TopTop
Begin typing your search above and press return to search.

സ്മാര്‍ട്ട് ഫോണില്‍ മതിമറക്കല്ലെ; കൈവിടല്ലേ മനസും ആരോഗ്യവും

സ്മാര്‍ട്ട് ഫോണില്‍ മതിമറക്കല്ലെ; കൈവിടല്ലേ മനസും ആരോഗ്യവും

'എനിക്ക് വല്ലാത്ത കുറ്റബോധമുണ്ട്. നമ്മളെല്ലാവരും കരുതിയിരിക്കണം. എന്തോ വലിയ വിപത്ത് നമ്മെ കാത്തിരിക്കുവെന്നുള്ള കരുതല്‍. പറയുന്നത്, ഫെയ്‌സ്ബുക്ക് മുന്‍ വൈസ് പ്രസിഡന്റ് ചമത് പലിഹാപിതിയ (Chamat Palihapithiya) ആണ്. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഉപയോക്താക്കളുടെ എണ്ണത്തിലെ വര്‍ദ്ധനവിനെപ്പറ്റി പഠനം നടത്തിയ ടീമിന്റെ തലവനായിരുന്നു അദ്ദേഹം. ചമത് ആശങ്ക ഉന്നയിച്ചത് സ്മാര്‍ട്ട് ഫോണിന് അടിമപ്പെട്ടുപോയവരെക്കുറിച്ചാണ്.

ഒരു മനുഷ്യന്റെ ചിന്തയില്‍ തുടങ്ങി സമൂഹത്തോടുള്ള അവന്റെ ഇടപെടലില്‍ വരെ വ്യക്തമായ മാറ്റങ്ങള്‍ ഉറപ്പുനല്‍കികൊണ്ടാണ് സ്മാര്‍ട്ട്ഫോണുകള്‍ ഒരു ദശാബ്ദം മുമ്പ് കടന്നുവന്നത്. പക്ഷെ, ഉപയോക്താക്കള്‍ വേണ്ടത്ര സ്മാര്‍ട്ട് ആയില്ലെന്നതാണ് വസ്തുത. നിത്യജീവിതത്തിലെ തിരക്കിട്ട മണിക്കൂറുകള്‍ സ്മാര്‍ട്ട്ഫോണ്‍ കീഴടക്കവെ, പുരോഗതിയേക്കാള്‍ വേഗം തകര്‍ച്ചയാണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ വാദം ശരിവെക്കുന്ന പഠനങ്ങളാണ് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ഇന്ന് നടക്കുന്നത്.

പാര്‍ക്കിലും ബീച്ചിലുമിരുന്നുള്ള ഉല്ലാസത്തിനൊപ്പം ലോകമെമ്പാടുമുള്ള വാര്‍ത്തകളും വിശേഷങ്ങളും തൊട്ടടുത്തെത്തും. വേണ്ടത് കൈയിലിരിക്കുന്ന സ്മാര്‍ട്ട്‌ഫോണില്‍ ഒന്നോ രണ്ടോ പ്രാവശ്യം 'വിരല് തട്ടുക' എന്നത് മാത്രം. ഡിജിറ്റല്‍ ഭാഷയില്‍ സൈ്വപ്പിംഗും ടാപ്പുമൊക്കെ. മലയാളത്തില്‍ പറഞ്ഞൊപ്പിക്കാന്‍ പാടുപെടുന്നതിനൊക്കെ കൃത്യമായ ഡിജിറ്റല്‍-ഇംഗ്ലീഷ് വാക്കുകളും എല്ലാവര്‍ക്കും അറിയാം. ആയിരം കാര്യങ്ങള്‍ 'കമ്മ്യൂണിക്കേറ്റ്' ചെയ്യാന്‍ ഒന്നോ രണ്ടോ വാക്കുകള്‍ക്കാകുന്ന പുതിയ സംസ്‌കാരവും സ്മാര്‍ട്ട് ഫോണ്‍ യുഗത്തിന്റെ സംഭാവനയാണ്

