിന്‍ഡ്രോം. ലോക ജനസംഖ്യയുടെ 75% ന്യൂ വേള്‍ഡ് സിന്‍ഡ്രോമില്‍ വലയുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്.

എന്താണ് ന്യൂ വേള്‍ഡ് സിന്‍ഡ്രോം?

പൊണ്ണത്തടി, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയാലുണ്ടാകുന്ന പ്രശ്‌നങ്ങളെന്ന് ചുരുക്കം.

എന്താണ് കാരണം?

ഡയറ്റിലെ വ്യത്യാസവും ജീവിതശൈലിയിലെ പരിഷ്‌കാരങ്ങളും ഈ രോഗത്തെ ചേര്‍ത്ത് നിര്‍ത്തിയിരിക്കുകയാണ്. സമ്മര്‍ദം മാത്രം നിറഞ്ഞ, പുതിയകാലത്തെ ഓഫീസ് ജോലികളും, ഓഫീസും വീടും കാറുമെല്ലാം ശീതീകരിക്കപ്പെട്ടതും ശാരീരിക അധ്വാനത്തെ തളര്‍ത്തുകയാണ് ചെയ്തത്. കുറച്ച് മാത്രം കായിക ക്ഷമതയും ഉയര്‍ന്ന സമ്മര്‍ദ്ദവും തലച്ചോറിന്റെ പ്രവര്‍ത്തനവുമാണ് ന്യൂ വേള്‍ഡ് സിന്‍ഡ്രോമിന് പ്രധാന കാരണം.

പാശ്ചാത്യ ഭക്ഷണശൈലിയോടുള്ള തീവ്രപ്രണയവും ഈ രോഗത്തിന് സഹായകരമായി. കൊഴുപ്പ്, മധുരം, കാര്‌ബോഹൈഡ്രേറ്റ് എന്നിവയടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍, അമിതഭാരവും അനുബന്ധരോഗങ്ങളും ക്ഷണിച്ചുവരുത്തുകയാണ്. ഹൃദ്രോഗം മുതല്‍ ചിലതരം ക്യാന്‍സര്‍ വരെ എല്ലാത്തിനും പൊണ്ണത്തടി കാരണമാകുന്നുണ്ട്. രാജ്യത്തെ നഗരപ്രദേശവാസികളായ 70% പേരും പൊണ്ണത്തടിയുള്ളവരാണെന്നാണ് കണക്ക്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 20% പെണ്‍കുട്ടികള്‍ രാജ്യത്ത്,പൊണ്ണത്തടിയുള്ളവരാണ്. ലോകാരോഗ്യസംഘടനയുടെ കണക്കില്‍ 1. 4 ബില്യണ്‍ വ്യക്തികള്‍ അമിതവണ്ണം ഉള്ളവരാണ്.

അമിതഭാരവും പൊണ്ണത്തടിയും; സൂക്ഷിക്കുക

ഇടക്ക് ഒരുപക്ഷെ ശരീരം വണ്ണംവെക്കുന്നത് സാധാരണമാണെങ്കിലും പൊണ്ണത്തടി ഇങ്ങനെയല്ല. BMI അനുസരിച്ച് പുരുഷന്മാരില്‍ ശരീരത്തിലെ ആകെ കൊഴുപ്പിന്റെ 25%ഉം സ്ത്രീകളില്‍ 30%ഉം വയറില്‍ അടിഞ്ഞുകൂടിയാല്‍ അത് പൊണ്ണത്തടിയായി കണക്കാക്കുന്നു. മാത്രവുമല്ല പ്രമേഹ സാധ്യതയും ഉണ്ടാകുന്നുണ്ട്. തുടര്‍ന്ന് രക്തസമ്മര്‍ദ്ദം, വൃക്കരോഗം, കാഴ്ച്ചാപ്രശ്‌നങ്ങള്‍ എന്നിങ്ങനെ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഉറക്കക്കുറവും പൊണ്ണത്തടിയുടെ അനന്തരപ്രശ്‌നമാണ്. കൂര്‍ക്കം വലി, സന്ധികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിങ്ങനെ നിരവധി അസുഖങ്ങള്‍ പൊണ്ണത്തടിയുള്ള ഒരാളെ കാത്തിരിക്കുന്നു.

ട്രൈഗ്ലിസറൈഡ് അളവും എല്‍ഡിഎല്‍ അളവും ക്രമാതീതമായി വര്‍ധിക്കും. HDL കുറഞ്ഞു LDL കൂടിയിരിക്കുന്ന അവസ്ഥ ഹാര്‍ട്ട് അറ്റാക്ക് സാധ്യതയുണ്ടാക്കും. വയറിലെ ക്യാന്‍സര്‍ സ്തനാര്‍ബുദം തുടങ്ങി ക്യാന്‍സര്‍ സാധ്യതകളും ഇരട്ടിയാണ്.

എങ്ങനെ പൊരുതാം?

ശരീരഭാരം അമിതമായി വര്‍ധിക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗം. കുട്ടിക്കാലത്തുതന്നെ ഇതിന്റെ സാഹചര്യങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ആഹാരം നന്നായി നിയന്ത്രിച്ചു നല്‍കുക. കുട്ടികളുടെ ഭക്ഷണകാര്യങ്ങള്‍ പൂര്‍ണമായും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ആരോഗ്യമുള്ള ജീവിതശൈലിയാണ് ഈ രോഗങ്ങളില്‍നിന്ന് അകന്ന് നില്‍ക്കാനുള്ള ഏക പ്രതിവിധി. അവിടെയും പരാജയപ്പെടുന്ന പക്ഷം മാത്രമാണ് ഒരു മെഡിക്കല്‍ സഹായം വേണ്ടിവരുന്നത്. ഭക്ഷണക്രമത്തിനൊപ്പം ജീവിതരീതിയില്‍ വരുത്തുന്ന മാറ്റവും ആവശ്യമാണ്. ഇത്രയൊക്കെ ചെയ്തിട്ടും ശരീരഭാരം 5% പോലും കുറയാത്ത സാഹചര്യത്തിലാണ് സര്‍ജറി വേണ്ടിവരുന്നത്.


Next Story

Related Stories