TopTop
Begin typing your search above and press return to search.

മനസ്സിന്റെ ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും; പഠനങ്ങള്‍ പറയുന്നു

മനസ്സിന്റെ ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും; പഠനങ്ങള്‍ പറയുന്നു

മനസ്സിന്റെ ആരോഗ്യവും ശാരീരിക ആരോഗ്യവും ഏറെ ബന്ധപ്പെട്ട് കിടക്കുന്നവയാണ്. ജീവിതത്തില്‍ പ്രസാദാത്മകമായ ചിന്തകളും ഗുണാത്മകതയും ഊന്നുന്നവര്‍ കൂടുതല്‍ പ്രസാദ പൂര്‍ണ്ണമായ ജീവിതം നയിക്കുന്നതായും അവര്‍ക്ക് കൂടുതല്‍ കാലം ജീവിച്ചിരിക്കാന്‍ സാധിക്കുന്നതായും പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കെന്റകി സര്‍വകലാശാലയിലെ ഡെബോറ ഡാനര്‍ നടത്തിയ പഠനങ്ങള്‍ പ്രഖ്യാതമാണ്. മനശാസ്ത്രത്തെ മനോവ്യാഥികള്‍ക്കുള്ള ചികിത്സ എന്നതിനപ്പുറം ഒരു വ്യക്തിയുടെ മനോവ്യാപാരത്തെ ആഹ്ലാദത്തിലേക്ക് നയിക്കുന്നതിന് പ്രാപ്തമാക്കുന്ന പ്രയുക്തശാസ്ത്രം എന്ന തരത്തില്‍ ഇക്കാലത്ത് വളര്‍ന്നിട്ടുണ്ട്. അമേരിക്കന്‍ മനശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ സെലിഗ്മാനെ പോലുള്ളവരുടെ പങ്ക് ഇക്കാര്യത്തില്‍ എടുത്തുപറയേണ്ടതാണ്. പോസീറ്റീവ് സൈക്കോളജി എന്ന ചിന്തയെ മനശാസ്ത്ര പഠനത്തില്‍ ഏറ്റവും ഊന്നല്‍ നല്‍കുന്ന ഒന്നാക്കി തീര്‍ക്കുന്നതില്‍ ഇദ്ദേഹത്തെപോലുള്ളവര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

മനുഷ്യരില്‍ ഏറിയ പങ്കും വലിയ വിധി വിശ്വാസികളായി കാണാറുണ്ട്. വിശേഷിച്ചും നമ്മുടെ നാട്ടുകാര്‍. എല്ലാം എന്റെ തലയിലെഴുത്ത് എന്നുപറഞ്ഞു വിഷമാവസ്ഥകള്‍ക്ക് കീഴ്‌പ്പെട്ട് പോകുന്നവരാണ് നമ്മളില്‍ ഏറെ പേരും. ബാല്യ കൗമാരങ്ങളില്‍ നിരന്തരം വിഷമ ജീവിത ഘട്ടങ്ങളിലൂടെ കടന്നുപോയവരായിരിക്കും ഇത്തരത്തില്‍ എല്ലാം തലയിലെഴുത്തിന് എഴുതിക്കൊടുത്ത് എന്തു ചെയ്താലും തന്റെ കഷ്ടകാലം മാറില്ലെന്ന മട്ടില്‍ ജീവിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും.

പില്‍ക്കാല ജീവിതത്തില്‍, നല്ല നിലയില്‍ എത്താനുള്ള അവസരങ്ങള്‍ എത്ര ലഭിച്ചാലും ഇത്തരം മാനസികാവസ്ഥയുള്ളവര്‍ക്ക് അവ ജീവിതത്തിന്റെ ശ്രേയസ്സിനായി പ്രയോജനപ്പെടുത്താനായി പറ്റിയെന്ന് വരില്ല. തിരിച്ചടികള്‍ നിറഞ്ഞ ജീവിതാനുഭവങ്ങളിലൂടെ അവര്‍ സ്വയം വളര്‍ത്തിയെടുത്ത നിസ്സഹായാവസ്ഥ(learned helplessness) ജീവിതത്തില്‍ ഉടനീളം ഇത്തരക്കാരെ അനുയാത്ര ചെയ്യുന്നതായി കണ്ടുവരുന്നു. ജീവിതത്തിലെ ഗുണാത്മകമായ മാറ്റങ്ങള്‍ക്കെല്ലാം വിലങ്ങുതടിയായി തീരുന്നത് ഇത്തരം മനോവ്യാപാരമായിരിക്കും. ശരിയായ സമയത്തുള്ള ഇടപെടലുകളിലൂടെ ഇത്തരം നിഷേധാത്മക സാഹചര്യങ്ങളില്‍ നിന്നും ഒരാളെ രക്ഷിക്കാനായി സാധിക്കും.