ശരിയാണ്, നമ്മള്‍ ആകെ മാറി. ചിന്തയിലും പ്രവൃത്തിയിലും ഇടപെടലിലുമൊക്കെ മാറ്റങ്ങള്‍. പക്ഷെ, സ്മാര്‍ട്ട്‌ഫോണിന്റെ കടന്നുവരവിനെ വാനോളം പുകഴ്ത്തുന്നവര്‍, നമ്മുടെ പല ശേഷികളും ഇല്ലാതായതിനെപ്പറ്റി ചിന്തയുള്ളവരല്ല. അങ്ങനെ ചിന്തിക്കാനുള്ള ശേഷിയും സ്മാര്‍ട്ട് യുഗം കവര്‍ന്നെടുത്തതാണ്. ദിവാസ്വപ്നങ്ങളും ക്രിയാത്മകതയും 'സമയക്കുറവില്‍' തള്ളിപ്പോയി. ഒരുതരം ആകുലതയും അപകടകരമായ വേഗതയും അവിടങ്ങളിലേക്ക് ഇടിച്ചുകയറി. ആ ഗണത്തില്‍പ്പെട്ടവരെ 'ന്യൂ ജനറേഷന്‍' എന്ന് പേരിട്ട് വിളിക്കാന്‍ തുടങ്ങി. കരയുന്ന കുഞ്ഞിനെ സ്മാര്‍ട്ട്‌ഫോണ്‍ കാണിച്ച് സമാധാനിപ്പിക്കും. പിന്നീടതൊരു ശീലമായി. ഒടുവില്‍, മക്കളുടെ അരികില്‍ മാതാപിതാക്കളല്ല. സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമെന്ന നിലയും വന്നു. ആകര്‍ഷകമായ നിറങ്ങളും എല്ലാവിധ സൗകര്യങ്ങളും ഒരു ചെറിയ ഉപകരണം ഇങ്ങനെ വെച്ചുനീട്ടുമ്പോള്‍ എങ്ങനെ വേണ്ടാന്നുവെക്കാനാവും അല്ലേ? ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷന്റെ നിറം, നീലയില്‍ നിന്ന് ചുവപ്പിലേക്കായതും ഈ ഒരു ആകര്‍ഷണീയത മുമ്പില്‍കണ്ടാണെല്ലോ.

