TopTop
Begin typing your search above and press return to search.

ഓര്‍മ്മ നിലനിര്‍ത്താന്‍ പാര്‍ശ്വഫലങ്ങളില്ലാത്ത ഒരു മരുന്നുണ്ട്!

ഓര്‍മ്മ നിലനിര്‍ത്താന്‍ പാര്‍ശ്വഫലങ്ങളില്ലാത്ത ഒരു മരുന്നുണ്ട്!

ബന്ധങ്ങളുടെ വിലയെപ്പറ്റി മലയാളികള്‍ക്ക് ക്ലാസെടുക്കേണ്ട കാര്യമില്ല. ഓരോ വ്യക്തിബന്ധത്തിനും വിലമതിക്കാത്ത സ്ഥാനം കല്പ്പിക്കുന്നുണ്ട് നമ്മള്‍. എന്നാല്‍, ഈ ബന്ധങ്ങള്‍ക്ക് ആരോഗ്യരംഗം കല്പ്പിക്കുന്ന വില ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.

സുഹൃത്ത്ബന്ധങ്ങള്‍ സമ്മാനിക്കുന്നത് എത്ര മനോഹരമായ ഓര്‍മ്മകളാണല്ലെ? ഇതൊക്കെ ഓര്‍ത്തിരിക്കാന്‍ കാരണക്കാരും ഈ സുഹൃത്തുക്കളൊക്കെയാണെന്ന് പറയുന്നത് ഇന്നൊരു ഭംഗിവാക്ക് മാത്രമല്ല. വൈദ്യശാസ്ത്രം തേടിക്കൊണ്ടിരിക്കുന്ന സത്യം കൂടിയാണ്. അതായത്,'ഓര്‍മ്മ' എന്ന ശേഷി നമ്മളില്‍ നഷ്ടപ്പെടാതിരിക്കാനുള്ള ഏറ്റവും നല്ല മരുന്ന് സൗഹൃദങ്ങളാണെന്ന് അടുത്തിടെ നടന്ന ഒരു പഠനം പറയുന്നു. പ്ലോസ് വണ്‍ (Plos One) മാസികയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജീവിതത്തില്‍ സൗഹൃദങ്ങള്‍ക്ക് സ്ഥാനം നല്‍കുന്നവരില്‍, മറവി എന്ന അവസ്ഥ ഒരു പരിധി വരെ മാറിനില്‍ക്കുമത്രെ. ഒരു സംഘം മാനസികാരോഗ്യ വിദഗ്ധര്‍ നടത്തിയതാണ് ഈ ഗവേഷണം.

സൂപ്പര്‍ ഏജ് എത്തിനില്‍ക്കുന്നവരില്‍, അതായത്, 80 വയസ് പിന്നിട്ടവരില്‍, അമ്പതുകാരന്റെയും അറുപതുകാരിയുടെയും ഓര്‍മ്മ നിലനിര്‍ത്താന്‍ ബന്ധങ്ങള്‍ക്കാകും. സോഷ്യല്‍ മീഡിയയുടെ അതിപ്രസരം ഗുണം ചെയ്യില്ലെന്ന് വാദിക്കുന്നവരോടാണ് ഈ പഠനത്തിന് ഏറെയും പറയാനുള്ളത്. ആരോഗ്യപരമായ ബന്ധങ്ങള്‍ക്ക്, സോഷ്യല്‍ മീഡിയയിലൂടെ സമയം കണ്ടെത്തുന്നവരിലും ഓര്‍മ്മശേഷി കാര്യമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കിയ എമിലി റൊഗാല്‍സ്‌കി(Emily Rogalski) ഉറപ്പിച്ച് പറയുന്നു.

റിഫ് സൈക്കോളജിക്കല്‍ വെല്‍ബീംഗ് സ്‌കേല്‍(Ryff Psychological Well-being Scale) എന്ന 42 ചോദ്യങ്ങളടങ്ങിയ സര്‍വ്വേയും ഈ കണ്ടെത്തലിന്റെ ഭാഗമായി നടന്നു. മാനസിക ഉന്നമനത്തിന്റെ അളവ് നിശ്ചയിക്കാന്‍ ലോകമെമ്പാടും സ്വീകാര്യമായ രീതിയാണിത്. ആറ് വിഷയങ്ങളാണ് പരിശോധിക്കുക-സ്വയംഭരണം, വ്യക്തി ബന്ധങ്ങളിലുള്ള താല്‍പര്യം, പാരിസ്ഥിതിക നൈപുണ്യം, വ്യക്താധിഷ്ഠിത വളര്‍ച്ച, ജീവിതരീതി, സ്വയം സ്വീകാര്യത എന്നിങ്ങനെയാണ് ചോദ്യങ്ങള്‍. 80 കടന്ന് പ്രായമുള്ളവര്‍ വ്യക്തിബന്ധങ്ങള്‍ക്ക് നല്‍കുന്ന വില മറ്റൊന്നിലും കാണുന്നില്ലെന്ന അതിശയിപ്പിക്കുന്ന സ്‌കോറാണ് വ്യക്തമായത്. 42 ചോദ്യങ്ങളില്‍ 40 മാര്‍ക്കും ഈ വിഷയത്തില്‍ സൂപ്പര്‍ ഏജേര്‍സ് കൊണ്ടുപോയി. മറ്റുള്ളവര്‍ 36 മാര്‍ക്കില്‍ ഒതുക്കി, സ്നേഹബന്ധങ്ങളെ.

'ജീവിതത്തിന്റെ നല്ലൊരു ഘട്ടം കഴിഞ്ഞവര്‍, ഒടുവില്‍ മനുഷ്യത്വത്തിനും വ്യക്തിബന്ധങ്ങള്‍ക്കും ഇത്രകണ്ട് വിലകൊടുക്കുവെന്ന വസ്തുത, ഓര്‍മ്മശേഷിയെ സഹായിക്കുന്നതിനപ്പുറം, സാമൂഹികപരമായ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്ന'താണെന്നും ഗവേഷകസംഘത്തിന് വാദമുണ്ട്(Amanda Cook).

ശരിയാണ്, പണത്തിനും മറ്റുസൗകര്യങ്ങള്‍ക്കുമായി നെട്ടോടമോടുന്ന 'നല്ല പ്രായ'ക്കാരോട് പറയാന്‍ മുതിര്‍ന്നവര്‍ ബാക്കിവെക്കുന്നതും ഇതുമാത്രമാണ്. നല്ല ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്സ് വരില്ലെന്ന തരത്തിലുള്ള വാദത്തിനൊന്നും ഈ സംഘം നില്‍ക്കുന്നില്ല. പക്ഷെ, ഭക്ഷണത്തിനും പണത്തിനുമൊപ്പം, ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിലൊന്നായി സൗഹൃദം നിലനിര്‍ത്തണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഒരു സിഗരറ്റ് കത്തിക്കുന്ന സമയം, ഒരു സുഹൃത്തിനായി മാറ്റിവെക്കുന്നത് വലിയ കാര്യമല്ലേ.


Next Story

Related Stories