TopTop
Begin typing your search above and press return to search.

കോവിഡ്: റെംഡിസിവിര്‍ മരുന്നിന്റെ കരിഞ്ചന്ത വില്‍പ്പനയെപ്പറ്റി മുന്നറിയിപ്പുമായി ഡ്രഗ് കണ്‍ട്രോളര്‍, വില കുറഞ്ഞ പതിപ്പുകൾക്ക് അനുമതി

കോവിഡ്: റെംഡിസിവിര്‍ മരുന്നിന്റെ കരിഞ്ചന്ത വില്‍പ്പനയെപ്പറ്റി മുന്നറിയിപ്പുമായി ഡ്രഗ് കണ്‍ട്രോളര്‍, വില കുറഞ്ഞ പതിപ്പുകൾക്ക് അനുമതി

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിര്‍ മരുന്നിന്റെ കരിഞ്ചന്ത വില്‍പ്പനയെപ്പറ്റി മുന്നറിയിപ്പുമായി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിജിസിഐ). റെംഡിസിവിര്‍ കരിഞ്ചന്തയില്‍ വിറ്റ് കൊള്ളലാഭമുണ്ടാക്കാനുള്ള സാധ്യതയെപ്പറ്റിയാണ് ഡ്രഗ് കണ്‍ട്രോളര്‍ മുന്നറിയിപ്പ് നല്‍കിയത്. മാക്‌സിമം റീടേല്‍ പ്രൈസിന് (എംആര്‍പി) മുകളിലുള്ള വിലയക്ക് റെംഡിസിവിര്‍ വില്‍ക്കുന്നത് തടയാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടു.

എംആര്‍പിക്ക് മുകളില്‍ മരുന്ന് വില്‍ക്കുന്നത് തടയാനായി അടിയന്തരമായി ഇടപെടണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം വഴി, ഉത്തര്‍പ്രദേശിലെ ഒരു സംഘടന നല്‍കിയ പരാതി ലഭിച്ചതായി ഡിജിസിഐ മേധാവി ഡോ.വി ജി സൊമാനി പറഞ്ഞു. യുഎസ് കമ്പനി ജിലീഡ് സയന്‍സസ് നിര്‍മ്മിച്ച റെംഡിസിവിര്‍ മരുന്നിന്റെ വില കുറഞ്ഞ പതിപ്പ് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് മരുന്ന് നിര്‍മ്മാതാക്കളായ മൈലാന്‍ എന്‍വി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡെസ്രെം എന്ന് പേരിട്ടിരിക്കുന്ന ജനറിക് വേര്‍ഷന് ഡിജിസിഐ അംഗീകാരം നല്‍കിയിട്ടുണ്ട്. സിപ്ല ലാബ്‌സിനും ഹെട്ടറോ ലിമിറ്റഡിനും ജെനറിക് വേര്‍ഷനുകൾ നിര്‍മ്മിക്കാന്‍ ഡിജിസിഐ അനുമതി നല്‍കിയിട്ടുണ്ട്. മൈലാന്‍ എന്‍വിയുടെ ഡെസ്രീമിന് 4800 രൂപയാണ് വിലയിട്ടിരിക്കുന്നത്. സിപ്രേമി എന്ന ജനറിക് മരുന്നിന് സിപ്ല 5000 രൂപയില്‍ താഴെയാണ് വില. ഹെട്ടെറോയുടെ മരുന്നായ കോവിഫോറിന് വില 5400 രൂപ. രോഗമുക്തിക്കെടുക്കുന്ന സമയം കുറക്കാന്‍ റെംഡിസിവിറിന്റെ ജനറിക് വേര്‍ഷനുകള്‍ സഹായിക്കുന്നുണ്ട്.

റെംഡിസിവിര്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയിരുന്നെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. 2340 ഡോളറാണ് സമ്പന്ന രാജ്യങ്ങളിലെ രോഗികളില്‍ നിന്ന് റെംഡിസിവിറിനായി ഈടാക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന മരുന്ന് ഏതാണ്ട് മുഴുവനായും അടുത്ത മൂന്ന് മാസത്തേയ്ക്ക് യുഎസ്സിന് നല്‍കാനായി ജിലീഡ് കരാറിലെത്തിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ ഏഴ് ലക്ഷത്തിലധികം കോവിഡ് കേസുകളും 20,000ത്തിലധികം മരണവുമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. ഹൈദരാബാദിലെ ഭാരത് ബയോടെക്ക് നിര്‍മ്മിച്ച കൊവാക്‌സിന്‍ അടക്കമുള്ള മരുന്നുകളുടെ പരീക്ഷണം പുരോഗമിക്കുകയാണ്. കൊവാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണം ഈ മാസം തുടങ്ങും. ഓഗസ്റ്റ് 15 വഴി കോവിഡ് മരുന്ന് പുറത്തിറക്കാന്‍ ഐസിഎംആര്‍ വഴി കേന്ദ്രസര്‍ക്കാര്‍ ഭാരത് ബയോടെക്കിന് നല്‍കിയ നിര്‍ദ്ദേശം വിവാദമാവുകയും വിമര്‍ശനമുയര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോവിഡ് മരുന്ന് 2021ലേ റെഡിയാകൂ എന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. യുകെ (ബ്രിട്ടീഷ്) കമ്പനിയായ ആസ്ട്ര സെനീക്കയും യുഎസ് കമ്പനി മോഡേണയും നിര്‍മ്മിക്കുന്ന മരുന്നുകള്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ക്ക് റെഡിയായിക്കഴിഞ്ഞു.


Next Story

Related Stories