ലേറ്റസ്റ്റ് മോഡല്‍ മൊബൈല്‍ ഫോണിന്റെ പിന്നാലെ പരക്കം പായുന്ന നമ്മള്‍ ഇതൊന്ന് അറിഞ്ഞിരിക്കണം. അടുത്തിടെ നടന്ന ചില പഠനങ്ങളുടെ റിപ്പോര്‍ട്ടുകളാണ്. മാനസിക തകര്‍ച്ച, തലച്ചോറിന്റെ കാര്യക്ഷമതയില്‍ സംഭവിക്കുന്ന കുറവ്, ബന്ധങ്ങള്‍ തുടരാനുള്ള വിമുഖത തുടങ്ങി ഗുരുതരമായ വിഷയങ്ങളാണ് പഠനങ്ങള്‍ കാണിച്ചുതരുന്നത്. ഒരുപറ്റം മനഃശാസ്ത്രജ്ഞര്‍, ന്യൂറോവിദഗ്ധര്‍, ആരോഗ്യമേഖലയിലെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, പൊതുജനാരോഗ്യം പഠന വിഷയമാക്കിയവര്‍ തുടങ്ങി നിരവധി പേരാണ് പഠനം നടത്തുന്നത്. ആര്‍ക്കും ശ്രദ്ധകൊടുക്കാതെ, 'സര്‍വ്വം സ്മാര്‍ട്ട്‌ഫോണിന് സമര്‍പ്പിതം' എന്ന 'ഹാഷ്ടാഗ്' മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ വരെ കരുത്താര്‍ജ്ജിച്ചു. എത്രയെത്ര വാര്‍ത്തകളാണ് ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്തരത്തില്‍ കേള്‍ക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം, കുടുംബത്തിനൊപ്പം ചെലവഴിക്കേണ്ട സമയമാണ് കൊണ്ടുപോകുന്നതെന്ന് സമ്മതിക്കുന്നവരും കുറവല്ല. അഞ്ച് വര്‍ഷം മുമ്പ് ഇവരുടെ കണക്ക് 11% ആയിരുന്നെങ്കില്‍ ഇപ്പോള്‍ 28%മാണ്. മൂന്നിരട്ടിയോട് അടുത്തുള്ള കണക്കുകള്‍. ഒരു രാത്രി നീണ്ട ഉറക്കം മറ്റാര്‍ക്കുവേണ്ടിയും നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ലാത്തവര്‍ പോലും സ്മാര്‍ട്ട്‌ഫോണിന് മുമ്പില്‍ അടിയറവ് പറഞ്ഞെന്നുവരും. ചുരുക്കത്തില്‍ ഒറ്റയ്ക്കിരുന്നാലും ഒരുമിച്ചിരുന്നാലും, സ്മാര്‍ട്ട്‌ഫോണ്‍ ഒരെണ്ണം കൈയിലുണ്ടെങ്കില്‍ പിന്നെ അതായി ലോകം. 2015ല്‍ ബ്രിട്ടണിലെ മനഃശാസ്ത്രവിദഗ്ധര്‍ നടത്തിയ പഠനത്തില്‍ കണക്ക് ഭീകരവും രസകരവുമാണ്. ഒരു സ്മാര്‍ട്ട് ഫോണ്‍ യൂസര്‍ കാര്യമായ ഉപയോഗമൊന്നുമില്ലാതെ, ഫോണെടുത്ത് നോക്കി, തിരികെവെക്കുന്നത് എത്ര പ്രാവശ്യമാണെന്നോ. ഒരു ദിവസം കുറഞ്ഞത് 150 തവണ!

ഗുഗിള്‍, ആപ്പിള്‍, ഫെയ്‌സ്ബുക്ക് കമ്പനികളില്‍ ഉന്നത പദവിയടക്കം വഹിച്ചിരുന്ന ഉദ്യോഗസ്ഥര്‍, സ്മാര്‍ട്ട്‌ഫോണും സോഷ്യല്‍ മീഡിയയും കുട്ടികളിലുണ്ടാക്കുന്ന വിപത്തുകളെപ്പറ്റി ബോധവത്കരണവുമായി മുമ്പോട്ടുവന്നത് ശ്രദ്ധേയമായിരുന്നു. മയക്കുമരുന്നും പന്തയവും ഒരു മനുഷ്യനെ എങ്ങനെയൊക്കെ നശിപ്പിക്കുമോ, അതേ കഴിവ് സ്മാര്‍ട്ട്‌ഫോണിനുമുണ്ടത്രെ! പറഞ്ഞത് മറ്റാരുമല്ല, ഐഫോണില്‍ 'പുഷ് നോട്ടിഫിക്കേഷനു'കളുടെ വികസനത്തിന് മുഖ്യപങ്ക് വഹിച്ച, ക്രിസ് മാര്‍സല്ലിനോ(Chris Marcellino) ആണ്. ടി.വിയ്ക്കും ഡെസ്‌ക്ടോപ് കമ്പ്യൂട്ടറിനും ഒരു പരിധിവരെ ലാപ്‌ടോപ്പിനും ഇല്ലാത്ത ഭീമമായ അപകടസ്ഥിതിയാണ് സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനിക്കുന്നതെന്നും അവര്‍ പറയുന്നു. അതിനൊരു കാരണമേയുള്ളു, എവിടെയും എപ്പോഴും സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നത് തന്നെ.

