TopTop
Begin typing your search above and press return to search.

ആസ്ട്ര സെനീക്ക കോവിഡ് വാക്സിൻ പരീക്ഷണം പുനരാരംഭിച്ചു

ആസ്ട്ര സെനീക്ക കോവിഡ് വാക്സിൻ പരീക്ഷണം പുനരാരംഭിച്ചു

വളണ്ടിയര്‍മാരിലൊരാള്‍ക്ക് പരീക്ഷണത്തെതുടര്‍ന്ന് അസുഖമുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണം ബ്രീട്ടീഷ് മരുന്ന് കമ്പനി ആസ്ട്ര സെനീക്ക പുനരാരംഭിച്ചു. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് ആസ്ട്ര സെനീക്ക പരീക്ഷണം നടത്തിയത്. സെപ്റ്റംബര്‍ ആറിനാണ് ഫേസ് 3 ട്രയല്‍ നിര്‍ത്തിവച്ചത്. ഇന്ത്യയില്‍ ആസ്ട്ര സെനീക്ക - ഓക്‌സ്‌ഫോഡ് വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്ന പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പരീക്ഷണം നിര്‍ത്തിവച്ചിരുന്നു. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വിശദീകരണം തേടിയതിനെ തുടർന്നായിരുന്നു ഇത്. ബ്രിട്ടനില്‍ (യുകെ) പരീക്ഷണം തുടരാന്‍ മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആര്‍എ) അനുമതി നല്‍കിയ സാഹചര്യത്തിലാണ് ട്രയല്‍ പുനരാരംഭിച്ചത്.

നാഡീസംബന്ധമായ പ്രശ്‌നമാണ് മരുന്ന് കുത്തിവച്ച വളണ്ടിയര്‍ക്കുണ്ടായത്. ട്രാന്‍സ്വേഴ്‌സ് മിലിറ്റിസ് എന്ന പേരിലുള്ള സുഷുമ്‌നാ നാഡിയുമായി ബന്ധപ്പെട്ട പ്രശ്‌നം. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കേംബ്രിഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആസ്ട്ര സെനീക്ക പറഞ്ഞു. യുകെയിലെ ട്രയല്‍ മാത്രമാണ് പുനരാരംഭിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ വാക്‌സിന്‍ പരീക്ഷണം എപ്പോള്‍ പുനരാരംഭിക്കുമെന്ന് ആസ്ട്ര സെനീക്ക പറഞ്ഞിട്ടില്ല. വിവിധ രാജ്യങ്ങള്‍ക്കായി 300 കോടിയ്ക്കടുത്ത് ഡോസ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആസ്ട്ര സെനീക്ക ധാരണയിലെത്തിയിട്ടുണ്ട്.

ഡ്രഗ് കണ്‍ട്രോളറുടെ (ഡിജിസിഐ) അനുമതി കിട്ടിയാലുടന്‍ പരീക്ഷണം പുനരാരംഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. എംഎച്ച്ആര്‍എയുടെ ഡാറ്റ പരിശോധിച്ചത് പ്രകാരം വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതായി ബ്രസീല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി എഎന്‍വിഐഎസ്എ അറിയിച്ചു. ഏറ്റവും ഫലപ്രദവും സുരക്ഷിതവുമെന്ന് ഇതുവരെയുള്ള പരീക്ഷണത്തില്‍ വ്യക്തമായിരിക്കുന്നത് ആസ്ട്ര സെനീക്ക വാക്‌സിനാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. യുഎസ്, യുകെ, ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെല്ലാം വാക്‌സിന്‍ ട്രയല്‍ അന്തിമഘട്ടത്തിലേയ്‌ക്കെത്തിയിട്ടുണ്ട്. ജപ്പാനും റഷ്യയും അഡീഷണല്‍ ടെസ്റ്റുകള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ട്. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് വാക്‌സിന് അനുമതി നേടുക ലക്ഷ്യമിട്ട് ടെസ്റ്റിംഗ് വേഗതയിലാക്കാന്‍ യുഎസ് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആസ്ട്ര സെനീക്ക പരീക്ഷണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്.

Next Story

Related Stories