TopTop

10000 സ്റ്റെപ്‌സിന് പിന്നിലെ സീക്രട്ട് എന്ത്?

10000 സ്റ്റെപ്‌സിന് പിന്നിലെ സീക്രട്ട് എന്ത്?
10,000 എന്ന് പറയുമ്പോള്‍ പുതിയ തലമുറയില്‍ ചിലരെങ്കിലും മറുപടി നല്‍കും- 'മാജിക് നമ്പര്‍'. പതിനായിരം എങ്ങനെ മാജിക് നമ്പറായി? ചലഞ്ചുകളുടെ ഡെസ്റ്റിനേഷന്‍ നമ്പറായി? ആരോഗ്യവുമായി എന്താണ് ബന്ധം? നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?

ഇതിനെക്കുറിച്ച് ഒന്നുമറിയാത്തവര്‍ ഒരു യൂട്യൂബ് സെര്‍ച്ച് നടത്തി നോക്കൂ. എണ്ണമറ്റ 10000 സ്റ്റെപ്‌സ് ചലഞ്ചുകള്‍ കാണാം. എല്ലാവര്‍ക്കും കാണും കൈയ്യില്‍ ടൈമറിനെ അനുസ്മരിപ്പിക്കുന്ന ഒരു വാച്ച്. ശരിക്കും ടൈമര്‍ തന്നെയാണ്. 10000 സ്റ്റെപ് ഒരുദിവസം നടന്നും ഓടിയും എത്തിപ്പെടാനുള്ള ടൈമര്‍. എന്താണ് '10000 സ്റ്റെപ്‌സ് എ ഡേ' ചലഞ്ച്?

മിനിട്ടും മണിക്കൂറും കണക്കുകൂട്ടി ഒരു ദിവസം 'ഇത്ര' മൈല്‍ ദൂരം താണ്ടണം. ചിലര്‍ നടക്കും. മറ്റു ചിലര്‍ ഓടും. ഒന്നിനും കഴിയാത്തവര്‍ നില്‍ക്കുന്നിടത്ത് തന്നെ മണിക്കൂറുകളോളം ചാടി ഓടി നടക്കും. ടാര്‍ഗറ്റ് കലോറി ശരീരത്തില്‍ നിന്ന് ഇല്ലാതാകണം. അതും നിശ്ചിതസമയത്ത്. എളുപ്പത്തില്‍ പറഞ്ഞാല്‍, വിദേശീയര്‍ക്കിടയില്‍ വന്‍ പ്രചാരം നേടിയ പ്രസ്തുത ചലഞ്ച് ഇതാണ്.

കഴിവിന്റെ പരമാവധി പ്രയത്‌നിച്ചിട്ടും ശരീരത്തിന് ഒരു ഇഞ്ച് പോലും കുറവോ കൂടുതലോ വന്നിട്ടില്ലാത്ത പല വ്യായാമ മുറകളെയും ഹൈ ഇന്റന്‍സിറ്റി ട്രെയിനിംഗു(പhigh intensity training)കള്‍ കടത്തിവെട്ടുന്നുണ്ടെന്നാണ് പുതിയ പഠനറിപ്പോര്‍ട്ട്. ഇക്കൂട്ടത്തില് 10,000 സ്റ്റെപ്സ് ചലഞ്ച് മുന്‍പന്തിയിലാണ്.പ്രമുഖ ഫിറ്റ്‌നസ് ഉത്പന്ന നിര്‍മ്മാതാക്കളായ ഫിറ്റ്ബിറ്റി(fitbit)ന്റെ ട്രാക്കര്‍(tracker) സംവിധാനമുള്ള ബാന്‍ഡ് ആണ് ഈ ചലഞ്ച് പ്രേമികളുടെ ഒരേയൊരു ആയുധം. ഫിറ്റ്ബിറ്റിനെ കൂടാതെ മറ്റ് ചില ബ്രാന്‍ഡുകളും ട്രാക്കര്‍ വില്‍പനയില്‍ മുന്നിലുണ്ട്. ടാര്‍ഗറ്റ് എത്തിക്കഴിയുമ്പോള്‍ കയ്യിലെ ബാന്‍ഡും ചലഞ്ചറുടെ മനസ്സും ഒരുപോലെ 'തുള്ളിച്ചാടും'. ഗവേഷകസംഘം ഈ ചലഞ്ചിന് പിന്നാലെ പോകുന്ന മനസുകള്‍ക്കൊപ്പമായിരുന്നു നീണ്ട കാലം. എന്താണ് ഇവ നല്‍കുന്ന ശരിയായ പ്രയോജനമെന്നതായിരുന്നു ചോദ്യം.

പ്രശസ്ത മെഡിക്കല്‍ ജേര്‍ണലിസ്റ്റ് മിഖായേല്‍ മോസ്ലി(Michael Mosley)യും ഹല്ലം(Hallam) സര്‍വ്വകലാശാലയിലെ പ്രൊഫ. റോബ് കോപ്‌ലന്റു(Robe Copland)മാണ് 10,000 ചുവടുകളുടെ ചുരുളഴിക്കാന്‍ ഇറങ്ങിത്തിരിച്ചത്.