ഫെയ്‌സ്ബുക്ക് മുന്‍ പ്രസിഡന്റ് സീന്‍ പാര്‍ക്കറി (Sean Parker)ന്റെ പ്രസ്താവനയും ഇതിനോട് ചേര്‍ത്തുവെക്കാവുന്നതാണ്. ഡോപ്പമൈന്‍(dopamine) എന്ന, അമിനോ രാസപദാര്‍ത്ഥത്തെപറ്റി കേട്ടിട്ടുണ്ടോ? പുതിയ അറിവും പുതുമയുള്ള സൂചനകളും തലച്ചോറിലെത്തുമ്പോള്‍ മാത്രം ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഡോപ്പമൈന്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോടുള്ള അമിതാവേശം, ഡോപ്പമൈന്റെ അമിത അളവിലുള്ള ഉത്പാദത്തിനാണ് വഴിവെക്കുന്നതെന്ന് സീന്‍ പാര്‍ക്കര്‍ സമ്മതിക്കുന്നു. ജീവശാസ്ത്രപരമായി അത്ര നല്ലതല്ലാത്ത ഒരു മാറ്റമാണിത്.

ഈ പ്രതിസന്ധിയെ ഗുരുതരമായി കാണാനാണ് വിവിധ ലോകരാജ്യങ്ങളുടെ തീരുമാനം. 2017 സെപ്തംബറില്‍ മോണ്ട്റിയലി(Montreal)ല്‍ നടന്ന ഗ്ലോബല്‍ പ്രോഗ്രസ് സമ്മിറ്റി(global progress submit)ലാണ് സുപ്രധാനമായ തീരുമാനങ്ങള്‍ പിറവിയെടുത്തത്. ഉപയോക്താക്കള്‍ക്കിടയിലുള്ള ബോധവത്കരണമാണ് ആദ്യ ഘട്ടത്തില്‍ മോണ്ട്റിയലില്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡെ(Justin Trudeau) പറയുന്നു. കൂടാതെ, ഉപകരണങ്ങളുടെ ഉത്പാദന പ്രക്രിയയില്‍ പാലിക്കേണ്ട മൂല്യങ്ങള്‍ ഉറപ്പുവരുത്താനും വിവിധ കമ്പനികള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. സെല്‍ഫോണ്‍ ഉപയോഗത്തില്‍ രാജ്യമെമ്പാടും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കനേഡിയന്‍ ഫെഡെറല്‍ ഗവണ്‍മെന്റിന്റെ തീരുമാനം. ഈ വര്‍ഷം മുതല്‍ പ്രൈമറി- സെക്കന്റി സ്‌കൂള്‍ തലങ്ങളില്‍ സെല്‍ഫോണിന് പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഫ്രഞ്ച് ഭരണകൂടവും തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളുടെ ഏകാഗ്രത നശിപ്പിക്കുന്ന പ്രവണതകള്‍ ഒഴിവാക്കാനാണ് ഫ്രാന്‍സ് വിദ്യാഭ്യാസമന്ത്രി ജീന്‍ മൈക്കിള്‍ ബ്ലാന്‍ക്വറി(Jean Michel Blanquer)ന്റെ ആഹ്വാനം.

