TopTop
Begin typing your search above and press return to search.

ശരിക്കും എന്താണ് ഈ താരന്‍? അത്ര വലിയ കുഴപ്പക്കാരനാണോ ഇദ്ദേഹം?

ശരിക്കും എന്താണ് ഈ താരന്‍? അത്ര വലിയ കുഴപ്പക്കാരനാണോ ഇദ്ദേഹം?

മനുഷ്യചര്‍മ്മത്തിലെ സ്‌നേഹഗ്രന്ഥികളുടെ (sebaceous glands) പ്രവര്‍ത്തനത്തില്‍ വരുന്ന ചെറിയ താളപ്പിഴകള്‍ മൂലം ചര്‍മ്മപ്രതലത്തിലെ കൊഴുപ്പില്‍ വരുന്ന മാറ്റങ്ങളാണ് താരന്റെ പ്രധാനകാരണം. അതിനാലാണ് സ്‌നേഹഗ്രന്ഥികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്ന കൗമാരത്തില്‍ താരനും തല പൊക്കുന്നത്.

അങ്ങനെയെങ്കില്‍ കൗമാരത്തിനു മുന്‍പ് കുട്ടികളില്‍ താരന്‍ വരുമോ..? വരാം. പക്ഷെ പരമാവധി ഒരു വയസ്സ് വരെ മാത്രം. അതില്‍ പ്രധാനമാണ് cradle cap.

ഇതിന് കാരണം അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടുന്ന ചില ഹോര്‍മോണുകള്‍ ആണ്. കുഞ്ഞിന് ഒരു വയസ്സ് ആകുന്നതോടെ ഈ ഹോര്‍മോണുകളും അവയോടൊപ്പം താരനും ഇല്ലാതാകുന്നു. ഹോര്‍മോണുകളും സ്‌നേഹഗ്രന്ഥികളുമായുള്ള ഈ ബന്ധം തന്നെയാണ് താരനോടൊപ്പം മുഖക്കുരുവും എണ്ണമയമുള്ള ചര്‍മ്മവും ഉണ്ടാകുന്നതിന്റെ പിന്നിലെ ഗുട്ടന്‍സ്.

ഇതിനോടൊപ്പം താരന്‍ ഉണ്ടാകാന്‍ സഹായിക്കുന്ന മറ്റൊരു ഘടകം നമ്മുടെ ചര്‍മ്മത്തില്‍ സ്വാഭാവികമായി തന്നെ കണ്ടു വരുന്ന Malassezia എന്ന ഒരിനം ഫംഗസ് ആണ്. ഇവയെ പ്രതിരോധിക്കാനാണ് പല ആന്റി-ഡാന്‍ഡ്രഫ് ഷാംപൂകളിലും ആന്റി-ഫംഗലുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുതിര്‍ന്നവരിലും കൗമാരപ്രായക്കാരിലും താരന്‍ പല തരത്തില്‍ പ്രകടമാകാം.

ഡാന്‍ഡ്രഫ് (dandruff)-

ശിരോചര്‍മ്മത്തില്‍ മഞ്ഞനിറത്തിലുള്ള മെഴുമെഴുപ്പുള്ള ശല്‍ക്കങ്ങള്‍ കാണപ്പെടുന്ന തീവ്രത കുറഞ്ഞ ഇനം.

സെബോറിക് ഡെര്‍മറ്റൈറ്റിസ് (seborrheic dermatitis)-

ശരീരത്തിലും ശിരോചര്‍മ്മത്തിലും ഉണ്ടാകാവുന്ന ചുവന്ന ചൊറിച്ചിലോടു കൂടിയ പാടുകള്‍. ഈ പാടുകള്‍ സ്‌നേഹഗ്രന്ഥികള്‍ കൂടുതലായി കാണുന്ന ശിരോചര്‍മ്മം, പുരികം, കണ്‍പോളകള്‍ (blepharitis), മൂക്കിന്റെ വശങ്ങള്‍, ചെവിയുടെ പുറകു വശം, നെഞ്ച്, തോളുകള്‍, കക്ഷം, തുടയിടുക്കുകള്‍ എന്നിവിടങ്ങളില്‍ ആണ് പ്രധാനമായും കാണപ്പെടുക.

എറിത്രോഡര്‍മ (erythroderma)-

ത്വക്കിന്റെ 90%ല്‍ കൂടുതല്‍ അസുഖം ബാധിച്ചു തീവ്രത കൂടിയ അവസ്ഥ.

