TopTop
Begin typing your search above and press return to search.

കെഎസ്‌യുഎമ്മിന്റെ കാന്‍സര്‍ ടെക് ഇന്‍കുബേറ്റര്‍ കൊച്ചിയില്‍

കെഎസ്‌യുഎമ്മിന്റെ കാന്‍സര്‍ ടെക് ഇന്‍കുബേറ്റര്‍ കൊച്ചിയില്‍

കാന്‍സര്‍ ചികിത്സാരംഗത്ത് നൂതനത്വം തേടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മേല്‍നോട്ടവും മാര്‍ഗനിര്‍ദേശവും നല്‍കാന്‍ അടുത്ത വര്‍ഷമാദ്യം കൊച്ചിയില്‍ പ്രഥമ കാന്‍സര്‍ ടെക്‌നോളജി ഇന്‍കുബേറ്റര്‍ യാഥാര്‍ത്ഥ്യമാകും. കേരള സ്റ്റാര്‍ട്ടപ് മിഷനും ( കെഎസ്‌യുഎം) കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററും (സിസിആര്‍സി) സംയുക്തമായാണ് ഇത് നടപ്പിലാക്കുന്നതെന്ന് കളമശ്ശേരിയിലെ സംയോജിത സ്റ്റാര്‍ട്ടപ് സമുച്ചയത്തില്‍ നടന്ന 'കാന്‍ക്യുര്‍'ദേശീയ സെമിനാര്‍ വ്യക്തമാക്കി.

നവീനാശയകര്‍ത്താക്കള്‍ക്ക് പരാജയഭീതിയില്ലാതെ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും പരീക്ഷണം നടത്തുന്നതിനുമുള്ള വേദിയൊരുക്കുകയാണ് ദൗത്യമെന്ന് കെഎസ്യുഎം സിഇഒ ഡോ. സജി ഗോപിനാഥ് സമ്മേളനത്തില്‍ പറഞ്ഞു. ആശയം പരാജയപ്പെടുകയാണെങ്കില്‍ പ്രതിവിധികള്‍ക്കുള്ള മുന്‍കരുതലുകളും ഇന്‍കുബേറ്ററുകള്‍ക്ക് കെഎസ്‌യുഎം നല്‍കും. ഉല്‍പ്പന്നത്തെ മികച്ചതാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പ്രദാനം ചെയ്യുമെന്നും സിസിആര്‍സിയും കെഎസ്‌യുഎമ്മും സംയുക്തമായി സംഘടിപ്പിച്ച കാന്‍ക്യുര്‍ മൂന്നാം പതിപ്പിലെ രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ അദ്ദേഹം വ്യക്തമാക്കി.

എല്ലാം പരസ്പര ബന്ധിതമായ മേഖലയിലെ വ്യത്യസ്ത സാങ്കേതിക തത്വങ്ങളുമായുള്ള കൂട്ടായപ്രവര്‍ത്തനം അനിവാര്യമാണെന്ന് മുഖ്യപ്രഭാഷണത്തില്‍ സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. നവീനാശയകര്‍ത്താക്കള്‍ക്ക് ഒത്തുകൂടുന്നതിനും പരസ്പരം പിന്തുണക്കുന്നതിനുമുള്ള അന്തരീക്ഷമാണ് കെഎസ്‌യുഎമ്മില്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതികവിദ്യകളേയും ഭരണചട്ടക്കൂടുകളേയും കെഎസ്‌യുഎമ്മിലൂടെ ഒരുമിപ്പിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചികിത്സാവിധി സംബന്ധമായ ആശയങ്ങളെ ഉല്‍പ്പന്നവല്‍ക്കരിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്ന് സിസിആര്‍സി ഡയറക്ടര്‍ ഡോ. മോനി കുര്യാക്കോസ് ചൂണ്ടിക്കാട്ടി. കാന്‍സര്‍ പരിരക്ഷയിലും ഗവേഷണ മേഖലയിലുമുള്ള പ്രധാന പ്രശ്‌നങ്ങള്‍ നമുക്ക് സുപരിചിതമാണെന്നും സിസിആര്‍സി ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കാന്‍സര്‍ നിര്‍ണയം മുന്‍കൂട്ടി നടത്തുന്നതിലൂടെ ഇന്ത്യയിലെ കാന്‍സര്‍ രോഗത്തെ 60ശതമാനം പ്രതിരോധിക്കാമെന്ന് അഭിപ്രായമുയര്‍ന്നു. നവീന സാങ്കേതിക വികാസങ്ങളെക്കുറിച്ചും സമ്മേളനത്തില്‍ ചര്‍ച്ച നടന്നു. പുകയില ഉല്‍പ്പന്നങ്ങളാലുള്ള കാന്‍സറിന് വന്‍തോതില്‍ കുറവുവന്നിട്ടുണ്ടെന്ന് ഡല്‍ഹി എഐഐഎംഎസ് റേഡിയോതെറാപ്പി വിഭാഗം മേധാവി ഡോ ജികെ രാത് അറിയിച്ചു. ശരിയായ ഗവേഷണത്തിലൂടെ രാജ്യത്തെ കാന്‍സര്‍ രോഗികളുടെ എണ്ണം കുറയ്ക്കാനാകുമെന്നും കാന്‍സര്‍ നിയന്ത്രണം ഇന്ത്യയില്‍ നടപ്പിലാക്കിയതിനെക്കുറിച്ചു സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.

വായിലെ കാന്‍സറിനെ അടിസ്ഥാനമാക്കി ഗ്രാഫിക് പ്രതിനിധാനത്തോടെയുള്ള പരസ്യത്തിലൂടെ അറിവു പകര്‍ന്ന് കാന്‍സര്‍ സാധ്യത കുറയ്ക്കാനായതായും അതിനാല്‍ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് മികച്ച വിജയമാണുള്ളതെന്നും മുംബൈ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലെ ഡോ പങ്കജ് ചതുര്‍വേദി പറഞ്ഞു. വികസിച്ചുവരുന്ന കാന്‍സര്‍ മുന്‍നിര്‍ണയ സാങ്കേതികവിദ്യളെക്കുറിച്ചും വിദ്യാഭ്യാസ വിഭാഗവും മേഖലയിലും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഐസിആര്‍സി-ഐസിഎംആര്‍ സിഇഒ ഡോ രവി മെഹ്‌റോത്ര, എന്‍ഐഎച്ച്, എന്‍സിഎടിഎസ്, സയന്‍സ് റിവ്യു മുന്‍ ഡയറക്ടര്‍ ഡോ.മോഹന്‍ വിശ്വനാഥന്‍ കെവി എന്നിവര്‍ സംസാരിച്ചു.


Next Story

Related Stories