TopTop

'ചൂട് ചായ' അങ്ങനെയങ്ങ് ശീലിക്കേണ്ട; അന്നനാള ക്യാന്‍സറാണ് കാത്തിരിക്കുന്നത്

ചായകുടിക്കാന്‍ പ്രത്യേക താളം കണ്ടെത്തിയവരാണ് നമ്മള്‍. ഓരോരുത്തരും ചായ കുടിക്കുന്ന രീതിയ്ക്ക് ഓരോ പ്രത്യേകതകളുണ്ട്. അതെങ്ങനെയായാലും ചായ കുടിച്ചാല്‍ കിട്ടുന്ന ഉന്മേഷമാണ് എല്ലാവര്‍ക്കും പ്രധാനം. എന്നാല്‍ ഇനി അത്തരം 'ചായകുടി' രീതികളും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണെന്നാണ് യു.കെയില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നത്.

ചൂട് കൂടിയ അല്ലെങ്കില്‍ തിളച്ച ചായയോട് പ്രിയമുള്ളവര്‍ ഒരുപാടാണ്. ചായ കുടിച്ച 'ഫീല്‍' നല്‍കാന്‍ തിളച്ച ചായക്ക് മാത്രമേ കഴിയൂ എന്ന് വാദിക്കുന്നവര്‍. അവരോടാണ് ശാസ്ത്രജ്ഞര്‍ക്ക് വിയോജിപ്പ്. അതായത്, നിങ്ങളുടെ ഈ ശീലം അന്നനാള ക്യാന്‍സറി(oesophageal cancer)നെ ക്ഷണിച്ചുവരുത്താന്‍ കാരണമാകുമത്രെ! ഉയര്‍ന്ന നിരക്കില്‍ മദ്യപാനശീലമുള്ളവര്‍ 'തിളച്ച ചായ' പ്രിയരാണെങ്കില്‍ അവരില്‍ അന്നനാള ക്യാന്‍സറിനുള്ള സാധ്യത അഞ്ചിരട്ടിയാണ്! പുകവലിയും മദ്യപാനവും എല്ലാത്തരം ആരോഗ്യപ്രശ്നങ്ങള്‍ക്കും ആക്കം കൂട്ടും. ഇവിടെയും സ്ഥിതി മറിച്ചല്ല. പക്ഷെ, ഈ ശീലമൊക്കെ ഉണ്ടെങ്കില്‍ പോലും ദിവസവും തിളച്ച ചായ എത്രത്തോളം കുടിക്കുന്നുവെന്ന കണക്കാണ് വിലയിരുത്തേണ്ടതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

അന്നനാള ക്യാന്‍സര്‍ പിടിപെട്ടവരില്‍ അതിജീവനത്തിന് സാധ്യത വളരെ കുവാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യു.കെയില്‍ ഈ രോഗം പിടിപെട്ടവരില്‍ 15% മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 9,200 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 7,800 പേര്‍ വീതം മരിച്ചുവെന്ന കണക്ക് ഞെട്ടിപ്പിക്കുന്നതാണ്.

അതേസമയം, തിളച്ച ചായ കുടിക്കുന്നവര്‍ക്ക്, ഈ മുന്നറിയിപ്പ് ആദ്യം നല്‍കിയ രാജ്യം ചൈനയാണ്. 30നും 79നും ഇടയില്‍ പ്രായമുള്ള 4,56,155 പേരില്‍ ഒമ്പത് വര്‍ഷം നീണ്ട ഗവേഷണത്തിലൂടെയാണ് ചൂട് കൂടിയ ചായ എന്ന ഭീകരന്റെ മുഖംമൂടി ചൈന അഴിച്ചിട്ടത്. തിളച്ച ചായയും കടുത്ത മദ്യപാനവും പുകവലിയും ജീവിതത്തിന്റെ ഭാഗമായവര്‍ക്ക് അന്നനാള ക്യാന്‍സര്‍ ഒരു 'ബോണസാ'ണെന്ന് നേരത്തെ തന്നെ ചൈന വ്യക്തമാക്കിയിരുന്നു. തിളച്ച ചായ മാത്രം ശീലിച്ചവരേക്കാളും ക്യാന്‍സര്‍ സാധ്യത ഇവരിലാണെന്നും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഓഫ് ചൈന(NSFC)യിലെ ഡോ. കാന്‍ക്വിംഗ് യൂ (Canqing Yu) ആയിരുന്നു സംഘത്തലവന്‍.