താരനുമായി വളരെയധികം സാമ്യം ഉള്ളവയാണ് സോറിയാസിസ്, പെംഫിഗസ് ഫോളിയെഷ്യസ്, കുട്ടികളിലെ ശിരോചര്‍മ്മത്തിന്റെ ഫങ്കല്‍ ഇന്‍ഫെക്ഷന്‍ (tinea capitis), ലാങ്ങര്‍ഹാന്‍സ് സെല്‍ ഹിസ്റ്റിയോസൈറ്റോസിസ് എന്നീ സങ്കിര്‍ണ്ണമായ രോഗങ്ങള്‍. മേല്പറഞ്ഞ സാദ്ധ്യതകള്‍ തള്ളിക്കളയാനായി ശല്‍കങ്ങളുടെ മൈക്രോസ്‌കോപ്പി, ത്വക്കിലെ പാടുകളുടെ ബയോപ്‌സി എന്നീ പരിശോധനകള്‍ വേണ്ടി വന്നേക്കാം. ഇവ തമ്മില്‍ തിരിച്ചറിയാനും തക്കസമയത്തു തന്നെ ചികിത്സിക്കാനും ഒരു ത്വക് രോഗവിദഗ്ധന്റെ സേവനം ഇതിനാല്‍ അത്യന്താപേക്ഷിതമാണ്.

കുട്ടികളിലെ താരന്‍ നേരത്തെ പ്രതിപാദിച്ച പോലെ പ്രത്യേകിച്ച് ചികിത്സ ഇല്ലാതെ തന്നെ പരിപൂര്‍ണ്ണമായി ഭേദമാകും. എന്നാല്‍ മുതിര്‍ന്നവരില്‍ താരന് ഒരു ശാശ്വത പരിഹാരം ഇല്ല തന്നെ , കാരണം ഇതു നമ്മുടെ ഹോര്‍മോണുകള്‍ മൂലം ചര്‍മ്മത്തിന്റെ ഘടനയില്‍ വരുന്ന മാറ്റങ്ങളുടെ പരിണിതഫലമാണ്. ഹോര്‍മോണുകള്‍ ഉള്ളിടത്തോളം കാലം ഒരു വിരുന്നുകാരനെ പോലെ താരന്‍ വരികയും പോവുകയും ചെയ്യും. എന്നാലത് തീര്‍ച്ചയായും നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും.

ആന്റിഫംഗലുകള്‍ ആണ് ചികിത്സയുടെ ആധാരശില. തീവ്രത കൂടിയ ഘട്ടങ്ങളില്‍ സ്റ്റിറോയ്ഡ്കളും മിതമായി ഉപയോഗിക്കാം.

അപ്പോള്‍ ഇനിയെങ്കിലും, വിപണിയിലുള്ള സകല ഷാംപൂവും ഹെയര്‍ ഓയിലും വാങ്ങി സഹികെട്ടു വീട്ടിലെ മുട്ട, പാല്‍, നാരങ്ങാ നീര് തുടങ്ങി മഞ്ഞളും മുളകും വരെ തലയില്‍ അരച്ചു പുരട്ടി പരാജയം അടഞ്ഞു നില്‍കുമ്പോള്‍ ഒന്നു മനസ്സിലാക്കുക, ചര്‍മ്മത്തിന്റെ സ്വാഭാവിക സ്ഥിതിയില്‍ വരുന്ന നേരിയ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന അപകടകരമല്ലാത്ത ഒരു അവസ്ഥയാണ് താരന്‍. അതിനെ ഉന്മൂലനം ചെയ്യുക എന്നതിലുപരി ശരിയായ രോഗനിര്‍ണ്ണയവും രോഗനിയന്ത്രണവും ആണ് പ്രധാനം.

ഇന്‍ഫോക്ലിനിക്ക് ഫേസ്ബുക്ക് ഗ്രൂപ്പിന് വേണ്ടി ഡോ. അശ്വിനി.ആര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍, ത്വക് രോഗ വിഭാഗം, ഗവണ്മെന്റ് മെഡിക്കല്‍ കോളേജ്, കോട്ടയം) എഴുതിയത്

Read: സ്വിമ്മിംഗ് പൂളില്‍ നിന്ന് പകരുന്ന അമീബിക് മസ്തിഷ്‌ക ജ്വരം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


Next Story

Related Stories