TopTop

രുചിയുള്ള ഭക്ഷണമല്ല, പോഷക സമൃദ്ധമായ ഭക്ഷണമാണ് ആവശ്യം

രുചിയുള്ള ഭക്ഷണമല്ല, പോഷക സമൃദ്ധമായ ഭക്ഷണമാണ് ആവശ്യം

യന്ത്രത്തിന് ഇന്ധനം പോലെയാണ് മനുഷ്യര്‍ക്കും ജീവിവര്‍ഗങ്ങള്‍ക്കും ഭക്ഷണം. വിശക്കുന്നവന്റെ മുന്നില്‍ ദൈവം ഭക്ഷണമായിട്ടാണ് അവതരിക്കുകയെന്നാണ് പറയാറ്. എല്ലാത്തിനേയും തത്വചിന്താപരമായി കണ്ടുവന്ന ഭാരതീയര്‍ക്ക് അന്നം ബ്രഹ്മമാണ്. ബ്രഹ്മം എന്നാല്‍ ഭാരതീയ തത്വചിന്ത അനുസരിച്ച ജീവിതത്തിലൂടെ പരമമായി മനുഷ്യര്‍ എത്തിച്ചേരേണ്ട അവസ്ഥയാണ്. ഗുണങ്ങളെല്ലാം എല്ലാം അതിവര്‍ത്തിച്ച പരമമായ അവസ്ഥ. അതിനോട് ഭാരതീയ ചിന്തകര്‍ ഭക്ഷണത്തെ ചേര്‍ത്ത് വെച്ചത് അവ നിര്‍വഹിക്കുന്ന സുപ്രധാനമായ ധര്‍മ്മത്തെ മുന്‍നിര്‍ത്തിയാവണം. ജീവചൈതന്യത്തെ അഥവാ ആത്മചൈതന്യത്തെ ശരീരത്തില്‍ നിലനിര്‍ത്തുന്നതേതാണോ അത് അന്നമായതിനാലാണ് ഉപനിഷത്തുകള്‍ അന്നത്തെ ബ്രഹ്മമെന്ന് വിശദീകരിക്കുന്നത്.

മനുഷ്യര്‍ക്കും ജീവിവര്‍ഗങ്ങള്‍ക്കും നിലനില്‍പ്പിനാധാരമായ ഊര്‍ജ്ജം ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് ഭക്ഷണം മൗലികമായ അവകാശമായി തീരുന്നത്. പോഷക പ്രധാനമായ ഭക്ഷണം ഉറപ്പാക്കിയാല്‍ മാത്രമേ ആരോഗ്യപൂര്‍ണവും ഉന്മേഷപ്രദവുമായ ജീവിതം നയിക്കുവാന്‍ സാധിക്കുയുള്ളു. നാം ഉള്‍ക്കൊള്ളുന്ന ഓരോ ശ്വാസവും ശരീരത്തിന്റെ ഓരോ ചലനവും ഹൃദയത്തിന്റെ ഓരോ മിടിപ്പും ഊര്‍ജ്ജത്തെ ആവശ്യപ്പെടുന്നു. അത് നല്‍കാനാവാതെ വരുമ്പോള്‍ ശരീരമെന്ന യന്ത്രത്തിന്റെ പല ഭാഗങ്ങളും പണിമുടക്കുന്നു. അതോടെ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും താറുമാറാകുന്നു. ഇത്തരത്തില്‍ ശരീര പ്രവര്‍ത്തനങ്ങള്‍ താറുമാറാകാതെ നിലനിര്‍ത്തുന്ന ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് ഭക്ഷണം.

വ്യക്തികളുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്കും കഠിനാധ്വാനത്തിനും ആരോഗ്യപരിപാലനത്തിനും ശരിയായ ഭക്ഷണം അനിവാര്യമാണ്. ശരീരത്തിനാവശ്യമായ പോഷക സമൃദ്ധമായ ആഹാരം കഴിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് നാം സാധാരണയായി കണ്ടുവരുന്ന പല രോഗങ്ങളും ഉടലെടുക്കുന്നത്. അത്തരം അവസ്ഥയെ സാധാരണ നിലയില്‍ വൈദ്യശാസ്ത്രത്തില്‍ പോഷകാഹാരക്കുറവെന്നാണ് വിവരിക്കുന്നത്. ഇത്തരം രോഗങ്ങളെ പോഷകാഹാരക്കുറവ് മൂലമുള്ള രോഗങ്ങളെന്നും വിശേഷിപ്പിക്കുന്നു.