ആഴ്ചയിലൊരിക്കല്‍ മാത്രം ചായ കുടിക്കുന്നവരും 15 ഗ്രാമില്‍ കുറഞ്ഞ അളവില്‍ ദിവസവും മദ്യപിക്കുന്നവരുമായ വ്യക്തികളേക്കാളും ഈ ക്യാന്‍സര്‍ ഭീഷണി നിലനില്‍ക്കുന്നത് ദിവസവും ചൂട് കൂടിയ ചായയും 15 ഗ്രാമില്‍ കൂടുതല്‍ മദ്യവും ഉപയോഗിക്കുന്നവരിലാണ്. അന്നാല്‍സ് ഓഫ് ഇന്‍ര്‍നാഷണല്‍ മെഡിസിന്‍ (Annals of International Medicine) മാസികയില്‍ ചൈനീസ് ഗവേഷകരുടെ ഈ ലേഖനം പ്രസിദ്ധീകരിച്ചത് നിരവധി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഈ കണക്കില്‍ ഇനിയുമുണ്ട് ഏറ്റക്കുറച്ചിലുകള്‍. ദിവസവും തിളച്ച ചായയും ഉയര്‍ന്ന മദ്യപാനവും ശീലമാക്കിയവരില്‍ അഞ്ചിരട്ടി ക്യാന്‍സര്‍ സാധ്യതയാണ് മറ്റുള്ളവരേക്കാള്‍ ഉള്ളതെങ്കില്‍ ദിവസേന തിളച്ച ചായയും പുകവലിയും ശീലിച്ചവരില്‍ ഇത് രണ്ടിരട്ടി സാധ്യതയാണ് ഉണ്ടാക്കുന്നത്.

'തെര്‍മല്‍ ഇഞ്ച്വറി(thermal injury)'യെന്ന ചൂട് പാനീയങ്ങള്‍ കുടിക്കുന്നത് വഴിയുള്ള പ്രശ്നങ്ങള്‍ ഏതൊരു രോഗത്തിന്റെയും ആഘാതം ഇരട്ടിയാക്കുമെന്നും ഈ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൂര്‍ണ പരിഹാരം നിര്‍ദേശിക്കാനാവില്ലെങ്കിലും തിളച്ച ചായ എന്ന ശീലം ഒഴിവാക്കുന്നതാണ് ഈ പ്രശ്നത്തിന് പ്രതിവിധിയായി ശാസ്ത്രജ്ഞര്‍ പറയുന്നത്. നിങ്ങള്‍ പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നതിനേക്കാളും അന്നനാള ക്യാന്‍സര്‍ അകറ്റിനിര്‍ത്താന്‍ സഹായിക്കുക, ചായകുടിയിലെ ഈ ചൂടന്‍ രീതി ഒഴിവാക്കലാണത്രെ!

അതേസമയം, ഈ വിഷയത്തില്‍ പടിഞ്ഞാറന് രാജ്യങ്ങളില്‍ വന്‍തോതില്‍ ബോധവത്കരണം ആവശ്യമില്ലെന്നാണ് മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. ആന്‍ഡ്രൂ ഷാരോക്സ്(Prof. Andrew Sharrocks) വ്യക്തമാക്കുന്നത്. ബ്രിട്ടണിലും തിളച്ച ചായ എന്നത് ഏറെ വ്യാപിച്ച രീതിയല്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ ചൂടന്‍ ചായക്കൊരു വില്ലന്‍ പരിവേഷം നല്‍കാതെ കാര്യങ്ങള്‍ മനസിലാക്കിയെടുക്കാനാണ് വിദഗ്ധരുടെ ശ്രമം. ജനസംഖ്യാപരമായി ചൈനക്കുള്ള പ്രത്യേകതയാണ് അവിടെ ഈ വിഷയം ജനങ്ങളിലെത്തിക്കുന്ന കാര്യത്തില്‍ വേഗം കൂട്ടണമെന്ന വാദങ്ങള്‍ ഉയരാന്‍ കാരണം. എങ്കിലും ഓരോ രാജ്യത്തും ചായ പ്രേമികള്‍ക്ക് പഞ്ഞമില്ലാത്ത സ്ഥിതിയ്ക്ക് ഈ വസ്തുതകള്‍ പറഞ്ഞ് മനസിലാക്കേണ്ടതും അത്യാവശ്യമാണ്.

തിളച്ച ചായക്കൊരു സുഖമൊക്കെയുണ്ടാകും. കൂട്ടത്തില്‍ ഇത്തിരി മദ്യവും ഇത്തിരി പുകവലിയും കൂടിയായാലോ? ക്യാന്‍സറിനെ ക്ഷണിച്ചുവരുത്തി ആയുസിനോട് ഗുഡ്ബൈ പറയുകയാണ് ഇവര്‍ ചെയ്യുന്നത്.


Next Story

Related Stories