1964ലെ ടോക്യോ ഒളിംപിക്‌സിന്റെ ഭാഗമായി നടന്ന ജാപ്പനീസ് മാര്‍ക്കറ്റിംഗ് ക്യാംപെയ്‌നിലാണ് ഈ സംഖ്യ പ്രത്യേകതകളോടെ ആദ്യമായി ഉപയോഗിച്ചത്. പിന്നീട് ജപ്പാന്‍ ജനതയെ ശാരീരികമായി ഉഷാറാക്കാനുള്ള ഓട്ടത്തിനും നടത്തത്തിനും ഈ സംഖ്യ ഒരു ടാര്‍ഗറ്റ് ആയിമാറി. ഡോ. യൊഷീരോ ഹതാനോ(Yoshiro Hatano)യുടെ അക്കാഡമിക് വിലയിരുത്തലുകളെ മുന്‍നിര്‍ത്തി ജപ്പാനിലെ ഒരു കമ്പനി ആദ്യമായി 'ട്രാക്കര്‍' വികസിപ്പിച്ചെടുത്തു. 10,000 സ്‌റ്റെപ്‌സ് മീറ്റര്‍ എന്നര്‍ത്ഥം വരുന്ന മാന്‍പോ-കി(Manpo Kei) എന്ന പേരാണ് ഈ ഉപകരണത്തിന് ഇട്ടത്.

സമാന്തരമായ മറ്റൊരു ഫിറ്റ്‌നെസ് അധ്വാനമുറ 'ആക്ടീവ് 10'നോട് ഈ ചലഞ്ചിനെ ഗവേഷകര്‍ താരതമ്യം ചെയ്തു. 10 മിനിട്ട് നീളുന്ന വേഗത്തിലുള്ള നടത്തം-അതും ദിവസത്തില്‍ മൂന്ന് തവണ. ഇതാണ് ആക്ടീവ് 10.

ഷെഫീല്‍ഡിലെ ഒരു ഫാക്ടറി ജീവനക്കാരുടെ സഹായമാണ് ഈ കണ്ടെത്തലിന് ഒപ്പമുണ്ടായത്. തുടര്‍ന്നുള്ള ദിവസങ്ങള്‍ ഊര്‍ജ്ജസ്വലമാകുമെന്ന പ്രതീക്ഷയില്‍ ചലഞ്ചിന്റെ ഭാഗമായതും അവരാണ്.

ഒരു സംഘത്തിന് ദിവസവും 10,000 സ്റ്റെപ്‌സ് പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി-അതായത് 5 മൈല്‍ ദൂരം കടക്കുന്നതിന് തുല്യം. ബാക്കിയുള്ളവര്‍ക്ക് ആക്ടീവ് 10 ട്രെയിനിംഗും നിര്‍ദ്ദേശിച്ചു. 1.5 മൈല്‍ ദൂരമാണ് ഒരു ദിവസത്തെ ആക്ടീവ് 10ല്‍ പൂര്‍ത്തീകരിക്കാനാവുക. അതായത്, ഏകദേശം 3000 സ്റ്റെപ്‌സ്.

നിഗമനം അത്ഭുതപ്പെടുത്തുന്നതായിരുന്നു. താരതമ്യേന അധ്വാനം കുറവാണെങ്കിലും ആക്ടീവ് 10 ചലഞ്ചില്‍ ഏര്‍പ്പെട്ട സംഘത്തിനാണ് ശാരീരികമായി ഇത് ഏറെയും ഗുണകരമായത്. പ്രൊഫ. കോപ്‌ലന്റ് ഇങ്ങനെ അഭിപ്രായപ്പെടുന്നു- 'ആക്ടീവ് 10 ഗ്രൂപ്പിന് അധ്വാനം കുറവാണെന്ന് പുറമേയുള്ള തോന്നലാണ്. ശാസ്ത്രീയമായി 10,000 സ്‌റ്റെപ്‌സ് ഗ്രൂപ്പിനേക്കാളും 30% കൂടുതല്‍ ശാരീരിക അധ്വാനം നടക്കുന്നത് ആക്ടീവ് 10ലാണ്'.

അതേസമയം, പഠനം ഇങ്ങനെയൊക്കെ നിഗമനങ്ങള്‍ കാണിച്ചെങ്കിലും ഒന്ന് മറ്റൊന്നിനേക്കാള്‍ പ്രയോജനകരമെന്ന ബോധമല്ല ഇവര്‍ പൊതുസമൂഹത്തിന് നല്‍കുന്നത്. മോഡറേറ്റ് ഇന്റന്‍സിറ്റി ട്രെയ്‌നിംഗുകളുടെ ഗുണത്തെക്കുറിച്ച് എല്ലാവരും തിരിച്ചറിയണമെന്ന ആശയമാണ് പങ്കുവെക്കുന്നത്. 10,000 സ്റ്റെപ്‌സില്‍ നിന്ന് ആക്ടീവ് 10ലേക്ക് മാറിയോ നിങ്ങളുടെ ഫോക്കസ്? അതല്ല വേണ്ടത്, നിങ്ങള്‍ക്കേതാണോ ഗുണം ചെയ്യുക, അത് തെരഞ്ഞെടുക്കലാണ്.

ബിബിസി വണ്‍ ചാനലിന്റെ ഡോക്യുമെന്ററി 'The truth about getting fit'ന് വേണ്ടിയാണ് ഈ ഗവേഷണം നടന്നത്.

Next Story

Related Stories