TopTop
Begin typing your search above and press return to search.

ഇന്ത്യയുടെ കോവിഡ് മരുന്ന് ഒരു വർഷത്തിനുള്ളിലുണ്ടാകില്ല, മനുഷ്യരിൽ പരീക്ഷണം വിജയമെന്ന് ചൈനീസ് കമ്പനി

ഇന്ത്യയുടെ കോവിഡ് മരുന്ന് ഒരു വർഷത്തിനുള്ളിലുണ്ടാകില്ല, മനുഷ്യരിൽ പരീക്ഷണം വിജയമെന്ന് ചൈനീസ് കമ്പനി

കോവിഡ് വാക്‌സിനില്‍ വിജയം അവകാശപ്പെട്ട് യുഎസ് കമ്പനി മോഡേണയ്ക്ക് പിന്നാലെ ചൈനീസ് കമ്പനി കാന്‍സിനോ ബയോളജിക്‌സ് രംഗത്ത്. മനുഷ്യരില്‍ പരീക്ഷണം വിജയകരമെന്നാണ് കാന്‍സിനോ പറയുന്നത്. വാക്‌സിന്‍ സുരക്ഷിതമാണെന്നും കൊറോണ വൈറസില്‍ നിന്ന് ഇത് സംരക്ഷണം നല്‍കുമെന്നും ചൈനീസ് കമ്പനി അവകാശപ്പെടുന്നു. നേരത്തെ ഇസ്രയേല്‍, ഇറ്റാലിയന്‍ കമ്പനികളും കോവിഡിനെ ചെറുക്കാന്‍ ശേഷിയുള്ള ആന്റിബോഡികള്‍ വികസിപ്പിച്ചതായി അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. സമ്പദ് വ്യവസ്ഥകള്‍ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കുന്നതിന് കോവിഡ് വാക്‌സിന്‍ അനിവാര്യമാണെന്ന് രാജ്യങ്ങള്‍ കരുതുന്നു. 100ലധികം വാക്‌സിനുകള്‍ക്കുള്ള നിര്‍മ്മാണ ശ്രമങ്ങളാണ് നിലവില്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.

18നും 60നും ഇടയില്‍ പ്രായമുള്ള 108 പേരിലാണ് വിവിധ ലബോറട്ടറികളിലായി ആദ്യഘട്ട പരീക്ഷണം നടത്തിയത്. വാക്‌സിന്‍ ഒറ്റ ഡോസ് മാത്രം നല്‍കിയവരില്‍ രണ്ടാഴ്ചക്കകം നിരവധി പ്രതിരോധ കോശങ്ങള്‍ (ടി സെല്ലുകള്‍) രൂപപ്പെടുന്നതായി കണ്ടെത്തി. പ്രതിരോധത്തിന് ആവശ്യമായ ആന്റിബോഡികളുടെ എണ്ണം 28 ദിവസത്തിനകം വലിയ തോതില്‍ വര്‍ദ്ധിച്ചു. 81 ശതമാനം പേരിലും ആദ്യ ഏഴ് ദിവസങ്ങളില്‍ വാക്‌സിന്‍ പ്രതികൂലഫലങ്ങളുണ്ടാക്കി. ശരീരം ചുവക്കുക, നീരുണ്ടാവുക, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കണ്ടത്. പനി, പേശിവേദന, തലവേദന തുടങ്ങിയവയും ഉണ്ടായിരുന്നു.

അതേസമയം ഇന്ത്യയുടെ വാക്‌സിന്‍ ഗവേഷണങ്ങള്‍ ഒരു വര്‍ഷത്തില്‍ പൂര്‍ത്തിയാകാനിടയില്ല എന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് നിലവില്‍ സൈഡസ് കാഡില കമ്പനി രണ്ട് വാക്‌സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോളജിക്കല്‍ ഇ, ഭാരത് ബയോടെക്ക്, ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ്, മിന്‍വാക്‌സ് എന്നീ കമ്പനികളും ഓരോ വാക്‌സിനുകളുടെ നിര്‍മ്മാണപ്രവര്‍ത്തനത്തിലാണ്. ദ ലാന്‍സറ്റിലെ ഒരു പേപ്പറിലാണ് മനുഷ്യരില്‍ പരീക്ഷണം വിജയമാണെന്ന് കാന്‍സിനോ ബയോളജിക്ക്‌സ് അവകാശപ്പെട്ടിരിക്കുന്നത്.

ഐസിഎംആറും (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ബിബിഐഎല്ലും (ഭാരത് ബയോടെക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്) ചേര്‍ന്നാണ് കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. മൃഗങ്ങളില്‍ പരീക്ഷണം നടത്താന്‍ തയ്യാറായാല്‍ ഇതിന് പിന്നാലെ മനുഷ്യരില്‍ പരീക്ഷണത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങും. ഇതിന് ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് ഐസിഎംആര്‍ പറയുന്നു. 100 കോടി രൂപയാണ് കൊറോണ വാക്‌സിന്‍ നിര്‍മ്മിക്കുന്നതായി പിഎം കെയര്‍സ് ഫണ്ടില്‍ നിന്ന് നീക്കിവച്ചിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സൈഡസ് കാഡില, ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ്, ഭാരത് ബയോടെക്ക് എന്നിവ ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുണ്ട്.

ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്ര സെനീക്കയും ക്ലിനിക്കല്‍ ട്രയലുകളുടെ രണ്ടാം ഘട്ടം തുടങ്ങിയിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ അഞ്ചിനും 12നുമിടയില്‍ പ്രായമുള്ള കുട്ടികളും 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരുമടക്കം 10200ലധികം പേരിലാണ് പരീക്ഷണം നടത്തുക. മൂന്നാം ഘട്ടത്തില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള വലിയ തോതില്‍ ആളുകള്‍ പരീക്ഷിച്ച് ഫലപ്രാപ്തി എത്രത്തോളമുണ്ടെന്ന് പരിശോധിക്കുമെന്ന് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി അറിയിച്ചു.

കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി യുഎസ് 1.2 ബില്യണ്‍ ഡോളര്‍ നീക്കിവച്ചിട്ടുണ്ട്. 300 മില്യണ്‍ ഡോസുകളുടെ ഓര്‍ഡറാണ് യുഎസ് ഗവണ്‍മെന്റില്‍ നിന്ന് ആസ്ട്ര സെനീക്കയ്ക്ക് ലഭിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്ന് 100 മില്യണ്‍ ഡോസിനുള്ള ഓര്‍ഡര്‍. സെപ്റ്റംബര്‍ മുതല്‍ മരുന്ന് വിതരണം തുടങ്ങാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Next Story

Related Stories