കൊവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്കായി സഞ്ചരിക്കുന്ന പരിശോധനാ ക്ലിനിക്കായ 'ബന്ധു'വുമായി ദേശീയ ആരോഗ്യ ദൗത്യവും(എന്‍എച്എം) സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലുസീവ് ഡവലപ്മന്റും(സിഎംഐഡി). എറണാകുളം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങള്‍ സന്ദര്‍ശിക്കുന്ന ഈ ക്ലിനിക്ക് വഴി ദിവസവും അഞ്ഞൂറോളം പേരാണ് പരിശോധനകള്‍ക്ക് വിധേയമാകുന്നത്.
ജില്ലയില്‍ അതിഥി തൊഴിലാളികളുടെ ആരോഗ്യ ക്ഷേമത്തിനായി നടപ്പാക്കുന്ന അതിഥി ദേവോ ഭവ: എന്ന പദ്ധതിയുടെ ഭാഗമായാണ് എന്എച്എമ്മും സിഎംഐഡിയും 'ബന്ധു' എന്ന പേരില്‍ സഞ്ചരിക്കുന്ന ക്ലിനിക്ക് ആരംഭിച്ചത്.കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഉദ്ദേശിച്ചതിലും നേരത്തെ ഈ സേവനവുമായി രംഗത്തെത്തുകയായിരുന്നുവെന്ന് പദ്ധതിയുടെ എറണാകുളം ജില്ലാ കൊ-ഓര്‍ഡിനേറ്റര്‍ ഡോ. അഖില്‍ ഇമ്മാനുവല്‍ പറഞ്ഞു. അടിയന്തര സാഹചര്യം പരിഗണിച്ച് പത്തു പേരോളം വരുന്ന സംഘമാണ് ബസില്‍ ക്രമീകരിച്ച ക്ലിനിക്കുമായി എറണാകുളം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ എത്തുന്നത്. ദിവസം 400 മുതല്‍ 500 പേരുടെ വരെ പ്രാഥമിക വൈദ്യപരിശോധന ഈ ക്ലിനിക്കുകള്‍ വഴി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിഥി തൊഴിലാളികളുടെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനറിയുന്നവരാണ് വാഹനത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. ഇതു കൂടാതെ തൊഴിലാളികളില്‍ മലയാള ഭാഷയറിയുന്നവരും ആശയവിനിമയത്തിനായി ഈ പദ്ധതിയുമായി സഹകരിക്കാറുണ്ടെന്ന് ഡോ. അഖില്‍ പറഞ്ഞു. കൊവിഡ് പരിശോധനകള്‍ ഈ വാഹനത്തില്‍ നടത്താറില്ല. മറിച്ച് കൊവിഡിന്റെ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താന്‍ ഇതിലൂടെ കഴിയും. പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രം വഴി ഇവരെ നിരീക്ഷിക്കാനും കൂടുതല്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോയെന്ന് അറിയാനും സാധിക്കും.ബസിനുള്ളില്‍ പരിശോധനയും മറ്റുമില്ല. അതത് സ്ഥലങ്ങളില്‍ ബസിനോടു ചേര്‍ന്ന് പുറത്തായി ക്ലിനിക്ക് ക്രമീകരിക്കും. കേരളത്തില്‍ ആദ്യമായാണ് അതിഥി തൊഴിലാളികള്‍ക്കുവേണ്ടി ഇത്തരമൊരു ആശയം പ്രാവര്‍ത്തികമാക്കുന്നതെന്നും ഡോ. അഖില്‍ അറിയിച്ചു. ബന്ധു ക്ലിനിക്കിന്റെ പ്രവര്‍ത്തന പുരോഗതി അടിസ്ഥാനമാക്കി സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്കായി ഇത്തരത്തില്‍ കൂടുതല്‍ ക്ലിനിക്കുകള്‍ ആരംഭിക്കാനും എന്‍എച്ച്എം ആലോചിക്കുന്നുണ്ട്.