ഇത് ലക്ഷ്യമിട്ട് പോസീറ്റീവ് സൈക്കോളജിയുടെ പ്രയോക്താക്കള്‍ മുന്നോട്ട് വെച്ചിരിക്കുന്ന മൂന്നു കല്പനകളെ നമുക്ക് പരിചയപ്പെടാം. പ്രസാദാത്മക ജീവിതം(pleasant life), ശുഭ ജീവിതം(good life), അര്‍ഥസമ്പുഷ്ട ജീവിതം(meaningful life) എന്നിവയാണവ. ജീവിതാവസ്ഥകളെ ആസ്വദിക്കുകയും അവയില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെയാണ് പ്രസാദാത്മക ജീവിതം(pleasant life) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. അനുഭവങ്ങളുടെ ഗുണാത്മകതയില്‍ ഊന്നുകയാണിതിന്റെ കാതല്‍. കഴിഞ്ഞുപോയ കാലം, അനുഭവങ്ങള്‍, പരീക്ഷണങ്ങള്‍ തുടങ്ങിയവയെ കുറിച്ച് അഭിമാനം, ശാന്തത, പ്രസാദാത്മകത തുടങ്ങിയ വളര്‍ത്തിയെടുക്കുകയും അവയെ ഓര്‍ത്തെടുത്ത് മുന്നോട്ട് പോവുകയും ചെയ്യാനാവുക. ഇത്തരം അവസ്ഥ സംജാതമായാല്‍, നിലവിലുള്ള ജീവിത സാഹചര്യങ്ങളെ പൂര്‍ണമായും ആസ്വാദ്യകരമായി സമീപിക്കുന്നതിനുള്ള ശേഷി എന്ന അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കല്‍ പ്രയാസകരമാവില്ല. ഇത് ഭാവിയെ കുറിച്ച് പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും രൂഢമൂമലാക്കുന്നതിന് സഹായിക്കും. ഭാവിയെ കുറിച്ച് പ്രതീക്ഷയറ്റവര്‍ക്ക് പ്രസാദപൂര്‍ണമായ ജീവിതം പ്രയാസകരമായിരിക്കുക തന്നെ ചെയ്യും.

ഏത് പ്രവൃത്തിയിലാണോ ഏര്‍പ്പെടുന്നത്, അത്, പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ച് തടസരഹിതമായി ലക്ഷ്യബോധത്തോടെ ചെയ്തു മുന്നോട്ടുപോകാനാവുമ്പോള്‍ ശുഭജീവിതം(good life) സാധ്യമാകുന്നുവെന്ന് മനശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. ശുഭജീവിത കാമനയുള്ളവരെ ഒരു തരത്തിലുള്ള പ്രലോഭനങ്ങളും അവരുടെ ലക്ഷ്യത്തിലേക്കെത്താനുള്ള പ്രയാണത്തില്‍ നിന്നും തടസപ്പെടുത്തുകയില്ല. ഓരോരുത്തരുടേയും വ്യക്തിത്വത്തിലെ ഗുണാത്മകതകള്‍ തിരിച്ചറിയുകയും അവയെ പരമാവധി പ്രയോജനപ്പെടുത്തി മുന്നേറാന്‍ സാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിതെന്ന് പൊതുവില്‍ പറയുന്നു.

അര്‍ഥപൂര്‍ണമായ ജീവിതം(meaningful life) എന്ന കല്പന വ്യഷ്ടിയുടേയും സമഷ്ടിയുടേയും ഗുണാത്മകതയില്‍ ഒരു പോലെ ഊന്നുന്നുവെന്ന സവിശേഷതയുണ്ട്. ഓരോരുത്തരുടേയും വ്യക്തിത്വത്തിലെ നല്ല വശങ്ങള്‍ പ്രയോജനപ്പെടുത്തി സ്വാര്‍ഥത്തിനപ്പുറമുള്ള വിശാലമായ സമൂഹതാല്പര്യം കൂടികണക്കിലെടുത്ത് ആകെ സമൂഹത്തിന്റേയും സഹജാതരുടേയും നന്മയെ കരുതി പ്രവര്‍ത്തിക്കാന്‍ സാധിക്കുക. ഇതിലൂടെ ജീവിതത്തിന് പുതിയൊരു അര്‍ഥതലമാണ് കൈവരിക.

പ്രസാദാത്മകമായ ജീവിതം ശുഭജീവിതത്തിലേക്കും അത് വഴി അര്‍ഥപൂര്‍ണമായ ജീവിതത്തിലേക്കും ഒരാളെ നയിക്കും. ഈ മൂന്നു തലങ്ങളും വേണ്ടതിന്‍വണ്ണം ആരുടെ ജീവിതത്തിലാണോ പ്രതിഫലിക്കപ്പെടുക അവര്‍ നടത്തുന്നത് സമ്പൂര്‍ണ്ണ ജീവിതത്തിലേക്കുള്ള ചുവടുവെയ്പായിരിക്കും. അനുഭവങ്ങളെ ക്ഷമാപൂര്‍വം ഗുണാത്മകമായി മനനം ചെയ്യാന്‍ ആവുകയും അവയുടെ ഗുണാത്മകതലത്തില്‍ ഊന്നുകയും ചെയ്യുക എന്നതാണ് സമ്പൂര്‍ണ ജീവിതത്തിലേക്ക് എത്തുന്നതിനുള്ള വഴി.


Next Story

Related Stories