ബിസിനസ് രംഗത്തെ പ്രമുഖരും ഈ സ്ഥിതിവിശേഷത്തെ വിലയിരുത്തുന്നുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് (Bank of England) ഉദ്യോഗസ്ഥന്‍ ഡാന്‍ നിക്‌സന്റെ പ്രസ്താവന ഇങ്ങനെയാണ്: 'ജോലിക്കിടയില്‍ ഒരു പ്രാവശ്യം ഫോണെടുത്ത് വാട്ട്സ്ആപ്പും ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നോക്കി, വീണ്ടും ജോലി തുടരുന്ന സ്വഭാവം ഉള്ളവരാണോ നിങ്ങള്‍? എങ്കില്‍, പിന്നീടുള്ള 25 മിനിറ്റ്, ഏര്‍പ്പെട്ടിരുന്ന ജോലി നല്ലരീതിയില്‍ തുടരാന്‍ ആകില്ല നിങ്ങള്‍ക്ക്'. ആ 25 മിനിറ്റ് നേരം, തലച്ചോര്‍ പൂര്‍ണമായും നിങ്ങളുടെ നിയന്ത്രണത്തില്‍ പോലുമാകില്ലെന്ന് വ്യക്തം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുടെ പക്ഷം ഇന്നും മറ്റൊന്നാണ്. ബോധപൂര്‍വ്വമല്ലാത്ത നിരാശ പിടികൂടിയവരാണ് ഉപയോക്താക്കളിലേറെയുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇവര്‍ സ്മാര്‍ട്ട് യുഗത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന വാദവും മുന്നോട്ടുവെക്കുന്നു. പക്ഷെ, ഗുണം ആര്‍ക്കാണുണ്ടായതെന്ന ചോദ്യമാണ് സമൂഹം മുമ്പോട്ടുവെക്കേണ്ടത്.'ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കാണുന്ന പ്രൊമോഷന്‍ തന്ത്രങ്ങള്‍ ഇതിനുള്ള തെളിവാണ്. അവയ്ക്ക് കിട്ടുന്ന പ്രതികരണങ്ങളിലെ ഏറ്റക്കുറച്ചിലിലൂടെ, ഉപയോക്താക്കളുടെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കാനും ഈ കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. അതായത്, എങ്ങനെയും ആകര്‍ഷിക്കുക എന്ന തന്ത്രം'. പറയുന്നത്, കാലിഫോര്‍ണിയ കേന്ദ്രമായ ഡോപ്പമൈന്‍ ലാബ്‌സെന്ന സ്റ്റാര്‍ട്ട് അപ്പിലെ ഉദ്യോഗസ്ഥ മാറ്റ് മേയ്‌ബെറി (mat mayberry)

അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസ്ഓര്‍ഡര്‍ (attention deficit diosrder) അഥവ എ.ഡി.ഡിയാണ് എറെ ചര്‍ച്ചാവിഷയമായ മറ്റൊരു പ്രതിസന്ധി. 2015ല്‍ മൈക്രോസോഫ്റ്റ് കാനഡ(Microosft Canada) പുറത്തുവിട്ട റിപ്പോര്‍ട്ടിലായിരുന്നു പേടിപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടായിരുന്നത്. ഒരു പ്രത്യേക കാര്യത്തില്‍ ശ്രദ്ധചെലുത്താനുള്ള മനുഷ്യന്റെ ശേഷി അഥവ അറ്റന്‍ഷെന്‍ സ്പാനി (attention span)ല്‍ സംഭവിച്ച മാറ്റമാണത്. 2000ത്തിനും 2013നുമിടയില്‍ 12 സെക്കന്റില്‍ നിന്നും 8 സെക്കന്റ് എന്ന നിലയിലേക്കാണ് അറ്റന്‍ഷന്‍ സ്പാന്‍ താഴേക്ക് പോയത്. ഇനിയും മോശമായ നിലയിലേക്ക് ഈ കണക്ക് താഴുന്നതായി കാണേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഈ പഠനറിപ്പോര്‍ട്ടുകളെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരൊറ്റ പ്രതിസന്ധിയിലേക്കാണ്. സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഒരു നിയന്ത്രണവും വെക്കാതെയുള്ള മുമ്പോട്ടുപോക്ക് എത്ര നാള്‍ തുടരുമെന്ന ചോദ്യത്തിലേക്ക്. പഴമയെ പഴിച്ചും, കിട്ടുന്ന പുതുമയെയെല്ലാം കണ്ണടച്ചു വിശ്വസിച്ചും, ഡിജിറ്റല്‍ യുഗത്തില്‍ മതിമറന്നുള്ള ജീവിതത്തിന് കടിഞ്ഞാണിടാന്‍ തയ്യാറാകുമോ? വേറൊന്നുമല്ല ഗുണം, 'മനുഷ്യ'നായി ജീവിക്കാം എന്നതുതന്നെയാണ്.


Next Story

Related Stories