ബിസിജി വാക്സിൻ (Bacillus Calmette-Guerin) ഉപയോഗിച്ച് കോവിഡ് വ്യാപനത്തിന്റെ വേഗത കുറക്കാനാകുമെന്ന് ഗവേഷകർ. അതേസമയം ഇതിനെ കോവിഡിനെതിരായ പ്രതിരോധനത്തിനുള്ള മാജിക് ബുള്ളറ്റ് ആയി കാണരുതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. കൊറോണ വൈറസ് ഇൻഫെക്ഷനും മരണനിരക്കും കുറക്കാൻ ബിസിജി വാക്സിൻ സഹായകമായേക്കും. വാക്സിനേഷൻ നൽകിയ ശേഷമുള്ള ആദ്യ 30 ദിവസമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അമേരിക്കൻ അസോസിയേഷൻ ഫോർ ദ അഡ്വാൻസ്മെന്റ് ഓഫ് സയൻസ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പതിറ്റാണ്ടുകൾക്ക് നിർബന്ധിതമായി ബിസിജി വാക്സിനേഷൻ യുഎസ് നടപ്പാക്കിയിരുന്നില്ലെങ്കിൽ ഇത്രയധികം പേർക്ക് കൊറോണ ബാധിക്കുകയും ഇത്രയധികം മരണമുണ്ടാവുകയും ചെയ്യുന്ന നില അവിടെ ഉണ്ടാകുമായിരുന്നില്ല എന്ന് റിപ്പോർട്ട് അഭിപ്രായപ്പെട്ടു.
ടൂബർകുലോസിസ് തടയാനായി, ജനിച്ച ഉടൻ കുട്ടികൾക്ക് ബിസിജി വാക്സിനേഷൻ നൽകാറുണ്ട്. വിവിധ തരം ഇൻഫെക്ഷനുകൾക്കെതിരെ പ്രതിരോധം ശക്തമാക്കാൻ ബിസിജി സഹായിക്കുന്നതായി പഠനം പറയുന്നു. ഇത് കോവിഡ് 19നെതിരായ പ്രതിരോധത്തിലും സഹായകമാകുമെന്ന് ഗവേഷകർ വിലയിരുത്തുന്നു. 135 രാജ്യങ്ങളിലെ കോവിഡ് കേസുകളും 134 രാജ്യങ്ങളിലെ കോവിഡ് മൂലമുള്ള മരണവും സംബന്ധിച്ച കണക്കുകൾ ഗവേഷകർ പരിശോധിച്ചിരുന്നു. ഓരോ രാജ്യത്തും ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ആദ്യ 30 ദിവസത്തെ കണക്കുകളാണ് പരിശോധിച്ചത്. അതേസമയം കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടെന്നും കോവിഡ് 19നെ ചെറുക്കാൻ കഴിയുന്ന വാക്സിനായി ബിസിജിയെ കണക്കാക്കാറായിട്ടില്ലെന്നും പഠനം നടത്തിയവർ പറയുന്നു.
ലോകത്ത് നൂറോളം കോവിഡ് വാക്സിനുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയിൽ 16 വാക്സിനുകൾക്കായാണ് നിലവിൽ ഗവേഷണ, പരീക്ഷണങ്ങൾ നടക്കുന്നത് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ അറിയിച്ചു. ബിസിജി വാക്സിന്റെ ഫേസ് 3 ട്രയൽ നടന്നുകൊണ്ടിരിക്കുകയാണ്. സൈഡസ് കാഡില്ലയുടെ ഫേസ് 1, 2 ട്രയലുകൾ പുരോഗമിക്കുന്നു. നാല് വാക്സിനുകളുടെ പ്രീ ക്ലിനിക്കൽ സ്റ്റഡി അഡ്വാൻസ്ഡ് സ്റ്റേജിലാണ് - ഹർഷവർദ്ധൻ പറഞ്ഞു. സാർസ് കൊറോണ വൈറസ് 2ന്റെ 1000 ജീൻ വേർതിരിക്കലുകൾ നടത്തിയിട്ടുണ്ട്.