TopTop
Begin typing your search above and press return to search.

382 ഡോക്ടർമാർ കോവിഡ് മൂലം മരിച്ചു - 'ഹീറോ'കളെ കേന്ദ്രസർക്കാർ അവഗണിക്കുന്നതായി ഐഎംഎ

382 ഡോക്ടർമാർ കോവിഡ് മൂലം മരിച്ചു - ഹീറോകളെ കേന്ദ്രസർക്കാർ അവഗണിക്കുന്നതായി ഐഎംഎ

കോവിഡ് മൂലം ഇതുവരെ 382 ഡോക്ടര്‍മാര്‍ രാജ്യത്ത് മരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഹീറോകളെന്നും പോരാളികളെന്നും യോദ്ധാക്കളെന്നും മറ്റും വിളിക്കുന്ന ഡോക്ടര്‍മാരെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ഐഎംഎ കുറ്റപ്പെടുത്തി. കൊറോണ വൈറസ് സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍, കോവിഡ് ഡ്യൂട്ടിക്കിടെ വൈറസ് ബാധിച്ച് മരിച്ച ഡോക്ടര്‍മാരെക്കുറിച്ച് ഒന്നും പറയാതിരുന്നതില്‍ ഐഎംഎ പ്രതിഷേധം രേഖപ്പെടുത്തി. എത്ര ഡോക്ടര്‍മാര്‍ കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ചു എന്നതിന്‌റെ കണക്ക് ലഭ്യമല്ല എന്നാണ് ആരോഗ്യ സഹമന്ത്രി അശ്വിനികുമാർ ചൗബേ സഭയില്‍ പറഞ്ഞത്. ഇത് തികഞ്ഞ അവഗണനയാണെന്ന് ഐഎംഎ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പകര്‍ച്ചവ്യാധി നിയമവും ദുരന്തനിവാരണ നിയമവും നടപ്പാക്കാനുള്ള അധികാരമുള്ള കേന്ദ്ര സര്‍ക്കാരിന് ധാര്‍മ്മികമായി ഇതിനുള്ള അര്‍ഹത ഇല്ലാതായിരിക്കുന്നതായി ഐഎംഎ കുറ്റപ്പെടുത്തി.

27 വയസ്സ് മുതല്‍ 85 വയസ്സ് വരെ പ്രായമുള്ള ഡോക്ടര്‍മാര്‍ കോവിഡ് മൂലം മരിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് ആരോഗ്യ മന്ത്രി ഒന്നും പറഞ്ഞില്ല. ഇന്ത്യയിലേത് പോലെ ഇത്രയധികം ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മറ്റൊരു രാജ്യത്തും മരിച്ചിട്ടില്ല - ഐഎംഎ പറയുന്നു. ആരോഗ്യവും ഹോസ്പിറ്റലുകളും സംസ്ഥാനങ്ങളുടെ അധികാരപരിധിയിലായതിനാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കലില്ല എന്നാണ് അശ്വിനികുമാര്‍ ചൗബേ പാര്‍ലമെന്റിനെ അറിയിച്ചത്. ഇത് കൃത്യനിര്‍വഹണത്തില്‍ നിന്നും കടമകളില്‍ നിന്നുള്ള ഒഴിഞ്ഞുമാറലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ ഹീറോകളെ അവഗണിക്കലുമാണ് എന്ന് ഐഎംഎ കുറ്റപ്പെടുത്തി.

ഭാഗികവും ഉപയോഗപ്രദവുമല്ലാത്ത ഒരു ഇന്‍ഷുറന്‍സ് പദ്ധതി മുന്നോട്ടുവച്ച്, കഷ്ടപ്പെടുന്ന കുടുംബങ്ങളെ അവഗണിക്കുകയാണ് സര്‍ക്കാര്‍. ഒരേസമയം കൊറോണയെ ചെറുക്കുന്ന പോരാളികളെന്ന് വിളിച്ച് അഭിനന്ദിക്കുകയും എന്നാല്‍ അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അര്‍ഹതയുള്ളത് നല്‍കാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കേന്ദ്രസര്‍ക്കാരിന്റേത് - ഐഎംഎ പറയുന്നു. മാര്‍ച്ചില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കേഴ്സ് അടക്കം, രാജ്യത്തെ 22.12 ലക്ഷം പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ കേന്ദ്രസര്‍ക്കാര്‍ പ്ര്ഖ്യാപിച്ചിരുന്നു.

കോവിഡ് ലോക്ക് ഡൗണിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് സര്‍ക്കാരിന്‌റെ കയ്യിലില്ലെന്നും ഇതിനാല്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്നുമാണ് കേന്ദ്ര തൊഴില്‍ മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത്. ഇത് വലിയ പ്രതിഷേധവും വിമര്‍ശനങ്ങളും ഉയര്‍ത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ കാര്യത്തിലും കേന്ദ്രസർക്കാർ സമാനമായ മറുപടി പാർലമെന്റിൽ നൽകിയിരിക്കുന്നത്.

Next Story

Related Stories