നാം മിക്കപ്പോഴും നാവിനു രുചിയുള്ള ഭക്ഷണത്തെ കുറിച്ചാണ് പറയാറുള്ളത്. എന്നാല്‍ ശരീരത്തിന് ഹിതകരമായ, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. ഇത്തരം ആഹാരം പലപ്പോഴും നമ്മുടെ നാവില്‍ കൊതിയൂറിക്കുന്നത് ആവണമെന്നില്ല. പോഷക സമൃദ്ധമായ ആഹാരം ഏതൊക്കെ? അവ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്ത്? ഏത് അളവിലായിരിക്കണം ഓരോ പ്രായത്തിലും അവ ഉള്‍പ്പെടുത്തേണ്ടത്? ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ ധാരണ ഉണ്ടാവേണ്ടത് അനിവാര്യമാണ്. പോഷകമൂല്യം നഷ്ടപ്പെടുത്താതെ എപ്രകാരമാണ് രുചികരമായ ഭക്ഷണം പാകം ചെയ്യുകയെന്നും അറിയേണ്ടതുണ്ട്.

ഊര്‍ജ്ജം പ്രദാനം ചെയ്യല്‍, ശരീരത്തിന്റെ നിര്‍മാണവും കേടുപാടുകള്‍ തീര്‍ക്കലും, ശരീരകോശങ്ങളുടേയും കലകളുടേയും പ്രവൃത്തി നിലനിര്‍ത്തലും നിയന്ത്രിക്കലും എന്നി ധര്‍മ്മങ്ങളാണ് ഭക്ഷണത്തിനുള്ളത്. ഈ ധര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ ഊര്‍ജ്ജദായകങ്ങള്‍, ശരീര സമ്പുഷ്ടകങ്ങള്‍, സംരക്ഷകങ്ങള്‍ എന്നിങ്ങനെ ഭക്ഷണ പദാര്‍ഥങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു. അരി, ഗോതമ്പ്, പഞ്ചസാര, ഉരുളക്കിഴങ്ങ് തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയ ഭക്ഷ്യസാധനങ്ങളാണ് ഊര്‍ജ്ജദായകങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുന്നത്. പാല്‍, മുട്ട, ഇറച്ചി, മത്സ്യം, പരിപ്പ്, എണ്ണക്കുരുക്കള്‍ തുടങ്ങിയവയാണ് ശരീര സമ്പുഷ്ടകങ്ങളില്‍ വരിക. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന പാല്‍, പച്ച ഇലക്കറികള്‍ തുടങ്ങിയവയാണ് അവസാന വിഭാഗത്തില്‍ വരുന്നത്. ഇവ ശരീരത്തെ രോഗ ബാധകളില്‍ നിന്നും മറ്റും സംരക്ഷിച്ച് നിര്‍ത്തുന്നു.

ഭക്ഷണത്തില്‍ മതിയായ അളവില്‍ അടിസ്ഥാന പോഷണങ്ങള്‍ അടങ്ങിയിരിക്കണം. കാര്‍ബോഹൈഡ്രേറ്റ്്(അന്നജം), പ്രോട്ടീന്‍(മാംസ്യം), കൊഴുപ്പ്്, വിറ്റാമിനുകള്‍, ധാതുക്കള്‍, ജലം എന്നിവയെയാണ് അടിസ്ഥാന പോഷണങ്ങള്‍ എന്ന് പറയുന്നത്. ഇവയ്ക്കോരോന്നിനും ഓരോ പ്രത്യേക ധര്‍മ്മം നിറവേറ്റാനുണ്ട്. ഓരോന്നിന്റേയും അപര്യാപ്തത രോഗാവസ്ഥകളെ സൃഷ്ടിക്കുകയും ചെയ്യും.


Next Story

Related Stories